Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഎല്ലാം പരിഹരിച്ചു; ഇനി...

എല്ലാം പരിഹരിച്ചു; ഇനി മികച്ച ജയത്തിന്​ മുന്നോട്ട്

text_fields
bookmark_border
panakkad hyderali shihab thangal
cancel
രാഷ്​ട്രീയചർച്ചകളുടെയും കൂടിക്കാഴ്​ചകളുടെയും കേന്ദ്രസ്​ഥാനമാണ്​ മുസ്​ലിംലീഗ്​ സംസ്​ഥാന അധ്യക്ഷൻ പാണക്കാട്​ ഹൈദരലി തങ്ങളുടെ വീട്​. സന്ദർശകരുടെ ബഹളവും രാഷ്​ട്രീയവും മതപരവുമായ വിവിധ ചർച്ചകൾക്കായി എത്തുന്നവരുടെ സാന്നിധ്യവും നിത്യകാഴ്​ചയാണിവിടെ​. തിരക്കുകളിൽ മുങ്ങിയ ഹൈദരലി തങ്ങൾ 'മാധ്യമ'ത്തിന്​ അനുവദിച്ച അഭിമുഖത്തിൽ, നിയമസഭ തെരഞ്ഞെടുപ്പിനെയും യു.ഡി.എഫി​െൻറ സാധ്യതകളെയും കുറിച്ച്​ സംസാരിക്കുന്നു.

മുസ്​ലിംലീഗ്​ ഇത്തവണ 27 സീറ്റുകളിലാണ്​ മത്സരിക്കുന്നത്​. തരക്കേടില്ലാത്ത പട്ടികയായിരുന്നുവെങ്കിലും അപ്രതീക്ഷിതമായി ചിലയിടങ്ങളിൽനിന്ന്​ എതിർപ്പുകളുണ്ടായി?

എല്ലാവരെയും പരിഗണിച്ചും പരാതിക്കിടയില്ലാത്ത രീതിയിലുമാണ്​ ദിവസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ സ്​ഥാനാർഥിപ്പട്ടിക തയാറാക്കിയത്​. എന്നിട്ടും ചിലയിടങ്ങളിൽനിന്ന്​ പരാതികളുയർന്നു. അത്​ പെ​ട്ടെന്നുണ്ടായ വികാരപ്രകടനങ്ങളായിരുന്നു. പെ​ട്ടെന്നുതന്നെ എല്ലായിടത്തെയും പ്രശ്​നങ്ങൾ പരിഹരിച്ചു. യുവാക്കൾക്ക്​ അർഹമായ പ്രാതിനിധ്യം നൽകി. കോഴിക്കോട്​ വനിത സ്​ഥാനാർഥിയും മത്സരിക്കുന്നു. പാർട്ടിയും മുന്നണിയും ഒറ്റക്കെട്ടായാണ്​ തെരഞ്ഞെടുപ്പിനെ നേരിടുന്നത്​. എല്ലായിടത്തും വലിയ ആവേശമാണ്​​. യു.ഡി.എഫ്​ മികച്ച വിജയം നേടും.

തിരൂരങ്ങാടിയിൽ കെ.പി.എ. മജീദിനെ സ്​ഥാനാർഥിയാക്കിയതാണ്​ ഏറ്റവും വലിയ എതിർപ്പിനിടയാക്കിയത്​. എന്തുകൊണ്ടാണ്​ മജീദി​െൻറ സ്​ഥാനാർഥിത്വത്തിൽ പരാതിയുണ്ടായത്​? ​പ്രതിഷേധത്തിൽനിന്ന്​ മുതലെടുക്കാൻ, ഇടതുപക്ഷം പ്രഖ്യാപിച്ച സ്​ഥാനാർഥിയെ മാറ്റി മുമ്പ്​ മത്സരിച്ചയാളെ കളത്തിലിറക്കി. മജീദി​െൻറ വിജയസാധ്യതയെ ഇത്​ ബാധിക്കുമോ?

മുതിർന്ന നേതാവാണ്​ കെ.പി.എ. മജീദ്​. അദ്ദേഹത്തി​െൻറ സ്​ഥാനാർഥിത്വത്തിൽ അതൃപ്​തിയുണ്ടാവേണ്ട കാരണമൊന്നും ഉണ്ടായിരുന്നില്ല. പി.എം.എ. സലാം സ്​ഥാനാർഥിയാവുമെന്ന്​ ചിലർ പ്രതീക്ഷിച്ചു. അതുണ്ടാവാതെ പോയപ്പോഴുണ്ടായ വികാരപ്രകടനമായിരിക്കാം പ്രതിഷേധങ്ങളു​െട കാരണം. പ്രാദേശികമായി എതിർപ്പുകളുണ്ടായപ്പോഴാണ്​ മാറിനിന്ന നിയാസ്​ വീണ്ടും സ്​ഥാനാർഥിയാവുന്നത്​. എന്നാൽ, ​അതൊന്നും വിലപ്പോവില്ല. ഇപ്പോൾ അവിടെ പ്രശ്​നങ്ങളൊന്നുമില്ല. വലിയ ഭൂരിപക്ഷത്തിൽ മജീദ്​ ജയിക്കും.

