ഫെയർ പ്ലേ
text_fieldsലളിതമായൊരു കളിയാണത്; എതിരാളികളുടെ സാന്നിധ്യമൊന്നു മാത്രമാണ് അതിനെ ഇത്രമേൽ സങ്കീർണമാക്കുന്നത്. കാൽപന്തുകളിയെക്കുറിച്ച് സാർത്രിെൻറ നിരീക്ഷണമാണ്. സാർത്രിെൻറ ചിന്തയുടെ അടിസ്ഥാനത്തിൽ, കുമ്മായവരക്കുള്ളിൽ എതിരാളികളുടെ നീക്കങ്ങളെ സങ്കീർണമാക്കുന്നയാളുകളെ ഫുട്ബാളിലെ യഥാർഥ പ്രതിഭകളെന്നു വിളിക്കാം. ഗോളുകൾ അടിച്ചുകൂട്ടി കാണികളുടെ ഫേവറിറ്റുകളാകുന്ന മുന്നേറ്റ താരങ്ങളേക്കാൾ താൻ വിലമതിക്കുന്നത് ഡി ബോക്സിനു മുന്നിൽ പ്രതിരോധം തീർക്കുന്നവരെയാണെന്നും ഇൗ നിരീക്ഷണത്തിലൂടെ സാർത്ര് പറയാതെ പറയുന്നു. അല്ലെങ്കിലും സോക്കർ ഗെയിമിെൻറ വലിയ ദുർവിധി കൂടിയാണിത്. അതിെല ചരിത്രപുരുഷന്മാരിൽ ഏറിയ കൂറും ഗോൾ വേട്ടക്കാരാണ്. ഇൗ വമ്പന്മാരെ ചെറുത്തുനിന്ന പ്രതിരോധനിര താരങ്ങൾ വാർത്തകളിൽ നിറഞ്ഞുനിൽക്കണമെങ്കിൽ ഒന്നുകിൽ സെൽഫ് ഗോൾ അടിക്കണം. അല്ലെങ്കിൽ കളത്തിനുപുറത്ത് നിറഞ്ഞുകളിക്കണം. മാർട്ടീനിയെേപ്പാലുള്ള ഇതിഹാസതാരങ്ങൾ മാത്രമാണ് ഗോൾവേട്ടക്കാർക്കിടയിൽ അൽപമെങ്കിലും പിടിച്ചുനിന്നതെന്ന് പറയാം. അത്രക്കൊന്നും പ്രതിഭാവിലാസമില്ലെങ്കിലും, ഇന്ത്യൻ ഫുട്ബാളിെൻറ ഇൗ നല്ലകാലത്ത് എതിരാളികൾക്കു മുന്നിൽ തീർത്ത സങ്കീർണതകൊണ്ട് വാർത്തയിൽ ഇടം പിടിച്ച പ്രതിരോധ താരമാണ് സന്ദേശ് ജിങ്കാൻ. കളിക്കളത്തിലെ ഫെയർ പ്ലേ, കളത്തിനുപുറത്തും ആവർത്തിച്ചപ്പോൾ ആ പ്രതിഭാപട്ടത്തിന് പിന്നെയും തിളക്കം കൂടി. അതുകൊണ്ടാണ്, ഒരു സീസൺ മുഴുവൻ പരിക്കുമൂലം പുറത്തുനിൽക്കേണ്ടിവന്നിട്ടും വാർത്തകളിൽനിന്നും മായാതെ നിലനിന്നത്. മറ്റൊരു സംസ്ഥാനത്തുനിന്നു വന്ന് മലയാളികളുടെ ഹൃദയം കീഴടക്കിയ മറ്റൊരു താരമുണ്ടാകുമോ? പേക്ഷ, കേരള ബ്ലാസ്േറ്റഴ്സുമായും മലയാള നാടുമായുമുള്ള ബന്ധം അവസാനിപ്പിക്കാൻ സമയമായിരിക്കുന്നു. പുതിയ തട്ടകമേതെന്ന് വെളിപ്പെടുത്തിയിട്ടില്ല; അത് ഇന്ത്യക്ക് പുറത്തായാലും അത്ഭുതമില്ല.
