ജാതി ഇല്ലാതാക്കുക, അല്ലെങ്കിലത് ഇനിയും കുഞ്ഞുങ്ങളെ കൊല്ലും
text_fieldsസ്വാതന്ത്ര്യലബ്ധിയുടെ മുക്കാൽ നൂറ്റാണ്ടിനിപ്പുറവും മനുഷ്യരെ അപരവത്കരിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്ന ജാതിവ്യവസ്ഥയുടെ അടിമച്ചങ്ങലയെക്കുറിച്ച് തുറന്നു പറയുന്നു ലോക്സഭ മുൻ സ്പീക്കർ മീരാകുമാർ. സ്വാതന്ത്ര്യസമര സേനാനിയും മുൻ ഉപപ്രധാനമന്ത്രിയുമായിരുന്ന പിതാവ് ജഗ്ജീവൻ റാം അനുഭവിച്ച ദുരനുഭവങ്ങളും അവർ വിവരിക്കുന്നു...
നമ്മുടെ രാജ്യം മഹത്തായ ഒരുപാട് കാൽവെപ്പുകൾ നടത്തിയിട്ടുണ്ടാവാം, പല മേഖലയിലും ഒരുപാട് പുരോഗതികളും കൈവരിച്ചിട്ടുണ്ടാവാം; പക്ഷേ, ജനങ്ങളുടെ ചിന്താഗതിയിൽ മാത്രം മാറ്റമുണ്ടായിട്ടില്ല. 1922ൽ, എെൻറ പിതാവ് സ്കൂളിൽ പഠിക്കുേമ്പാൾ കുടിവെള്ളപ്പാത്രം സവർണ വിദ്യാർഥികൾക്കുവേണ്ടിയുള്ളതാണെന്നും ഉപയോഗിക്കരുതെന്നുമുള്ള വിലക്ക് നേരിട്ടിരുന്നു.
അന്ന് ഇന്ത്യ സ്വതന്ത്രമായിട്ടില്ല. ഇപ്പോൾ നമ്മൾ സ്വാതന്ത്ര്യത്തിെൻറ മുക്കാൽ നൂറ്റാണ്ട് പിന്നിട്ടതിെൻറ ആഘോഷത്തിലാണ്. അതേ ദുരനുഭവം ഇപ്പോൾ ഒരു കുഞ്ഞുമകനും അഭിമുഖീകരിക്കേണ്ടി വന്നിരിക്കുന്നു. എെൻറ പിതാവ് അത്ഭുതകരമാംവിധം ആ ദുരനുഭവത്തെ അതിജീവിച്ചെങ്കിൽ ഇപ്പോൾ ഒമ്പതുവയസ്സുള്ള ഒരു കുഞ്ഞ് കൊല്ലപ്പെട്ടിരിക്കുന്നു.
ഇത് നടുക്കുന്നതാണ്. ദലിതുകളെ മനുഷ്യരായിപ്പോലും അംഗീകരിക്കാതെ അടിച്ചമർത്തുന്നു. ചെറുപ്പം മുതലേ ആ വിധത്തിൽ വിവേചനം, വിദ്വേഷം, അതിക്രമം, എന്നിവയെല്ലാം പഠിപ്പിക്കപ്പെടുന്നു. മനസ്സുകളിൽ വിഷം കലർത്തുന്നു. ദലിതുകൾ ഈ രാജ്യത്തെ പൗരജനങ്ങളാണ്. പക്ഷേ, അവർക്കു നേരെ നടക്കുന്ന അക്രമങ്ങളിൽ പങ്കില്ലെന്ന് പറഞ്ഞ് മറ്റുള്ളവർ കൈകഴുകി രക്ഷപ്പെടാൻ നോക്കുകയാണ്.
