യൂറോപ്യൻ കലയുടെ രാഷ്ട്രീയ ഭാഗധേയങ്ങള്‍
text_fieldsകഴിഞ്ഞ ആഴ്ച ഞാൻ സ്പെയിനിെൻറ തലസ്ഥാനമായ മഡ്രിഡിൽ ആയിരുന്നു. ഇൻറർനാഷനൽ അസോസ ിയേഷൻ ഓഫ് കമ്യൂണിക്കേഷൻ ആൻഡ് മീഡിയ റിസർച് സംഘടിപ്പിക്കുന്ന വാർഷികസമ്മേളനത ്തിൽ പങ്കെടുക്കാനാണ് പോയത്. വിവിധ യൂറോപ്യൻ നഗരങ്ങളിലും മറ്റു ഭൂഖണ്ഡങ്ങളിലും നട ന്ന മീഡിയ അസോസിയേഷെൻറ മുൻകാലസമ്മേളനങ്ങളിലും ഇതര അക്കാദമിക് സംഘടനകള്‍ നേത ൃത്വം കൊടുക്കുന്ന സമ്മേളനങ്ങളിലും ധാരാളമായി പങ്കെടുത്തിട്ടുണ്ട്. യാത്രകൾക്കിടയിൽ ഒഴിവുകിട്ടുന്ന സമയങ്ങളിൽ പല നഗരങ്ങളിലെയും ദേശീയമ്യൂസിയങ്ങള് ചിലതൊക്കെ സന്ദർശിച്ചിട്ടുമുണ്ട്. എല്ലാ യാത്രകളെക്കുറിച്ചും കുറിപ്പുകള്‍ എഴുതുക പതിവല്ല. എന്നാൽ, ചിലപ്പോള്‍ അവിചാരിതമായി ശ്രദ്ധയിൽപ്പെടുന്ന ചില സവിശേഷ സംഗതികളെക്കുറിച്ചു ലേഖനങ്ങളിലും പഠനങ്ങളിലും സൂചിപ്പിക്കാറുമുണ്ട്. ഇക്കുറി മഡ്രിഡിലെ രണ്ടു പ്രധാന മ്യൂസിയങ്ങള്‍ സന്ദർശിച്ചു. പൊതുവിൽ യൂറോപ്യൻ കലയുടെ രാഷ്ട്രീയം ഒരു പോസ്റ്റ്കൊളോണിയൽ വിശകലന പരിപ്രേക്ഷ്യത്തിൽ കാണുന്നതിനു താൽപര്യമുള്ളയാളാണ് ഞാൻ. അതുകൊണ്ടുതന്നെ കലയുടെ ശുദ്ധലാവണ്യത്തിനപ്പുറമുള്ള ചില സാംസ്കാരിക-ചരിത്ര-പ്രത്യയശാസ്ത്ര വിവക്ഷകളിലേക്കും എെൻറ വിചാരങ്ങള്‍ ചെന്നുകയറാറുണ്ട്.
