ദുരന്തഭൂമിയിലെ ദൃക്സാക്ഷി
text_fieldsസെപ്റ്റംബർ 11 സംഭവങ്ങളുടെ പ്രതീകമായി മാറിയ ഒരു ചിത്രമുണ്ട്. ദേഹമാസകലം പൊടിയിൽ മൂടിയ ഒരു വനിതയുടെ. ലോകമെമ്പാടുമുള്ള മാധ്യമങ്ങൾ പലകുറി പ്രസിദ്ധീകരിച്ച ആ കാഴ്ച പകർത്തിയ എ.എഫ്.പി ഫോട്ടോഗ്രാഫർ സ്റ്റാൻ ഹോണ്ട അന്നത്തെ ദിവസം ഓർക്കുന്നു
വേൾഡ് ട്രേഡ് സെൻററിൽ ഒരു വിമാനം ഇടിച്ചെന്ന വിവരം എ.എഫ്.പി ഫോട്ടോഗ്രാഫറാണ് വിളിച്ചുപറഞ്ഞത്. ഏതെങ്കിലുമൊരു ചെറു സ്വകാര്യവിമാനമായിരിക്കുമിതെന്നായിരുന്നു ഞങ്ങളുടെ ധാരണ. മാൻഹാട്ടനിലെ വീട്ടിനടുത്തുള്ള സ്റ്റേഷനിൽനിന്ന് സിറ്റിഹാൾ സ്റ്റേഷനിലേക്ക് സബ്വേ ട്രെയിൻ സാധാരണ അര മണിക്കൂർ കൊണ്ടെത്തുന്നതാണ്. അന്ന് നേരം കൂടുതലെടുത്തു. അവിടെയെത്തുേമ്പാൾ ഇരട്ട ടവറുകളുടെ മുകൾ നിലകൾ കത്തിയമരുന്നു. വീണ്ടും വിമാനമിടിച്ചതു സംബന്ധിച്ച് എനിക്ക് അറിയില്ലായിരുന്നു, ആകെ ആശയക്കുഴപ്പമായി.
ഞാൻ ആൾക്കൂട്ടത്തിെൻറയും കത്തുന്ന ടവറുകളുടെയും ഒരുപാട് ചിത്രങ്ങളെടുത്തു നീങ്ങവെ ട്രെയിൻ കുതിച്ചെത്തുന്നതുപോലൊരു ഹുങ്കാര ശബ്ദം കേട്ടു. പൊടിയുടെയും പുകയുടെയും അകമ്പടിയിൽ ആദ്യ ടവർ ഇടിഞ്ഞുവീണു. പുകക്കും പൊടിപടലങ്ങൾക്കുമിടയിലൂടെ മനുഷ്യർ ജീവനുവേണ്ടി പരക്കംപായുന്നു. ഇരുട്ടു മൂടി ഒന്നും കാണാനാവാത്ത അവസ്ഥയിലായി ഏവരും. അതിനിടയിലും ഒരു പൊലീസ് ഉദ്യോഗസ്ഥൻ രക്ഷാനിർദേശങ്ങൾ നൽകുന്നു.
കുറച്ചാളുകൾ ലോബിയിൽ പകച്ചുനിൽക്കുന്നുണ്ട്. അവിടേക്ക് ദേഹമാസകലം പൊടിയിൽ മൂടി ഒരു സ്ത്രീ കടന്നുവന്നു, ബിസിനസ് വേഷത്തിൽ വന്ന അവരുടെ വസ്ത്രവും ബൂട്ടുമെല്ലാം അക്ഷരാർഥത്തിൽ പൊടിയിൽ കുളിച്ചിരുന്നു; നെക്ലേസ് ലിഫ്റ്റിൽ പ്രതിഫലിച്ചു. ഞാൻ ഉടനടി അവരുടെ ചിത്രം പകർത്തി. ലോകമൊട്ടുക്കുമുള്ള മാധ്യമങ്ങൾ അന്നുമുതൽ 20 വർഷമായി വ്യാപകമായി ഉപയോഗിച്ച ചിത്രമാണത്. പിന്നീട് കൂടുതൽ ചിത്രങ്ങളെടുക്കാൻ മറ്റു വശങ്ങളിലേക്ക് നീങ്ങി. കെട്ടിടങ്ങളും വാഹനങ്ങളും മനുഷ്യരുമെല്ലാം പുകയിലും പൊടിയിലും മുങ്ങിയിരുന്നു- ശരിക്കും മഞ്ഞുവീണ അവസ്ഥ. തകർന്നടിഞ്ഞ അവശിഷ്ടങ്ങൾക്കിടയിലൂടെ ബിസിനസ് സ്യൂട്ട് ധരിച്ച്, കൈയിൽ ബ്രീഫ്കേസ് മുറുകെപ്പിടിച്ച് നടന്നുവരുന്നയാളെയും ഞാൻ കാമറയിലാക്കി. ആ ചിത്രവും ഒരുപാട് ഉപയോഗിക്കപ്പെട്ടു.
