Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഅരുണന്‍ മാഷെ; കണ്ണ്...

അരുണന്‍ മാഷെ; കണ്ണ് തുറന്ന് ഇക്കാലത്തെ കാണൂ

text_fields
bookmark_border
അരുണന്‍ മാഷെ; കണ്ണ് തുറന്ന് ഇക്കാലത്തെ കാണൂ
cancel

കേരളത്തിൽ വന്ന്​ ​ഡൽഹിയിൽ തിരിച്ചെത്തിയ മാധ്യമ പ്രവർത്തകനോട്​ സഹപ്രവർത്തകർ ചോദിക്കുന്നത്​ കേരളത്തി​​​​​െൻറ അവസ്​ഥയെക്കുറിച്ചാണ്​. തെരുവിൽ പശുക്കളെ കൊല്ലുന്നു.. ആർ.എസ്​.എസ്​ അനുഭാവികളെ നിരത്തിപ്പിടിച്ച്​ വെട്ടിവീഴ്​ത്തുന്നു... അമ്പലങ്ങൾ തച്ചുതകർക്കുന്നു... പന്നി മാംസം നിരോധിച്ചിരിക്കുന്നു... അങ്ങനെ കേരളത്തെക്കുറിച്ച്​ അവർ കേട്ടറിഞ്ഞതൊക്കെ സത്യമാണോ എന്നാണ്​ ചോദ്യം... 
അവര​ുടെ ​േചാദ്യങ്ങളിൽ ഒഴിയാതെ കിടക്കുന്ന നുണകളുടെ കൂമ്പാരത്തിന്​ മറുപടി പറയുകയാണ്​ ഏറെ കാലമായി ഡൽഹിയിൽ മാധ്യമ പ്രവർത്തനം നടത്തിയ ഡി. ശ്രീജിത്ത്​. ഡൽഹിയിലെ സുഹൃത്തുക്കൾക്കും മുഴുലോകത്തിനുമായി ശ്രീജിത്ത്​ ത​​​​​െൻറ ഫേസ്​ബുക്ക്​ വാളിൽ കുറിച്ച വാക്കുകൾ ഇങ്ങനെ വായിക്കാം...

‘‘...ഡല്‍ഹിയില്‍ തിരിച്ചെത്തിയതിന് ശേഷം രണ്ട് വൈകുന്നേരമാണ് പ്രസ്‌ക്ലബ്ബിലെത്തിയത്. ബാത്ത്‌റൂമില്‍ നിന്നോ ഇടവഴിയില്‍ നിന്നോ മുഖപരിചയുമുള്ള പത്രപ്രവര്‍ത്തരെ കാണും. വടക്കേ ഇന്ത്യയുടെ വിവിധ ഭാഗത്തുനിന്നെത്തി പത്രപണിയുമായി ഡല്‍ഹിയില്‍ കാലാകാലങ്ങളായി ഉറച്ചു പോയ സുഹൃത്തുക്കള്‍. ‘‘കുറേ കാലമായല്ലോ ചങ്ങാതി കണ്ടിട്ട്, ക്യാ ഹാല്‍ ഹേ..’’  എന്നീ ഉപചാരങ്ങള്‍ക്ക് ശേഷം ശങ്കയില്ലാത്ത ആ ചോദ്യം വരും. ‘‘ക്യാ ഹേ ഭായ്, ക്യാ ഹോ രഹാ ഹേ തുമാരാ കേരള്‍ മേം...!’’
‘‘ ഇല്ല ചങ്ങാതി, അവിടെ തെരുവില്‍ പശുവിനെ മതനിന്ദയ്ക്ക് വേണ്ടി കൊല്ലലില്ല, കേരളത്തിലെ മുസ്ലീങ്ങള്‍ മുഴുവന്‍ കമ്മ്യൂണിസ്റ്റുകാരല്ല, വിജയന്‍ എന്ന മുഖ്യമന്ത്രി വെട്ടുകത്തിയുമായി നിരത്തിലിറങ്ങി ഹൈന്ദവജനതയെ അപമാനിക്കാനും കേരള ഹിന്ദുക്കളെ മുസ്ലീം മതത്തിലേക്ക്​ കണ്‍വേര്‍ട്ട് ചെയ്യാനും പശുക്കളെ കൊല്ലുന്നില്ല, വിജയന്‍ ആര്‍.എസ്.എസ് അനുഭാവികളെ നിവര്‍ത്തിപ്പിടിച്ച കത്തിയുമായി ഇറങ്ങി വെട്ടിക്കൊല്ലുന്നില്ല, അതിര്‍ത്തിയിലെ പട്ടാളക്കാരെ അപമാനിക്കലല്ല കേരളത്തിലെ സി.പി.എമ്മിൻറെ പരിപാടി. 

