ഇ.എസ്.ഐ ആനുകൂല്യ നിഷേധം തൊഴിലാളി വിരുദ്ധം
text_fieldsരാജ്യത്തെ ലക്ഷോപലക്ഷം തൊഴിലാളികൾക്ക് ചികിത്സാ അനുബന്ധ സഹായങ്ങൾ ഉറപ്പാക്കാൻ രൂപം നൽകിയ സ്ഥാപനമാണ് എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപറേഷൻ (ഇ.എസ്.ഐ.). ഇതിനുകീഴിൽ നൂറുകണക്കിന് ആശുപത്രികളും ഡിസ്പെൻസറികളുമെല്ലാം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. എന്നാൽ, മാറിവരുന്ന ആരോഗ്യ സാഹചര്യത്തിൽ തൊഴിലാളികൾക്ക് വേണ്ട ഫലപ്രദമായ ചികിത്സാ സൗകര്യങ്ങളോ, ആവശ്യമായ ഡോക്ടർമാരോ, സ്റ്റാഫോ, മരുന്നുകളോ ഒന്നുംതന്നെ ഇ.എസ്.ഐ ആശുപത്രികളിൽ മഹാഭൂരിപക്ഷത്തിലും ഇപ്പോഴില്ല എന്നുള്ളത് ഒരു വസ്തുതയാണ്.
ഇ.എസ്.ഐ സ്കീമിൽ അംഗങ്ങളാകുന്നതിന് വലിയ നിയന്ത്രണങ്ങളാണ് ഇന്ന് നിലവിലുള്ളത്. നിശ്ചിത ശമ്പള പരിധിയിൽ കൂടുതൽ വേതനമുള്ളവർക്ക് ഇ.എസ്.ഐ അംഗത്വം ലഭിക്കുകയില്ല. ഈ നിയന്ത്രണങ്ങൾ പൊളിച്ചെഴുതി തൊഴിലാളികൾക്കേവർക്കും നിലവാരമുള്ള ചികിത്സാ സംവിധാനങ്ങൾ ഉറപ്പാക്കേണ്ടതിനു പകരം ചെറിയ മാറ്റങ്ങൾ മാത്രം കൈക്കൊണ്ടുകൊണ്ടുള്ള തീരുമാനങ്ങളാണ് രണ്ട് വർഷംമുമ്പ് ഇ.എസ്.ഐ ബോർഡ് യോഗം കൈക്കൊണ്ടത്. നിർഭാഗ്യവശാൽ അതുപോലും ഇനിയും നടപ്പിലാക്കിയിട്ടില്ല. ഇ.എസ്.ഐ പദ്ധതിയിൽ സ്ത്രീ പ്രാതിനിധ്യം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് അവരുടെ ശമ്പള പരിധി വർധിപ്പിക്കാൻ തീരുമാനിച്ചതും പ്രാബല്യത്തിലായില്ല. മൂന്നേമുക്കാൽ കോടി തൊഴിലാളികൾ അംഗങ്ങളായ ഇ.എസ്.ഐ പദ്ധതിയിൽ കഴിഞ്ഞ വർഷത്തെ കണക്കനുസരിച്ച് സ്ത്രീ പങ്കാളിത്തം 16 ശതമാനം മാത്രമാണ്.
ശമ്പളപരിധി പുതുക്കി നിശ്ചയിച്ച് സ്ത്രീ-പുരുഷ ഭേദമില്ലാതെ എല്ലാ ജീവനക്കാർക്കും ആനുകൂല്യങ്ങൾ ലഭ്യമാക്കണമെന്ന നിർദേശം ഇ.എസ്.ഐ ബോർഡ് അംഗങ്ങളിൽനിന്ന് ഉയർന്നിട്ടുണ്ട്. ഇതിന് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് മാതൃകയാക്കാമെന്നും ഇ.എസ്.ഐ ബോർഡംഗങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. സൂപ്പർ സ്പെഷാലിറ്റി ചികിത്സയിലുള്ള അംഗങ്ങൾക്ക് പ്രസവാനുകൂല്യത്തിന് സമാനമായി ആറു മാസത്തെ അവധി പരിഗണിക്കണമെന്നും സമിതിയിൽ നേരത്തെ പലരും ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യങ്ങളെല്ലാം പരിശോധിച്ച് റിപ്പോർട്ട് ചെയ്യാൻ ഒരു ഉപസമിതിയെയും നിയോഗിച്ചിട്ടുണ്ട്. പക്ഷേ, നാളിതുവരെ തൊഴിലാളികൾക്കനുകൂലമായ ഒരു തീരുമാനവും ബോർഡിൽ നിന്നുണ്ടായിട്ടില്ല.
