വിശ്വാസം ഐസക്കിനെ രക്ഷിക്കട്ടെ
text_fieldsജി.എസ്.ടി നടപ്പാക്കുന്നതുമൂലം സംസ്ഥാന ബജറ്റുകള്‍ക്ക് നികുതി നിര്‍ദേശിക്കാനുള്ള അവകാശം ഫലത്തില്‍ ചോര്‍ന്നുപോയ സാഹചര്യത്തില്‍, ആദ്യമായി അവതരിപ്പിക്കപ്പെടുന്ന ബജറ്റാണ് ഡോ.തോമസ് ഐസക്കിന്‍േറത്. നികുതി നിര്‍ദേശങ്ങളുടെ അഭാവം എന്നതിലുപരി ജി.എസ്.ടി നികുതികള്‍ എന്താകുമെന്ന അവ്യക്തത, അത് എങ്ങനെ നടപ്പാകുമെന്ന വിശദാംശങ്ങള്‍ ഇല്ലായ്ക ഇവയെല്ലാം ബജറ്റിനെയും അതിന്‍െറ പ്രാധാന്യത്തെയും കുറച്ചിട്ടുണ്ട്.
ഇതിനിടയിലാണ് ഗവണ്‍മെന്‍റിന് കടംവാങ്ങാനുള്ള പരിധി മറികടന്ന് (എഫ്.ആര്‍.ബി.എം ആക്ട്) കിഫ്ബി എന്ന ഒറ്റമൂലിയുമായി ഡോ.തോമസ് ഐസക് ബജറ്റിന്‍െറ ഘടനയത്തെന്നെ പിടിച്ചുലച്ചിരിക്കുന്നത്. ബജറ്റ് എന്നത് പദ്ധതിയും പദ്ധതിയിതര ചെലവുകളും ചേര്‍ന്നതാണ്. പ്ളാന്‍ എന്ന സങ്കല്‍പം കേന്ദ്ര ഗവണ്‍മെന്‍റുതന്നെ മാറ്റിക്കഴിഞ്ഞു. പക്ഷേ, സംസ്ഥാന ഗവണ്‍മെന്‍റ് നയിക്കുന്ന ഇടതുമുന്നണി ഇപ്പോഴും പ്ളാനില്‍ തൊട്ട് ആണയിടുന്നുണ്ട്. കേന്ദ്രത്തില്‍ ഇല്ലാത്ത 13ാം പഞ്ചവത്സര പദ്ധതി കേരളത്തില്‍ ആരംഭിക്കുമെന്നും പ്രഖ്യാപനമുണ്ടായി. പക്ഷേ, പദ്ധതി എന്ന സങ്കല്‍പത്തെ തകിടം മറിക്കുന്നതാണ് കിഫ്ബിയിലൂടെയുള്ള തോമസ് ഐസക്കിന്‍െറ കടന്നുകയറ്റം.
യു.ഡി.എഫ് ഗവണ്‍മെന്‍റ് കഴിഞ്ഞവര്‍ഷം 20 ശതമാനം വര്‍ധനക്കുള്ള പ്ളാനാണ് മുന്നോട്ടുവെച്ചത്. പക്ഷേ, ഇത്തവണ വര്‍ധന നേര്‍പകുതിയായി. പക്ഷേ, 4004 കോടിയുടെ കിഫ്ബി പദ്ധതി തുടങ്ങിക്കഴിഞ്ഞെന്നാണ് മന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞത്. അടുത്തവര്‍ഷം അത് 25,000 കോടി രൂപയായി വികസിക്കുമത്രെ. അതിന്‍െറയര്‍ഥം പരമ്പരാഗത പദ്ധതിയും ഐസക്കിന്‍െറ കിഫ്ബി പദ്ധതിയും ഏതാണ്ട് ഒരേ വലുപ്പമുള്ളതാകും. ഇനി വരുന്ന വര്‍ഷങ്ങളില്‍ പഞ്ചവത്സര പദ്ധതിയെക്കാളും വലിയ കിഫ്ബി പദ്ധതി ഉണ്ടാകുമെന്നുതന്നെയാണ് അതിന്‍െറ സൂചന. ചുരുക്കിപ്പറഞ്ഞാല്‍ പരമ്പരാഗത പദ്ധതിയെ സമാന്തര പദ്ധതിയായി കിഫ്ബി പദ്ധതി വിഴുങ്ങാന്‍ പോവുകയാണ്. ഇവിടെയാണ് പരമ്പരാഗത പദ്ധതിയുടെ പ്രസക്തി എന്ത് എന്ന ചോദ്യമുയരുന്നത്. പരമ്പരാഗതമായി പദ്ധതിപ്പണത്തിന്‍െറ 10 ശതമാനത്തോളം പട്ടികജാതിക്കാര്‍ക്കും ഏതാണ്ട് മൂന്നുശതമാനം പട്ടികവര്‍ഗക്കാര്‍ക്കും മാറ്റിവെക്കുകയാണ്. ഒരു വന്‍നഗരത്തില്‍ ഒരു വലിയ റോഡ് പണിയുമ്പോഴും അതിന്‍െറ 10 ശതമാനം പട്ടികവികസനത്തിന് കിട്ടാറുണ്ട് എന്ന കാര്യം പലപ്പോഴും എല്ലാവരും ശ്രദ്ധിക്കാറില്ല. ഇവിടെയാണ് പ്ളാനില്‍നിന്ന് പ്രോജക്ടിലേക്കുള്ള ഐസക്കിന്‍െറ കൂടുമാറ്റം.