എന്തുകൊണ്ടാണ്​ മജീദിനെതിരെ എതിർപ്പുയർന്നത്​? അദ്ദേഹം മുജാഹിദ്​ ആശയക്കാരനാണ്​ എന്നതാണോ കാരണം?

മജീദിനെതിരെ എതിർപ്പുയരുന്നത്​ എന്തുകൊണ്ടാണെന്നറിയില്ല. ​ചിലപ്പോൾ തെറ്റിദ്ധാരണയാവാം. പ്രാർഥിച്ചപ്പോൾ കൈയുയർത്തിയില്ല എന്നൊക്കെയുള്ള ആരോപണങ്ങളാണ്​ മുമ്പ് അദ്ദേഹത്തിനെതിരെ​ ചിലർ പ്രചരിപ്പിച്ചത്​. ലീഗ്​ പരിപാടികളിൽ സ്​ഥിരമായി പ്രാർഥനകളിൽ പ​ങ്കെടുക്കുന്നതും ​ചി​ലപ്പോൾ തുടക്കം കുറിക്കുന്നതും അദ്ദേഹമാണ്​. മുസ്​ലിം ലീഗിൽ വിവിധ മതസംഘടനകളിലുള്ളവരുണ്ട്​. മുജാഹിദ്​ ആശയക്കാരും സുന്നികളുമുണ്ട്​. പാർട്ടിയിലുള്ള മറ്റ്​ മുജാഹിദുകാരുടെ അത്ര മുജാഹിദ്​ പോലുമല്ല മജീദ്​. അദ്ദേഹം​ സുന്നി പള്ളിയുടെ ഭാരവാഹി കൂടിയാണ്​ (ചിരിക്കുന്നു).

പി.എം.എ. സലാമിനെ പൊടുന്നനെ ജനറൽ സെക്രട്ടറിയാക്കിയതിൽ സംസ്​ഥാന കമ്മിറ്റിയിലെ ചിലർക്ക്​ മുറുമുറുപ്പുള്ളതായി വാർത്തകൾ വന്നിരുന്നു?

അത്തരം പ്രശ്​നങ്ങളൊന്നുമില്ല. ജനറൽ സെക്രട്ടറിയായ​ ശേഷം എല്ലായിടത്തും പരിപാടികളിൽ ഓടിനടന്ന്​ അദ്ദേഹം പ​ങ്കെടുക്കുന്നുണ്ട്​. കളമശ്ശേരിയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിലും മുന്നിൽനിന്നു. പാർട്ടി ഒന്നിച്ചുതന്നെ മുന്നോട്ട്​ പോകും.

കള​മശ്ശേരിയിൽ അഹമ്മദ്​ കബീറി​െൻറ നേതൃത്വത്തിൽ പ്രതിഷേധമുണ്ടായല്ലോ?

അവിടെയും പെ​ട്ടെന്നുണ്ടായ വികാര പ്രകടനമായിരുന്നു. അഹമ്മദ്​ കബീർ ഉൾ​െപ്പടെയുള്ള നേതാക്കളുമായി സംസാരിച്ച്​ എല്ലാ പ്രശ്​നങ്ങളും പരിഹരിച്ചു.

വനിത സ്​ഥാനാർഥിയെ ചൊല്ലി ലീഗ്​ നിരന്തരം പഴി കേൾക്കാറുണ്ട്. സമ്മർദം കൊണ്ടാണോ ഇത്തവണ വനിതക്ക്​ സീറ്റ്​ നൽകിയത്​?

ആകെ 24 സീറ്റിലാണ്​ ലീഗ്​ മത്സരിക്കാറുള്ളത്​. ഇത്തവണ 27 സീറ്റിലായി​. അതിൽ ഒരു വനിത മത്സരിക്കുന്നുമുണ്ട്​. കോഴിക്കോട്ടുകാരിയായ നൂർബിനയാണ്​ അവിടെ സ്​ഥാനാർഥി​. അവർ വൻ ഭൂരിപക്ഷത്തിൽ ജയിക്കും. ലീഗ്​ വനിതകൾക്ക്​ സീറ്റു കൊടുക്കുന്നില്ലെന്ന്​ പറയുന്നവർ മറ്റു പാർട്ടികളിലെ സ്​ത്രീ അനുപാതം കൂടി നോക്ക​ട്ടെ.

