വിവരാവകാശത്തെ കൊല്ലുന്ന ദുർവ്യാഖ്യാനങ്ങൾ
text_fieldsവിവരാവകാശ അപേക്ഷകൾ മറ്റ് ഒാഫിസുകളിലേക്കും വകുപ്പുകളിലേക്കും കൈമാറുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന വിവരാവകാശ കമീഷൻ സെക്രട്ടറി പുറപ്പെടുവിച്ച വിശദീകരണം സമീപകാലത്ത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ‘കൈവശമുള്ള വിവരങ്ങൾ നൽകിയാൽ മതി’ എന്ന കമീഷെൻറ നിലപാട് അപേക്ഷകരെ വലക്കാൻ ദുരുപയോഗം ചെയ്യുമെന്ന ആശങ്കയോടെ വിവരാവകാശപ്രവർത്തകർ ഇൗ വിശദീകരണത്തിനെതിരെ ശക്തമായി രംഗത്തുവന്നു. കമീഷൻ സെക്രട്ടറിയുടെ വിശദീകരണം ശരിവെച്ച് മുഖ്യ വിവരാവകാശ കമീഷണറായ വിൻസൻ എം. പോളും പ്രതികരിച്ചു. ‘‘അപേക്ഷ ലഭിക്കുന്ന അധികാരിയുടെ കൈവശമുള്ള വിവരങ്ങൾ നൽകിയാൽ മതിയെന്ന് നിയമത്തിൽ വ്യക്തമായി പറയുന്നുണ്ട്. ഇതേപറ്റി അറിവില്ലാത്തവരാണ് അപേക്ഷ പല ഒാഫിസുകളിലേക്ക് അയച്ചുകൊടുക്കുന്നത്. ഇത് അമിത ജോലിഭാരമുണ്ടാക്കുന്നു. അപേക്ഷകന് ബന്ധപ്പെട്ട ഒാഫിസുകളിൽനിന്ന് നേരിട്ട് ആവശ്യമായ രേഖകൾ നേടാൻ കഴിയുമല്ലോ. സിവിൽ സർവിസിലെ വിവരങ്ങളെല്ലാം ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് അപേക്ഷ നൽകിയാൽ എന്തുചെയ്യും’’ -അദ്ദേഹം ചോദിക്കുന്നു.
ആർ.ടി.െഎ നിയമം പറയുന്നത്
വിവരാവകാശ നിയമത്തിലെ 6 (3) വകുപ്പാണ് അപേക്ഷകൾ കൈമാറ്റംചെയ്യുന്നതിനെ സംബന്ധിച്ച് പരാമർശിക്കുന്നത്. ഒരപേക്ഷയിൽ ആവശ്യപ്പെട്ട വിവരം മറ്റൊരു പൊതു അധികാരിയുടെ കൈവശം ഉണ്ടാകുേമ്പാഴോ മറ്റൊരു പൊതു അധികാരിയുടെ പ്രവർത്തനങ്ങളുമായി കൂടുതൽ ബന്ധപ്പെട്ടിരിക്കുേമ്പാഴോ ആണ് 6 (3) വകുപ്പ് പ്രകാരം അപേക്ഷ കൈമാറ്റം ചെയ്യേണ്ടത്. പലപ്പോഴും ആവശ്യപ്പെട്ട വിവരം പൊതു അധികാരിയുടെ കീഴിലുള്ള മറ്റൊരു ഒാഫിസിൽ ലഭ്യമായിരിക്കും. അപ്പോൾ പബ്ലിക് ഇൻഫർമേഷൻ ഒാഫിസർ (പി.െഎ.