ഇതുതന്നെയാണ് മോദിയും ജെയ്റ്റ്ലിയും കേന്ദ്രത്തിലും ചെയ്യുന്നത് എന്ന കാര്യം അദ്ദേഹം ഓര്‍ക്കുന്നത് നന്നായിരിക്കും. പാര്‍ശ്വവത്കരിക്കപ്പെട്ടവരെക്കൂടി പരിഗണിക്കുന്ന പരമ്പരാഗത പ്ളാന്‍ രീതിയില്‍നിന്ന് പ്രോജക്ട് രീതിയിലേക്ക് മാറുക എന്നത് ഇടതുമുന്നണിയുടെ രാഷ്ട്രീയ നയമാണോ എന്ന് മുന്നണിയിലെ കക്ഷികളും മുഖ്യമന്ത്രിയും വ്യക്തമാക്കേണ്ടതായിട്ടുണ്ട്.
ബജറ്റിലെ മറ്റൊരു പ്രധാന കാര്യം നാല് മിഷനുകളുടെ പ്രഖ്യാപനമാണ്. മിഷനുകള്‍ക്ക് പ്രത്യേകം പണമൊന്നും മാറ്റിവെക്കാതെ പഞ്ചായത്തുകള്‍ക്ക് അനുവദിച്ച പണവും ഡിപ്പാര്‍ട്മെന്‍റുകള്‍ക്ക് അനുവദിച്ച പണവും സംയോജിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ധനമന്ത്രി പറയുന്നുണ്ട്. പക്ഷേ, വ്യക്തമായ അധികാരമില്ലാത്ത ഈ മിഷനുകള്‍ ഡിപ്പാര്‍ട്മെന്‍റുകളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും ചുമലില്‍ അധികഭാരമായി തീരുക എന്നതാണ് പതിവ്. അതുകൊണ്ടുതന്നെ കൊട്ടിഗ്ഘോഷിക്കപ്പെടുന്ന മിഷനുകള്‍ വലിയ ഫലമൊന്നും ഉണ്ടാക്കാന്‍ പോകുന്നില്ല. സര്‍ക്കാറിന്‍െറ ബജറ്റ് കണക്കുകള്‍ ആശക്ക് വക നല്‍കുന്നില്ല. റവന്യൂ കമ്മി 14,935 കോടിയില്‍നിന്ന് 16,043 കോടിയായിരിക്കുന്നു.
മുന്‍വര്‍ഷത്തെ അപേക്ഷിച്ച് മൂലധനച്ചെലവ് പ്ളാനില്‍ ഗണ്യമായി കുറഞ്ഞിട്ടുണ്ട് എന്ന് ധനമന്ത്രിതന്നെ സമ്മതിക്കുന്നു (ഖണ്ഡിക -285). എല്ലാറ്റിനും ഉത്തരം കിഫ്ബിയാണ് എന്ന് അദ്ദേഹം ആവര്‍ത്തിക്കുന്നുമുണ്ട്. പൊതുകടത്തിന്‍െറ 75 ശതമാനവും കമ്മി നികത്താനാണ് ഉപയോഗിക്കുന്നത്. അനാരോഗ്യകരമായ ധനസ്ഥിതിയുടെ നേര്‍ചിത്രമാണ് ധനമന്ത്രിതന്നെ വരച്ചുവെച്ചിട്ടുള്ളത്. ഇതിനിടയില്‍ സാങ്കല്‍പിക വരുമാനംകൊണ്ട് മഹാദ്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്ന അദ്ദേഹത്തിന്‍െറ വിശ്വാസം അദ്ദേഹത്തെ രക്ഷിക്കട്ടെ എന്നുമാത്രം പറഞ്ഞുവെക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.