രാജ്യത്തെ തൊഴിലാളി ലക്ഷങ്ങൾ വലിയ പ്രതീക്ഷയോടെ കാണുന്ന ഇ.എസ്.ഐയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ അട്ടിമറിച്ച് നിലവിലുള്ള ആനുകൂല്യങ്ങൾ പോലും ഇല്ലാതാക്കാനാണ് കേന്ദ്ര സർക്കാറും ഇ.എസ്.ഐ. അധികൃതരും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇ.എസ്.ഐ ആശുപത്രികളിൽ ലഭ്യമല്ലാത്ത വിദഗ്ദ്ധ ചികിത്സക്ക് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാൻ നിലവിൽ അവസരമുണ്ടായിരുന്നു. കഴിഞ്ഞ വർഷം അതും ഇല്ലാതാക്കി. മുമ്പ് ഗുരുതര അസുഖങ്ങൾ ഉൾപ്പെടെ സ്വകാര്യ ആശുപത്രികളിലേക്ക് പെട്ടെന്ന് റഫർ ചെയ്തിരുന്ന സൗകര്യം വെട്ടിച്ചുരുക്കാനാണ് ഇ.എസ്.ഐ ഈ തീരുമാനം കൈക്കൊണ്ടത്.
മറ്റ് യാതൊരു മാർഗവുമില്ലെങ്കിൽ മാത്രമേ റഫറൻസ് അനുവദിക്കാവൂ എന്നാണ് നിർദേശം. നേരത്തേ ഇ.എസ്.ഐയിൽ നിർണായക തീരുമാനങ്ങൾ എടുത്തിരുന്നത് തൊഴിലാളി സംഘടനകളുടെയും കോർപറേഷൻ ഭരണസമിതി അംഗങ്ങളുടെയും അഭിപ്രായം തേടിയശേഷമായിരുന്നു. എന്നാൽ, അത്തരം നടപടികളൊന്നും പാലിക്കാതെയാണ് റഫറൽ സംവിധാനം വെട്ടിച്ചുരുക്കാൻ തീരുമാനിച്ചത്. ഹൃദ്രോഗം, അർബുദം, അവയവമാറ്റം എന്നീ മേഖലകളിൽ റഫറൽ സംവിധാനം ഏറെ പ്രയോജനകരമായിരുന്നു.
ഇനിമേൽ ഇ.എസ്.ഐ ആശുപത്രികളിൽനിന്ന് സർക്കാർ ആശുപത്രികളിലേക്ക് മാത്രം രോഗികളെ റഫർ ചെയ്താൽ മതിയെന്നാണ് തീരുമാനം. കേരളത്തിൽ 10 ലക്ഷത്തോളം തൊഴിലാളികളാണ് ഇ.എസ്.ഐയിൽ അംഗങ്ങളായുള്ളത്. ഇ.എസ്.ഐ നിയമത്തിലെ വകുപ്പനുസരിച്ച് ചികിത്സാ മാനദണ്ഡങ്ങളിൽ സമാനമാറ്റം വരുത്തുമ്പോൾ തൊഴിലാളികളുടെയും തൊഴിലുടമകളുടെയും പ്രതിനിധികൾ കൂടി അംഗങ്ങളായ ഇ.എസ്.ഐ കോർപറേഷൻ ബോർഡിന്റെ അനുമതി വേണം. എന്നാൽ, ഇതൊന്നും പാലിക്കപ്പെട്ടില്ല.