ഒ) അപേക്ഷ മറ്റു ഒാഫിസുകളിലേക്ക് കൈമാറ്റം ചെയ്യേണ്ടതാണ്. ചിലപ്പോൾ അപേക്ഷയിലെ വിവരം ഒന്നിൽകൂടുതൽ അധികാരികളുമായി ബന്ധപ്പെട്ടതോ ഒന്നിൽകൂടുതൽ ഒാഫിസുകളിൽ ലഭ്യമായതോ ആയിരിക്കും. ഇൗ സാഹചര്യത്തിൽ, അപേക്ഷ ഒന്നിൽ കൂടുതൽ പൊതു അധികാരികൾക്ക്/ഒാഫിസുകളിലേക്ക് കൈമാറേണ്ടതുണ്ടോ എന്ന കാര്യത്തിലാണ് കമീഷൻ സെക്രട്ടറി എൻ. വിജയകുമാർ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ഇത്തരം അപേക്ഷ ലഭിച്ച പൊതു അധികാരി ആ അപേക്ഷയോ അപേക്ഷയുടെ പ്രസക്തഭാഗമോ ബന്ധപ്പെട്ട ഒാഫിസിലേക്ക് കൈമാറ്റം ചെയ്യേണ്ടതും ഇക്കാര്യം ഉടൻതന്നെ അപേക്ഷകനെ രേഖാമൂലം അറിയിക്കേണ്ടതുമാണ്. അപേക്ഷ ലഭിച്ച് അഞ്ചുദിവസത്തിനുള്ളിലായിരിക്കണം ഇത്.
കമീഷെൻറ വിശദീകരണം
പഞ്ചായത്ത് ഡയറക്ടറുടെ കാര്യാലയത്തിൽ ലഭിച്ച കത്തിനു മറുപടിയായാണ് മേയ് 18ന് കമീഷൻ സെക്രട്ടറി ഇൗ വിശദീകരണം നൽകിയത്. 2008 ജൂൺ 12ന് കേന്ദ്ര പേഴ്സനൽ ആൻഡ് ട്രെയ്നിങ് വകുപ്പിെൻറ ഒാഫിസ് മെമ്മോറാണ്ടത്തെ അടിസ്ഥാനമാക്കിയാണ് സെക്രട്ടറി ഇൗ വിശദീകരണം നൽകിയതെന്നും കത്തിൽ വ്യക്തമാക്കുന്നു.
കേന്ദ്രത്തിെൻറ ഒാഫിസ് മെമ്മോറാണ്ടത്തിൽ പറയുന്നത് ഇതാണ്:
1. ആവശ്യപ്പെടുന്ന രേഖകൾ ഏത് ഒാഫിസിലാണുള്ളതെന്ന് സാധാരണക്കാരനായ ഒരപേക്ഷകന് അറിയണമെന്നില്ല. അറിയാവുന്ന ഒാഫിസിലേക്ക് അയാൾ അപേക്ഷ അയക്കുന്നു. ഇൗ സാഹചര്യത്തിൽ, അപേക്ഷകൻ ഉത്തമ വിശ്വാസത്തോടെയാണ് തെറ്റായ ഒാഫിസിലേക്ക് അപേക്ഷ നൽകുന്നത്.
2. തെറ്റായി ലഭിച്ച വിവരാവകാശ അപേക്ഷയിൽ ആവശ്യപ്പെട്ട വിവരത്തിന് ബന്ധപ്പെട്ട ഒാഫിസ് കണ്ടുപിടിക്കാൻ പി.െഎ.ഒക്ക് കഴിഞ്ഞില്ലെങ്കിൽ ഇക്കാര്യം അപേക്ഷകനെ രേഖാമൂലം അറിയിക്കണം.
3. തെൻറ അപേക്ഷ കൈമാറ്റംചെയ്യാത്ത പി.െഎ.ഒയുെട തീരുമാനത്തിനെതിരെ അപേക്ഷകൻ അപ്പീൽ സമർപ്പിച്ചാൽ, അപേക്ഷ കൈമാറ്റംചെയ്യേണ്ട ഒാഫിസ് കണ്ടെത്താനുള്ള ‘ന്യായമായ പരിശ്രമം’ താൻ നടത്തിയെന്ന് തെളിയിക്കാനുള്ള ബാധ്യത പി.െഎ.ഒക്ക് ഉണ്ട്.