സത്യത്തിൽ ആ അധ്യാപകെൻറ സമുദായത്തിലും മറ്റു ദലിത് ഇതര സമുദായങ്ങളിലും പെട്ട ആളുകൾ ആ കുഞ്ഞ് കൊല്ലപ്പെട്ട ജലോറിൽനിന്ന് സംസ്ഥാന തലസ്ഥാനമായ ജയ്പുരിലേക്ക് സമാധാന റാലി നടത്തുകയാണ് വേണ്ടത്. എന്നിട്ട് അവർ പ്രതിജ്ഞ ചെയ്യണം. ഇനിമേൽ ഒരു ദലിതരെയും ആക്രമിക്കില്ലെന്നും അവരുടെ അന്തസ്സ് സംരക്ഷിക്കുമെന്നും.
നമ്മൾ വലിയ സംസ്കൃതിയെക്കുറിച്ചെല്ലാം വാതോരാതെ സംസാരിച്ചാൽ മതിയോ, അത് പ്രയോഗതലത്തിൽ കൊണ്ടുവരാൻകൂടി സാധിക്കണ്ടേ? ഇത്തരം സംഭവങ്ങളുണ്ടാവുേമ്പാൾ ആളുകൾ ചോദിക്കുന്നത് കേൾക്കാം- ദലിത് നേതാക്കൾ എന്തേ രാജിവെക്കുന്നില്ല എന്ന്. എെൻറ കാഴ്ചപ്പാടിൽ ദലിത് നേതാക്കളല്ല, മറ്റുള്ളവരാണ് ഇക്കാര്യത്തിൽ മുന്നോട്ടു വരേണ്ടത്.
ഞാനും നേരിട്ടിട്ടുണ്ട് ജാതിവിവേചനം
ഒരു മഹാനായ വ്യക്തിയുടെ മകളാണ് എന്നതിെൻറ പേരിൽ ആരും ജാതി വിവേചനത്തിൽ നിന്ന് ഒഴിവാക്കപ്പെടുന്നില്ല. ബാബു ജഗ്ജീവൻ റാമിെൻറ മകൾ ആയതുകൊണ്ട് എനിക്ക് അൽപം കൂടി സുരക്ഷിതമായ ജീവിതം നയിക്കാൻ കഴിഞ്ഞിട്ടുണ്ടാവാം, മറ്റു ദലിത് പെൺകുട്ടികളും എെൻറ മാതാപിതാക്കളും കുടുംബാംഗങ്ങളും കടന്നുപോയ ദുരനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടാവില്ല.
ചിലപ്പോൾ ആളുകൾ എന്നെ വീട്ടിലേക്ക് ക്ഷണിക്കാറുണ്ട് പക്ഷേ, വീട്ടിലെ എല്ലാവർക്കും എെൻറ സന്ദർശനം സ്വീകാര്യമായി തോന്നാറില്ല - എന്തിനാണ് അവരെ ക്ഷണിച്ചത്, ഏതു കപ്പിലാണ് അവർക്ക് ചായ കൊടുക്കുക എന്നൊക്കെയുള്ള പറച്ചിലുകൾ അടുക്കളയിൽ നിന്ന് ഉയരുന്നത് ഞാൻ കേട്ടിട്ടുണ്ട്.
വിദേശകാര്യ സർവിസിലെ ഉദ്യോഗത്തിനായി ലണ്ടനിൽേപായപ്പോൾ എനിക്കുണ്ടായ അനുഭവം കേട്ടാൽ നിങ്ങൾ അന്തംവിടാനിടയുണ്ട്. എനിക്ക് താമസിക്കാനായി ഒരു വീട് അന്വേഷിക്കുകയായിരുന്നു. കേരളത്തിൽനിന്നുള്ള ജേക്കബ് എന്ന ഒരു മനുഷ്യനെ കണ്ടെത്തി. 25 വർഷമായി അവിടെ താമസിച്ചുവരുന്ന അദ്ദേഹം വാടകക്ക് നൽകുന്ന ഒരു വീടുണ്ടായിരുന്നു. ഞാൻ അതു ചെന്ന് കണ്ടു, എനിക്കിഷ്ടായി. ഏതാണ്ട് ഉറപ്പിച്ച മട്ടായി. പോരാൻ നേരം അദ്ദേഹം വന്ന് ചോദിച്ചു 'നിങ്ങൾ ബ്രാഹ്മണ' ആണോ എന്ന്
അല്ല പട്ടികജാതിക്കാരിയാണ്, പ്രശ്നമുണ്ടോ എന്ന് ഞാൻ.