സന്ദർശിച്ച പല യൂറോപ്യൻ മ്യൂസിയങ്ങളുടെയും ഒരു സവിശേഷതയായി തോന്നിയിട്ടുള്ളത് ക്രൈസ്തവ മതബിംബങ്ങളും കഥകളും മിത്തുകളും മധ്യകാല യൂറോപ്പിലെ അനുഗൃഹീത ചിത്രകാരന്മാരുടെ ചായക്കൂട്ടിൽ പിറന്നുവീണത് ശേഖരിക്കുന്നതിൽ അവ കാണിക്കുന്ന സവിശേഷതാൽപര്യമാണ്. ഇത്തരം രചനകളുടെ പശ്ചാത്തലത്തെക്കുറിച്ചല്ല പറയുന്നത്. അത് ആ കാലഘട്ടത്തിലെ ക്രിസ്തീയസഭയുടെയും അതിെൻറ അനുബന്ധസ്ഥാപനങ്ങളുടെയും മതരാഷ്ട്രീയത്തിെൻറ ചൊൽപ്പടിക്ക് നിന്നിരുന്ന രാജവാഴ്ചകളുടെയും പൊതുവിൽ മധ്യകാല ഫ്യൂഡലിസത്തിെൻറ ആത്മീയ-സാംസ്കാരിക സഹഭാവങ്ങളുടെയുമെല്ലാം കലാസംരക്ഷണ-പ്രോത്സാഹന പാരമ്പര്യവുമായി അഭേദ്യമാംവിധം ബന്ധപ്പെട്ടിരിക്കുന്നു. കലയും അധികാരവും തമ്മിൽ എല്ലാകാലത്തും വൈരുധ്യാത്മകമായ ഒരു ബന്ധമാണുള്ളത്. അതിെൻറ സങ്കലനങ്ങളും വേർപിരിയലുകളും സൂക്ഷ്മ ചരിത്രവായനകളിലൂടെ കണ്ടെത്തേണ്ടതാണ്. എന്നാൽ, ദേശരാഷ്ട്രം നേരിട്ട് രാഷ്ട്രീയത്തിൽ ഇടപെടുന്നതിന് ഉപയോഗിക്കുന്ന ഭരണകൂട ഉപകരണങ്ങള്‍ കൂടിയാണ് മ്യൂസിയങ്ങള്‍. ‘ദേശീയ മ്യൂസിയങ്ങള്‍’ എന്ന പേരുതന്നെ ദേശരാഷ്ട്രസങ്കൽപവുമായി അവയെ പെട്ടെന്ന് ചേർത്തുനിർത്തുന്നു. അവയുടെ സാംസ്കാരിക ദൗത്യങ്ങളെയും നിലപാടുകളെയും എന്തിനു, സമീപനത്തെയും രീതിശാസ്ത്രത്തെയും പോലും നിർവചിക്കാൻ നമ്മെ സഹായിക്കുന്നുണ്ട് ഈ വർഗീകരണം. സ്വന്തം ചരിത്രത്തെ, സ്വത്വത്തെ, സ്വത്വത്തിനു അപരവുമായുള്ള ബന്ധത്തെ, വർത്തമാനത്തിെൻറ പ്രതിസന്ധികളുടെ ചരിത്രപരതയെ, ഇച്ഛാനുസാരിയായി നിർമിച്ചെടുക്കുന്നതിനുള്ള ഉപാദാനമായി മ്യൂസിയങ്ങള്‍ മാറുന്നു എന്നതാണ് വസ്തുത. അതിനാൽ, ആധുനിക യൂറോപ്യൻ ഭരണകൂടങ്ങളും ക്രിസ്തുമതവുമായുള്ള പ്രത്യയശാസ്ത്ര സംയോജനത്തിെൻറ മറ്റൊരു മുഖം തന്നെയാണ് ഇത്തരം ചില പൊതുപ്രവണതകളിലും വ്യക്തമാകുന്നത്.