കേന്ദ്രസർക്കാറിെൻറ ‘ഒ.എം’ലെ ഇൗ നിരീക്ഷണങ്ങൾ നിർഭാഗ്യവശാൽ കമീഷെൻറ വിശദീകരണത്തിൽ ഇടംപിടിച്ചില്ല. പ്രമുഖ വിവരാവകാശപ്രവർത്തകനും കേന്ദ്ര വിവരാവകാശ കമീഷണറുമായിരുന്ന ൈശലേഷ് ഗാന്ധി കേന്ദ്രസർക്കാറിെൻറ നിർദേശം നിരാകരിച്ച് അപേക്ഷ ഒന്നിലേറെ പൊതു അധികാരികൾക്ക് കൈമാറാൻ കേന്ദ്ര ധനകാര്യമന്ത്രാലയത്തിന് നിർദേശം നൽകി. വിവിധ ബാങ്കുകളിലെ എ.ടി.എം പ്രവർത്തനത്തെക്കുറിച്ചാണ് ശരത് ധനകാര്യമന്ത്രാലയത്തോട് ചോദിച്ചത്. കേന്ദ്രസർക്കാറിെൻറ ഒ.എം പ്രകാരം നൽകാനാവില്ലെന്ന് വ്യക്തമാക്കി അപേക്ഷ തള്ളി. ഇൗ നടപടിയെ ചോദ്യംചെയ്ത് സമർപ്പിച്ച അപ്പീലിൽ, അപേക്ഷകന് അനുകൂലമായി ധനകാര്യമന്ത്രാലയത്തിലെ അധികാരപരിധിയിലുള്ള എല്ലാ ബാങ്കുകൾക്കും സ്വകാര്യ സഹകരണബാങ്കുകൾക്കും ഉൾപ്പെടെ ഇൗ അപേക്ഷ കൈമാറാനാണ് നിർദേശം നൽകിയത്.
കേന്ദ്രസർക്കാറിെൻറ നിർദേശവും സംസ്ഥാന വിവരാവകാശ കമീഷെൻറ വിശദീകരണവും ആർ.ടി.െഎ നിയമത്തിെൻറ അന്തഃസത്തക്ക് വിരുദ്ധമാണെന്ന് മുൻ വിവരാവകാശ കമീഷണർ വി.വി. ഗിരി അഭിപ്രായപ്പെടുന്നു. ഒന്നിൽ കൂടുതൽ സ്ഥാപനങ്ങളിലേക്ക് /ഒാഫിസുകളിലേക്ക് ആണെങ്കിൽ പോലും അപേക്ഷയുടെ പകർപ്പ് കൈമാറുകയാണ് പി.െഎ.ഒ ചെയ്യേണ്ടത്. എന്നാൽ, ആവശ്യപ്പെട്ട വിവരം വളരെയധികം പൊതു അധികാരികളുടെ/ ഒാഫിസുകളുടെ കൈവശമാണുള്ളതെങ്കിൽ അപേക്ഷ ബന്ധപ്പെട്ട ഒാഫിസുകളിലേക്ക് നേരിട്ട് സമർപ്പിക്കാൻ അപേക്ഷകനെ ഉപദേശിക്കാം. വിവരാവകാശ നിയമത്തിലെ 6 (3) വകുപ്പിെൻറ ലംഘനമാണ് ഇൗ വിശദീകരണമെന്നാണ് മുൻ വിവരാവകാശ കമീഷണർ എം.എൻ. ഗുണവർധനെൻറയും നിലപാട്. ഇത്തരമൊരു വാദം അന്ന് കമീഷെൻറ മുമ്പാകെ ഉന്നയിച്ചുവെങ്കിലും തങ്ങൾ നിരാകരിച്ചെന്ന് അദ്ദേഹം പറയുന്നു.
