കർഷകർ തോറ്റ പഞ്ചാബ് തെരഞ്ഞെടുപ്പ്
text_fieldsപഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിൽ ഇക്കുറി ആരു ജയിച്ചാലും തോറ്റ ഒരു കൂട്ടരുണ്ട്; ഡൽഹി അതിർത്തിയിൽ 13 മാസത്തോളം സമരംചെയ്ത് മോദി സർക്കാറിനെ മുട്ടുകുത്തിച്ച് രാജ്യത്തെയും ലോകത്തെത്തന്നെയും അത്ഭുതപ്പെടുത്തിയ പഞ്ചാബിലെ കർഷകരാണത്. ബി.ജെ.പിയുടെ വർഗീയ അജണ്ടകൾ അട്ടിമറിച്ച് കർഷക വിഷയം ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിന്റെ കേന്ദ്രസ്ഥാനത്ത് നിർത്തി ഭാരതീയ കിസാൻ യൂനിയൻ നേതാവ് രാകേഷ് ടിക്കായത്തും യു.പിയിലെ കർഷകരും മോദി -യോഗി ടീമിനെ വെള്ളം കുടിപ്പിച്ചുകൊണ്ടിരിക്കുമ്പോഴാണ് സമരത്തിന് ജന്മവും ജീവനും നൽകിയ പഞ്ചാബിൽ അതൊരു തെരഞ്ഞെടുപ്പുവിഷയം പോലുമാകാതെ പോയത്.
700 കർഷകർ ജീവാർപ്പണംചെയ്ത സമരത്തിെൻറ ഊർജവും ആവേശവും ഏറ്റവും ശക്തമായി പ്രതിഫലിക്കുമായിരുന്ന മണ്ണിലാണ് കർഷകനേതാക്കളും അവരെ പിന്തുണച്ച രാഷ്ട്രീയ പാർട്ടികളും ഒരുപോലെ ദയനീയമായി പരാജയപ്പെട്ടിരിക്കുന്നത്. കർഷകസമരം ഈ തെരഞ്ഞെടുപ്പിൽ ഒരു വിഷയമാണോ എന്നുചോദിച്ചാൽ ഏതൊരു പഞ്ചാബിയും നൽകുന്ന ഉത്തരം അല്ലേ അല്ല എന്നാണ്.
പഠാൻകോട്ടിൽ പ്രധാനമന്ത്രി വരുന്ന ദിവസം ഗുരുദാസ്പൂരിലെത്തിയപ്പോൾ നൂറോളം പേരടങ്ങുന്ന കിസാൻ മസ്ദൂർ സംഘർഷ് സമിതി അംഗങ്ങൾ പൊടുന്നനെ വാഹനഗതാഗതം തടയുന്നു. തെരഞ്ഞെടുപ്പിൽ കർഷകരുടെ വിഷയം ആരും ചർച്ചയാക്കാത്ത പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് അതൊരു വിഷയമാക്കാൻ നോക്കിയതായിരുന്നു സമിതി നേതാക്കൾ. അന്ന് അത് ഒരു വാർത്ത പോലുമായില്ല.
ടിക്കായത്ത് ഇല്ലാതെപോയ പഞ്ചാബ്
സമരം നടത്തിയ 400ഓളം കർഷക യൂനിയനുകൾ സംസ്ഥാനത്തുണ്ടായിട്ടും കർഷകരുടെ വിഷയം തെരഞ്ഞെടുപ്പ് ചിത്രത്തിലേക്ക് കൊണ്ടുവരാൻ കഴിയാതിരുന്നത് രാകേഷ് ടിക്കായത്തിനെപോലെ നേതൃപാടവവും രാഷ്ട്രീയബോധവും ഉള്ള ഒരു നേതാവ് പഞ്ചാബി കർഷകർക്ക് ഇല്ലാതെപോയതുകൊണ്ടാണെന്ന് പഞ്ചാബിലെ അറിയപ്പെടുന്ന എഴുത്തുകാരനും സാമൂഹിക-മനുഷ്യാവകാശ പ്രവർത്തകനുമായ ഗുർബചൻ സിങ് പറയുന്നു. ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടത്തിലും ഓരോ നഗരത്തിലും ടിക്കായത്തിനൊപ്പം ചെന്നിരിക്കുന്ന പഞ്ചാബിലെ ഒരു കർഷക നേതാവിനും സ്വന്തം സംസ്ഥാനത്ത് ഒരു വാർത്തസമ്മേളനം വിളിക്കാൻപോലും കഴിയുന്നില്ല.