ബീഫ് പണ്ടു പണ്ടേ ഞങ്ങളുടെ ഭക്ഷണമാണ്. സസ്യഭുക്കുകളെന്നവകാശപ്പെടുന്ന നിങ്ങള്‍ ഭൂരിപക്ഷം നോര്‍ത്തിന്ത്യന്‍ ബ്രാഹ്മണരും വൈശ്യരും ക്ഷത്രിയരുമൊക്കെ ചിക്കനും മട്ടണും അടിക്കുന്ന മാതിരി കേരളത്തിലുള്ള ഭൂരിപക്ഷം മേല്‍ജാതിക്കാരും ബീഫ് തിന്നും. ഇന്ത്യയില്‍ കഴിഞ്ഞ പതിനേഴു വര്‍ഷത്തിനിടയില്‍ ബീഫ് ഉപയോഗം കുറഞ്ഞതുപോലെ കേരളത്തിലും കുറഞ്ഞിട്ടുണ്ട്, അതിന് കൊളസ്‌ട്രോള്‍ ഭീതി മുതല്‍ അതിഹൈന്ദവ ബ്രാഹ്മണ പ്രചരണം വരെ കാരണമായിട്ടുണ്ട് എന്ന് തുടങ്ങി നമുക്ക് പറയാനുള്ളത് ഒറ്റ ശ്വാസത്തില്‍ കുറച്ചൊക്കെ പറയും. ഭാഷാ പരാധീനതയുള്ള എ​​​​​െൻറ ഹിന്ദി അവര്‍ക്ക് കുറച്ചു മനസിലാകുമായിരിക്കും. ആലുവ അങ്കമാലി സ്ലാങ്ങുള്ള ഇംഗ്ലീഷും മനസിലാകുമായിരിക്കും. പക്ഷേ, പറയുന്നത് പൂര്‍ണ്ണമായും വിശ്വസിക്കില്ല.

നമ്മള്‍ സോഷ്യല്‍ മീഡിയയില്‍ ബി.ജെ.പിയുടെ പ്രചാരണത്തെ പൊട്ടിച്ച് കയ്യില്‍ കൊടുക്കുന്നുണ്ട്, ശരിയാണ്. പക്ഷേ ഷാനി ‘നിങ്ങള്‍ ഉത്തര്‍പ്രദേശിലെ ഫോട്ടോ കാണിച്ച് ആരെയാണ് തെറ്റിദ്ധരിപ്പിക്കാന്‍ നോക്കുന്നത് എന്ന് ആവര്‍ത്തിച്ച് ചോദിക്കുമ്പോൾ, തൊലിയുരിഞ്ഞ് കളയംും പോലെ കള്ളത്തരം വെളിവാക്കുമ്പോള്‍, ഒരു കൂസലുമില്ലാതിരുന്ന്​ പഠിച്ച നുണകള്‍ വീണ്ടും ആവര്‍ത്തിക്കുന്ന കെ.സുരേന്ദ്രനെ കണ്ടില്ലേ, അതിനേക്കാള്‍ പതിന്‍മടങ്ങ് വിഷമുള്ള ജീവികളെ കൊണ്ട് നിറഞ്ഞതാണ് അവരുടെ പാര്‍ട്ടി.  അരൂരില്‍ നിന്ന് പത്ത് കിലോമീറ്റര്‍ മാത്രമേ പെരുമ്പാവൂര്‍ക്കുള്ളൂ. പെരുമ്പാവൂരില്‍ പന്നി മാംസം വില്‍ക്കില്ല തുടങ്ങിയ നുണകള്‍ നാണക്കേടുണ്ടാകുമെന്നറിഞ്ഞിട്ടും കെ.സുരേന്ദ്രന്​ ഒരുളുപ്പുമില്ലാതെ ചാനലിലിരുന്ന് വിളിച്ചു പറയാന്‍ പറ്റുന്നത്, നുണകളില്‍ പടുത്തുയര്‍ത്തിയതാണ് അവരുടെ രാഷ്ട്രീയം എന്നുള്ളത് കൊണ്ടാണ്. കൂടുതല്‍ നുണ പറയുന്ന, കൂടുതല്‍ ഫലപ്രദമായി നുണപറയുന്ന, കൂടുതല്‍ സാമൂഹ്യ സ്പർധയുണ്ടാക്കുന്ന, കൂടുതല്‍ വിവാദമുണ്ടാക്കുന്ന, കൂടുതല്‍ പ്രകോപനമുണ്ടാക്കുന്ന പ്രസംഗങ്ങളും പ്രഖ്യാപനങ്ങളും നടത്തുന്നവരാണ് അവരുടെ പാര്‍ട്ടിയില്‍ സ്വീകാര്യര്‍. നിര്‍ഭാഗ്യവശാല്‍ അവരുടെ മണ്ടത്തരങ്ങളെ പൊളിച്ചടുക്കാനുള്ള നമ്മളുടെ ശ്രമവും അവരുടെ അശ്ലീല ജീവിതത്തില്‍ അലങ്കാരങ്ങളാണ്. അവരുടെ ഐഡിയോളജിയുടെ പ്രചാരമാണ്.

