ചരിത്രത്തിൽ ഇടംപിടിച്ച് കർഷക െഎക്യദാർഢ്യം
text_fieldsനിയമസഭ നടപടികൾക്കപ്പുറം ജനങ്ങളുടെ വികാരവും പ്രതിഷേധവും സംസ്ഥാനത്തെയോ രാജ്യത്തെയോ അടിയന്തരസാഹചര്യങ്ങളും പ്രതിഫലിപ്പിക്കുന്ന വേദി കൂടിയായി കേരള നിയമസഭ മാറിയിട്ടുണ്ട്. അടിയന്തര സാഹചര്യവും വിഷയങ്ങളും ഗൗരവവും കണക്കിലെടുത്ത് വിഷയം ചർച്ചചെയ്യാൻ ഒരു ദിവസത്തെ പ്രത്യേകസമ്മേളനമോ പ്രമേയം പാസാക്കുന്നതിനോ വരെ സഭ ചേർന്നിട്ടുണ്ട്. സമാനമായ മറ്റൊരു മാതൃക സൃഷ്ടിച്ച സമ്മേളനമായിരുന്നു വ്യാഴാഴ്ച ചേർന്ന 21 ാം നിയമസഭ സമ്മേളനം. രാജ്യതലസ്ഥാനത്തെ കർഷകപ്രക്ഷോഭത്തിന് കാരണമായ കാർഷികനിയമങ്ങൾ റദ്ദാക്കണമെന്ന് കേന്ദ്രസർക്കാറിനോട് ആവശ്യപ്പെടുന്ന പ്രമേയം പാസാക്കാനാണ് 14ാം നിയമസഭയുടെ ഈ പ്രത്യേകസമ്മേളനം ചേർന്നത്. ചട്ടം 118 പ്രകാരം മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തിന്മേൽ രണ്ടു മണിക്കൂർ നീണ്ട ചർച്ചയിൽ കക്ഷിനേതാക്കളായ 12 പേർ പങ്കെടുത്തു. കർഷക പ്രക്ഷോഭത്തിന് ആധാരമായ നിയമങ്ങൾ പിൻവലിക്കണമെന്നാണ് പ്രമേയം കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടത്.
നിയമനിർമാണങ്ങൾ അത് ബാധിക്കുന്ന ജനവിഭാഗങ്ങൾക്കിടയിൽ വലിയ ആശങ്കയും സംശയവും ജനിപ്പിക്കുമ്പോൾ നിയമനിർമാണസഭകൾക്ക് അത് ഗൗരവമായി പരിഗണിക്കാൻ ബാധ്യതയുണ്ടെന്ന് പ്രമേയം അവതരിപ്പിച്ചു മുഖ്യമന്ത്രി പറഞ്ഞു. കാർഷികോൽപന്നങ്ങളുടെ വ്യാപാരമാകെ കോർപറേറ്റുകൾക്ക് കൈവശപ്പെടുത്താൻ അവസരം നൽകുകയാണ് കേന്ദ്ര സർക്കാർ ചെയ്തിട്ടുള്ളത്. ഭക്ഷ്യോൽപന്നങ്ങളുടെ സംഭരണം, വിതരണം എന്നിവയിൽനിന്നു സർക്കാർ പിന്മാറുന്നതോടെ പൂഴ്ത്തിവെപ്പും കരിഞ്ചന്തയും വർധിക്കും. അതിലൂടെ ഭക്ഷ്യവിതരണവും ഭക്ഷ്യസുരക്ഷയും അപകടത്തിലാകും. സംസ്ഥാനങ്ങളെ നേരിട്ട് ബാധിക്കുന്ന വിഷയത്തിൽ കേന്ദ്രസർക്കാർ വിശദമായ കൂടിയാലോചനകൾ നടത്താതെ നിയമനിർമാണം നടത്തിയത് ഫെഡറൽതത്ത്വങ്ങളുടെ ലംഘനവുമാണെന്ന് പ്രമേയത്തിൽ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സുഗമമായ പൊതുവിതരണസംവിധാനമുള്ള കേരളത്തിൽ ഈ നിയമം യാഥാർഥ്യമായാൽ അത് വലിയ പ്രതിസന്ധി സൃഷ്ടിക്കും. അതുതന്നെയാണ് ഇത്തരമൊരു പ്രമേയം കൊണ്ടുവരുന്നതിെൻറ അടിയന്തരപ്രാധാന്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രമേയത്തോട് യോജിച്ച് പ്രതിപക്ഷത്തുനിന്നും സംസാരിച്ച കോൺഗ്രസ് നേതാവ് കെ.സി ജോസഫ് മൂന്ന് ഭേദഗതികൾ അവതരിപ്പിച്ചു. പ്രമേയം അല്ല കേന്ദ്ര സർക്കാരിെൻറ നിയമത്തിനെതിരെ നിയമനിർമാണം നടത്തുകയാണ് വേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡിസംബർ 23ന് മന്ത്രിസഭ ശിപാർശചെയ്ത സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവർണറുടെ നടപടിയെ വിമർശിച്ച അദ്ദേഹം ഒരു പടി കൂടി കടന്ന് മന്ത്രിമാർ പോയി ഗവർണറുടെ കാലു പിടിച്ചു എന്നുവരെ പറഞ്ഞുവെച്ചു.
