ഈ തീ കെടുത്തുക
text_fields''ഞാനിപ്പോൾ സംസാരിക്കുന്നത് ഒരു ബ്രിട്ടീഷുകാരനോ യൂറോപ്യനോ പാശ്ചാത്യ ജനാധിപത്യത്തിലെ അംഗമോ ആയല്ല. ഒരു സാധാരണ മനുഷ്യനായിട്ടാണ്. സ്വന്തം നിലനിൽപ് അപകടത്തിലായ മനുഷ്യവംശത്തിലെ അംഗമായാണ്.'' ബർട്രൻറ് റസലിെൻറ ഒരു പ്രഭാഷണത്തിെൻറ തുടക്കം. ഇൗ വരികൾ കുറിക്കുന്നത് മുസ്ലിംലീഗുകാരനോ യു.ഡി.എഫുകാരനോ എന്ന നിലക്കല്ല. ഭിന്നതയോ സ്പർധയോ ഇല്ലാതെ സാഹോദര്യത്തോടെ കേരളത്തിലെ ജനങ്ങൾ സ്വസ്ഥമായി ജീവിക്കണം എന്ന് അതിയായി ആഗ്രഹിക്കുന്ന ഒരു സാധാരണ പൊതുപ്രവർത്തകൻ എന്ന നിലക്കാണ്.
കേരളം എന്നും സമാധാനത്തിന്റെ പച്ചത്തുരുത്തായിരുന്നു. പല പ്രതിലോമശക്തികളും ശ്രമിച്ചുനോക്കിയെങ്കിലും ഇവിടത്തെ സമാധാനം ഇല്ലാതാക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല. ഫാഷിസ്റ്റുകൾ വ്യത്യസ്തസമൂഹങ്ങൾക്കിടയിൽ സ്പർധയുണ്ടാക്കാൻ ആവോളം ശ്രമിച്ചെങ്കിലും കേരളത്തിലെ ജനങ്ങൾ വഴങ്ങിയില്ല. കേരളം നാനാ നാദങ്ങളിൽനിന്ന് ഒറ്റലോകം തീർത്ത് നാനാത്വത്തിൽ ഏകത്വം ഉദ്ഘോഷിക്കുന്ന സമൂഹമായി വേറിട്ടുനിന്നു.
ഇന്ത്യയിൽ വളരെ മുമ്പുതന്നെ ബി.ജെ.പിയുടെ പൂർവരൂപമായ ജനസംഘത്തിെൻറ നേതൃത്വത്തിൽ ഭൂരിപക്ഷസമുദായത്തിനു ന്യൂനപക്ഷങ്ങളോട് വിരോധവും വിദ്വേഷവും തോന്നിപ്പിക്കുന്നതിന് കഠിനപ്രയത്നം നടത്തിയിരുന്നു. നിരവധി കലാപങ്ങളുണ്ടായി ഒരുപാടുപേർ കൊല്ലപ്പെട്ടു. ജനസംഘം ബി.ജെ.പിയായി മാറി. ബാബരിമസ്ജിദ് ധ്വംസനവും ഗുജറാത്ത് വംശഹത്യയും മതേതരവിശ്വാസികളുടെ മനസ്സിൽ തീ കോരിയിട്ടു. ഭാരതീയസംസ്കാരം ഏകഘടകാത്മകമായ പ്രതിഭാസമല്ല. ഈ മണ്ണിൽ വാസമുറപ്പിച്ച സകലജനതയുടെയും സഹകരണാത്മകയത്നത്തിെൻറ ഫലമാണ്. സവർണ ഫാഷിസം ഇതൊന്നും സമ്മതിക്കില്ല. ഇന്ത്യ ഒരു ഹിന്ദുരാഷ്ട്രമാണ്. മറ്റുള്ളവർക്ക് ഇവിടെ താമസിക്കാൻ അവകാശമില്ല. ഭൂരിപക്ഷ സമുദായത്തിെൻറ ഔദാര്യത്തിൽ വേണമെങ്കിൽ താമസിക്കാം എന്നു പറയുേമ്പാൾ അവർ മുസ്ലിംകളെയാണ് പ്രധാനമായും ഉന്നംവെക്കുന്നത്. ക്രൈസ്തവരും കമ്യൂണിസ്റ്റുകളും ശത്രുലിസ്റ്റിലുണ്ട്. മുസ്ലിംകളും ദലിതുകളും നിരന്തരം പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഐക്യവും സാഹോദര്യവും പരസ്പര സ്നേഹവും നശിപ്പിച്ചു സമൂഹത്തിൽ വിഭാഗീയതയും ശത്രുതയും കാലുഷ്യവും ഉണ്ടാക്കാനുള്ള ശ്രമങ്ങളെ എതിർത്തുതോൽപിക്കേണ്ടത് മാനവികതയിലും ജനാധിപത്യ-സാഹോദര്യ മൂല്യങ്ങളിലും വിശ്വസിക്കുന്ന മുഴുവൻ ജനങ്ങളുടെയും കടമയാണ്. അതിൽ ജാതി–മത ഭേദമില്ല. കാരണം, മനുഷ്യനന്മയാണ് നമ്മുടെ ലക്ഷ്യം.