ബി.ജെ.പി ഒഴികെ മുഴുവൻ പാർട്ടികളുടെയും പിന്തുണ കിട്ടുമായിരുന്നിട്ടും അതിന് അവർക്ക് കെൽപ്പില്ലാതെപോയത് നേതൃഗുണവും രാഷ്ട്രീയബോധവുമുള്ള ഒരു നേതാവുപോലും പഞ്ചാബിൽ അവർക്കില്ലാത്തതുകൊണ്ടാണെന്ന് ഗുർബചൻ ചൂണ്ടിക്കാട്ടുന്നു. ജോഗീന്ദർ സിങ് ഉഗ്രഹാനെ പോലെയുള്ള തീവ്ര ഇടത് ലിബറൽ നേതാക്കൾ പാർലമെന്ററി രാഷ്ട്രീയത്തിലിറങ്ങില്ലെന്ന നിലപാടെടുത്തു. രാഷ്ട്രീയമോഹം ആവോളമുള്ള ബൽബീർ സിങ് രാജെവാളിന് രാഷ്ട്രീയബോധമില്ലാതെയും പോയി. നന്നായി അധ്വാനിച്ചിരുന്നുവെങ്കിൽ കർഷക യൂനിയനുകൾക്ക് സ്വാധീനമുള്ള മാൽവ മേഖലയിൽ രാജെവാളിന്റെ സംയുക്ത സമാജ് മോർച്ചക്ക് 20 സീറ്റുകളെങ്കിലും നേടാൻ കഴിയുമായിരുന്നുവെന്ന അഭിപ്രായക്കാരനാണ് ഗുർബചൻ.
കർഷകരെ തോൽപിച്ച ലിബറൽ നേതാക്കൾ
കർഷക സമരത്തെ വിജയിപ്പിച്ച പഞ്ചാബിന്റെ സിഖ് വികാരത്തെയും അവരുടെ പോരാട്ടവീര്യത്തെയും ഒട്ടും മാനിക്കാത്ത മതവിരുദ്ധരായ ലിബറൽ നേതാക്കളാണ് ഈ അവസ്ഥയിൽ കാര്യങ്ങളെത്തിച്ചത് എന്നാണ് ഗുർബചൻ വിശദീകരിക്കുന്നത്. സിഖ് ന്യൂനപക്ഷത്തെ വർഗീയമായി ചാപ്പകുത്തുന്ന ബി.ജെ.പിയുടെ ദേശീയതയെ പിന്തുണക്കുന്നവരാണ് പഞ്ചാബിലെ മതവിരുദ്ധരായ ഇടത് ലിബറൽ നേതാക്കളെന്ന് കാൻഷി റാമിന്റെ അടുത്ത കൂട്ടുകാരനായിരുന്ന ഗുർബചൻ, ജലന്ധറിൽ അദ്ദേഹം വന്നാൽ താമസിച്ചിരുന്ന വീട്ടിലിരുന്ന് പറഞ്ഞു. ഡൽഹിയിലേക്ക് സമരത്തിനുപോകാൻ തയാറാകാതെ പഞ്ചാബ്-ഹരിയാന അതിർത്തിയിലിരിക്കാൻ തുനിഞ്ഞ കർഷക നേതാക്കളെ സിഖ് ജനതയാണ് തള്ളി ഡൽഹി അതിർത്തിയിലെത്തിച്ചത്. ലോകമെമ്പാടുമുള്ള തങ്ങളുടെ ബന്ധുക്കളിൽനിന്നും ഗുണകാംക്ഷികളിൽനിന്നും വിഭവങ്ങൾ സമാഹരിച്ച് സമരക്കാരെ അതിർത്തിയിൽ ഊട്ടിയതും കൊതുകുപോലും കടിക്കാതെ ഉറക്കിയതും