പ്രവാസി പുനരധിവാസം: സർക്കാറിന് ചെയ്യാവുന്നത്
text_fields20 ലക്ഷത്തോളം വരുന്ന ഗൾഫ് പ്രവാസികളിൽനിന്ന്, നോർക്കയുടെ കണക്കനുസരിച്ച്, രണ്ടരലക്ഷത്തോളം തിരിച്ചു വന്നിരിക്കുന്നു. അതിൽ നാലിലൊരു ഭാഗം അനുകൂല സാഹചര്യത്തിൽ വന്നിടത്തേക്കു തിരിച്ചുപോയേക്കാം. എന്നാൽ, തിരിച്ചുപോകാൻ കഴിയാത്ത രണ്ടു ലക്ഷത്തിലധികം വരുന്ന പ്രവാസികളുടെ പുനരധിവാസം കേരളത്തിന് വലിയ വെല്ലുവിളിയാണ്, പ്രത്യേകിച്ച് കോവിഡ് അടച്ചുപൂട്ടലിൽ വീർപ്പുമുട്ടുന്ന സാഹചര്യത്തിൽ.
2019ൽ പ്രവാസികളിൽനിന്ന് ഏകദേശം ഒരു ലക്ഷം കോടി രൂപ കേരളത്തിൽ എത്തിയിട്ടുണ്ട്. സംസ്ഥാനത്തിെൻറ മൊത്തം റവന്യൂ വരുമാനത്തിെൻറ ഒന്നര ഇരട്ടിയോളം വരും ഇത്. കേരളത്തിലെ ഇപ്പോഴത്തെ മൊത്തം ബാങ്ക്നിക്ഷേപ തുകയായ 4.9 ലക്ഷം കോടിയിൽ 1.9 ലക്ഷം കോടി രൂപയും പ്രവാസികളുടേതാണ് -ഏകദേശം 40 ശതമാനത്തോളം.
കൂടാതെ നിർമാണം, വിദ്യാഭ്യാസം, ആതുരസേവനം, എയർപോർട്ടുകൾ, ടൂറിസം, ഹോട്ടൽ വ്യവസായം, ഷോപ്പിങ് മാൾ തുടങ്ങി കേരളത്തിലെ വ്യത്യസ്ത സാമ്പത്തിക മേഖലയിലും പ്രവാസികളുടെ നിക്ഷേപം ഗണ്യമായി വന്നുചേർന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ തിരിച്ചുവരുന്ന പ്രവാസികളുടെ പുനരധിവാസം സർക്കാറിെൻറയും സമൂഹത്തിെൻറയും ധാർമിക ഉത്തരവാദിത്തം കൂടിയാണ്.
തിരിച്ചുവരുന്നവരിൽ ഭൂരിഭാഗവും കൈവശം അധികം സമ്പാദ്യം മിച്ചം വെച്ചവരായിരിക്കില്ല. സർക്കാർ പ്രഖ്യാപിച്ച സാമ്പ്രദായിക സാമ്പത്തിക പാക്കേജുകൾ ഒന്നിലധികം കാരണങ്ങൾകൊണ്ട് ഫലപ്രദമാകുകയില്ല. തിരിച്ചുവരുന്ന പ്രവാസികളുടെ മാനവശേഷി എങ്ങനെ ഉപയോഗപ്പെടുത്താം എന്നാണ് ഗൗരവമായി ചർച്ച ചെയ്യേണ്ടത്. തിരിച്ചുവന്നവരിൽ നല്ലൊരു ഭാഗം അന്താരാഷ്ട്ര കമ്പനികളിൽ ഏറ്റവും നൂതന സാങ്കേതികവിദ്യ കൈയിൽ തൊട്ട് പരിശീലിച്ച്, പലതരം നൈപുണ്യം നേടിയവരായിരിക്കും.
പത്തോ പതിനഞ്ചോ വർഷം മുമ്പ് ഇവിടെനിന്ന് പോകുമ്പോൾ വെറും പന്ത്രണ്ടാം ക്ലാസുകാരനോ, െഎ.ടി.െഎ ടെക്നീഷ്യനോ, ഒരു ഡിഗ്രിക്കാരനോ ആയിരുന്ന ഈ പ്രവാസി ഇപ്പോൾ കമ്പ്യൂട്ടർ അനാലിസ്റ്റ്, ഹാർഡ്വെയർ ടെക്നീഷ്യൻ, അക്കൗണ്ടൻറ്, ഇൻഷുറൻസ് സ്പെഷലിസ്റ്റ്, ലോജിസ്റ്റിക് സൂപ്പർവൈസർ, ഇലക്ട്രീഷ്യൻ, പ്ലംബർ, എയർകണ്ടീഷൻ മെക്കാനിക്, മെഷീൻ ഓപറേറ്റർ, സെയിൽസ്മാൻ, മെയിൻറനൻസ് ടെക്നീഷ്യൻ തുടങ്ങി നിരവധി മേഖലയിൽ പ്രാവീണ്യം നേടിയവരാണ്.