ഇ.എസ്.ഐയിൽ കാലാനുസൃത മാറ്റം വേണമെന്നുള്ള രാജ്യത്തെ ലക്ഷോപലക്ഷം തൊഴിലാളികളുടെ ആവശ്യത്തിനുനേരെ നിഷേധാത്മക സമീപനമാണ് കേന്ദ്ര സർക്കാർ നിരന്തരമായി സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. ഇ.എസ്.ഐയിൽ അംഗത്വമെടുക്കാൻ തൊഴിലാളികളുടെ ശമ്പളപരിധി വർധിപ്പിക്കുന്നതിന് ആലോചന നടക്കുന്നു എന്നതു മാത്രമാണ് ആശ്വാസകരം. നിലവിലെ പരമാവധി ശമ്പള പരിധിയായ 21000 രൂപ 30000 ആക്കി ഉയർത്തുമെന്നാണ് കഴിഞ്ഞമാസം നടന്ന ഇ.എസ്.ഐയുടെ സ്ഥിരം സമിതി യോഗത്തിനുശേഷം ലഭിച്ച സൂചന. ബോർഡ് യോഗമാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത്. അങ്ങനെ വന്നാൽ, പുതുതായി രാജ്യത്തെ ഒരു കോടി തൊഴിലാളികൾക്കുകൂടി ഈ പദ്ധതിയിൽ അംഗമാകാൻ അവസരമുണ്ടാകും. 2017ൽ ഇപ്പോഴത്തെ ശമ്പളപരിധി നിലവിൽ വന്ന ശേഷം ശമ്പളം കൂടിയതിന്റെ പേരിൽ രാജ്യത്ത് 80 ലക്ഷത്തോളം പേർ ഈ പദ്ധതിയിൽനിന്ന് പുറത്തായിരുന്നു.
ശമ്പളപരിധി ഉയർത്തുക എന്നതിലുപരി പി.എഫിന്റെ മാതൃകയിൽ ഒരിക്കൽ അംഗമായവർക്ക് ജോലിയിൽ ഉള്ളിടത്തോളം കാലം ഇ.എസ്.ഐയിൽ തുടരാൻ അനുവദിക്കണമെന്ന് തൊഴിലാളി സംഘടനകൾ നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും അതിനെപ്പറ്റി ആലോചിക്കാൻ ഇ.എസ്.ഐ ബോർഡ് തയാറായിട്ടില്ല.
ശമ്പളപരിധി ഉയർത്തുന്നത് സംബന്ധിച്ച് പരിശോധിക്കാൻ ഇ.എസ്.ഐ കോർപറേഷൻ കഴിഞ്ഞവർഷം നിയോഗിച്ച ആറംഗ ഉപസമിതിയിൽ അംഗങ്ങളായിരുന്ന എ.ഐ.ടി.യു.സി, സി.ഐ.ടി.യു, ബി.എം.എസ്, എച്ച്.എം.എസ് തുടങ്ങിയ ട്രേഡ് യൂനിയനുകളുടെ നേതാക്കൾ ശമ്പളപരിധി 45,000 രൂപയാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതാണ്. എന്നാൽ, 2017നുശേഷം ഓരോ സംസ്ഥാനത്തുമുണ്ടായ ശമ്പളവർധനയുടെ കണക്കെടുക്കണമെന്നാണ് തൊഴിലുടമകൾ ആവശ്യപ്പെട്ടത്. ശമ്പളപരിധി വർധനവിനെതിരായി കടുത്ത നിലപാടാണ് തൊഴിലുടമകൾ സ്വീകരിച്ചിരിക്കുന്നത്.
ഇ.എസ്.ഐ അംഗങ്ങൾക്കും ഗുണഭോക്താക്കൾക്കും പ്രതിവർഷം 10 ലക്ഷം രൂപയുടെ ചികിത്സാ സഹായമാണ് ലഭ്യമാവുക. അംഗങ്ങളുടെ ആകെ ശമ്പളത്തിന്റെ നാല് ശതമാനമാണ് പദ്ധതിയിലേക്ക് വകമാറ്റുന്നത്. ഇതിൽ 0.75 ശതമാനം തൊഴിലാളിയും ബാക്കി 3.25 ശതമാനം തൊഴിലുടമയുമാണ് വഹിക്കേണ്ടത്. ശമ്പളപരിധി 30,000 രൂപയാക്കി വർധിപ്പിച്ചാൽ കേരളത്തിൽ നിന്നുമാത്രം അഞ്ചുലക്ഷം തൊഴിലാളികൾ ഈ പദ്ധതിയിൽ അധികമായി അംഗങ്ങളാകും. രാജ്യത്തെ തൊഴിലാളി ലക്ഷങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട സഹായ പദ്ധതിയും അവരുടെ അത്താണിയുമാണ് ഇ.എസ്.ഐ. കാലാനുസൃതമായ മാറ്റം ഇതിൽ ഉണ്ടാക്കിയേ മതിയാവൂ. ഈ മാറ്റങ്ങൾക്കെതിരായി പ്രതിബന്ധങ്ങൾ സൃഷ്ടിക്കുന്ന ഇ.എസ്.ഐ ബോർഡും കേന്ദ്ര സർക്കാറും കാലഘട്ടത്തിന്റെ ചുവരെഴുത്ത് ഇനിയെങ്കിലും മനസ്സിലാക്കേണ്ടതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.