ചെറിയമനുഷ്യനും വലിയലോകവും
text_fieldsലോകയുദ്ധങ്ങൾ, വൻപകർച്ചവ്യാധികൾ, പ്രകൃതിക്ഷോഭങ്ങൾ തുടങ്ങിയവ ഉണ്ടാകുമ്പോൾ ലോകത്ത് മൗലികമായ മാറ്റങ്ങൾ ഉണ്ടാകും, മനുഷ്യരുടെ വിചാരമാതൃകകളിൽ. ഇന്ന് ലോകം മുഴ ുവൻ ദുരന്തം വിതച്ച കൊറോണ വൈറസും വൈറസനന്തര ലോകക്രമവും ലോകമെമ്പാടും ചർച്ചകളി ൽ സ്ഥാനം പിടിച്ചുതുടങ്ങി. ഇത്തരം പ്രശ്നങ്ങൾക്ക് മുമ്പും പിമ്പും എന്ന മട്ടിൽ മനുഷ്യച രിത്രത്തെ തരംതിരിക്കുകയും താത്ത്വികമായ പുതിയ അടിത്തറകളിൽനിന്നു നവവ്യവഹാരങ്ങ ൾ നിർമിച്ചുകൊണ്ടിരിക്കും. ലോകയുദ്ധങ്ങൾക്കുശേഷം അതുവരെയുണ്ടായ മനുഷ്യസാഹചര്യ ങ്ങൾതന്നെ മാറി. യൂറോപ്യൻ രാഷ്ട്രങ്ങളെ പ്രത്യക്ഷമായും അവരുടെ കോളനികളായ ഏഷ്യ, ആഫ്ര ിക്ക, ലാറ്റിനമേരിക്ക തുടങ്ങിയ ഭൂഖണ്ഡങ്ങളിലെ പല രാജ്യങ്ങളെയും മനുഷ്യരെയും പരോക്ഷ മായും ഒന്നും രണ്ടും ലോകയുദ്ധങ്ങൾ ഗുണദോഷസമ്മിശ്രമായി ബാധിച്ചു. നാലഞ്ചുനൂറ്റാണ്ട് പഴക്കമുള്ള യൂറോപ്യൻ കോളനീകരണത്തെ ശിഥിലമാക്കുന്നതിലും കോളനീവിമോചനശക്തികളെ സത്വരമാക്കുന്നതിലും ലോകയുദ്ധങ്ങൾക്ക് മുഖ്യമായ പങ്കുണ്ട്. മനുഷ്യനെ കേന്ദ്രസ്ഥാനത്ത് സ്ഥാപിച്ചു വളർന്നുവന്ന യൂറോപ്യൻ മാനവവാദവും അതുമൂലം കൊടികുത്തിയ കോളനീ അധിനിവേശങ്ങളും യുദ്ധാനന്തരം വീണ്ടുവിചാരത്തിന് വിധേയമായി. തുടർന്ന് ലോകമെമ്പാടും നടമാടിയ സാമ്പത്തിക മാന്ദ്യം യൂറോപ്പിനെയെന്നല്ല ഇതരരാജ്യങ്ങളെയും ആഴത്തിൽ തകർത്തുകളഞ്ഞു. അതിലുപരി യൂറോപ്പിരിക്കെത്തന്നെ അമേരിക്കയും സോവിയറ്റ് യൂനിയനും നയിക്കുന്ന ദ്വിധ്രുവ ലോകക്രമം നിലവിൽ വരുകയും ചെയ്തു.
