എതിരാളികളെ തകർക്കാൻ വ്യാജ പോക്സോ പരാതികൾ
text_fieldsകുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങളിൽ കർശന ശിക്ഷ ഉറപ്പുനൽകുന്നതാണ് പോക്സോ നിയമം. എന്നാൽ, വിരോധമുള്ളവർക്കെതിരെ വ്യാജ പരാതി നൽകി പോക്സോ കേസിൽ കുടുക്കുന്നതും ഇന്ന് ഏറി. പരാതിയോ മൊഴിയോ ലഭിച്ചാൽ പൊലീസിന് കേസെടുക്കുകയേ വഴിയുള്ളൂ എന്നതിനാൽ നിരപരാധികളും കേസിൽപെടുന്നുണ്ട് . ഇത്തരം കേസുകളിൽ ജയിലിലായവർ പിന്നീട് നിരപരാധികളാണെന്ന് കണ്ടെത്തിയാൽപോലും പൊതുസമൂഹം സ്വീകരിക്കില്ല.
അടുത്ത വീട്ടിലെ കുട്ടിയെ പീഡിപ്പിച്ചതായി പരാതി വന്നതോടെ കോഴിക്കോട്ടെ ഒരു റിട്ട. പൊലീസുകാരൻ പോക്സോ കേസിൽ അറസ്റ്റിലായി. ഇരുകുടുംബവും തമ്മിൽ കാലങ്ങളായി തർക്കമുണ്ടായിരുന്നു. ഇതാണ് ‘പോക്സോ’ കേസായി മാറിയത് എന്നാണ് പരിസരവാസികൾ പറയുന്നത്. റിമാൻഡിലായ ഇദ്ദേഹം പിന്നീട് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയെങ്കിലും വലിയ മാനസിക സമ്മർദത്തിലായി. താൻ തെറ്റുകാരനല്ലെന്ന് ബന്ധുക്കളോടുപറഞ്ഞ ഇദ്ദേഹം പിന്നീട് പരാതിക്കാരുടെ വീട്ടിൽപോയി തൂങ്ങിമരിക്കുകയായിരുന്നു.
കോഴിക്കോട് നഗരത്തിലെ സർക്കാർ സ്കൂളിൽ പരീക്ഷയിൽ കോപ്പിയടിച്ചത് പിടിക്കപ്പെട്ട വിദ്യാർഥി അധ്യാപകൻ, തന്നെ കടന്നുപിടിച്ചെന്ന് പ്രിൻസിപ്പലിന് പരാതി നൽകിയത് ഈ വർഷമാണ്. പ്രിൻസിപ്പൽ വിഷയം പൊലീസിൽ അറിയിച്ചു, വിശദ മൊഴിയെടുത്ത് എഫ്.ഐ.ആറും ഇട്ടു. മാഷ് ഉടൻ റിമാൻഡിലാവുമെന്ന് അറിഞ്ഞതോടെ ഈ കുട്ടിതന്നെ ഇങ്ങനെയൊന്നും ഉണ്ടായില്ലെന്നും മാഷെ ജയിലിലിടേണ്ടെന്നും പറഞ്ഞെങ്കിലും പൊലീസ് കേസുമായി മുന്നോട്ടുപോയി.
അധ്യാപകൻ ജയിലിലുമായി. പിന്നീട് കുട്ടി മൊഴിമാറ്റി ഇദ്ദേഹത്തെ വെറുതെ വിട്ടെങ്കിലും പൊലീസ് കേസിന്റെ അടിസ്ഥാനത്തിൽ പത്രങ്ങളിലടക്കം ഫോട്ടോ വെച്ചുള്ള വാർത്ത വന്നതോടെ വലിയ മാനസിക സമ്മർദത്തിലായ ഇദ്ദേഹം ഏറെക്കാലത്തെ കൗൺസലിങ്ങിലൂടെയാണ് ജീവിതത്തിലേക്ക് മടങ്ങിയത്.
വ്യാജ പരാതിയിൽ നഷ്ടമായത് ജോലിയും വിവാഹവും പിതാവിന്റെ ജീവനും
കുടുംബസ്വത്തിനെ ചൊല്ലിയുള്ള തർക്കത്തിനിടെ സഹോദരൻ നൽകിയ വ്യാജ പീഡന പരാതിയിൽ അറസ്റ്റിലായ യുവാവ് അഞ്ചു വർഷം നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് രക്ഷപ്പെട്ടത്. പോക്സോ കേസിൽ കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസ് 2016ൽ അറസ്റ്റുചെയ്ത വെള്ളിപറമ്പ് സ്വദേശിയെയാണ് നിയമം ദുരുപയോഗം ചെയ്ത് കേസ് കെട്ടിച്ചമക്കുകയാണുണ്ടായതെന്ന് ചൂണ്ടിക്കാട്ടി പോക്സോ കേസുകൾക്കുള്ള കോഴിക്കോട് അഡീഷനൽ ജില്ല കോടതി ജഡ്ജി ദിനേശ് വെറുതെവിട്ടത്.