ഹൈകോടതി ഉത്തരവ്
സ്വമേധയാ വിവരം വെളിപ്പെടുത്തണമെന്ന വിവരാവകാശനിയമത്തിലെ വ്യവസ്ഥയുടെ പ്രാധാന്യമാണ് 2010 ജനുവരി 12ലെ ഡൽഹി ഹൈകോടതി ഡിവിഷൻ ബെഞ്ചിെൻറ ഉത്തരവിലൂടെ വ്യക്തമായത്. അപേക്ഷകൻ വിവരങ്ങളാവശ്യപ്പെട്ട് അപേക്ഷ സമർപ്പിക്കുേമ്പാൾ മാത്രം വിവരങ്ങൾ നൽകാനല്ല, സ്വമേധയാ തന്നെ അവ പ്രസിദ്ധീകരിക്കണമെന്നാണ് ആർ.ടി.െഎ നിയമത്തിലെ നാലാം വകുപ്പ് പൊതു അധികാരിയെ ചുമതലപ്പെടുത്തുന്നത്. ഭരണപരമായ ബുദ്ധിമുട്ടുകളും ഉദ്യോഗസ്ഥരുടെ കുറവും വിവരം നൽകാതിരിക്കുന്നതിന് കാരണമല്ലെന്ന് മദ്രാസ് ഹൈേകാടതിയും വ്യക്തമാക്കുന്നു. 45 വകുപ്പുകളിലായി നിരവധി രേഖകൾ സൂക്ഷിക്കുന്നുവെന്നും ഉദ്യോഗസ്ഥരുടെ കുറവും മറ്റും വിവരങ്ങൾ നൽകുന്നതിന് തടസ്സമായി ഉദ്യോഗസ്ഥർ ഉന്നയിച്ചപ്പോൾ അതെല്ലാം സർക്കാറിനോടാണ് ആവശ്യപ്പെടേണ്ടതെന്നായിരുന്നു കോടതിയുടെ നിർദേശം. ‘‘പാർലമെൻറ് പാസാക്കിയ നിയമപ്രകാരം വിവരം ആവശ്യപ്പെടുന്ന പൗരനോട് ഭരണപരമായ ബുദ്ധിമുട്ടുകൾ പറഞ്ഞ് വിവരം നിഷേധിക്കാനാവില്ല. ഇത്തരം വാദങ്ങൾ പൗരെൻറ അറിയാനുള്ള അവകാശത്തെയാണ് പരാജയപ്പെടുത്തുന്നത്’’ - ഇൗ നിരീക്ഷണത്തോടെയാണ് വിവരാവകാശ ഉദ്യോഗസ്ഥൻ സമർപ്പിച്ച ഹരജി ഹൈകോടതി 2010 ജനുവരി 7ന് തള്ളിക്കളഞ്ഞത്.
2014 സെപ്റ്റംബർ 12ലെ ഡൽഹി ഹൈകോടതി വിധിയും ഇവിടെ പ്രസക്തമാകുന്നു. റെയിൽവേ ബോർഡിെൻറ പി.െഎ.ഒവിന് നൽകിയ അപേക്ഷയിൽ അവിടെനിന്നും വിവരം നൽകാതെ മറ്റൊരു ഒാഫിസിലേക്ക് അപേക്ഷ കൈമാറി -‘ഗരീബ് രഥ്’ ട്രെയിനിനെ കുറിച്ച് ആവശ്യപ്പെട്ട വിവരം റെയിൽവേ ബോർഡിെൻറ പക്കൽ ലഭ്യമാകേണ്ടതാണ്. എന്നാൽ, കൈവശമുള്ള വിവരംനൽകാതെ വെറുതെ അപേക്ഷ കൈമാറിയതുകൊണ്ടുമാത്രം ഉദ്യോഗസ്ഥൻ ചുമതല നിറവേറ്റിയെന്നു പറയാനാവില്ലെന്ന് ഹൈകോടതി ഉത്തരവിൽ വ്യക്തമാക്കി. വീഴ്ചവരുത്തിയ ഉദ്യോഗസ്ഥനെ ശിക്ഷിച്ച കേന്ദ്ര വിവരാവകാശ കമീഷെൻറ ഉത്തരവ് ഹൈകോടതി ശരിവെച്ചു.