മാസങ്ങൾക്കുശേഷം 2002 മാർച്ചിലാണ് ഞാൻ പകർത്തിയ ചിത്രത്തിലെ സ്ത്രീ ആരെന്ന് കണ്ടെത്തിയ വിവരം വാഷിങ്ടൺ ഡി.സിയിലെ എ.എഫ്.പി എഡിറ്റർ വിളിച്ചു പറയുന്നത്. മാർസി ബോഡേഴ്സ് എന്ന ആ വനിതയുടെ കുടുംബം വാഷിങ്ടൺ ബ്യൂറോയിൽ വിളിച്ച് എഡിറ്ററുമായി ബന്ധപ്പെടുകയായിരുന്നു. അവരെ കാണണമെന്നു തോന്നി, അതിലേറെ അവർ സുരക്ഷിതയാണെന്നറിഞ്ഞ് ആശ്വാസം തോന്നി. എ.എഫ്.പി ന്യൂയോർക് ബ്യൂറോ ചീഫിനൊപ്പം ന്യൂ ജഴ്സിയിലെ വീട്ടിൽ 2002 മാർച്ച് എട്ടിന് അവരെ സന്ദർശിച്ചു. ഒരുപാട് മരണവും നാശങ്ങളും സംഭവിച്ച ആ ദിവസത്തെ അതിജീവിച്ചയാളുടെ വിശേഷങ്ങൾ അറിയുക എന്നത് വലിയ സന്തോഷം പകർന്ന കാര്യമായിരുന്നു.
ഏറെ കഷ്ടതകൾ നിറഞ്ഞ ജീവിതം ബാങ്ക് ഓഫ് അമേരിക്കയിൽ ജോലി ലഭിച്ചതിനെ തുടർന്ന് പച്ച പിടിച്ചുവരുകയായിരുന്നു. സെപ്റ്റംബർ 11 അതിനെ മാറ്റിമറിച്ചു. 81ാം നിലയിൽ പ്രവർത്തിച്ചിരുന്ന ഓഫിസിൽനിന്നാണ് കെട്ടിടം ഇടിഞ്ഞുവീഴും മുേമ്പ രക്ഷപ്പെട്ട് അവരെത്തിയത്. ആ സംഭവം അവരെ വല്ലാതെ ഉലച്ചിരുന്നു. ഉയർന്ന കെട്ടിടങ്ങളും വിമാനത്തിെൻറ ഇരമ്പവുമെല്ലാം പേടിയായി മാറി. അംബരചുംബികളുടെ നഗരമായ മാൻഹാട്ടനിലേക്ക് താനിനിയില്ല എന്നവർ ഉറപ്പിച്ചു. വീണ്ടുമൊരിക്കൽ കൂടി ഒരു അഭിമുഖത്തിനായി അവരെ കണ്ടിരുന്നു, പക്ഷേ ഞങ്ങൾ സമ്പർക്കം പുലർത്തിയിരുന്നില്ല. ഓരോ വർഷവും ഈ സംഭവത്തിെൻറ ഓർമദിനത്തിൽ അവരുടെ അഭിമുഖം ചാനലുകളിൽ വരാറുണ്ടായിരുന്നു.
അന്നെടുത്ത ചിത്രങ്ങളിലൂടെ കണ്ണോടിക്കുേമ്പാൾ എത്രമാത്രം അങ്കലാപ്പ് നിറഞ്ഞതായിരുന്നു ആ ദിവസമെന്ന് ഞാനോർക്കും. ഇത്ര ഭീകരമായ ഒരു സാഹചര്യത്തിലും പരിക്കേൽക്കാതെ ജോലി നിർവഹിക്കാനായല്ലോ എന്നോർത്ത് അത്ഭുതപ്പെടും. 9/11 ആക്രമണത്തെ അതിജീവിച്ച ആയിരക്കണക്കിന് മനുഷ്യരിലൊരാളാണ് മാർസി ബോഡേഴ്സ്. ആ ചിത്രം പലരിലും മനുഷ്യസ്നേഹമുയർത്താൻ ഉപകരിച്ചുവെന്നും ഞാൻ വിശ്വസിക്കുന്നു. ഉദരാർബുദം ബാധിച്ച് 2015 ആഗസ്റ്റിൽ അവർ മരണപ്പെട്ടുവെന്നറിഞ്ഞപ്പോൾ വല്ലാത്ത സങ്കടം തോന്നി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.