ഇങ്ങനെ അവലോകനം ചെയ്യുമ്പോൾ ഒരു കാര്യം വ്യക്തം. ലോകയുദ്ധങ്ങൾക്ക് മുമ്പുണ്ടായിരുന്ന അധികാരബന്ധങ്ങൾ, മനുഷ്യജീവിതം, അവരുടെ വിശ്വാസപ്രമാണങ്ങൾ, ശാസ്ത്രയുക്തി തുടങ്ങിയവയിലെല്ലാം കാതലായ മാറ്റങ്ങൾ സംഭവിച്ചു. ഇരുണ്ട ഭൂഖണ്ഡമായി കിടന്ന യൂറോപ്പിെൻറ മധ്യകാലചരിത്രത്തിൽ പ്ലേഗ് പോലുള്ള മാരക പകർച്ചവ്യാധി മൗലികമായി സാമൂഹിക സാംസ്കാരികമാറ്റങ്ങൾക്ക് കളമൊരുക്കിയത് മറ്റൊരുദാഹരണമാണ്. 13–14 നൂറ്റാണ്ടുകളിൽ മിക്ക യൂറോപ്യൻ രാജ്യങ്ങളിലും പടർന്നുപിടിച്ച ഈ രോഗം ഇരുപത് ദശലക്ഷത്തിലധികം വരുന്ന മനുഷ്യജീവൻ കവരുകയും അതുവരെ സമൂഹം പുലർത്തിപ്പോന്ന വിശ്വാസസംഹിതകളെ തകിടംമറിക്കുകയും ചെയ്തു. ആധുനികലോകത്തിെൻറ വക്താക്കളായി പിന്നീട് ശാസ്ത്രം മാറിയതിെൻറ അടയാളങ്ങൾ ഈ പകർച്ചവ്യാധികളുടെ ചരിത്രവുമായി ബന്ധപ്പെടുത്തി നിരവധിപേർ വായിച്ചെടുത്തിട്ടുണ്ട്. സംസ്കാരങ്ങളുടെ ഭവനങ്ങളായി അവശേഷിച്ച ഈജിപ്ത്, ഇറാഖ്, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിൽനിന്ന് ശാസ്ത്രത്തിെൻറയും കലയുടെയും പുതിയ ദീപങ്ങൾ കൊളുത്തി ആധുനിക യൂറോപ്പ് വളർന്നുവരുന്നത് ചരിത്രത്തിൽ കാണാം. ഗ്രീക്ക് സംഭാവന ചെയ്ത ഹെല്ലൻ സംസ്കാരത്തെ ചൂഷണം ചെയ്താണ് പുതിയ യൂറോപ്പ് ആശയപരമായ ജൈത്രയാത്ര നടത്തിയത്. വടക്കൻ ആഫ്രിക്കയിലും സ്പെയിനിലും അബ്ബാസി ഖലീഫമാരുടെ ബഗ്ദാദിലും അറബിയിലേക്ക് പരിഭാഷപ്പെട്ട നവ ഹെല്ലൻ സംസ്കാരത്തിെൻറ വെളിച്ചം യൂറോപ്പ് നന്നായി പ്രയോജനപ്പെടുത്തിയും ജ്ഞാന–ശാസ്ത്രകലാദി വിജ്ഞാനങ്ങളെ പുനഃസൃഷ്ടിച്ചും യൂറോപ്പുണ്ടാക്കിയ വെളിച്ചത്തിെൻറ മാറ്റം പിൽക്കാല കോളനീകരണത്തിൽ കലാശിച്ചു. ഇറ്റലിയിലെ ഫ്ലോറൻസിൽ പ്ലേഗ് പടർന്നുപിടിച്ച കാലഘട്ടത്തിലാണ് ബൊക്കാച്ചിയോവിെൻറ ഡെക്കാമറൺ കഥകൾ പോലുള്ള ക്ലാസിക്കുകൾ ജന്മമെടുക്കുന്നത്.
