വിജയിച്ചുകഴിഞ്ഞ കർഷക സമരം
text_fieldsടിക്രിയിൽ നിന്നും നാലു കിലോമീറ്റർ അകലെയുള്ള പകോഡ ചൗക്കിലെത്തുേമ്പാൾ ചക്ക ജാമിന് പഞ്ചാബിലും ഹരിയാനയിലും ലഭിച്ച പ്രതികരണത്തിെൻറ ആവേശത്തിലാണ് കർഷകർ. 13 കിലോമീറ്റർ അപ്പുറം പോയൽ ഹരിയാനയിലെ ടോൾപ്ലാസയിൽ ആയിരക്കണക്കിന് കർഷകർ വഴി തടയാൻ രംഗത്തിറങ്ങിയത് കാണാനാകുമെന്ന് കർഷകർ സന്തോഷത്തോടെ തെളിവു പറയുകയും ചെയ്തു.
റിപ്പബ്ലിക് ദിനത്തിലെ അക്രമങ്ങളോടുകൂടി തമ്പുകൾ പൊളിച്ച് എടുത്തൊഴിവാക്കാമെന്ന് സർക്കാർ കണക്കൂട്ടിയ സമരം ഇപ്പോൾ ഒരുപാട് മുന്നോട്ടുപോയിരിക്കുന്നു. 20 കിേലാമീറ്റർ ദൈർഘ്യത്തിൽ നീണ്ടുകിടക്കുന്ന ടിക്രിയുടെ ചുറ്റുവട്ടത്തു തന്നെ ലക്ഷത്തിലേറെയാളുകളാണ് സമരത്തിലണിചേർന്നിരിക്കുന്നത്.
കർഷകസമരം അതിെൻറ ഉച്ചിയിലെത്തി എന്ന് നിങ്ങൾ കരുതരുതെന്നും ഇനിയും സമരം വലുതാക്കാനും തീക്ഷ്ണമാക്കാനും കഴിയുമെന്ന് പറയുന്നത് ടിക്രിയിൽ ഭാരതീയ കിസാൻ യൂനിയൻ ഏക്താ ഉഗ്രഹാൻ വിഭാഗത്തിെൻറ സമരഗ്രാമ ചുമതലയുള്ള ജസ്വീന്തർ സിങ്ങാണ്. അധികാരികൾ നോക്കുന്നതും ദുർബലമാെണന്ന് പ്രചരിപ്പിക്കുന്നതും കഴിഞ്ഞ രണ്ടര മാസമായി തുടർച്ചയായി സമരത്തിനിരിക്കുന്നവരുടെ എണ്ണമെടുത്താണ്.
എന്നാൽ, ദിവസേന പഞ്ചാബിൽനിന്നും ഹരിയാനയിൽനിന്നും വന്നുേപാകുന്ന ലക്ഷക്കണക്കിനാളുകളെ കുറിച്ച് മിണ്ടുന്നില്ല. ഒാരോ ദിവസവും െഎക്യദാർഢ്യം പ്രഖ്യാപിക്കുന്നവരല്ല പിറ്റേന്ന് വരുകയും സമരത്തിനോട് ചേർന്നുനിൽക്കുകയും ചെയ്യുന്നത്. ദിനംപ്രതി സമരഗ്രാമങ്ങൾ കരുത്താർജ്ജിക്കുകയും വിപുലമാകുകയുമാണ്.
മയക്കുമരുന്നിൽ നിന്ന് സമര ലഹരിയിലേക്ക്
കർഷക സമരത്തിൽ വലിയ തിരിച്ചറിവുണ്ടായത് മയക്കുമരുന്നിലേക്ക് വഴുതി നശിച്ചുകൊണ്ടിരിക്കുന്ന പഞ്ചാബിലെ യുവതലമുറക്കാണ്. ലഹരിയിൽ മാത്രം മുങ്ങിക്കഴിഞ്ഞിരുന്ന പഞ്ചാബിലെ യുവാക്കളെ സമരലഹരിയിലൂടെ ജീവിതത്തിലേക്ക് തിരിെച്ചത്തിക്കാൻ കഴിഞ്ഞിരിക്കുന്നു. യുവതലമുറയെ ഇൗ സമരത്തിെൻറ ഭാഗഭാക്കാക്കി അവരെ ലഹരി മുക്തമാക്കാൻ യൂനിയനുകളും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
യുവതലമുറയുടെ ലഹരി ഉപയോഗത്തിൽ അങ്ങേയറ്റം നിരാശരായിരുന്ന പഞ്ചാബി സമൂഹത്തിൽ ഇന്ന് പ്രതീക്ഷ നാെമ്പടുത്തിരിക്കുന്നു. തലമുറകളായി പഞ്ചാബ് കാത്തുസൂക്ഷിക്കുന്ന കാർഷിക മേഖല ലഹരിയിലൂടെ നഷ്ടമാകുമെന്ന് യുവാക്കളും തിരിച്ചറിഞ്ഞിരിക്കുന്നു.