കേന്ദ്രനിർദേശം നിയമവിരുദ്ധം
ആർ.ടി.െഎ നിയമത്തിന് കേന്ദ്രസർക്കാർ പുറപ്പെടുവിച്ച ഒഫീഷ്യൽ മെമ്മോറാണ്ടം (ഒ.എം) വിവരാവകാശനിയമത്തിന് വിരുദ്ധമാെണന്ന് വ്യക്തമാക്കി തള്ളിക്കളഞ്ഞു. കേന്ദ്ര കമീഷൻ 2011ൽ നിരാകരിച്ച ഇൗ ഒ.എം ഉയർത്തിപ്പിടിച്ചുകൊണ്ടാണ് കേരളത്തിലെ വിവരാവകാശ കമീഷെൻറ സെക്രട്ടറി പുതിയ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.
ചേദൽ കോത്താരി എന്ന വിവരാവകാശപ്രവർത്തകൻ ലോക്സഭ സെക്രട്ടറിയേറ്റിന് നൽകിയ അപേക്ഷയാണ് പിന്നീട് കമീഷെൻറ തീർപ്പിനായി എത്തിയത്. പ്രതിപക്ഷ നേതാവിെൻറയും കേന്ദ്രമന്ത്രിമാരുടെയും വാഹനങ്ങളിലെ ഇന്ധന ഉപയോഗത്തിെൻറ വിശദാംശങ്ങളാണ് ആർ.ടി.െഎ അപേക്ഷയിൽ ആവശ്യപ്പെട്ടത്. ലോക്സഭ സെക്രേട്ടറിയറ്റ് അപേക്ഷ കാബിനറ്റ് സെക്രേട്ടറിയറ്റിനും പ്രതിപക്ഷ നേതാവിെൻറ ഒാഫിസിലെ വിവരാവകാശ ഉദ്യോഗസ്ഥനും കൈമാറി. ‘ഒരു വിവരവും ഇൗ വിഷയവുമായി ബന്ധപ്പെട്ട് കൈവശമില്ല’ എന്ന മറുപടിയോടെ ഇരുവരും അപേക്ഷ തള്ളി. 2008 ഫെബ്രുവരി 10ലെ ഒ.എം പ്രകാരം വിവിധ മന്ത്രിമാരുടെ ഒാഫിസുകളിലേക്ക് അപേക്ഷ കൈമാറേണ്ട നിയമപരമായ ബാധ്യത ഇല്ലെന്ന നിലപാടാണ് കാബിനറ്റ് സെക്രേട്ടറിയറ്റ് സ്വീകരിച്ചത്. ഒ.എം പ്രകാരം ആർ.ടി.െഎ നിയമത്തിെൻറ 6 (3) വകുപ്പിൽ ഒരു പൊതു അധികാരിക്കുമാത്രമേ അപേക്ഷ കൈമാറ്റം ചെയ്യേണ്ടതുള്ളൂ. ‘പബ്ലിക് അതോറിറ്റി’ എന്നത് ഏകവചനത്തിലാണ് നിയമത്തിൽ ഉപയോഗിച്ചിരിക്കുന്നത്. അതിനാൽ ഒന്നിലേറെ പൊതു അധികാരികൾക്ക് കൈമാറേണ്ടതില്ല. വിവരാവകാശ ഉദ്യോഗസ്ഥെൻറ ഇൗ നിലപാടിനെയാണ് കേന്ദ്ര കമീഷൻ മുമ്പാകെ ചോദ്യം ചെയ്യപ്പെട്ടത്.