‘മഞ്ഞപ്പട’യെന്നാണ് കേരള ബ്ലാസ്റ്റേഴ്സിെൻറ നിക് നെയിം. ബാഴ്സയെന്നോ കറ്റാലൻ എേന്നാ കേൾക്കുേമ്പാൾ സ്പെയിനിലെ ന്യൂ കാംപ് സ്റ്റേഡിയമല്ല, മറിച്ച് മെസ്സിയടക്കമുള്ള വമ്പൻ താരനിരയാണ് നമ്മുടെ മനസ്സിലേക്കെത്തുക. എന്നാൽ, മഞ്ഞപ്പടയെന്ന് കേൾക്കുേമ്പാൾ ആദ്യം ഒാർമയിൽ തെളിയുന്നത് കലൂരിലെ നിറഞ്ഞുകവിഞ്ഞ സ്റ്റേഡിയമായിരിക്കും; അര ലക്ഷേത്താളം വരുന്ന ആരാധകവൃന്ദങ്ങളുടെ നിലക്കാത്ത ആരവമായിരിക്കും. മഞ്ഞപ്പടയെ പ്രതിനിധാനംചെയ്യാൻ നമുക്ക് സ്ഥിരമായി ഏതെങ്കിലുമൊരു താരമുണ്ടെങ്കിൽ അത് ജിങ്കാനാണ്; നൂറു ശതമാനം അർപ്പണബോധത്തോടെ ബ്ലാസ്റ്റേഴ്സ് കോട്ടയിൽ ആറു വർഷം വന്മതിൽ തീർത്ത സന്ദേശ് ജിങ്കാൻ. കരിയറിെൻറ മധ്യത്തിൽ നിൽക്കുന്ന 26കാരന് മുന്നോട്ടുപോകാൻ ഒരു കൂടുമാറ്റം അനിവാര്യമായിരുന്നു. അതാണിപ്പോൾ സംഭവിച്ചിരിക്കുന്നത്. അക്കാര്യം അൽപം വിഷമത്തോടെയാണെങ്കിലും അവതരിപ്പിച്ചു. അതിനാൽ, ‘സ്വന്തം’ ക്ലബ് വിട്ടുപോകുേമ്പാഴും ഇരുപക്ഷത്തും മാന്യതയുടെ സ്വരം. വലിയ നഷ്ടമാണെന്ന് ക്ലബ് മാനേജ്മെൻറ് തിരിച്ചറിയുേമ്പാഴും ഹൃദ്യമായ യാത്രയയപ്പിനൊരുങ്ങുകയാണവർ. ജിങ്കാനോടുള്ള ആദരമായി അദ്ദേഹത്തിെൻറ ജഴ്സി നമ്പർ ആയ 21 ഇനി ആർക്കും നൽകേണ്ടതില്ലെന്നും തീരുമാനിച്ചിരിക്കുന്നു. മഞ്ഞപ്പട ഫാൻസും സങ്കടത്തിലാണെങ്കിലും ഇഷ്ടതാരത്തെ നിറഞ്ഞമനസ്സോടെ പറഞ്ഞയക്കുകയാണ് അവരും. കൊൽക്കത്ത ഡർബികളിൽ നിറഞ്ഞാടിയ ഇൗസ്റ്റ് ബംഗാളിെൻറ ജോബി ജസ്റ്റിൻ എന്ന മലയാളിതാരം ക്ലബ് വിട്ടപ്പോൾ കേസിൽകുടുക്കാൻ ശ്രമിച്ചവരാണ് അവിടത്തെ ആരാധകർ. ബാഴ്സ വിട്ട് റയലിലെത്തിയ ലൂയിസ് ഫീഗോയെ ന്യൂകാംപിലെ പഴയ ആരാധകർ വരവേറ്റത് പന്നിത്തലയുമായിട്ടായിരുന്നു. ആരാധകർ പലപ്പോഴും ഇഷ്ടം പ്രകടിപ്പിക്കുന്നത് ഇങ്ങനെയൊക്കെയായിരിക്കും. അത്തരമൊരു എപ്പിസോഡിന് ഇവിടെയും സാധ്യതയുണ്ടായിട്ടും മഞ്ഞപ്പട പുതിയൊരു ‘കേരള മോഡൽ’ തീർത്തിരിക്കുന്നു. കളത്തിനകത്തെ ഫുട്ബാളിെൻറ സങ്കീർണതകളെ സ്റ്റേഡിയത്തിനു പുറത്ത് സ്നേഹംകൊണ്ടും സൗഹൃദംകൊണ്ടും നിർമലമാക്കിയ ജിങ്കാനോട് ഇങ്ങനെയല്ലാതെ ആർക്കും പെരുമാറാൻ കഴിയില്ല.