യൂറോപ്യൻ രാഷ്ട്രീയത്തിെൻറ നിരങ്കുശമായ പ്രചാരണത്തിനു മ്യൂസിയങ്ങള്‍ വേദിയാകുന്നതിെൻറ ശക്തമായ അടയാളങ്ങള്‍ മഡ്രിഡിൽ കണ്ടു. പരാദോ ദേശീയ മ്യൂസിയവും (Prado) തീസ്സെൻ- ബോണേമീസാ ദേശീയ മ്യൂസിയവും (Thyssen-Bornemisza) ആണ് സന്ദർശിച്ചത്. റൈന സോഫിയ മ്യൂസിയവും (The Reina Sofia) സന്ദർശിക്കണം എന്ന് കരുതിയിരുന്നെങ്കിലും കഴിഞ്ഞില്ല. അതിനാൽ, അവിടെ സൂക്ഷിച്ച പിക്കാസോയുടെ ഗൂർണിക്ക കാണുന്നത് നടന്നില്ല. എങ്കിലും വളരെ കാലമായി കാണണം എന്ന് കരുതിയ മറ്റൊരു ചിത്രം പരാദോയിൽ സൂക്ഷിച്ചിരുന്നു. അതിെൻറ മുന്നിൽ എപ്പോഴും ആൾക്കൂട്ടമാണ്-ഡീഗോ വെലാസ്ക്വെസിെൻറ (Diego Velazquez) ലാസ് മെനീനാസ് (Las Meninas). ഫൂക്കോയുടെ പ്രശസ്തമായ പുസ്തകം The Order of Things വായിച്ച കാലം മുതൽ ഈ ചിത്രം കാണണം എന്ന് ആഗ്രഹിച്ചിട്ടുണ്ട്.അതിെൻറ ആദ്യ അധ്യായത്തിൽ ഈ ചിത്രത്തിെൻറ ഒരു ദാർശനിക വായനയുണ്ട്. സാന്ദ്രമായ ആ വിശകലനത്തിെൻറ അടിസ്ഥാനത്തിൽ ഈ ചിത്രം കാണുന്നത് സവിശേഷ അനുഭവമാണ്. ഈ മൂന്നു മ്യൂസിയങ്ങളെയും ചേർത്ത് മഡ്രിഡിലിലെ ‘കലയുടെ സുവർണ ത്രികോണം’ എന്ന് വിളിക്കാറുണ്ട്. അതിനാൽ, റൈന സോഫിയ കാണാൻ കഴിയാഞ്ഞത് നഷ്ടംതന്നെ. എങ്കിലും തീസ്സെൻ-ബോണേമീസായിലെയും പരാദോയിലേയും സന്ദർശനങ്ങള്‍ ചില സവിശേഷമായ ഉൾക്കാഴ്ചകള്‍ നൽകുന്നതായിരുന്നു. അതാവട്ടെ, സമകാല ആഗോള രാഷ്ട്രീയസന്ദർഭത്തെ കൂടുതൽ ആഴത്തിൽ മനസ്സിലാക്കുന്നതിനു സഹായിക്കുന്നവയുമായിരുന്നു.
നിലവാരമുള്ള വലിയ മ്യൂസിയങ്ങളുടെ ഒരു പ്രത്യേകത അവിടെയുള്ള സ്ഥിരശേഖരം കൂടാതെ ചില സവിശേഷ പ്രദർശനങ്ങളും അവ സംഘടിപ്പിക്കാറുണ്ട് എന്നതാണ്. അത്തരത്തിലുള്ള രണ്ടു വ്യത്യസ്ത പ്രദർശനങ്ങള്‍ നേരത്തേപറഞ്ഞ രണ്ടു മ്യൂസിയങ്ങളിലായി കണ്ടു. ആദ്യത്തേത് തീസ്സെൻ-ബോണേമീസാ ദേശീയ മ്യൂസിയത്തിലായിരുന്നു. സ്പെയിനിൽ ജനിച്ച്, സ്പാനിഷ് ആഭ്യന്തരയുദ്ധകാലത്ത് മഡ്രിഡിൽ പാരിസിലേക്ക് പോയി ജീവിതാന്ത്യംവരെ ഫ്രാൻസിൽ പ്രവർത്തീച്ച ക്രിസ്റ്റൊബൽ ബാലൻസിയാഗ (Crist0bal Balenciaga) എന്ന പ്രശസ്ത ഡിസൈനർ രൂപംകൊടുത്ത ഫാഷൻ വസ്ത്രങ്ങൾക്ക് പിന്നിലെ പ്രചോദനം പതിനാറു മുതൽ ഇരുപതാം നൂറ്റാണ്ടു വരെയുള്ള സ്പാനിഷ് ചിത്രകലയാണ് എന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്ന പ്രദർശനമായിരുന്നു അവിടെ പ്രത്യേകമായി