കര്‍ഷക രോഷത്തില്‍ എരിഞ്ഞടങ്ങുന്നത്
text_fields‘‘ഈ അശാന്തി വ്യാപിച്ചേക്കാം, കേന്ദ്രത്തിലെയും മധ്യപ്രദേശിലെയും മഹാരാഷ്ട്രയിലെയും ബി.ജെ.പി സര്‍ക്കാറുകള്‍ കര്‍ഷകരുടെ രോഷമണക്കുന്നതില് പരാജയപ്പെട്ടിരിക്കുന്നു’’ എന്ന് പറയുന്നത് ആർ.എസ്.എസിെൻറ ഭാരതീയ കിസാന്‍ സംഘ് ദേശീയ വൈസ് പ്രസിഡൻറ് പ്രഭാകര്‍ കേല്‍കര്‍ ആണ്. മധ്യപ്രദേശ് പൊലീസിെൻറ അടിയേറ്റ് ചികിത്സയിലായിരുന്ന 26കാരനായ കര്ഷകന് ഗണശ്യാം ധകഡും മരിച്ചുവെന്ന വാര്‍ത്ത വരുന്നതിനിടയിലാണ് സംഘ്പരിവാറിനകത്തെ വിമര്‍ശനം കനപ്പെട്ടുവരുന്നത്. മധ്യപ്രദേശിലെ മന്ത്സൗറില്‍ സമരക്കാര്‍ക്കു നേരെ നടന്ന പൊലീസ് അതിക്രമത്തില്‍ മരിച്ച കര്‍ഷകരുടെ എണ്ണം അര ഡസന്‍ കവിഞ്ഞിരിക്കുന്നു. മന്ത്സൗറില്നിന്ന് സമരം പടര്‍ന്ന് തലസ്ഥാനമായ ഭോപാലിെൻറ പടിവാതില്ക്കലെത്തിയപ്പോള് കര്‍ഷകരുടെ ആവശ്യങ്ങള്‍ പരിഹരിച്ച് അവരോട് സഹാനുഭൂതി കാണിക്കുന്നതിനു പകരം കൈവിട്ടുപോയ നിയന്ത്രണം സഹതാപത്തിലൂടെ തിരിച്ചുപിടിക്കാന്‍ ഉപവാസം പ്രഖ്യാപിക്കേണ്ടിവന്നു മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്.
കര്‍ഷക സമരത്തെ ലാത്തിയും ബുള്ളറ്റുമുപയോഗിച്ച് ഹിംസയുടെ മാര്‍ഗത്തിലൂടെ അടിച്ചമര്‍ത്താന്‍ സകല ശ്രമങ്ങളും നടത്തി പരാജയപ്പെട്ടപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ ഉപവാസ നമ്പർ. കാര്‍ഷിക വിളകള്‍ക്ക് ചുരുങ്ങിയ താങ്ങുവില പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടാണ് ജൂണ്‍ ഒന്നിന് മധ്യപ്രദേശില്‍ കര്‍ഷക സമരം തുടങ്ങിയത്. കടം എഴുതിത്തള്ളണം എന്നതടക്കമുള്ള ആവശ്യമായിരുന്നു മഹാരാഷ്ട്രയിലേത്. ഉത്തര്‍പ്രദേശില്‍ കാര്‍ഷിക കടാശ്വാസം പ്രഖ്യാപിച്ചതോടെ ഇതേ ആവശ്യം മറ്റു സംസ്ഥാനങ്ങളില്‍നിന്നും ഉയര്‍ന്നിരിക്കുകയാണ്. കര്‍ഷകര്‍ക്കുള്ള കടാശ്വാസത്തിെൻറ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാറുകളാണ്, തങ്ങളല്ല എന്തെങ്കിലും ചെയ്യേണ്ടത് എന്ന നിലപാട് മോദി സര്‍ക്കാര്‍ കൈക്കൊണ്ടതാണ് സ്ഥിതിഗതികള്‍ വഷളാക്കിയത്. അതേസമയം, ബി.ജെ.പി ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ കടാശ്വാസം നല്കാന് തീരുമാനിച്ച കേന്ദ്ര സര്‍ക്കാറിന് മധ്യപ്രദേശിെൻറയും മഹാരാഷ്ട്രയുടെയും കാര്യത്തില്‍ കൈക്കൊണ്ട ഇരട്ടത്താപ്പിന് മറുപടിയില്ല.
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മധ്യപ്രദേശില്‍നിന്നുള്ള കോണ്‍ഗ്രസ് നേതാക്കളായ കമല്‍നാഥ്, ദിഗ്വിജയ് സിങ് എന്നിവരെ കൂട്ടി മന്ത്സൗറിലേക്ക് പുറപ്പെട്ടതോടെയാണ് കര്‍ഷക സമരം രാഷ്ട്രീയ തിരിച്ചടിയാകുമെന്ന് അതുവരെ ഉറങ്ങിക്കിടന്ന ബി.ജെ.പി തിരിച്ചറിഞ്ഞത്. അതോടെ കര്ഷകസമരത്തിനു പിന്നില്‍ ഗൂഢാലോചന എന്ന പ്രചാരണവുമായി അവര്‍ രംഗത്തിറങ്ങി. മധ്യപ്രദേശിലെയും മഹാരാഷ്ട്രയിലെയും കർഷക സമരങ്ങള്‍ സംഘര്‍ഷഭരിതമായത് കോണ്‍ഗ്രസും പ്രതിപക്ഷ പാര്‍ട്ടികളും രാഷ്ട്രീയവത്കരിച്ചതു കൊണ്ടാണെന്നാണ് ഇപ്പോള്‍ ബി.ജെ.പി നടത്തുന്ന പ്രതിരോധം. കര്‍ഷക സമരത്തില്‍ പങ്കെടുക്കുന്നവരില്‍ ഭൂരിഭാഗം കര്‍ഷകരല്ല, രാഷ്ട്രീയക്കാരാണ് എന്നാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞത്. ആരെങ്കിലും കര്‍ഷകരുടെ പേരില്‍ സമരം നടത്തിയാല്‍ അവരോട് സംസാരിക്കില്ലെന്നു പോലും ഫഡ്നാവിസ് പറഞ്ഞു.