ഇല്ല എന്നയാൾ മറുപടി പറഞ്ഞെങ്കിലും എനിക്ക് വീട് തന്നില്ല.
അയാൾ എന്റെ ജാതി ചോദിച്ചത് തന്നെ വിചിത്രമായ കാര്യമാണ്. ആളുകളുടെ മനസ്സ് അത്രമാത്രം വിഷം നിറഞ്ഞു കിടക്കുകയാണ്. അത് അവരെ മനുഷ്യത്വമില്ലാത്തവരാക്കുന്നു. മനഃസാക്ഷി എന്ന സാധനം തന്നെ നഷ്ടപ്പെട്ടുപോകുന്നു.
ജാതിനിർമാർജനം- ആർക്കും ഉത്തരമില്ലാത്ത ചോദ്യം
എല്ലാവരും പറയും, ദലിതുകൾ ദുരിതപ്പെടുന്നതിനെപ്പറ്റി. ദലിതുകൾ അല്ലാത്ത ആ ആളുകളുണ്ടല്ലോ, അവരുടെ കാര്യമെന്താണ്? പാതാളത്തോളം അധഃപതിച്ച അവരെയും ഉയർത്തിയെടുക്കാൻ നോക്കൂ.
ജാതിവ്യവസ്ഥയുടെ ഉന്മൂലനം എന്ന ചോദ്യത്തെ ഒരാളും സംബോധന ചെയ്യുന്നില്ല. 1956-57 കാലത്ത് റെയിൽവേ മന്ത്രിയായിരിക്കെ എന്റെ അച്ഛൻ അത് ചെയ്തിരുന്നു. അക്കാലത്ത് റെയിൽവേ സ്റ്റേഷനുകളിൽ കുപ്പിവെള്ള കച്ചവടമുണ്ടായിരുന്നില്ല.
കൂജകളിൽനിന്ന് യാത്രക്കാർക്ക് വെള്ളം നൽകലായിരുന്നു രീതി. ഈ കൂജകളുടെ കൈകാര്യകർത്താക്കൾ റെയിൽവേ ജീവനക്കാരായ ബ്രാഹ്മണരായിരുന്നു. 'പാനി പാണ്ഡേ' എന്നാണ് ആവർ അറിയപ്പെട്ടിരുന്നത്. ഈ ജോലി ബ്രാഹ്മണർക്ക് കുത്തകയാക്കി നൽകിയതിൽ ആർക്കും ഒരു പ്രശ്നം തോന്നിയില്ല.
എന്റെ പിതാവ് ഈ പാനി പാണ്ഡേമാരെ റെയിൽവേയിലെ മറ്റു ജോലികളിലേക്ക് പുനർവിന്യസിച്ചു. ഒറ്റ ഉത്തരവുകൊണ്ട് രാജ്യത്തെ മുഴുവൻ സ്റ്റേഷനുകളിലും വാല്മീകി സമുദായക്കാർക്ക് ഈ ജോലി നൽകി. സകലരും അദ്ദേഹത്തിന് എതിരാവുകയും ആക്ഷേപവുമായി വരുകയും ചെയ്തു. പക്ഷേ, അദ്ദേഹം പിന്മാറിയില്ല. ജാതിവ്യവസ്ഥക്കെതിരായ വലിയ ചുവടുകളിലൊന്നായിരുന്നു അത്.