2014ൽ െഎ.എസ്.എല്ലിെൻറ ഒന്നാം സീസൺ മുതൽ ബ്ലാസ്റ്റേഴ്സിലുണ്ട്. ആ സമയത്ത് ഡെംപോ ഗോവയിൽനിന്നുള്ള മികച്ച വാഗ്ദാനം നിരസിച്ചാണ് ഇയാൻ ഹ്യൂം അടക്കമുള്ള വമ്പൻ താരങ്ങൾക്കൊപ്പം ചേരാൻ തീരുമാനിച്ചത്. ബ്ലാസ്റ്റേഴ്സിെൻറ ആദ്യ കളി ബെഞ്ചിലിരുന്ന് കണ്ടു. രണ്ടാം കളിയിൽ കോച്ച് ഡേവിഡ് ജെയിംസ് റൈറ്റ് വിങ് ബാക്കിൽ ജിങ്കാന് അവസരം നൽകി. പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. ആ സീസണിൽ ബ്ലാസ്റ്റേഴ്സ് രണ്ടാംസ്ഥാനത്ത് ഫിനിഷ് ചെയ്യുേമ്പാൾ ടൂർണമെൻറിലെ ‘എമർജിങ് പ്ലെയർ’ ജിങ്കാനായിരുന്നു. ആ വർഷം ഫുട്ബാൾ ഫെഡറേഷെൻറ യുവതാരത്തിനുള്ള പുരസ്കാരവും ലഭിച്ചു. തൊട്ടടുത്ത സീസൺ ബ്ലാസ്റ്റേഴ്സിന് ശനിദശയായിരുന്നുവെങ്കിലും ജിങ്കാെൻറ പോരാട്ടവീര്യത്തിന് കുറെവാന്നും സംഭവിച്ചില്ല. അത് ദേശീയ ടീമിലേക്കുള്ള വഴിതുറന്നു. 2018 ലോകകപ്പിനുള്ള യോഗ്യത മത്സരത്തിൽ നേപ്പാളിനെതിരെയായിരുന്നു അരങ്ങേറ്റം. ആ മത്സരം രണ്ട് ഗോളിന് ഇന്ത്യ ജയിച്ചു. പ്രതിരോധ നിരയിൽനിന്ന് കയറിവന്ന് ഗോളടിക്കാനുള്ള കഴിവും ജിങ്കാെന വ്യത്യസ്തനാക്കി. ലാവോസിനെതിരെയും തുർക്മെനിസ്താനെതിരെയുമൊക്കെ ജിങ്കാെൻറ നിർണായക ഗോളുകൾ പിറന്നു. മലയാളി താരം അനസ് എടത്തൊടികയോടൊപ്പമുള്ള പ്രതിരോധ സഖ്യം ഇന്ത്യൻ ഫുട്ബാളിൽ പുതിയ ചരിത്രമെഴുതി. 2018ലെ ഹീറോ ഇൻറർകോണ്ടിനൻറൽ കപ്പിലും തൊട്ടടുത്ത വർഷം നടന്ന ഏഷ്യൻ കപ്പിലും ഇൗ താരജോഡികൾ കളംനിറഞ്ഞു കളിച്ചു. ഇൻറർകോണ്ടിനൻറൽ കപ്പിൽ ഇന്ത്യ ചാമ്പ്യന്മാരാവുകയും ചെയ്തു. 2018ൽ, ഗോൾരഹിത സമനിലയിൽ കലാശിച്ച ചൈനയുമായി നടന്ന സൗഹൃദ മത്സരമാണ് ജിങ്കാെൻറ പ്രതിഭ വിളിച്ചറിയിച്ച മറ്റൊരു സന്ദർഭം. അവസാനമായി കളിച്ചത് ഖത്തറിനെതിരെയാണ്. ജിങ്കാെൻറ കളിമികവിൽ അറബ് പടയെ അന്ന് ഗോൾരഹിത സമനിലയിൽ തളച്ചു. പിന്നീടാണ് പരിക്ക് വില്ലനായെത്തിയതും കഴിഞ്ഞ െഎ.