ഭേദഗതികളിൽ ആവശ്യപ്പെട്ട കാര്യങ്ങൾ പ്രമേയ ഉള്ളടക്കത്തിലുണ്ടെന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞു. പ്രധാനമന്ത്രി കർഷകരുമായി നേരിട്ട് ചർച്ചനടത്താൻ തയാറാകാത്തത് സംബന്ധിച്ച പരാമർശം പ്രമേയത്തിൽ ഉൾപ്പെടുത്തണമെന്നും കെ.സി ജോസഫ് പറഞ്ഞു. എന്നാൽ, പ്രധാനമന്ത്രി കേന്ദ്രസർക്കാറിെൻറ തലവനാണെന്നും കേന്ദ്രസർക്കാറിനെതിരായ പ്രമേയത്തിൽ അദ്ദേഹത്തിെൻറ പേരെടുത്ത് പരാമർശിക്കേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മന്ത്രിമാർ ഗവർണറെ കാണുന്നതും ആവശ്യപ്പെട്ട വിവരങ്ങൾ നൽകുന്നതും ഭരണഘടനാപരമായ കാര്യങ്ങൾതന്നെയാണ്. അതിനെ കാലുപിടിത്തം എന്നൊന്നും പറയുന്നത് ശരിയല്ല. ഈ ലേഖകനും കൃഷിമന്ത്രി സുനിൽകുമാറുമാണ് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ഗവർണറെ സന്ദർശിച്ചത്. സഭ ചേരാൻ മന്ത്രിസഭ തീരുമാനിച്ച സാഹചര്യം ഗവർണറെ ബോധ്യപ്പെടുത്തി. സൗഹാർദപരമായ നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്.
സംസ്ഥാനം കർഷകരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുമ്പോൾ സംസ്ഥാനത്ത് ഈ സർക്കാർ കാർഷിക മേഖലയിൽ നടപ്പാക്കിയ കാര്യങ്ങളും മുഖ്യമന്ത്രി വിശദീകരിച്ചു. കേന്ദ്ര നിയമത്തിനെതിരെ സംസ്ഥാനം നിയമനിർമാണം കൊണ്ടുവരുന്ന കാര്യം സർക്കാർ പരിശോധിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിെൻറ ഭേദഗതികളുടെ അന്തഃസത്ത പ്രമേയത്തിലുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടും കെ.സി ജോസഫ് ഭേദഗതി പ്രസ് ചെയ്തത് പ്രതിപക്ഷത്തുള്ളവരെപ്പോലും അത്ഭുതപ്പെടുത്തി. തുടർന്ന് ഭേദഗതി ശബ്ദവോട്ടോടെ തള്ളുകയും പ്രമേയം സഭ ഐകകണ്ഠ്യേന പാസാക്കുകയും ചെയ്തു. ബി.ജെ.പി അംഗം ഒ. രാജഗോപാൽ കാർഷികനിയമങ്ങളെ അനുകൂലിച്ചെങ്കിലും പ്രമേയത്തെ എതിർക്കാതിരുന്നതും ശ്രദ്ധേയമായി.
ദേശീയപ്രാധാന്യമുള്ള വിഷയങ്ങളെ സംബന്ധിച്ച് കേരളത്തിെൻറ നിലപാട് വ്യക്തമാക്കുന്ന നാല് പ്രത്യേകസമ്മേളനങ്ങൾ ചേർന്ന് അഞ്ചു പ്രമേയങ്ങൾ പാസാക്കി 14 ാം നിയമസഭ മാതൃകകാട്ടി. കേന്ദ്ര സർക്കാറിെൻറ നോട്ട് നിരോധനം, കന്നുകാലി കശാപ്പ് നിരോധനം, എസ്സി/എസ്ടി സംവരണം ലോക്സഭയിലും നിയമസഭയിലും 10 വർഷത്തേക്കുകൂടി ദീർഘിപ്പിക്കുന്ന ഭരണഘടനാ ഭേദഗതി, പൗരത്വ ഭേദഗതി നിയമം, ഇപ്പോൾ കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യവും. സ്വാതന്ത്ര്യാനന്തര ഭാരതം കണ്ട ഏറ്റവും വലിയ പ്രക്ഷോഭത്തിന് കേരള നിയമസഭ നൽകിയ ഐക്യദാർഢ്യം ചരിത്രത്തിൽ ഇടം പിടിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.