ഊണുമുറിയിലും ഒഴിയാത്ത ജാതി
എന്റെ അച്ഛനും അമ്മക്കും പഠനകാലത്ത് ജാതി ദുരനുഭവങ്ങൾ നേരിടേണ്ടി വന്നിരുന്നു. അമ്മ ഇന്ദിരാ ദേവി പറഞ്ഞ അനുഭവമുണ്ട്. തീൻമുറിയോ ഊൺമേശയോ ഉപയോഗിക്കാൻ അമ്മക്ക് അനുമതി ഉണ്ടായിരുന്നില്ല. ഹോസ്റ്റൽ പോർട്ടിക്കോയിൽ വെറും നിലത്തിരുന്നാണ് അവർ ഭക്ഷണം കഴിച്ചിരുന്നത്.
ബനാറസ് ഹിന്ദു സർവകലാശാലയിൽ പഠിക്കവെ അച്ഛനെയും ഭക്ഷണമുറിയിലിരുന്ന് കഴിക്കാൻ അനുവദിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ പാത്രം എടുത്ത് വലിച്ചെറിയുകപോലും ചെയ്തു. ഇക്കാര്യം മദൻ മോഹൻ മാളവ്യയുടെ ശ്രദ്ധയിൽപ്പെടുത്തി, ഹോസ്റ്റലിൽനിന്ന് മാറി പുറത്ത് മുറിയെടുക്കട്ടേ എന്ന് തിരക്കി. മാളവ്യ പറഞ്ഞ മറുപടി- ശങ്കർ ഉലേകർ എന്നൊരു മറ്റൊരു 'അയിത്തജാതിക്കാരൻ' വിദ്യാർഥി സ്വയം പാചകം ചെയ്യുകയും പാത്രങ്ങൾ കഴുകുകയും ചെയ്യുന്നുണ്ട് അതുപോലെ നീയും ചെയ്യൂ എന്നായിരുന്നു.
അച്ഛൻ പറഞ്ഞു: പാചകം ചെയ്യുന്നതിനോ പാത്രം കഴുകുന്നതിനോ അടിച്ചുവാരുന്നതിനോ എനിക്ക് മടിയില്ല, പക്ഷേ ഹോസ്റ്റലിൽ അത് ചെയ്യുമ്പോൾ ഞാൻ മാത്രമെന്തോ വേറിട്ട ഒരാളാണെന്ന് വരും. അത് അപകർഷ ബോധം സൃഷ്ടിക്കുകയും പഠനത്തെ ബാധിക്കുകയും ചെയ്യും, ആകയാൽ ഞാനത് ചെയ്യില്ല എന്ന്.
അച്ഛൻ ഹോസ്റ്റൽ വിട്ട് പുറത്ത് ഒരു മുറിക്ക് അഡ്വാൻസ് കൊടുത്തു. അമ്മയേയും കൂട്ടി വന്നപ്പോഴേക്ക് വീട്ടുടമ ജാതി മണത്തറിഞ്ഞു- അയിത്തജാതിക്കാരനാണെന്ന കാര്യം മറച്ചുവെച്ച നിനക്ക് മുറി തരാനാവില്ലെന്നു പറഞ്ഞു. വാടക മുൻകൂർ നൽകുകയും പുതിയ താഴിട്ട് പൂട്ടുകയും ചെയ്ത മുറിയിൽ താമസിക്കാൻ സമ്മതിച്ചില്ലെങ്കിൽ നല്ല തല്ല് തരുമെന്ന മറുപടിയിൽ വിരണ്ടതുകൊണ്ട് വീട്ടുകാരൻ പിന്മാറി. ജാതി അറിഞ്ഞ് ബാർബർമാർ മുടിവെട്ടി നൽകാൻ വിസമ്മതിച്ച സംഭവവുമുണ്ടായി.
ഇന്ത്യ മാറിയില്ല എന്ന് അച്ഛൻ അറിയുന്നില്ലല്ലോ
ഇത്രയധികം വിവേചനങ്ങൾ നേരിടേണ്ടി വന്നിട്ടും ഈ രാജ്യത്തിനുവേണ്ടി എന്തിനാണ് താങ്കൾ പൊരുതിയതെന്ന് അച്ഛനോട് ഞാൻ ചെറുപ്പത്തിൽ ചോദിച്ചിട്ടുണ്ട്. ഇന്ത്യ സ്വതന്ത്രമായിക്കാണണമെന്ന് അത്രമേൽ മോഹിക്കയാൽ സമരപാതയിലിറങ്ങിയതാണെന്നും ഈ അവസ്ഥകൾക്കെല്ലാം മാറ്റമുണ്ടാകുമെന്നും അദ്ദേഹമന്ന് മറുപടി പറഞ്ഞു.