വിജയപ്രതീക്ഷ എത്രത്തോളമാണ്​? ലീഗ്​ നഗരസഭ ചെയർമാനായിരുന്നയാൾ പെരിന്തൽമണ്ണയിൽ ഇടതുപക്ഷത്തിനുവേണ്ടി മത്സരിക്കുന്നത്​ വിജയത്തെ ബാധിക്കുമോ?

എല്ലാ സീറ്റുകളിലും വിജയിക്കാനാവുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. കഴിഞ്ഞ തവണ നഷ്​ടമായ താനൂർ ഇത്തവണ തിരിച്ചുപിടിക്കും. പി.കെ. ഫിറോസി​െൻറ നേതൃത്വത്തിൽ യുവാക്കൾ ശക്തമായ പ്രചാരണ പരിപാടികളാണ്​ സംഘടിപ്പിക്കുന്നത്​. പെരിന്തൽമണ്ണയിലും യുവാവായ നജീബ്​ കാന്തപുരമാണ്​ സ്​ഥാനാർഥി. മണ്ഡലത്തിലുണ്ടായ ചെറിയ ചില അസ്വാരസ്യങ്ങൾ പരിഹരിച്ചു​. അവിടെ നിന്നുള്ള പ്രമുഖരുമായി നേരിട്ട്​ സംസാരിക്കാനും ആലോചനയുണ്ട്​. സി.പി.എം നേതാക്കളുള്ള മണ്ഡലത്തിൽ ലീഗുകാരനായിരുന്നയാളെ സ്​ഥാനാർഥിയാക്കിയതിൽ സി.പി.എമ്മുകാർക്ക്​ തന്നെ അമർഷമുണ്ടാവും. അതും വോട്ടായി മാറും. കൂത്തുപറമ്പിൽ പൊട്ടങ്കണ്ടി അബ്​ദുല്ല മികച്ച പ്രതീക്ഷയിലാണ്​. പേരാ​മ്പ്രയിൽ സി.എച്ച്.​ ഇബ്രാഹീംകുട്ടിയും ജനകീയനാണ്​. എല്ലാ വിഭാഗക്കാർക്കും ഇടം നൽകിയ പട്ടികയാണ്​ ലീഗി​േൻറത്​. കുറ​​ുക്കോളി മൊയ്​തീനും പി. ഉബൈദുല്ലയുമടക്കമുള്ളവർ സാധാരണക്കാരു​െട പ്രതിനിധികളാണ്​. എല്ലായിടത്തും മുസ്​ലിം ലീഗിന്​ മികച്ച വിജയപ്രതീക്ഷയുണ്ട്​.

മുസ്​ലിം രാഷ്​ട്രീയത്തി​െൻറ കേന്ദ്രബിന്ദുവായി ലീഗ്​ വീണ്ടും മാറിയിട്ടുണ്ടോ?

എല്ലാ മതസംഘടനകളുമായും നല്ല ബന്ധമാണ്​ ലീഗിനുള്ളത്​. മുസ്​ലിം രാഷ്​ട്രീയവും സാമുദായിക വിഷയങ്ങളും ഒന്നിച്ചുനിന്ന്​ കൈകാര്യം ചെയ്യേണ്ടതാണ്​. എല്ലാവരുടെയും പിന്തുണയും അതിനാവശ്യമാണ്​. യു.ഡി.എഫ്​ അധികാരത്തിൽ വരേണ്ട നിർണായക തെരഞ്ഞെടുപ്പാണിത്​. അതിന്​ എല്ലാവരും ഒത്തൊരുമയോടെ പ്രവർത്തിക്കണം.

പ്രചാരണങ്ങളിൽ സജീവമായി ഉണ്ടാവുമോ?

കാൽമുട്ട്​ വേദനയുമായി ബന്ധപ്പെട്ട ചികിത്സ തുടരുന്നതിനാൽ സജീവമായ തെരഞ്ഞെടുപ്പു പ്രചാരണ പരിപാടികളിൽ പ​ങ്കെടുക്കുന്നതിന്​ ബുദ്ധിമുട്ടുണ്ട്​. ചെ​ന്നൈയിലാണ്​ ചികിത്സ. പടികൾ കയറാൻ പ്രയാസമുണ്ട്​. പ്രമേഹം നിയന്ത്രണവിധേയമാണ്​. മറ്റു​ പ്രശ്​നങ്ങളൊന്നുമില്ല. സാധ്യമാവുന്ന പരിപാടികളിൽ പ​ങ്കെടുക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Panakkad Hyderali Thangalmuslim league
News Summary - every problems were solved; Now on to the best win said panakkad hyderali shihab thangal
Next Story