അവരാണ്. അവരുടെ സമർപ്പണബുദ്ധി കൂട്ടിനില്ലായിരുന്നെങ്കിൽ നേതാക്കൾ സമരം അവസാനിപ്പിച്ച് എന്നേ തിരിച്ചുപോയേനേ. സിഖ് സമുദായത്തിന്റെ വിശ്വാസദാർഢ്യമായിരുന്നു സമരക്കാരുടെ ഇച്ഛാശക്തിയുടെ നട്ടെല്ല്. സമരം ജയിച്ച കർഷകർ ഒന്നടങ്കം അമൃത്സറിലേക്ക് വന്ന് ആഘോഷിക്കണമെന്ന സിഖ് വികാരത്തെ വർഗീയതയായും തീവ്രവാദമായും കണ്ട ഈ ലിബറൽ കർഷക നേതാക്കൾ ടിക്കായത്ത് തെരഞ്ഞെടുപ്പിൽ കാണിച്ച വിവേകവും കാണിച്ചില്ല.
ഹസാരെയുടെ സമരവും കർഷകരുടെ സമരവും
ജയിച്ചുവന്ന സമരത്തിന്റെ ദുരന്തപര്യവസായി ആകുമോ ഈ തെരഞ്ഞെടുപ്പ് എന്ന ചിന്തയിലാണിപ്പോൾ തങ്ങളെന്ന് പറഞ്ഞത് പഞ്ചാബിലെ രാഷ്ട്രീയ സാമൂഹികാവസ്ഥകളെ സത്യസന്ധമായി വിശകലനം ചെയ്യുന്ന മാധ്യമപ്രവർത്തകൻ ഐ.പി സിങ്ങാണ്. അണ്ണാ ഹസാരെയുടെ നേതൃത്വത്തിൽ അരങ്ങേറിയ അഴിമതി വിരുദ്ധ പ്രസ്ഥാനം 'ഇന്ത്യ എഗൻസ്റ്റ് കറപ്ക്ഷൻ' കോൺഗ്രസിന്റെ പ്രതിച്ഛായ തകർത്ത് രാജ്യത്തുണ്ടാക്കിയ പ്രത്യാഘാതങ്ങളേക്കാൾ പ്രതിഫലനം സൃഷ്ടിക്കാൻ കെൽപുള്ളതായിരുന്നു കർഷകസമരം. ഹസാരെ കോൺഗ്രസിന്റെ പ്രതിച്ഛായ തകർത്ത് അരങ്ങൊഴിഞ്ഞുപോയപ്പോൾ ആ സമരത്തിന്റെ ഗുണഫലം അനുഭവിച്ചത് രണ്ടുപേരാണ്. കോൺഗ്രസിന് ബാക്കിയുണ്ടായിരുന്ന നിലയും വിലയും കൂടി തകർത്ത് ആം ആദ്മി പാർട്ടിയുണ്ടാക്കി ഡൽഹിയിൽനിന്ന് അവരെ പുറത്താക്കി മുഖ്യമന്ത്രിപദത്തിലെത്തിയ അരവിന്ദ് കെജ്രിവാൾ ആണ് ആദ്യ ഗുണഭോക്താവ്. കോൺഗ്രസിന്റെ ഈ തകർച്ച ദേശീയ രാഷ്ട്രീയത്തിലുണ്ടാക്കിയ ശൂന്യതയിലേക്ക് ആർ.എസ്.എസിന്റെ സഹായത്തോടെ ബി.ജെ.പിയുടെ പ്രധാനമന്ത്രിസ്ഥാനാർഥിയായി 2014ലെ പൊതുതെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പടിയിറക്കി അധികാരംപിടിച്ച നരേന്ദ്ര മോദിയാണ് രണ്ടാമൻ.