എസ്.എൽ സീസൺ മുഴുവനായും നഷ്ടമായതും. അതിന് ബ്ലാസ്റ്റേഴ്സ് വലിയ വില നൽകേണ്ടിവരുകയും ചെയ്തു. ആദ്യ നാലിൽ ഇടം പിടിക്കാതെ പുറത്തായ ബ്ലാസ്റ്റേഴ്സിെൻറ പ്രകടനങ്ങളിൽ ജിങ്കാെൻറ അഭാവം വ്യക്തമായിരുന്നു. ആറ് സീസണുകളിലായി ബ്ലാസ്റ്റേഴ്സിനുവേണ്ടി 76 മത്സരങ്ങൾ കളിച്ചു. ക്ലബിനുവേണ്ടി ഏറ്റവും കൂടുതൽ തവണ ജഴ്സിയണിഞ്ഞ താരം എന്ന റെക്കോഡ് ഇപ്പോൾ ജിങ്കാെൻറ പേരിലാണ്. രണ്ടു തവണ ടീമിനെ റണ്ണറപ്പാക്കി. രണ്ട് സീസണിൽ നായകനുമായി. ദേശീയ ടീമിെൻറ ആം ബാൻഡും പലതവണ അണിഞ്ഞിട്ടുണ്ട്.
1993 ജൂലൈ 21ന് ചണ്ഡിഗഢിൽ ജനനം. സ്കൂൾ പഠനകാലത്ത് സഹോദരൻ സൗരവ് വീട്ടിൽകൊണ്ടുവന്ന പ്ലാസ്റ്റിക് പന്ത് തട്ടിനോക്കിയ നിമിഷം മുതൽ തുടങ്ങിയതാണ് കാൽപന്തിനോടുള്ള പ്രണയം. അതുവരെയും ക്രിക്കറ്റും ഹോക്കിയുമൊക്കെയായിരുന്നു ഇഷ്ട വിനോദങ്ങൾ. ചണ്ഡിഗഢിലെ സെൻറ് സ്റ്റീഫൻസ് ട്രെയിനിങ് അക്കാദമിയിൽനിന്ന് കാൽപന്തിെൻറ ആദ്യ പാഠങ്ങൾ പഠിച്ചു. പിന്നീട് ബൂട്ടിയയുടെ സിക്കിം യുനൈറ്റഡ് വഴി െഎ ലീഗ് രണ്ടാം ഡിവിഷനിൽ; അതുവഴി ഒന്നാം ഡിവിഷനിലേക്കും എത്തി. ഇക്കാലത്ത് സംസ്ഥാനത്തിനുവേണ്ടി ജൂനിയർ ഫുട്ബാൾ കളിച്ചു. അണ്ടർ^19 ഇന്ത്യൻ ക്യാമ്പിലേക്ക് ക്ഷണിക്കപ്പെട്ടുവെങ്കിലും പരിക്കുമൂലം കളിക്കാനായില്ല. അണ്ടർ^23 ഇന്ത്യൻ ടീമിന് കളിച്ചിട്ടുണ്ട്. ഇന്ത്യക്ക് ലോകകപ്പ് യോഗ്യത നേടിക്കൊടുക്കുക എന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം. കളിക്കുന്ന കാലത്ത് അതിന് കഴിഞ്ഞില്ലെങ്കിൽ പരിശീലക വേഷത്തിലെങ്കിലും ആ ആഗ്രഹം സാധിക്കണം. വായനയും ബീച്ച് സവാരിയുമാണ് കളത്തിനുപുറത്തെ ഹോബികൾ. പൗലോ കൊയ്ലോയാണ് ഇഷ്ട എഴുത്തുകാരൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.