രോഗം വിതച്ച ഭീതിയും ക്രൂരതയും മനുഷ്യർക്കിടയിൽ അവ സൃഷ്ടിച്ച സാമൂഹിക അകലവും അടച്ചിരിപ്പും പുതിയ മട്ടിലുള്ള കഥപറച്ചിലുകൾക്ക് കാരണമായി എന്നതെത്ര ഡെക്കാമറൺ കഥകൾ സൂചിപ്പിക്കുന്നത്. മനുഷ്യനിർമിത കലാപങ്ങൾ പ്രകൃതിയോട് കാണിക്കുന്ന കൊടിയ തെറ്റുകൾ, വെട്ടിപ്പിടിത്തത്തിെൻറ അധികാരം നിർമിക്കുന്ന കുറ്റബോധം, ചിത്തഭ്രമം തുടങ്ങിയവ ഈ കഥകളുടെ അന്തർധാരയായി വായിച്ചെടുക്കാം. ഉച്ചനീചത്വങ്ങളുടെ േശ്രണിതിരിച്ചുള്ള ഒരു മനുഷ്യജീവിതം പ്രകൃതി ഒരിക്കലും വിഭാവനം ചെയ്തിട്ടില്ല. അവ സാമൂഹികമായ പുതിയ അധികാരബന്ധങ്ങൾ സ്ഥാപിക്കാൻ മനുഷ്യൻ നിർമിച്ചുണ്ടാക്കിയതാണ്. സാമൂഹിക അകലം എന്ന തത്ത്വം ഒരു സമൂഹം എന്ന നിലക്ക് യൂറോപ്പ് ആദ്യം അനുഭവിക്കുകയും പരീക്ഷിക്കുകയും ചെയ്തത് ഈ പ്ലേഗ് കാലഘട്ടത്തിലാണെന്ന് മനസ്സിലാക്കാം.
1947ൽ പുറത്തിറങ്ങിയ അൽബേർ കാമുവിെൻറ പ്ലേഗ് എന്ന നോവൽ പകർച്ച വ്യാധിയെ മുൻനിർത്തി ആധുനിക യൂറോപ്പിെൻറ ധാർമികസമസ്യകളെയും ധർമസങ്കടങ്ങളെയും അവതരിപ്പിക്കുന്ന മറ്റൊരു കൃതിയാണ്. ഒറാൻ നഗരത്തിൽ പടർന്നുപിടിച്ച പ്ലേഗ് രോഗവും അതുമൂലമുണ്ടാകുന്ന ഭീതിയും തുടർനാശങ്ങളും അധികാരത്തിെൻറ മുതലെടുപ്പുകളും ഒക്കെ താത്ത്വികമായി കാമു ഈ കൃതിയിൽ വരച്ചിടുന്നു. എലികളുടെ മരണത്തിലൂടെ മെല്ലമെല്ലെ തുടങ്ങുന്നതും തുടർന്ന് ദിനേന ശവങ്ങൾ കുന്നുകൂടി വരുന്നതും ഭീകരാവസ്ഥയിൽ നഗരാതിർത്തി അടക്കുന്നതും ഒക്കെ ഈ കൃതിയുടെ കഥാപരമായ ഉള്ളടക്കമാണെങ്കിലും അതിനേക്കാളുപരി മനുഷ്യ സ്വാതന്ത്യത്തിനുമേൽ ഭരണകൂടവും സമൂഹവും വിധിക്കുന്ന ക്വാറൻറീൻ നിയമങ്ങളെയും ഉത്കണ്ഠകളെയും ദാർശനികമായി അടയാളപ്പെടുത്തുകയാണ് കാമു. ആരോഗ്യ പ്രവർത്തകർ അനുഭവിക്കുന്ന പ്രശ്നങ്ങൾ, ആഗോള മരുന്നു കമ്പനികളുടെ സാന്ദർഭികമായ ചൂഷണങ്ങൾ, ആപത്തിനിടയിൽ തഴച്ചുവളരുന്ന മനുഷ്യസ്വാർഥത എന്നിങ്ങനെയുള്ള സാമൂഹിക തത്ത്വങ്ങളെയൊക്കെ ഈ കൃതി മുന്നോട്ടുവെക്കുന്നു. മനുഷ്യർക്കിടയിൽ സ്വ–അപര ബന്ധങ്ങളെകുറിച്ചുള്ള കാഴ്ചപ്പാടുകൾ മൗലികമായി മാറുന്നു.