1897ലെ ജനറൽ േക്ലാസ് നിയമത്തിലെ 13ാം വകുപ്പ് കമീഷൻ ഉത്തരവിൽ പരാമർശിക്കുന്നുണ്ട്. ഏകവചനമായി നിയമത്തിൽ ഉപയോഗിക്കുന്നത് ബഹുവചനമായും കണക്കാക്കാം. സന്ദർഭം യോജിക്കുന്നുവെങ്കിൽ തിരിച്ച് വ്യാഖ്യാനിക്കാവുന്നതാണ്. പൗരന്മാർക്ക് വിവരംനൽകണമെന്ന് നിർദേശിക്കുന്ന നിയമത്തിലെ 6 (3) വകുപ്പ് ലക്ഷ്യത്തെ സാധൂകരിക്കുന്ന വിധത്തിലാണ് വ്യാഖ്യാനിക്കേണ്ടത്. ഒരു പൊതു അധികാരിക്കുമാത്രമേ അപേക്ഷ കൈമാറേണ്ടതുള്ളൂവെന്ന് വിവരാവകാശ നിയമനിർമാണ വേളയിൽ പാർലമെൻറ് തീർച്ചപ്പെടുത്തി എന്നുപറയാൻ കഴിയില്ലെന്ന് കമീഷൻ വ്യക്തമാക്കി. ‘കേന്ദ്രസർക്കാറിെൻറ ഒ.എം വിവരാവകാശനിയമത്തിെൻറ അന്തസ്സത്തക്ക് വിരുദ്ധവും 6 (3) വകുപ്പിെൻറ ലംഘനവുമാണെന്ന് കമീഷൻ ഉത്തരവിൽ വ്യക്തമാക്കി.
‘വിവിധ പൊതു അധികാരസ്ഥാപനങ്ങളിലേക്ക് അപേക്ഷ കൈമാറാൻ ബുദ്ധിമുട്ടാണെന്ന നിലപാടിന് കാരണമായി ഉദ്യോഗസ്ഥർ പറയുന്നത് ഏറെ അധ്വാനവും പണച്ചെലവും അതിനായി വേണ്ടിവരും എന്നതാണ്. 1985 മുതൽ വിവിധ പ്രധാനമന്ത്രിമാർ നൽകിയ വാഗ്ദാനമാണ് സർക്കാർ സംവിധാനങ്ങൾ കമ്പ്യൂട്ടർ വത്കരിക്കണമെന്നത്. ഇൗ ഉറപ്പ് പൊതു അധികാരസ്ഥാപനങ്ങളൊന്നുംതന്നെ പാലിക്കുന്നില്ല. രേഖകൾ ഡിജിറ്റലൈസ് ചെയ്താൽ അമ്പതോ നൂറോ പൊതു അധികാരസ്ഥാപനങ്ങളിലേക്ക് ഇ-മെയിലിലൂടെ കൈമാറാൻ കമ്പ്യൂട്ടർ മൗസിൽ ഒരു ക്ലിക്ക് മാത്രം മതിയാകും. വിവരാവകാശനിയമത്തിലെ നിയമപരമായ ഇൗ ബാധ്യത പൊതു അധികാരികൾ നടപ്പാക്കാതെ പൗരെൻറ മൗലികാവകാശം നിഷേധിക്കരുതെന്ന് കമീഷൻ ഉത്തരവിൽ വ്യക്തമാക്കി.
ഇൗ സാഹചര്യത്തിലാണ് കേന്ദ്രസർക്കാറിെൻറ ഒ.എം വിവരാവകാശനിയമത്തിന് വിരുദ്ധമാണെന്ന് കമീഷൻ നിരീക്ഷിച്ചത്. പ്രമുഖ വിവരാവകാശപ്രവർത്തകനായ സുഭാഷ്ചന്ദ്ര അഗർവാൾ സമർപ്പിച്ച പരാതിയിലും കേന്ദ്ര വിവരാവകാശ കമീഷൻ ഇൗ വിഷയം പരിശോധിച്ചു. റിസർവ് ബാങ്കിെൻറ വിവരാവകാശ ഒാഫിസർക്കാണ് അഗർവാൾ അപേക്ഷ സമർപ്പിച്ചത്. എന്നാൽ, പ്രത്യേക വിവരാവകാശ ഒാഫിസർ ഏതെന്ന് അപേക്ഷകൻ കവറിൽ രേഖപ്പെടുത്താത്തതിനാൽ ആർ.ബി.െഎ അപേക്ഷ തിരിച്ചയച്ചു. ഇൗ നടപടിയാണ് കമീഷൻ മുമ്പാകെ ചോദ്യംചെയ്യപ്പെട്ടത്.