എല്ലാ നല്ല മനുഷ്യരെയും ഭയപ്പെടുത്തും വിധം കേരളത്തിലും സമുദായങ്ങൾ തമ്മിൽ അകലുകയും സ്പർധയിൽ കഴിയുകയും ചെയ്യുന്ന അപകടകരമായ അവസ്ഥ സംജാതമായിരിക്കുകയാണ്. മുസ്ലിംകൾക്ക് എതിരെ ക്രൈസ്തവസമൂഹത്തിൽ വെറുപ്പും വിദ്വേഷവും ഉണ്ടാക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ നടക്കുന്നു. ഹിന്ദുക്കളെയും മുസ്ലിംകളെയും അകറ്റാനുള്ള ശ്രമങ്ങളും ഉണ്ടായി. ൈക്രസ്തവസമുദായത്തിന് ലഭിക്കേണ്ട ആനുകൂല്യങ്ങൾ മുസ്ലിംകൾ കവർന്നെടുക്കുന്നുവെന്നും ക്രൈസ്തവ–ഹിന്ദു പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകുന്നുെവന്നുമൊക്കെ വിഷലിപ്ത പ്രചാരണങ്ങൾ നടത്തി സഹോദര സമുദായങ്ങളിൽ മുസ്ലിംകളോടു വിദ്വേഷവും ശത്രുതയും ഉണ്ടാക്കിയെടുക്കാൻ തൽപരകക്ഷികൾക്ക്് കഴിഞ്ഞു. വിദ്വേഷപ്രചാരണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിനോ സത്യാവസ്ഥ വ്യക്തമാക്കാനോ ഗവൺമെൻറ് തുനിഞ്ഞില്ല. ഈ പ്രചാരണം വഴി സമുദായങ്ങൾ തമ്മിലുടലെടുത്ത വിദ്വേഷവും തെറ്റിദ്ധാരണയും ഇടതുമുന്നണിക്ക് തെരഞ്ഞെടുപ്പിൽ വീണ്ടും ജയിച്ചുവരാൻ സഹായകരമായിരിക്കും എന്ന് മനസ്സിലാക്കി അനങ്ങാതിരുന്നതാണ്. സി.പി.എമ്മിെൻറ ഉദ്ദേശ്യശുദ്ധിയിൽ സംശയം തോന്നുന്നത് ഇവിടെയാണ്.
കേരളത്തിൽ ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്ന സമുദായങ്ങൾ തമ്മിലെ അകൽച്ചയും വിദ്വേഷവും ദൂരവ്യാപക പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുക. വെറുപ്പും വിദ്വേഷവും മനസ്സിെൻറ സ്വസ്ഥതയും സമാധാനവും നശിപ്പിക്കും. ഈ തലമുറയോടു കൂടി ലോകം അവസാനിക്കുന്നില്ല. കാലപ്രവാഹത്തിെൻറ തീരത്ത്് കുറഞ്ഞകാലം വീണുകിട്ടിയ ജീവിതത്തിൽ സ്വസ്ഥതയും സമാധാനവുമുണ്ടാവണം. അടുത്ത തലമുറകളിലേക്കും സ്നേഹത്തിെൻറയും സാഹോദര്യത്തിെൻറയും സന്ദേശം പകർന്നുനൽകാൻ കഴിയണം. ഇതു നിശ്ശബ്ദമായിരിക്കേണ്ട, നിസ്സംഗമായിരിക്കേണ്ട സമയമല്ല. മാനവികതയിൽ വിശ്വാസമുള്ള എല്ലാവരും ഒന്നിച്ചുനിൽക്കണം. മനുഷ്യ മഹത്ത്വത്തിൽ മനുഷ്യെൻറ ഒരുമയിൽ ഉള്ള വിശ്വാസം ഉറക്കെ പ്രഖ്യാപിക്കണം.
ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പ്രയാസപ്പെടുന്ന ജനങ്ങളാണ് കേരളത്തിൽ ഭൂരിപക്ഷവും. അവർക്കിടയിൽ വിദ്വേഷത്തിെൻറയും വെറുപ്പിെൻറയും വിഷവിത്തുകൾ വിതക്കാൻ ശ്രമിക്കുന്നവർ ആരായാലും അവർ ചെയ്യുന്നതുകൊണ്ട് ഉണ്ടാകുന്ന ആപത്ത് മനസ്സിലാക്കാൻ ഇനിയെങ്കിലും തയാറാകണം. സ്വസ്ഥമായ ജീവിതം കേരളത്തിലെ ജനങ്ങൾക്ക് തലമുറകളോളം വേണമെന്ന ചിന്തയാണ് എല്ലാവർക്കും ഉണ്ടാവേണ്ടത്. സ്നേഹത്തോടെയും പരസ്പരം സഹകരിച്ചും ജീവിക്കുന്ന ഒരു സമൂഹമായി തന്നെ കേരള ജനത ഇനിയും നിലനിൽക്കണം.
2008 മാർട്ടിൻ ലൂഥർ കിങ് ദിനത്തിൽ ഒബാമ നടത്തിയ പ്രഭാഷണത്തിലെ ഏതാനും വരികൾ ഇവിടെ പ്രസക്തമാണ്. ഡോ. കിങ്ങിെൻറ വാക്കുകളിൽ നാം എല്ലാം വിധിയുടെ ഒറ്റച്ചരടിൽ കോർത്തിണക്കപ്പെട്ടവരാണ്. മറ്റുള്ളവരുടെ വേദന സ്വന്തം വേദനയായി കാണാനുള്ള കഴിവ്കുറവാണ് ഇന്ന് നാം നേരിടുന്ന വെല്ലുവിളി. പരസ്പരം അറിഞ്ഞു ഹൃദയൈക്യം ഉണ്ടാവുക എന്നതാണ് ഇന്നിെൻറ ആവശ്യം. വർണവെറിയുടെയും വംശീയതയുടെയും തീവ്രദേശീയതയുടേയും പേരിൽ എല്ലാ മൂല്യങ്ങളും നിയമ സംഹിതകളും കാറ്റിൽപറത്തി അധികാരത്തിൽ വന്നതാണ് ട്രംപും മോദിയും മറ്റും. ഈ കാലഘട്ടത്തിലെ വിവിധ രാജ്യങ്ങളിൽ ഈ പ്രവണതകൾ വിജയിക്കുന്നു.
നമ്മുടെ രാജ്യത്തും സംസ്ഥാനത്തും ഉണ്ടാകുന്ന വർഗീയതയെയും ജനങ്ങളെ പരസ്പരം ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളെയും എതിർത്തുതോൽപിക്കാനുള്ള ഉത്തരവാദിത്തം എല്ലാ ജനാധിപത്യവിശ്വാസികൾക്കും ഉണ്ട്. ഈ വർഗീയത കാട്ടുതീ പോലെ ആളിപ്പടരും മുമ്പ് ഇപ്പോൾതന്നെ കെടുത്തിയേ തീരൂ. ഈ ദൗത്യത്തിൽ നാം പരാജയപ്പെട്ടു കഴിഞ്ഞാൽ വരുംതലമുറക്ക് നാം കൈമാറുന്നത് സ്വസ്ഥതയില്ലാത്ത സാമൂഹിക ജീവിതവും ജനാധിപത്യത്തിന്റെ ചരമഗീതവും ആയിരിക്കും.
(മുൻ മന്ത്രിയും മുസ്ലിംലീഗ് നേതാവുമാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.