രാജെവാളിനെ പിടിക്കാൻ നോക്കിയ കെജ്രിവാൾ
അഴിമതിവിരുദ്ധ പ്രസ്ഥാനത്തെ ഉപയോഗിച്ച് ഡൽഹി പിടിച്ചടക്കി രാഷ്ട്രീയ ലക്ഷ്യം നേടിയ കെജ്രിവാൾ കർഷക സമരത്തെ ആ തരത്തിലുപയോഗിച്ച് ഡൽഹിക്ക് പുറത്തേക്ക് പാർട്ടിയെ വളർത്താനും ശ്രമം നടത്തിയെന്ന് സിങ് പറഞ്ഞു. പഞ്ചാബിലെ മുഖ്യധാരാ രാഷ്ട്രീയപ്പാർട്ടികളോട് ജനങ്ങൾക്കുള്ള വിരക്തി അറിയുന്ന കെജ്രിവാൾ ഭരണകക്ഷിയായ കോൺഗ്രസിലെ ആഭ്യന്തര കലാപം ഏറ്റവും മികച്ച അവസരമായി കണ്ടു. കർഷക സമരത്തിൽ പങ്കെടുത്ത ബൽബീർ സിങ് രാജെവാൾ ആം ആദ്മി പാർട്ടിയുടെ പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനാർഥിയാകുമെന്ന വാർത്തകൾ കഴിഞ്ഞവർഷം അവസാനം പുറത്തുവന്നിരുന്നു. മറ്റു കർഷക നേതാക്കളുടെ എതിർപ്പുമൂലം രാെജവാൾ ഇത് നിഷേധിച്ചെങ്കിലും നടന്ന ചർച്ചകൾ ആപ് നിഷേധിച്ചില്ല.
ചർച്ചകൾ നടന്ന കാര്യം പിന്നീട് കെജ്രിവാളും രാജെവാളും സമ്മതിക്കുകയും ചെയ്തു. ഇതിന്റെ പേരിൽ അനുയായികളുടെ രോഷം ഏറ്റുവാങ്ങിയ രാജെവാൾ കർഷക യൂനിയനുകൾ സ്വന്തം നിലക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് സംയുക്ത സമാജ് മോർച്ച(എസ്.എസ്.എം) ഉണ്ടാക്കി അണികളെ അനുനയിപ്പിക്കാൻ ആപ്പിനെ ആക്രമിച്ചുതുടങ്ങി. ബി.ജെ.പിയാണ് എസ്.എസ്.എമ്മിനെ സഹായിക്കുന്നത് എന്നാരോപിച്ച് ആപ് പ്രത്യാക്രമണവും നടത്തി. രാഷ്ട്രീയം വഴങ്ങാത്ത രാജെവാളിന് കെട്ടിവെച്ച തുകപോലും കിട്ടാതെ കർഷകരുടെ രാഷ്ട്രീയ പരീക്ഷണം തകർന്നടിയുന്ന സാഹചര്യമാണിപ്പോൾ. പരമ്പരാഗത പാർട്ടികൾക്കെതിരായ മാറ്റത്തിനുള്ള ചർച്ച സൃഷ്ടിക്കുന്ന ആ ശൂന്യതയിലേക്ക് കയറി നിൽക്കാൻ ആപ്പിന് കഴിഞ്ഞത് കർഷകനേതാക്കളുടെ കഴിവുകേടാണെന്നും സിങ് കുറ്റപ്പെടുത്തുന്നു. ഏതായാലും പഞ്ചാബിലെ കർഷകർ തോറ്റുപോയതോടെ ഹസാരെ സമരം പോലെ കർഷക സമരത്തിന്റെ ഗുണഫലവും ആദ്യം അനുഭവിക്കാനുള്ള വിധി കെജ്രിവാളിന് ആയിരിക്കുമോ എന്നറിയാൻ മാർച്ച് പത്തുവരെ മാത്രമേ കാത്തിരിക്കേണ്ടതുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.