പഞ്ചാബിലെ രാഷ്ട്രീയ നേതാക്കളും ഭരണകർത്താക്കളുമൊക്കെ മയക്കുമരുന്നിെൻറ വ്യാപാരികൾ മാത്രമാണെന്ന് ജസ്വീന്തർ പറയുന്നു. രാജ്യത്തെ കൊള്ളയടിക്കാനുള്ള നയങ്ങൾ നടപ്പാക്കുന്നതിന് കോർപറേറ്റുകൾക്ക് ചെറുപ്പക്കാരുടെ എതിർപ്പ് ഇല്ലാതാക്കേണ്ടതുണ്ട്.
തങ്ങൾക്കു വേണ്ടി സർക്കാർ നടപ്പാക്കുന്ന നയങ്ങൾക്കെതിരെ യുവാക്കൾ പ്രക്ഷോഭ രംഗത്തിറങ്ങാതിരിക്കേണ്ടത് കോർപറേറ്റുകളുടെ ആവശ്യമാണ്. വളരെ ബുദ്ധിപരമായ നീക്കമാണ് അവർ നടത്തിയത്. തങ്ങൾക്ക് വരാവുന്ന മാർഗതടസ്സങ്ങളെല്ലാം മുൻകൂട്ടി കണ്ട് അവ നീക്കിയ ശേഷമാണ് രാജ്യത്തെ കൊള്ളയടിക്കാനിറങ്ങുന്നത്. വിദ്യാഭ്യാസം നേടുന്നതും അവബോധം കൈവരുന്നതും ചോദ്യങ്ങളുന്നയിക്കുന്നതും തൊഴിൽ ചോദിക്കുന്നതും അവരിഷ്ടെപ്പടുന്നില്ല.
സമരത്തിൽ പെങ്കടുത്ത ഒരു പഞ്ചാബി യുവാവിനെപോലും ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് കാണാനായിട്ടില്ല. പഞ്ചാബിൽനിന്നും ഡൽഹിയിലെത്തിയശേഷം ഇക്കാര്യം പ്രത്യേകം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് കർഷക യൂനിയനുകൾ. ഇതേ വികാരം സമരഭൂമിയിലെത്തിയ ചെറുപ്പക്കാരനായ സന്ദീപും പങ്കുെവച്ചു.
സർക്കാറും പൊലീസും കോർപറേറ്റുകളും എല്ലാം ചേർന്നുള്ള കളിയാണിത്. ആദ്യം ലഹരിയുടെ രുചി അനുഭവിപ്പിക്കുക. ലഹരിക്കടിപ്പെടാത്ത പഞ്ചാബികളിൽനിന്ന് കൃഷി ഭൂമി പിടിച്ചെടുക്കാൻ കഴിയില്ലെന്ന് കണ്ടതോടെയാണ് ലഹരി ഉപയോഗത്തിലേക്ക് കൊണ്ടുേപായത്. ലഹരിക്കടിമപ്പെട്ടവന് ആര് തെൻറ കൃഷി കവരുന്നുവെന്നോ മോദി എന്തു നയം നടപ്പാക്കുന്നുവെന്നോ എന്നത് വിഷയമാകില്ല. മയക്കുമരുന്നിെൻറ ഒരടയാളംപോലും രണ്ടര മാസമായിട്ടും പകോഡ ചൗക്ക് മുതൽ 20കിലോമീറ്റർ വരെ നീണ്ടു കിടക്കുന്ന സമരസ്ഥലത്തുനിന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
പഞ്ചാബിൽ 70 ശതമാനത്തോളം യുവാക്കൾ ലഹരിയുടെ അടിമകളാണെന്ന് ഒാർക്കണമെന്ന് ജസ്വീന്തർസിങ് പറഞ്ഞു. പതിനായിരക്കണക്കിന് യുവാക്കൾ വന്നുപോകുന്ന ഇൗ സമരസ്ഥലത്ത് ആരെങ്കിലും മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെങ്കിൽ ഒരു സിറിഞ്ച് എങ്കിലും ഇത്രയും ദിവസത്തിനുള്ളിൽ കിേട്ടണ്ടതാണ്, അതുണ്ടായിട്ടില്ല.