ഒരർഥത്തിൽ തിരിച്ചുവന്നവർ അയച്ച കോടികളേക്കാൾ കേരള സമ്പദ്ഘടനയെ ഏറ്റവുമധികം സഹായിക്കുക തിരിച്ചുവന്ന ഈ മാനവശേഷിയാണ്. നൈപുണ്യമനുസരിച്ച് തരംതിരിച്ച്, വ്യത്യസ്തമേഖലയിൽ പ്രാവീണ്യമുള്ളവർക്ക് പ്രത്യേക കൂട്ടായ്മകൾ രൂപവത്കരിച്ച് അവരെ സംഘടിപ്പിക്കാം. സർക്കാർ പദ്ധതികൾക്കും സ്വകാര്യ സംരംഭങ്ങൾക്കും അവരിൽ ഓരോ ഗണത്തിൽ ഉള്ളവരെയും ആവശ്യാനുസൃതം ഉപയോഗപ്പെടുത്താനുള്ള സംവിധാനം സർക്കാർ ഒരുക്കണം.
അതിനാൽ പ്രവാസി പുനരധിവാസത്തിെൻറ ആദ്യപടി തിരിച്ചുവരുന്നവരുടെ സമഗ്രമായ സ്ഥിതിവിവരം ശേഖരിക്കലാണ്. തിരിച്ചുവന്നവർക്ക് ഏകീകൃതസ്വഭാവം (Homogenity) ഇല്ലാത്തതിനാൽ ഈ കണക്കെടുപ്പ് പഞ്ചായത്തുതലത്തിലോ മറ്റോ ചെയ്താലേ ഉപകാരപ്രദമാവുകയുള്ളൂ. ഒരു സമഗ്ര സ്ഥിതിവിവരക്കണക്ക് ഉണ്ടായാൽ പുനരധിവാസത്തിെൻറ തുടർനടപടികൾ ശാസ്ത്രീയവും ഫലപ്രദവുമാകും.
പുനരധിവാസത്തിന് സർക്കാർ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന പാക്കേജിെൻറ കാതലായ ഭാഗം കടം ലഭ്യമാക്കലാണ്. ചെറിയൊരു ഭാഗം മാത്രമേ വ്യവസായ വാണിജ്യ ആവശ്യങ്ങൾക്കു മൂലധനമായി നൽകുന്നുള്ളൂ. ഏകദേശം 80 ശതമാനത്തോളം തുക കടമായോ, കടത്തിെൻറ മേലുള്ള പലിശ സബ്സിഡിയാേയാ ആണ് നൽകുന്നത്.
വളരെ തുച്ഛം മാത്രം സമ്പാദ്യം കൈയിലുള്ള ഭൂരിപക്ഷം പ്രവാസികളും ഈ കടം ഉപയോഗിച്ച് വല്ല കച്ചവടമോ ചെറുകിട സംരംഭമോ തുടങ്ങിയാൽ കടം വലിയൊരു ബാധ്യതയായി മാറും. സമയബന്ധിതമായി തിരിച്ചടവ് പ്രയാസമായി തീരും. തിരിച്ചടവ് മുടങ്ങുന്നതോടെ സംരംഭങ്ങളും പൊളിയും. വെളുക്കാൻ തേച്ചത് പാണ്ടാവും. അതിനുപകരം സർക്കാർ പ്രവാസികളുടെ സംരംഭങ്ങൾക്ക് മുടക്കുമുതലായി അവരോടൊപ്പം നിക്ഷേപിക്കുകയാണ് വേണ്ടത്.