കൊറോണാനന്തര ലോകക്രമം ഇതുവരെ നിലവിൽനിന്ന ഒന്നിനേക്കാൾ വേറിട്ടതായിരിക്കും എന്നു ചിന്തിക്കുന്നത് ഈ അർഥത്തിലാണ്. ലോകയുദ്ധങ്ങളിൽ നാം അഭിമുഖീകരിച്ചതുപോലെ മനുഷ്യനാണ് മനുഷ്യെൻറ മുഖ്യശത്രു എന്ന തത്ത്വം ഇവിടെ അട്ടിമറിയുന്നു. ചെറിയ ലോകവും വലിയ മനുഷ്യനും എന്ന മാനവികവാദത്തിെൻറ കാഴ്ചപ്പാടുകൾ അടിപതറുന്നു. അദൃശ്യമായ ഒരു സൂക്ഷ്മ ലോകജീവിയാണ് ഈ കലാപം അഴിച്ചുവിടുന്നത്. ഏതെങ്കിലും ഒരുനാട്ടിൽ മാത്രമല്ല ലോകം മുഴുവൻ അതിെൻറ തേരോട്ടം സംഭവിക്കുന്നതിനാൽ വൈറസ് എന്ന തത്ത്വം പ്രത്യയശാസ്ത്രപരമായ ഒരു പ്രശ്നംതന്നെയായി രൂപം മാറി. തങ്ങൾ ശാസ്ത്രവും ഉന്നത സാങ്കേതികവിദ്യയും കൊണ്ട് സൃഷ്ടിച്ചുെവച്ച കൊടിയ ശക്തിയുള്ള ന്യൂക്ലിയർ ആയുധങ്ങൾപോലും ഈ കലാപത്തിൽ നിസ്സഹായമായിത്തീരുന്നു എന്ന തിരിച്ചറിവ് ലോക സമൂഹത്തിൽതന്നെ മൗലികമായ ചിന്താമാറ്റങ്ങൾക്ക് കളമൊരുക്കി. ‘ലോകത്തെ അവസാനത്തെ പോരാളി
മണ്ണിരയാണെന്നും അവയുടെ വംശനാശം ലോകത്തെ എവിടെകൊണ്ടു ചെന്നെത്തിക്കുമെന്നും’ഉള്ള മേതിൽ രാധാകൃഷ്ണെൻറ ചോദ്യം നാമിപ്പോൾ ഓർമിച്ചുപോകുന്നു.
ചെറിയലോകവും വലിയ മനുഷ്യനും എന്ന ചിന്താഗതിയുടെ കാലം കഴിഞ്ഞു എന്നാണ് പറഞ്ഞുവരുന്നത്. മനുഷ്യനിർമിതമായ കൊടിയധികാരങ്ങളോടോ സൈന്യങ്ങളോടോ ആയുധങ്ങളോടോ അല്ല വരാൻ പോകുന്ന കാലത്തിെൻറ കലാപം എന്നോർക്കുക– ഈ സൂക്ഷ്മജീവികൾ മനുഷ്യനോട് നയിക്കുന്ന യുദ്ധങ്ങളോടാവും. അധികാരവും അധീശത്വവും രോഷവും കൊണ്ട് ശത്രുത നടിച്ച മനുഷ്യർ ഒരു വൈറസിനു മുന്നിൽ നിസ്സഹായരായി മാറിയ കാഴ്ച ലോകമെമ്പാടുമുണ്ട്. ഏതാണ്ട് ഒരു മാസത്തിലേറെയായി അതിെൻറ പേരിൽ സാമൂഹിക അകലവും ഏകാന്തവാസവും പാലിച്ചു സ്വന്തം വീട്ടിടങ്ങളിലേക്ക് ഒതുങ്ങിക്കൂടേണ്ടി വന്ന നമ്മുടെ വീട്ടിടങ്ങളുടെ കാര്യം തന്നെയെടുക്കുക. കുറെക്കാലമായി