കേന്ദ്ര ധനകാര്യമന്ത്രാലയത്തിൽ സമർപ്പിച്ച വിവരാവകാശ അപേക്ഷയിൽ നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലാണ് കമീഷൻ, ആർ.ടി.െഎ നോഡൽ ഒാഫിസറെ നിയമിക്കാൻ മന്ത്രാലയത്തിന് 2012 സെപ്റ്റംബർ ഏഴിന് നിർദേശം നൽകിയത്. ഇൗ ഉത്തരവിനെ ഡൽഹി ഹൈകോടതിയിൽ കേന്ദ്രസർക്കാർ ചോദ്യംചെയ്തുവെങ്കിലും ഹരജി നിരാകരിക്കപ്പെട്ടു. കമീഷെൻറ ഇൗ ഉത്തരവിെൻറ ചുവടുപിടിച്ചാണ് കേന്ദ്ര വിവരാവകാശ കമീഷണർ ശരത് സബർവാൾ ആർ.ബി.െഎയിലും നോഡൽ ഒാഫിസറെ നിയമിക്കാൻ ഉത്തരവിട്ടത്. അപേക്ഷ ലഭിക്കുന്ന നോഡൽ ഒാഫിസർ ആവശ്യപ്പടുന്ന രേഖ ഏതു പി.െഎ.ഒയുടെ കൈവശമാണെന്ന് കണ്ടെത്തി അപേക്ഷ കൈമാറ്റം ചെയ്യണം. ഒന്നിൽകൂടുതൽ പി.െഎ.ഒമാരിലാണ് ‘വിവരം’ ഉള്ളതെങ്കിൽ അപേക്ഷയുടെ പകർപ്പ് ഒാരോരുത്തർക്കും കൈമാറണമെന്നുകൂടി കമീഷൻ ഉത്തരവിൽ നിർദേശിച്ചു.
സർക്കാറിെൻറ അധീനതയിലുള്ള വിവരങ്ങൾ നിർബാധം പൗരന്മാർക്ക് ലഭ്യമാക്കുന്നതിനും ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങളിൽ സുതാര്യതയും ഉത്തരവാദിത്തവും വർധിപ്പിക്കുന്നതിനുമാണ് ഇന്ത്യൻ പാർലമെൻറ് വിപ്ലവാത്മകമായ വിവരാവകാശനിയമം നിർമിച്ചത്. വിവരലഭ്യതക്ക് സാധ്യമായ എല്ലാ സഹായങ്ങളും ജനങ്ങൾക്ക് നൽകണമെന്ന് നിയമം ഉദ്യോഗസ്ഥർക്ക് കർക്കശമായ നിർദേശവും നൽകുന്നുണ്ട്. നിയമത്തിെൻറ വ്യവസ്ഥകൾ ജനോപകാരപ്രദമായി വ്യാഖ്യാനിക്കേണ്ട കമീഷൻ തന്നെ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന കുറിമാനങ്ങൾ ‘സ്പഷ്ടീകരണം’ എന്ന വ്യാജേന പുറത്തുവിടുന്നതിനു പിന്നിലെ ‘കുബുദ്ധി’ സാധാരണ ജനങ്ങൾക്ക് മനസ്സിലാകും.
(കേരള ആർ.ടി.െഎ ഫെഡറേഷെൻറ സംസ്ഥാന പ്രസിഡൻറാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.