കേരളത്തിലെ ബാങ്ക് നിേക്ഷപത്തിെൻറ മൂന്നിലൊന്നിൽ അധികവും പ്രവാസികളുടേതാണ്. ഇൗ ഡെപ്പോസിറ്റിെൻറ പലിശ നിരക്ക് അരശതമാനം വർധിപ്പിച്ച് ആ തുക സർക്കാറിെൻറ പ്രവാസി പുനരധിവാസ മൂലധനത്തിലേക്ക് നൽകിയാൽ 1000 കോടിരൂപയോളം വരും. ഈ ഡെപ്പോസിറ്റിൽനിന്ന് പലിശവാങ്ങുന്ന പ്രവാസികൾ അരശതമാനം ഈ ഫണ്ടിലേക്ക് നൽകിയാൽ വേറൊരു 1000 കോടിയും വരും. സർക്കാർ ഇടപെട്ട് കേരളത്തിലെ ലീഡ് ബാങ്ക് മുഖേന മറ്റു ബാങ്കുകളുമായി സംസാരിക്കുകയും അതുപോലെത്തന്നെ ഡെപ്പോസിറ്റ് ഉടമകളായ, ഉദാരമതികളായ, സഹ പ്രവാസികളെ സമീപിച്ച് അവരെ േപ്രരിപ്പിക്കുക കൂടി ചെയ്യുകയും വേണം. ഇത്തരം ഒരു മൂലധന സമാഹരണമുണ്ടെങ്കിൽ മാത്രമേ പ്രവാസികളുടെ പുനരധിവാസം പ്രയാസമില്ലാതെ നടക്കുകയുള്ളൂ.
സംരംഭങ്ങൾ തുടങ്ങാനുള്ള ഉപചാരങ്ങൾ ലഘൂകരിച്ചു കൊടുക്കുകയാണ് അടുത്ത പടി. ഒരു പാർട്ണർഷിപ്പും ലിമിറ്റഡ് കമ്പനിയും ഒക്കെ ഉണ്ടാക്കുന്നതിന് സാങ്കേതികത്വവും കാലതാമസവും ഒക്കെ വരും. പോരാത്തതിന് താരതമ്യേന സാങ്കേതികപരിജ്ഞാനം കുറവായ തിരിച്ചുവന്ന പ്രവാസികൾക്ക് ഇതിലൊന്നും താൽപര്യം കാണുകയില്ല. അതുകൊണ്ട് താരതമ്യേന നൂലാമാലകൾ കുറവായ സഹകരണസംഘങ്ങൾ രൂപവത്കരിക്കാൻ സർക്കാർ സഹായിച്ചാൽ പുനരധിവാസശ്രമങ്ങൾ ത്വരിതപ്പെടുത്താം.
പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിനുപകരം, ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന സംരംഭങ്ങളിൽ ഭാഗഭാക്കാവാൻ ഈ സൊസൈറ്റികൾക്ക് സാധ്യതയുണ്ടോ എന്നാണ് ആദ്യം ആലോചിക്കേണ്ടത്. ഏറ്റവും നല്ല ഒരു ഉദാഹരണവും സാധ്യതയും കുടുംബശ്രീ ആണ്. കേരളത്തിലെ എല്ലാ ജില്ലകളിലുമായി മൂന്നു ലക്ഷത്തോളം പ്രാദേശിക കുടുംബശ്രീ കൂട്ടായ്മകളുണ്ട് എന്നാണ് കണക്ക്. അതിലെല്ലാം ചേർന്ന് ഏകദേശം 2000 കോടി രൂപയോളം പണം ബാങ്കുകൾ കടമായി നൽകാൻ നീക്കിെവച്ചിട്ടുണ്ട്. ഈ കടത്തിെൻറ നാലിൽ ഒന്നെങ്കിലും പ്രവാസികളുടെ മുതൽമുടക്കായി ഈ സഹകരണസംഘങ്ങളിൽ നിക്ഷേപിക്കാൻ സാധിച്ചാൽ ഒന്നിലധികം സാമ്പത്തിക നേട്ടം ഉണ്ടാകും.
കുടുംബശ്രീ യൂനിറ്റിന് നിലവിൽ പത്തും പന്ത്രണ്ടും ശതമാനം പലിശ നൽകുന്നതിനുപകരം സൊസൈറ്റിയുടെ നിക്ഷേപത്തിന് ന്യായമായ ലാഭവിഹിതം നൽകാൻ സാധിക്കും. ബാങ്കുകൾക്ക് ഈ കടങ്ങൾ തിരിച്ചു ലഭിക്കുകയും അത് മറ്റാവശ്യത്തിന് ഉപയോഗിക്കുകയും ചെയ്യാം. നോർക്ക പോലുള്ള സർക്കാർ ഏജൻസിയും കെ.എസ്.െഎ.ഡി.സി പോലുള്ള സർക്കാർ വ്യവസായ സംരംഭക സ്ഥാപനങ്ങളും ഇത്തരം കൂട്ടായ്മയിൽ മുതൽമുടക്കാനും മൊത്തം ധനസമാഹരണം വർധിപ്പിക്കാനുമുള്ള സാധ്യതകളും ഉണ്ട്. ആദ്യഘട്ടങ്ങളിൽ വിജയിക്കുകയാണെങ്കിൽ സംസ്ഥാനത്തിലെ ഇത്തരത്തിലുള്ള പ്രവാസി-കുടുംബശ്രീ സ്ഥാപനങ്ങളുടെ ഉൽപന്നങ്ങളെല്ലാം ഏകോപിപ്പിച്ച് ഒരു കേരള ബ്രാൻഡ് വളർത്തിയെടുക്കാനും മറ്റു സംസ്ഥാനങ്ങളിലേക്കും രാജ്യത്തിനു പുറത്തുപോലും വിപണന വിതരണശൃംഖല വ്യാപിപ്പിക്കാനും സാധിക്കും.
മിക്കവാറും എല്ലാ ജില്ലയിലും മുടങ്ങിക്കിടക്കുന്ന അനേകം ചെറുകിട വ്യവസായ സ്ഥാപനങ്ങളുണ്ട്. കമ്പോളത്തിൽ നല്ല വിപണന സാധ്യതയുള്ളതും എന്നാൽ, പ്രവർത്തന മൂലധനത്തിെൻറ ദൗർലഭ്യം കൊണ്ടോ നടത്തിപ്പിെല പിടിപ്പുകേടു കൊണ്ടോ പ്രവർത്തനം നിലച്ചുപോയതാവാം. അതിൽ പുനർജീവിക്കാൻ സാധ്യമായതിനെ ഈ പ്രവാസി സൊസൈറ്റികൾക്ക് ഏറ്റെടുക്കാം. ഇതിനായി ജില്ല വ്യവസായകേന്ദ്രങ്ങൾ മുൻകൈയെടുക്കണം. മുൻ സംരംഭകെൻറ നിക്ഷേപത്തിന് ഒരു വിലകൽപിച്ച് അയാളെ നിലനിർത്തുകയും ചെയ്യാം. പോരാത്തതിന് കെ.എസ്.െഎ.ഡി.സിക്കോ ബാങ്കുകൾക്കോ കടമായി ബാക്കി ലഭിക്കാനുണ്ടെങ്കിൽ അതും മൂലധനമായി മാറ്റിയാൽ പ്രവാസി സൊസൈറ്റി നിക്ഷേപിക്കുന്ന അധിക മൂലധനംകൊണ്ട് ഈ വ്യവസായങ്ങളെ പുനരുദ്ധരിക്കാവുന്നതാണ്.
അവസാനമായി കേരള ഗവൺമെൻറിെൻറ പ്രഖ്യാപിത ഭക്ഷ്യ സ്വയംപര്യാപ്ത പദ്ധതികളിൽ ഈ സൊസൈറ്റികൾക്ക് ഭാഗഭാക്കാകാൻ കഴിയുമോ എന്ന് ആലോചിക്കണം. കൃഷിചെയ്യാനാവശ്യമുള്ള മുതൽമുടക്കിെൻറ പകുതി പ്രവാസി സൊസൈറ്റിയും മറ്റേ പകുതി അതതു പ്രദേശത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനവും എടുക്കുക.
ഉൽപാദനം വീതിക്കുേമ്പാൾ മൂന്ന് ഓഹരിെവച്ച്, മൂന്നാമത്തെ ഓഹരി ഭൂഉടമകൾക്ക് നൽകുക. നെല്ലുൽപാദനം മുതൽ പച്ചക്കറി കൃഷിവരെ ഇത്തരം സംരംഭങ്ങളുടെ ഭാഗമായി ഏറ്റെടുക്കാം. എല്ലാ വിളകൾക്കും മിതമായ ഒരു താങ്ങുവില സർക്കാർ നിശ്ചയിച്ചാൽ ഈ കൃഷി സംരംഭങ്ങൾ ലാഭകരമാക്കാൻ കഴിയും. പോരാത്തതിന് സർക്കാറിെൻറ ഓഹരിയിൽനിന്ന് ഒരു വിഹിതം നൽകി തൊഴിലാളികൾക്ക് മിതമായ വേതനം ഉറപ്പുവരുത്തി സംരക്ഷിക്കാവുന്നതാണ്.
സാധാരണപ്രവാസികളുടെ മേൽ കടം അടിച്ചേൽപിച്ച് മത്സരക്കൂടുതലുള്ള, വിജയം ഉറപ്പില്ലാത്ത പുതിയ സംരംഭങ്ങളിലേക്ക് അവരെ തള്ളിവിടാതെ, നിലവിലുള്ള സംരംഭങ്ങളെ നന്നാക്കിയെടുത്ത് അവരുടെ പണവും നൈപുണ്യവും അതിലേക്കായി ഉപയോഗിക്കുകയും ചെയ്യലായിരിക്കും പ്രവാസി പുനരധിവാസത്തിന് പ്രായോഗികമായ സമീപനം. അതിന് സർക്കാർ ഇടപെടൽ അത്യാവശ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.