ഒരുക്കിയിരുന്നത്. പ്രദർശനത്തിെൻറ കെട്ടിലും മട്ടിലും, അതിെൻറ സാംസ്കാരികമായ ഊന്നലുകളിലും യൂറോപ്പെന്ന സ്വത്വത്തെ സ്പെയിൻ/ഫ്രാൻസ്ക എന്നീ ദേശരാഷ്ട്ര സ്വത്വങ്ങൾക്ക് മുകളിൽ പ്രതിഷ്ഠിക്കുന്ന പ്രവണത ദൃശ്യമായിരുന്നു. ഗോയയുടെയും വെലാസ്ക്വെസിെൻറയും മറ്റു സ്പാനിഷ് ചിത്രകാരന്മാരുടെയും രചനകളും അവയെ ആസ്പദമാക്കി ബാലൻസിയാഗ രൂപകൽപന ചെയ്ത വസ്ത്രമാതൃകകളും ചേർത്തുെവച്ചുകൊണ്ടായിരുന്നു പ്രദർശനം സംഘടിപ്പിച്ചിരുന്നത്. അവയുടെ വിശദീകരണങ്ങളിൽ, വിശകലനങ്ങളിൽ പ്രാധാന്യം നൽകാൻ ശ്രമിച്ചിരുന്നത് ഒരു യൂറോപ്യൻ സമഗ്രതയുടെ ഭാഗമാണ്, ബാലൻസിയാഗയുടെ വസ്ത്ര മാതൃകാ നിർമാണം എന്ന കാര്യത്തിനായിരുന്നു.
ഈ സാംസ്കാരിക രാഷ്ട്രീയം കുറെക്കൂടി വ്യക്തമാക്കുന്നതായിരുന്നു പരാദോ ദേശീയമ്യൂസിയത്തിലെ പ്രദർശനം. അവിടെ സജ്ജമാക്കിയിരുന്നത് വെലാസ്ക്വെസ്, റിംബ്രാൻഡ്ന, ഫെർമീർ തുടങ്ങിയ സ്പാനിഷ്-ഡച്ച് ചിത്രകാരന്മാരുടെ സൃഷ്ടികളാണ്. അവിടെയാവട്ടെ, വളരെ കൃത്യമായിത്തന്നെ പ്രദർശനത്തിെൻറ രാഷ്ട്രീയ-സാംസ്കാരിക ലക്ഷ്യങ്ങള്‍ വ്യക്തമാക്കിയിരുന്നു. പാശ്ചാത്യ ചിത്രകലയുടെ ഏകത്വം എന്നത് യൂറോപ്യൻ സംസ്കാരത്തിെൻറ തന്നെ ഏകത്വമാണ് വെളിവാക്കുന്നതെന്ന സ്പാനിഷ് ചിന്തകൻ ഹൊസേ ഒർട്ടേണഗ ഗാസേയുടെ ഉദ്ധരണി ചുവരിൽ കാണാമായിരുന്നു. കൂടാതെ, യൂറോപ്പിലെ ദേശരാഷ്ട്ര സങ്കൽപത്തെ അതിലംഘിക്കാനും പകരം ഒരു യൂറോപ്യൻ സ്വത്വത്തെ പിന്തുടരാനും പറയുന്ന സമീപനം പൊതുവേ പ്രദർശനത്തിൽ ദൃശ്യമായിരുന്നു. മുൻകാല വ്യാഖ്യാതാക്കള്‍ വലെസ്ക്വേസിനെ സ്പാനിഷ് ദേശീയ ചിത്രകാരനായും റിംബ്രാൻഡിനെ ഡച്ച് ദേശീയ ചിത്രകാരനായും കണ്ടിരുന്നതിനെ പ്രദർശനം പരോക്ഷമായി വിമർശിക്കുന്നുണ്ട്. മാത്രമല്ല, അവിടെ ചുവരിൽ ഉണ്ടായിരുന്ന മറ്റൊരു പോസ്റ്ററിൽ കണ്ടത് കലയിൽ ദേശീയമുദ്രകള്‍ കണ്ടെത്താനുള്ള മുൻകാല കലാവിമർശകരുടെ ശ്രമം തെറ്റായിരുന്നു എന്ന് ഈ പ്രദർശനം സ്ഥാപിക്കുന്നു എന്നാണ്. രീതിപരമായും ദാർശനികമായും സംവേദനപരമായും ഈ ചിത്രകാരന്മാർക്കിടയിൽ കാണുന്ന ഐക്യത്തെ യൂറോപ്പ് എന്ന സ്വത്വം രൂപംകൊണ്ട ചരിത്രമായി വായിക്കണമെന്ന് പ്രദർശനം കാഴ്ചക്കാരോട് ആവശ്യപ്പെടുന്നു. യൂറോപ്യൻ യൂനിയൻ കേവലം ദേശരാഷ്ട്രങ്ങളുടെ കൂട്ടമല്ല, അതൊരു വൈകാരിക സമന്വയമാണ് എന്ന് പഠിപ്പിക്കാൻ പ്രദർശനം വെമ്പൽകാള്ളുകയായിരുന്നു.
സാംസ്കാരികമായും സാമ്പത്തികമായും സാമൂഹികമായും നിരവധി വിഷമസന്ധികളിലൂടെ കടന്നുപോകുന്ന യൂറോപ്യൻ രാജ്യങ്ങളിൽ വളർന്നുവരുന്ന സങ്കുചിത ദേശീയവാദം മറനീക്കി പുറത്തുവന്നത് ബ്രെക്സിറ്റിെൻറ കാലത്തായിരുന്നു. ഏതു യൂറോപ്യൻ രാജ്യത്തിൽ ഹിതപരിശോധന നടത്തിയാലും ഇതേ വിട്ടുപോകൽ വിധിതന്നെയായിരിക്കും ഉണ്ടാവുകയെന്ന്അന്ന് ഈ പംക്തിയിൽ എഴുതിയിരുന്നു. അത് ശരിവെക്കുന്ന രാഷ്ട്രീയമാണ് യൂറോപ്പിൽ ശക്തിപ്രാപിക്കുന്നത്. വിഘടനത്തിെൻറയും ശിഥിലീകരണത്തിെൻറയും രാഷ്ട്രീയയുക്തിയെ പ്രത്യയശാസ്ത്രപരമായി പരാജയപ്പെടുത്തുവാൻ യൂറോപ്യൻ യൂനിയൻ നടത്തുന്ന ശ്രമങ്ങൾക്കൊപ്പം നിൽക്കുക എന്ന സന്ദേശമാണ് മറ്റൊരു വിധത്തിൽ പറഞ്ഞാൽ ഈ പ്രദർശനങ്ങളിലൂടെ ദേശീയമ്യൂസിയങ്ങള് യൂറോപ്യൻ ജനതക്ക് നൽകുന്നത്. ദേശീയസ്വത്വത്തെ സ്വീകരിക്കുമ്പോൾതന്നെ ‘പാശ്ചാത്യം’ എന്ന കൊളോണിയൽകാല വംശീയസ്വത്വരാഷ്ട്രീയത്തെ പുനരാനയിക്കുക എന്ന അജണ്ടയാണ് ഈ പ്രദർശനങ്ങളുടെ കാതൽ. വിശാല യൂറോപ്പ് എന്ന വംശീയാഹന്തയുടെ ദൃഢീകരണമാണ് കലാചരിത്രത്തെ പുനർവ്യാഖ്യാനിക്കാൻപോലും കാരണമാകുന്നത് എന്നത് യൂറോപ്പ് എത്തിപ്പെട്ടിട്ടുള്ള രാഷ്രീയപ്രതിസന്ധിയുടെ സാംസ്കാരികമായ ആഴങ്ങള്‍ കൂടുതൽ വ്യക്തമാക്കിത്തരുകയാണ് ചെയ്യുന്നത്.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.