അതേസമയം, ഈ പ്രതിരോധമല്ല കര്‍ഷക സമരത്തിനുള്ള പരിഹാരമെന്ന് സംഘ് പരിവാറിനുള്ളില്‍ നിരവധി നേതാക്കള്‍ തുറന്നുപറഞ്ഞു തുടങ്ങിയിരിക്കുന്നു. കര്‍ഷകരുടെ മാത്രമല്ല, ബി.ജെ.പിയുടെയും മോദി സര്‍ക്കാറിെൻറയും പ്രതിസന്ധിയുടെ ആഴം പ്രതിഫലിപ്പിക്കുന്നതാണ് ഈ നേതാക്കളുടെ വാക്കുകൾ.
ബി.ജെ.പിയെ തള്ളി സ്വന്തം സംഘടനകള്‍
ബി.ജെ.പിയുടെ നിലപാടിന് വിരുദ്ധമായി കര്‍ഷക സമരം ജനാധിപത്യ രീതിയാണെന്നും താൻ ഇൗ സമരത്തില്‍ കര്‍ഷകര്‍ക്കൊപ്പമാണെന്നും വ്യക്തമാക്കി ബി.ജെ.പി കിസാന്‍ മഞ്ച് തലവന്‍ വീരേന്ദ്ര സിങ് മസ്ത് പരസ്യമായി രംഗത്തുവന്നു. സമരം അക്രമാസക്തമായത് ഭരണാധികാരികളുടെ പരാജയമാണെന്നാണ് ബി.ജെ.പി എം.പിയായ മസ്ത് കുറ്റപ്പെടുത്തുന്നത്. കാര്‍ഷിക കടം എഴുതിത്തള്ളുന്നതും മിനിമം താങ്ങുവില പ്രഖ്യാപിക്കുന്നതും സംബന്ധിച്ച് പ്രധാനമന്ത്രി നടത്തിയ വാഗ്ദാനങ്ങള്‍ ഓര്‍മിപ്പിച്ച് ഭാരതീയ കിസാന്‍ യൂനിയന്‍ നേതാവ് ഭൂപീന്ദര്‍ സിങ് മാന്‍ പ്രധാനമന്ത്രി മോദിക്ക് തുറന്ന കത്തെഴുതിയിരിക്കുകയാണ്. മന്ത്സൗറില്‍ ബി.ജെ.പി സര്‍ക്കാര്‍ കൊലപ്പെടുത്തിയ കര്‍ഷകരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച മാന്‍ സമരരംഗത്തുള്ള കര്‍ഷകര്‍ക്ക് ചെവികൊടുക്കാതെ, വാഗ്ദാനങ്ങള്‍ നിറവേറ്റാതെ പൊള്ളയായ അവകാശവാദങ്ങള്‍ നടത്തി എല്ലാ പത്രങ്ങളിലും രണ്ട് പേജ് പരസ്യം നല്കി കോടികള്‍ ചെലവഴിച്ചുകൊണ്ടിരിക്കുകയാണെന്ന് കുറ്റപ്പെടുത്തി.
കര്‍ഷക വിഷയങ്ങളില്‍ പാര്‍ലമെൻറില്‍ പതിവായി ബി.ജെ.പിക്കു വേണ്ടി സംസാരിക്കാറുള്ള കൃഷിയുമായി ബന്ധപ്പെട്ട പാര്‍ലമെൻററി സ്ഥിരസമിതി ചെയര്മാന് ഹുകുംദേവ് നാരായൺ യാദവ് കര്‍ഷക വിദഗ്ധരും കര്‍ഷക നേതാക്കളുമടങ്ങുന്ന ഒരു സമിതിയുണ്ടാക്കി കടാശ്വാസത്തിനായി കരടുനിയമം ഉണ്ടാക്കണമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചിരിക്കുകയാണ്. കാര്‍ഷിക പ്രതിസന്ധിയുടെ ഏറ്റവും വലിയ ഇരകള്‍ ചെറുകിട പാര്‍ശ്വവത്കൃത കര്‍ഷകരാണെന്നും ഇവരാരും ബാങ്കുകളില്നിന്നല്ല, പ്രാദേശിക പണമിടപാടുകാരില്‍നിന്നാണ് കൃഷിയിറക്കാന്‍ പണം സ്വരൂപിക്കുന്നതെന്നും അവര്‍ക്കും കടാശ്വാസം നല്‍കണമെന്നുമാണ് യാദവ് ആവശ്യപ്പെടുന്നത്.
മോദി സര്‍ക്കാറിെൻറ കൃഷി, വാണിജ്യ, ഭക്ഷ്യ വിതരണ മന്ത്രാലയങ്ങള്‍ തമ്മില്‍ ