ചുട്ടുപൊള്ളുന്ന ഇന്ത്യ
text_fieldsഒരു തെരുവുകച്ചവടക്കാരൻ നടക്കുന്നതിനിടയിൽ വഴിയിൽ കുത്തിയിരുന്നു, ശ്വാസമെടുക്കാൻ അയാൾ പാടുപെടുന്നുണ്ടായിരുന്നു. കെട്ടുപണിക്കാരൻ വീണുപോകാതിരിക്കാൻ വളരെ സൂക്ഷിച്ച് നീങ്ങുന്നു, പെയിന്റിങ് ജോലിക്കാരൻ സുഖമില്ലാതെ വീട്ടിൽ കിടപ്പായി-കുറെയേറെ ദിവസത്തെ കൂലിയും നഷ്ടമായി. 2018ൽ ഇന്ത്യയിലെ ഉഷ്ണകാലത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്യാൻ പോയപ്പോഴാണ് ഞാൻ അവരെയെല്ലാം കണ്ടത്.
വൈകാതെതന്നെ ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി മാറാൻപോകുന്ന ഇന്ത്യയിൽ ഈ ഭൂഗോളത്തിന്റെ പെരുംചൂട് വരുത്തിവെക്കാൻ പോകുന്ന പ്രശ്നങ്ങളെന്തൊക്കെ എന്നാണ് ഞാൻ പഠിച്ചത്. അതിതീവ്രമായ ചൂട് ഇന്ത്യയിലെ സാധുക്കളായ മനുഷ്യരുടെ ആരോഗ്യവും ജീവിതമാർഗവും നശിപ്പിച്ചുകളയുന്നതായി ഞാനറിഞ്ഞു. ഹരിതഗൃഹ വാതകങ്ങളുടെ പുറംതള്ളൽ ഈ രീതിയിൽ തുടർന്നാൽ ചൂടും ഈർപ്പവും ചേർന്ന് അസ്സഹനീയമായ രീതിയിലേക്ക് മാറുമെന്ന് ശാസ്ത്രീയപഠനങ്ങളും പറഞ്ഞുതരുന്നു.
അതിനുശേഷവും ഏതാണ്ട് എല്ലാവർഷവും താപനിലയിൽ അസാധാരണമായ വർധനവിന് ഇന്ത്യ സാക്ഷ്യംവഹിച്ചിട്ടുണ്ട്. ഈ വർഷം, ഉത്തരേന്ത്യയുടെയും മധ്യേന്ത്യയുടെയും ചിലഭാഗങ്ങൾ ഏപ്രിലിലെ ഏറ്റവും ഉയർന്ന ശരാശരി ചൂട് രേഖപ്പെടുത്തി.
ഒരുമാസത്തിലേറെയായി, രാജ്യത്തിന്റെ ഏതാണ്ടെല്ലാ ഭാഗങ്ങളിലും (തൊട്ടയൽപക്കമായ പാകിസ്താനിലും) താപനില ഉയർന്നനിലയിൽ തുടരുന്നു.
തലസ്ഥാനമായ ഡൽഹിയിൽ കഴിഞ്ഞയാഴ്ച ചൂട് 46 ഡിഗ്രി സെൽഷ്യസായി ഉയർന്നു. എന്റെ കുടുംബം താമസിക്കുന്ന നാടായ, രാജ്യത്തിന്റെ കിഴക്കൻഭാഗത്തുള്ള പശ്ചിമബംഗാളിൽ ചൂടും ഈർപ്പവും കൂടിച്ചേർന്ന് മനുഷ്യശരീരം സ്വയം വെന്തുപോകുന്നതരം അവസ്ഥയിലാണ്. ഒരു തെർമോമീറ്റർ നനഞ്ഞ തുണിയിൽ പൊതിഞ്ഞ് താപമളക്കുമ്പോൾ ചൂടും ഈർപ്പവും 35 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തുന്ന 'വെറ്റ് ബൾബ് താപനില' പ്രതിഭാസത്തിലാണ് ഇവിടമിപ്പോൾ.
അയൽരാജ്യമായ പാകിസ്താനിൽ, ദിവസേനയുള്ള ഉയർന്ന താപനില സാധാരണയേക്കാൾ അഞ്ചു മുതൽ എട്ടു ഡിഗ്രി സെൽഷ്യസ് കൂടുതലാണെന്നും മഞ്ഞുമലകൾ അതിവേഗം ഉരുകുന്നത് തടാകങ്ങൾ നിറഞ്ഞൊഴുകി പ്രളയമായി മാറുന്നതിന് കാരണമായേക്കുമെന്നും കാലാവസ്ഥാവകുപ്പ് കഴിഞ്ഞ ആഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു.
ഈ കൊടുംചൂടിൽ കാലാവസ്ഥാവ്യതിയാനത്തെ എത്രമാത്രം കുറ്റപ്പെടുത്താനാകും? അത് ഇപ്പോൾ ഒരു 'കാലഹരണപ്പെട്ട ചോദ്യ'മായി മാറുകയാണ്, തീവ്ര കാലാവസ്ഥയെ കാലാവസ്ഥാ വ്യതിയാനത്തിന്റെ കാരണമായി ഉന്നയിക്കുന്നവരിൽ പ്രമുഖനായ ഫ്രെഡറിക് ഓട്ടോ ഈയിടെ പ്രസിദ്ധീകരിച്ച ഒരു പ്രബന്ധത്തിൽ പറഞ്ഞത് 'ശരാശരി ആഗോള താപനിലയിലെ വർധന മറ്റേതൊരു തരത്തിലുള്ള തീവ്ര കാലാവസ്ഥയെക്കാളും പലമടങ്ങ് വേഗത്തിൽ താപതരംഗങ്ങളെ തീവ്രമാക്കിക്കഴിഞ്ഞുവെന്നും ഇനി അതിനോട് കഴിയുന്നത്ര പൊരുത്തപ്പെട്ട് ശീലമാകുക' എന്നുമാണ്.
പുണെയിലെ കാലാവസ്ഥ പഠനകേന്ദ്രമായ ഐ.ഐ.ടി.എമ്മിലെ ശാസ്ത്രജ്ഞൻ റോക്സി മാത്യൂ കോളിനോട് ഞാൻ ചോദിച്ചു -അദ്ദേഹത്തെ ഏറ്റവും ആകുലപ്പെടുത്തുന്നത് എന്താണെന്ന് -ഹരിതഗൃഹ വാതകങ്ങളുടെ ബഹിർഗമനം തടയാൻ സാധിക്കാത്തതുമൂലമുള്ള താപനിലയിലെ ഉയർച്ച എന്നായിരുന്നു മറുപടി. പ്രാദേശികതലത്തിൽ തന്നെ അടിയന്തരനടപടികളാണ് ആവശ്യം. ഈ മാർഗങ്ങൾ അവലംബിക്കുന്നത് ആഗോള-ദേശീയതലത്തിലെ ലഘൂകരണ പ്രവർത്തനങ്ങൾക്ക് സമാന്തരമായി നീങ്ങണം -കോൾ പറയുന്നു.
ഇന്ത്യയിലെ മറ്റുപല നഗരങ്ങളെയും വെച്ചുനോക്കുമ്പോൾ അത്ര ചൂടില്ല പുണെയിൽ. എന്നിട്ടും ഏതാനും ആഴ്ചമുമ്പ് ഒരുദിവസം കോളിന്റെ മകൻ സ്കൂൾ വിട്ട് വന്നത് സൂര്യാതപത്തിന്റെ ലക്ഷണങ്ങളുമായാണ്. ആ സംഭവത്തെ തുടർന്ന് ചൂട് കടുക്കുംമുമ്പ് കുട്ടികളെ വീട്ടിലേക്കയക്കണമെന്ന് കോൾ സ്കൂളുകാരെ തെര്യപ്പെടുത്തി. ''ഇത് ഒരു സ്കൂളിൽ മാത്രമേ സാധിച്ചുള്ളൂ. സത്യത്തിൽ കടുത്തചൂടിനെ നേരിടുന്ന കാര്യത്തിൽ രാജ്യമൊട്ടുക്കുമുള്ള സ്കൂളുകളിലും തൊഴിലിടങ്ങളിലും സ്വീകരിക്കേണ്ട മാർഗങ്ങൾ സംബന്ധിച്ച് ബൃഹത്തായ സർക്കാർനയങ്ങൾ തന്നെയുണ്ടാവണം. അതിനാവശ്യമായ സകല ഡേറ്റയും ഞങ്ങളുടെ പക്കലുണ്ട്. ഈ താപതരംഗങ്ങളുടെ ആവൃത്തിയും തീവ്രതയും കൂടുതൽ കടുക്കാൻപോകുന്നുവെന്നാണ് സൂചനകൾ വ്യക്തമാക്കുന്നത്. ആകയാൽ നയരൂപവത്കരണത്തിനായി നാം ഉടനടി ശ്രമിക്കേണ്ടതുണ്ട്. ഇന്ത്യക്ക് ഇക്കാര്യത്തിൽ ദീർഘവീക്ഷണം ആവശ്യമാണ്'' -കോൾ പറയുന്നു.
കാലാവസ്ഥ പ്രവചനരീതിയിൽ പുരോഗതിയുണ്ടായി എന്നതാണ് ഒരു ഗുണകരമായ മാറ്റം. കാലേക്കൂട്ടിയുള്ള മുന്നറിയിപ്പുകളെ ആളുകൾ ശ്രദ്ധിക്കുകയും പരിഗണിക്കുകയും ചെയ്യുന്നുണ്ട്. ഉയർന്ന താപം മൂലമുള്ള മരണനിരക്കിൽ കുറവുണ്ട്. എന്നാൽ, മനുഷ്യരുടെ ദുരിതങ്ങൾക്ക് ഒരു കുറവുമുണ്ടായിട്ടില്ല.
കഴിഞ്ഞയാഴ്ച എന്റെ സഹപ്രവർത്തകരായ ഹരികുമാറും മൈക് ഇവ്സും ചൂടിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് പഠിച്ചെഴുതി. ഗോതമ്പ് കൃഷികൾ നാശമായി, വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു, ഒപ്പം കൽക്കരിയുടെ ആവശ്യവും വർധിച്ചു. യാത്രാ ട്രെയിനുകൾപോലും റദ്ദാക്കിയാണ് ഗുഡ്സ് വാഗണുകളിൽ ഊർജനിലയങ്ങളിലേക്കുള്ള കൽക്കരി എത്തിച്ചത്. വിതരണത്തിന്റെ അപര്യാപ്തതക്ക് ആരാണ് ഉത്തരവാദികൾ എന്നതിനെച്ചൊല്ലി രാഷ്ട്രീയക്കാർ വാദപ്രതിവാദവും നടത്തി.
കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പ്രവർത്തിക്കുന്ന ലിസിപ്രിയ കൻഗുജാം എന്ന പത്തു വയസ്സുകാരി പറഞ്ഞത് ചിലദിവസം അവൾക്ക് സ്കൂളിൽ പോകാനേ തോന്നാറില്ല എന്നാണ്. ദിവസം മുഴുവൻ പവർക്കട്ട് ആവുന്നതുകൊണ്ട് ഫാനുകൾ പ്രവർത്തിക്കില്ല. തിരക്കുള്ള ബസിൽ കുത്തിക്കയറിവേണം സ്കൂളിലെത്താൻ, പുറത്തിറങ്ങിയാൽ കളിക്കാനും സാധിക്കില്ല. ശരീരത്തിൽനിന്ന് വെള്ളം പെട്ടെന്ന് വറ്റിപ്പോകും, വല്ലാത്ത തളർച്ചയുമാകും.
രണ്ടുവർഷം കോവിഡ് പ്രശ്നം കാരണം സ്കൂളുകൾ മുടക്കമായിരുന്നു. ഇപ്പോൾ ഞങ്ങൾ വീണ്ടും സ്കൂളിൽ പോയിത്തുടങ്ങിയപ്പോൾ ഈ കടുത്ത ചൂട് വല്ലാതെ ബുദ്ധിമുട്ടിക്കുന്നു -അവൾ ശബ്ദമുയർത്തി പറയുന്നു.
നാസയിലെ ഭൂപടനിർമാണ വിദഗ്ധനായ ജോഷ്വാ സ്റ്റീവെൻസ് മനുഷ്യർ അനുഭവിക്കുന്ന ദുരിതങ്ങളെക്കുറിച്ച് ഒരു പട്ടിക തയാറാക്കി. ലോകത്തെ ജനപ്പെരുക്കമേറിയ നഗരങ്ങളെ അടയാളപ്പെടുത്തി അവിടത്തെ താപനിലയുടെ അടിസ്ഥാനത്തിൽ ഓറഞ്ച്, ചുവപ്പ് നിറങ്ങളാണ് ആ ചാർട്ടിൽ ചാർത്തിയിരുന്നത്. ഇന്ത്യയാകട്ടെ ഏതാണ്ടെല്ലായിടങ്ങളിലും ചെഞ്ചായമണിഞ്ഞ് നിൽക്കുന്നു. എത്രത്തോളം ആളുകൾ ഈ ഉഷ്ണമേഖലയിൽ ഉൾപ്പെടാൻ ഇടയുണ്ട് എന്ന് ഞാൻ ജോഷ്വയോട് തിരക്കി. അദ്ദേഹം എണ്ണം കണക്കുകൂട്ടി എനിക്ക് അയച്ചുതന്നു. ഏകദേശം 99 ദശലക്ഷം ആളുകളാണ് ഇന്ത്യയിലെ ചൂടേറിയ 10 നഗരങ്ങളിലായി വസിക്കുന്നത് എന്ന്.
ബെർക്ക്‌ലി എർത്ത് നടത്തിയ വിശകലനത്തിൽ പറയുംപ്രകാരം വ്യവസായികയുഗത്തിന്റെ ആരംഭം മുതൽ പ്രകടമാവുന്ന ശരാശരി താപനിലയിലെ ഒരു ഡിഗ്രി സെൽഷ്യസ് വർധനക്കാണ് ഇന്ത്യ ഇപ്പോൾ സാക്ഷ്യംവഹിക്കുന്നത്.
അത് ഇന്ത്യ വരുത്തിവെച്ചതല്ല. ഇന്ന് അന്തരീക്ഷത്തിലെ ബഹിർഗമനം ഏറ്റവുമധികമുണ്ടാവുന്നത് അമേരിക്കയിൽനിന്നും യൂറോപ്പിൽനിന്നുമാണ്. കഴിഞ്ഞ 40 വർഷമായി ചൈനയിൽനിന്നും. എന്നാൽ, ഇന്ത്യയുടെ വളർച്ച എങ്ങനെയായിരിക്കും എന്നതിനെ ആശ്രയിച്ചിരിക്കുന്നു ആഗോള താപ ബഹിർഗമനത്തിന്റെ പോക്ക്. ഇന്ത്യയിലേത് ലോകത്തെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയാണ്. ഏതാനും വർഷങ്ങൾക്കുള്ളിൽ ജനസംഖ്യയിലും ഏറ്റവും മുന്നിലെത്തുമെന്ന് പ്രവചിക്കപ്പെടുന്നു. അതിനൊപ്പം ബഹിർഗമനത്തോതും തീർച്ചയായും വളരും.
നിലവിലെ പാതയിൽ നൂറ്റാണ്ടിന്റെ അവസാനത്തോടെ ഇന്ത്യയിലെ ശരാശരി താപനില 3.5 ഡിഗ്രി സെൽഷ്യസ് വർധിക്കുമെന്ന് പ്രവചിക്കപ്പെടുന്നു. അത് തീർച്ചയായും കൂടുതൽ മോശമായ അവസ്ഥകൾക്ക് കാരണമാകും.
ആഗോളതാപനം തീർച്ചയായും ഒരു ആഗോളപ്രശ്നമാണ്. പക്ഷേ, ഇന്ത്യയിലെ പാവങ്ങളും ദുർബലരുമായ മനുഷ്യരാണ് അതിന് ഏറ്റവുമധികം പിഴയൊടുക്കേണ്ടിവരുക.
(നിരവധി അന്താരാഷ്ട്ര മാധ്യമപുരസ്കാരങ്ങൾ നേടിയ ലേഖിക ന്യൂയോർക് ടൈംസ് ആഗോള കാലാവസ്ഥാ റിപ്പോർട്ടറും ദി എൻഡ് ഓഫ് കർമ എന്ന പുസ്തകത്തിന്റെ രചയിതാവുമാണ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.