സമരക്കാരുെട ലക്ഷ്യം ജനത്തിന് ബോധ്യമായി
കർഷകസമരത്തിലൂടെ കർഷകർ ലക്ഷ്യമിടുന്നത് ആരെയാണെന്ന് രാജ്യത്തെ ജനങ്ങളെ ബോധ്യപ്പെടുത്താൻ ഇൗ സമരംകൊണ്ടു കഴിഞ്ഞുവെന്നാണ് പഞ്ചാബ് കിസാൻ യൂനിയൻ സുഖ്ദർശൻ സിങ് പറയുന്നത്.
മുന്നിൽ നാം ഇൗ കാണുന്ന സർക്കാറല്ല, അവർക്ക് പിന്നിലുള്ള കോർപറേറ്റുകളാണ് രാജ്യത്തെ യഥാർഥ കള്ളന്മാരെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനായിരിക്കുന്നു. കർഷക സമരത്തിെൻറ വലിയൊരു വിജയമാണിത്. രാജ്യത്തിെൻറ ചരിത്രത്തിൽ ആദ്യമായാണ് കോർപറേറ്റുകൾക്കെതിരെ ദേശീയ ശ്രദ്ധയാകർഷിച്ച ഇത്രയും ജനകീയമായ ഒരു സമരം നടക്കുന്നത്.
കഴിഞ്ഞ ഏഴു വർഷത്തിനുള്ളിൽ മോദി സർക്കാറിന് മുന്നോട്ടുവെച്ച കാൽ പിന്നോട്ടു വലിക്കേണ്ടി വന്ന ആദ്യ സമരമാണിത്. ഗുജറാത്തിൽ കോർപറേറ്റുകളെ കൊണ്ടുവന്ന രീതിയിൽ രാജ്യത്തൊന്നാകെ അവരെ സഹായിക്കാൻ മോദിയുടെ ശ്രമത്തെ കർഷക സമരത്തിലുടെ തുറന്നുകാണിക്കാനും കഴിഞ്ഞു.
ശാഹീൻബാഗിലേതുപോലെ വിലപ്പോവാത്ത തന്ത്രങ്ങൾ
ഹരിയാനയിലെയും പഞ്ചാബിലെയും കർഷകർ ഒന്നായെന്നുള്ളതാണ് സമരത്തിലെ നിർണായക വിജയമെന്ന് ജസ്വീന്തർ പറയുന്നു. ഹരിയാനയിൽ തടഞ്ഞ് കർഷക സമരം ഡൽഹിയിലെത്താതെ അവസാനിപ്പിക്കാമെന്നായിരുന്നു ബി.ജെ.പിയുടെ കണക്കുകൂട്ടൽ.
എന്നാൽ, ബാരിക്കേഡുകളെല്ലാം ഭേദിച്ച് രണ്ടു സംസ്ഥാനങ്ങളിലെയും കർഷകർ ചേർന്ന് ഡൽഹിയുടെ പടിവാതിൽക്കലെത്തി. പിന്നീട് ശാഹീൻബാഗ് സമരത്തെ നേരിട്ടതുപോലെ കർഷക സമരത്തെയും നേരിടാൻ നോക്കി. പൊലീസ് മാത്രമല്ല, സർക്കാർ കയറൂരിവിട്ട ഗുണ്ടകളും കർഷകരെയും സമരത്തെയും ആക്രമിച്ചു. അതിനെയും കർഷകർ അതിജയിച്ചു.
സിഖ് പതാക സമരത്തിലുള്ളത് കാണിച്ച് കർഷക സമരത്തിനും മതപരമായ മാനംനൽകാൻ നോക്കി. ശാഹീൻബാഗ് പ്രക്ഷോഭത്തെ നേരിട്ടതുപോലുള്ള നീക്കങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നുണ്ട്. ആ തരത്തിലുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുകയാണെങ്കിൽ അതിനെ നേരിടാൻ കർഷകർ തയാറാണ്.
എന്തു വന്നാലും മൂന്നു കാർഷിക നിയമങ്ങളും പിൻവലിക്കുകയെന്ന പൂർണമായ ലക്ഷ്യം നേടാതെ അവർ തിരിച്ചുപോകുകയില്ല എന്ന ദൃഢനിശ്ചയത്തിലാണ് പകോഡ ചൗക്ക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.