വിവേചനങ്ങൾ നേരിടേണ്ടി വന്നിട്ടും ഹിന്ദുമതം ഉപേക്ഷിക്കാത്തതെന്ത് എന്ന് അച്ഛനോട് ചോദിച്ചിരുന്നു. അദ്ദേഹം വിശ്വസിച്ചത് അതിനുള്ളിൽ തന്നെ നിലകൊണ്ട് മാറ്റങ്ങൾ വരുത്തുവാനാണ്. ദലിതുകളുടെ ജീവിതാവസ്ഥയിൽ മാറ്റം വരുത്തണമെന്ന് അദ്ദേഹം ദൃഢനിശ്ചയം ചെയ്തിരുന്നു. മതം മാറിയാലും ജാതി മാറാനാവുകയില്ല എന്നും അദ്ദേഹം പറയുമായിരുന്നു.
നൂറു വർഷങ്ങൾക്കിപ്പുറവും ജാതിവിഷയത്തിൽ ഒരു മാറ്റവുമുണ്ടായില്ല എന്നറിയാൻ അച്ഛൻ ഇന്ന് ജീവിച്ചിരിപ്പില്ല. ഹാഥ്റസിലും ജലോറിലുമെല്ലാം നടന്ന ജാതിക്കൊലകൾ അൽപകാലത്തേക്ക് പത്രത്തലക്കെട്ടാവും എന്നല്ലാതെ അവയൊന്നും ഒരു മാറ്റവും സൃഷ്ടിക്കുന്നില്ല.
ജാതിയുടെ വേരുകൾ അത്രമാത്രം ആണ്ടു കിടപ്പുണ്ട് നമ്മുടെ സമൂഹത്തിൽ. അത് വെറും സാമൂഹിക പ്രശ്നം മാത്രമല്ല, എന്തെങ്കിലുമൊരു വിഷയം മതവുമായി വേരുപിണഞ്ഞ് കിടക്കുന്നുവെങ്കിൽ അതിൽനിന്ന് മോചനം ലഭിക്കണമെങ്കിൽ നിരന്തരമായ പരിശ്രമങ്ങൾ തന്നെ വേണം.
മറ്റൊന്ന് നമ്മുടെ ഭരണഘടനയുടെ വിഷയമാണ്. അടിമ സമ്പ്രദായം നിരോധിച്ചിരിക്കുന്നുവെന്ന് അമേരിക്കൻ ഭരണഘടന കൃത്യമായി പറയുന്നതു പോലെ ഇന്ത്യൻ ഭരണഘടനയിൽ ഒരിടത്തും ജാതിവ്യവസ്ഥ നിരോധിച്ചതായി പറയുന്നില്ല.
രാജസ്ഥാനിൽ കൊല്ലപ്പെട്ട കുഞ്ഞിന് ഒമ്പതുവയസ്സ്, എന്റെ ഏറ്റവും ചെറിയ പേരക്കുട്ടിയേക്കാൾ പ്രായം കുറവാണവന്. ജാതി വ്യവസ്ഥയാണ് അവന്റെ ജീവനെടുത്തത്. ജാതി വ്യവസ്ഥക്ക് അന്ത്യം കുറിച്ചില്ലെങ്കിൽ അത് ഇനിയും ഒരുപാട് കുഞ്ഞുങ്ങളുടെ അന്ത്യത്തിന് കാരണമാവും.
(ദ ക്വിന്റിന് വേണ്ടി മാധ്യമ പുരസ്കാര ജേതാവ് സൗമ്യ ലഖാനി നടത്തിയ സംഭാഷണത്തിൽ നിന്ന്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.