2015ലാണ് സംഭവങ്ങളുടെ തുടക്കം. സ്വത്തുതർക്കം അടിപിടിയിൽ കലാശിച്ചതോടെ 12 വയസ്സുകാരിയായ തന്റെ മകളെ പീഡിപ്പിച്ചു എന്നുകാട്ടി യുവാവിനെതിരെ കുട്ടിയുടെ രക്ഷിതാവ് പരാതി നൽകുകയായിരുന്നു. നേരത്തെ സ്വത്തുതർക്കവുമായി ബന്ധപ്പെട്ട് ഇരുകൂട്ടരും തമ്മിൽ കേസ് ഉള്ളതിനാൽ മെഡിക്കൽ കോളജ് സി.ഐ ആയിരുന്ന ജേക്കബ് പരാതിയിൽ കഴമ്പില്ലെന്ന് സംശയിച്ചിരുന്നു. എന്നാൽ, പെൺകുട്ടിയും കുട്ടിയുടെ
മാതാവും മറ്റൊരു ബന്ധുവും ‘കൃത്യമായ മൊഴി’ നൽകുകയും അതിൽ ഉറച്ചുനിൽക്കുകയും ചെയ്തതോടെ പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്ത് യുവാവിനെ അറസ്റ്റുചെയ്തു. 14 ദിവസം ജയിലിൽ കിടന്ന് പുറത്തിറങ്ങിയതോടെ യുവാവിന് അപമാനത്താൽ നാട്ടുകാരുടെ മുഖത്ത് നോക്കാൻ കഴിയാത്ത അവസ്ഥയിലായി. വിവാഹം മുടങ്ങി. പിന്നാലെ സർക്കാർ സർവിസിലെ താൽക്കാലിക ജോലിയും നഷ്ടമായി.
ജോലി പോയതോടെയുള്ള സാമ്പത്തിക പ്രതിസന്ധി, കേസ് നടത്തി നിരപരാധിത്വം തെളിയിക്കാമെന്ന പ്രതീക്ഷയെ വരെ അസ്ഥാനത്താക്കി. പിന്നീട് യുവാവിന്റെ മാതാവ് കോഴിക്കോട് ബാറിലെ അഡ്വ. പി. ഹക്കീൽ അഹമ്മദിനെ സമീപിച്ച് ദുരന്തകഥ പങ്കുവെക്കുകയും പ്രതിഫലമില്ലാതെ കേസ് നടത്താമെന്ന് അഭിഭാഷകൻ അറിയിച്ചതുമാണ് വഴിത്തിരിവായത്.
ജാമ്യം ലഭിച്ച യുവാവിന് നാട്ടിൽ പ്രവേശിക്കാൻ വിലക്കുണ്ടായിരുന്നു. ഇത് പിതാവിനെ ചികിത്സക്ക് ആശുപത്രിയിൽ കൊണ്ടുപോകുന്നതിനുവരെ തടസ്സമായി. ദിവസങ്ങൾക്കുള്ളിൽ പിതാവ് മരിച്ചതോടെ കോടതിയിൽനിന്ന് പ്രത്യേക ഉത്തരവ് വാങ്ങിയാണ് മൃതദേഹം കാണാൻ പോയത്. കെട്ടിച്ചമച്ച കേസാണ് പിതാവിന്റെ മരണത്തിനുവരെ സാഹചര്യമൊരുക്കിയത് എന്നാണ് ഈ യുവാവ് കരഞ്ഞുകൊണ്ട് പറയുന്നത്.
വ്യാജ പരാതി; മാനം പോകുന്നവർക്ക് നീതിയില്ല
വ്യക്തി വൈരാഗ്യം, കുടുംബ തർക്കം, സ്വത്ത് തർക്കം അടക്കമുള്ളവ മുൻനിർത്തി എതിരാളികളെ കുടുക്കാൻ കുട്ടികളെ മറയാക്കി വ്യാജ പോക്സോ കേസുകൾ നൽകുന്നവർക്കെതിരെ ശക്തമായ നിമനടപടിയുണ്ടാവുന്നില്ല എന്നതാണ് സത്യം. ‘കെട്ടിച്ചമച്ച പീഡനം’ എന്ന് കണ്ടെത്തിയാൽപോലും കോടതികൾ ബന്ധപ്പെട്ടവരെ വെറുതെ വിടുകയല്ലാതെ വ്യാജപരാതി നൽകിയവർക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നത് അപൂർവങ്ങളിൽ അപൂർവമാണ്.
ഇതുതന്നെയാണ് പലരെയും ഇത്തരത്തിൽ വ്യാജ കേസുകൾ നൽകാൻ പ്രേരിപ്പിക്കുന്നത് എന്നും വിമർശനമുണ്ട്. മുമ്പ് തിരുവനന്തപുരം കടക്കാവൂരില്‍ മകനെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ അമ്മയെ പൊലീസ് അറസ്റ്റുചെയ്ത് ജയിലിലടച്ചത് വലിയ വാർത്തയായിരുന്നു.
ഹൈകോടതിയുടെ നിര്‍ദേശാനുസരണം വനിത ഐ.പി.എസ് ഓഫിസർ നടത്തിയ അന്വേഷണത്തിലാണ് പീഡന പരാതി വ്യാജമാണെന്ന് കണ്ടെത്തിയത്. സ്ത്രീയുടെ മുന്‍ ഭര്‍ത്താവാണ് കുട്ടിയെക്കൊണ്ട് വ്യാജ പരാതി കൊടുപ്പിച്ചത്.
സ്കൂൾ മാനേജ്മെന്റിനെതിരെ വിജിലൻസിന് പരാതി നൽകിയതിലെ പക തീർക്കാൻ കണ്ണൂരിലെ ഒരു അധ്യാപകനെ കുടുക്കിയത് വിദ്യാർഥികളോട് ലൈംഗികാതിക്രമം കാട്ടിയെന്ന പരാതി നൽകിയായിരുന്നു. കഴിഞ്ഞവർഷം എടക്കാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസ് വ്യാജമെന്ന് തെളിഞ്ഞതോടെ കേസ് കെട്ടിച്ചമക്കാൻ കൂട്ടുനിന്ന സഹ അധ്യാപകൻ, സ്കൂൾ പി.ടി.എ പ്രസിഡന്റ്, കുട്ടിയുടെ അമ്മ എന്നിവർക്കെതിരെ പൊലീസ് തന്നെ കേസെടുക്കുകയായിരുന്നു.
(അവസാനിച്ചു)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.