കേരളം ഐഡിയല്‍ സ്‌പെയ്‌സ് ഒന്നുമല്ല. കേരളത്തെ കുറിച്ച് നമ്മള്‍ പ്രചരിപ്പിച്ചത് പലതും യാഥാര്‍ത്ഥ്യമല്ല. ആരോഗ്യമേഖലയിലും പൊതുവിദ്യാഭ്യാസ മേഖലയിലും നമ്മള്‍ മെച്ചപ്പെട്ട നിലയിലാണെങ്കിലും നമ്മുടെ ആദിവാസി ഊരുകളില്‍ പട്ടിണിയുണ്ട്. ജാതിബോധം കേരളത്തില്‍ ശക്തമാണ്. ദളിതര്‍ നേരിടുന്ന അവഗണനയും സാമൂഹ്യ തിരസ്‌കാരവും അടുത്ത കാലത്തായി വര്‍ദ്ധിച്ചുവരികയാണ്. മനുഷ്യവകാശ ധ്വംസനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥി പീഡനങ്ങള്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അക്രമങ്ങള്‍ എല്ലാം മറ്റെല്ലാ സൊസൈറ്റികളെയും പോലെ കേരളത്തിലുമുണ്ട്. പക്ഷേ, തീര്‍ച്ചയായും പല കാര്യത്തിലും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് നമ്മുടെ അവസ്ഥ. ആ അവസ്ഥകളില്‍ പ്രധാനം കേന്ദ്രം ഭരിക്കുന്ന സര്‍ക്കാരിൻറെയും ആ സര്‍ക്കാരിനെ നയിക്കുന്ന ബി.ജെ.പിയുടെയും അവരുടെ പ്രത്യയശാസ്ത്ര നിര്‍മ്മാതാക്കളായ സംഘപരിവാരത്തി​​​​​െൻറയ​ും ശത്രുതാ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് കേരളം എന്നുള്ളതാണ്.