ഏറക്കുറെ സാമൂഹികസുരക്ഷയും സുഭിക്ഷതയും കൈമുതലാക്കി ജീവിച്ച കേരളത്തിലെ ബഹുഭൂരിപക്ഷം മധ്യവർഗത്തിൽപെട്ട മനുഷ്യർ കോവിഡിെൻറ പേരിൽ തങ്ങളാർജിച്ച പല ശീലങ്ങളെയും തള്ളിക്കളഞ്ഞു. നമുക്കിപ്പോൾ ഉല്ലാസയാത്രകളും ഉത്സവങ്ങളും കാർണിവലുകളും കുടുംബസംഗമങ്ങളും വേണ്ടാതായി. ആരാധനാലയങ്ങളോടും സമൂഹനിഷ്ഠമായ അതിെൻറ ആരാധനാരീതികളോടും പൗരോഹിത്യത്തിെൻറ പഴഞ്ചൻശീലങ്ങളോടും മുഖം തിരിച്ചു നിൽക്കേണ്ടി വന്നു. മാത്രമല്ല, മരണമെന്ന സങ്കൽപം പോലും ഭീതിദവും വികാരരഹിതവുമായിത്തീർന്ന ഒരു കാലഘട്ടം സംജാതമായി. ബഹളങ്ങളും ഒച്ചകളും കൊണ്ട് സാമൂഹിക മുന്നേറ്റം നടത്തിയിരുന്ന രാഷ്ട്രീയ സാംസ്കാരിക മാതൃകകളും മൗനത്തിൻ ഗുഹകളിലൊളിച്ചു. അതിജീവനത്തിെൻറ പരമ്പരാഗത മാതൃകകൾ അന്വേഷിച്ചും അനുഭവിച്ചും വീണ്ടെടുത്തും സ്വന്തം കുടിലുകളിൽ ഒതുങ്ങിക്കൂടേണ്ടി വന്ന ഈ സ്ഥിതി സാഹചര്യത്തെ ഒരു തമാശയായി കണ്ടുകൂടാ.
കൊറോണാനന്തരകാലം പഴയപോലെ മനുഷ്യസ്വാതന്ത്ര്യത്തെയും ജീവിതത്തെയും അനുവദിച്ചുതരും എന്നതിൽ തീർച്ചയായും ആശങ്കയുണ്ട്. അതുകൊണ്ടുതന്നെ, ഇതുവരെ പിന്തുടർന്ന വൈയക്തികശീലങ്ങളെയും രാഷ്ട്രീയമര്യാദകളെയും ഒക്കെ പുനർവിചിന്തനത്തിന് വിധേയമാക്കേണ്ട കാലമാണിത്. നടമാടിയിരുന്ന സ്വാതന്ത്യത്തിെൻറ അഭാവത്തിൽ മനുഷ്യനകപ്പെട്ട പുതിയ ഭീതിയുടെയും ഉത്കണ്ഠയുടെയും പശ്ചാത്തലം പെട്ടെന്ന് ചുരുങ്ങിപോകുന്ന ഒന്നല്ല. കീടങ്ങളിലൂടെ പടർന്നുപിടിക്കുന്ന പുതിയ തരത്തിലുള്ള സാംക്രമികരോഗങ്ങൾ ആവർത്തിച്ചുവരുന്ന പ്രളയങ്ങൾ, കാലാവസ്ഥ വ്യതിയാനം എന്നിവകൊണ്ട് പൊറുതിമുട്ടുന്ന ഒരു സമൂഹത്തിന് തുടർന്നു ജീവിക്കണമെങ്കിൽ ഭാവിയെക്കുറിച്ചുള്ള പുതിയൊരു മനുഷ്യ മനഃശാസ്ത്ര സങ്കൽപനത്തെത്തന്നെ രൂപവത്കരിക്കേണ്ടിയിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.