എന്തുകൊണ്ടാണ് കേരളത്തെ ശത്രുഗണത്തില്‍ പെടുത്താനും കള്ളക്കഥകള്‍ പ്രചരിപ്പിക്കാനും ബി.ജെ.പി ശ്രമിക്കുന്നത് എന്നുള്ളത് നമുക്കറിയാം. ഇവിടെ അവര്‍ സ്വപ്‌നം കാണുന്ന വളര്‍ച്ച ബി.ജെ.പിക്കില്ല എന്നത് ഒരു കാര്യം മാത്രം. (ഹൈന്ദവത വളരുന്നുണ്ടല്ലോ, ബി.ജെ.പി വളരുന്നില്ലെങ്കിലും എന്നുള്ള തരം മണ്ടത്തരം ദയവായി ചോദിക്കരുത്, ബി.ജെ.പിക്ക് വേണ്ടത് അതല്ല എന്നെങ്കിലും മനസിലാക്കുക). പശ്ചിമബംഗാള്‍ മോഡലില്‍ ഇടതുപക്ഷത്തെ പൂര്‍ണമായും ഇല്ലാതാക്കുക, ആ ഗ്യാപില്‍ വളരുക എന്നതാണ് അജണ്ട. കേരളത്തില്‍ കൊല്ലപ്പെട്ട ആര്‍.എസ്.എസ് നേതാക്കളുടെ എന്നു പറഞ്ഞ് എത്രകാലമായി അവര്‍ ഡല്‍ഹിയില്‍ ആരുടെയൊക്കയോ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു. കേരളത്തില്‍ മുസ്ലീം തീവ്രവാദമാണ്, കമ്മ്യൂണിസ്റ്റുകാര്‍ പാവങ്ങളില്‍ പാവങ്ങളായ ആര്‍.എസ്.എസുകാരെ ദിനം പ്രതികൊന്നുകൊണ്ടിരിക്കുകയാണ് തുടങ്ങിയവയൊക്കെ അതിലെ ചിലത് മാത്രം.

ആ ഗ്യാപിലാണ് അവര്‍ മതം മാറിയ കൊടിഞ്ഞി ഫൈസലിനെ വെട്ടിക്കൊല്ലുന്നത്​. കാസര്‍ഗോഡ് മുസ്​ല്യാരെ പള്ളിക്കകത്ത് കയറി വെട്ടിക്കൊല്ലുന്നത്​. കലാപം സൃഷ്ടിക്കാനുള്ള ശ്രമമൊന്നും വിജയിക്കാതിരിക്കുമ്പോഴാണ് അവര്‍ മലപ്പുറത്ത് അമ്പലത്തിനകം മലിനമാക്കി, വിഗ്രഹം പൊളിച്ച് വീണ്ടും കലാപ ശ്രമം നടത്തുന്നത്. ജാഗ്രതയാര്‍ന്ന ഭരണകൂടം ഉള്ളതുകൊണ്ട് പ്രതിയെ പിടികൂടി, ഒരു ദിവസം വൈകിയെങ്കിലും. സംഘപരിവാരം പള്ളികളില്‍ പന്നികളെ കൊന്ന് എറിഞ്ഞേനെ. അവര്‍ ചെയ്യും, ചെയ്തിട്ടുണ്ട്. നാളെയവര്‍ പൂജാരിയെ ക്ഷേത്രത്തിനകത്ത് കയറി കൊല്ലും. അതും കലാപത്തിനുള്ള വഴിയായി മാറ്റും. ലക്ഷ്യത്തിലെത്തുന്നതിന് ഗര്‍ഭിണികളുടെ വയറുകീറി വെളിയിലെടുത്ത കുഞ്ഞുങ്ങളെ വെട്ടിക്കൊല്ലാമെന്നാണ് അവരുടെ പ്രത്യയശാസ്ത്രം പഠിപ്പിക്കുന്നത്. നുണപ്രചരണമൊന്നും അവര്‍ക്കൊരു ഒരു പണിയേ അല്ല.

അവര്‍ ആറ്റം ബോംബ് പൊട്ടിക്കാന്‍ ഒരുങ്ങി നില്‍ക്കുമ്പോള്‍ ആറ്റിലെ വെള്ളത്തില്‍ നഞ്ചുകലക്കിയെന്ന് പരാതിപ്പെടുകയാണ് നമ്മള്‍.
ഇക്കാലത്ത് അവരുടെ പരിപാടിയില്‍ പോയി വിളക്കുകൊളുത്തുന്ന ഇടതുപക്ഷ എം.എൽ.എയുടെ കവിളിലൊരു തട്ട് കൊടുത്ത് ഉണരാന്‍ പറയണം. മാനവ സ്‌നേഹത്തിൻറെ ഉദാരകാലം കഴിഞ്ഞൂ, അരുണന്‍ മാഷെ; കണ്ണ് തുറന്ന് ഇക്കാലത്തെ കാണൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:facebook postSreejith Divakaran
News Summary - facebook post on current issues
Next Story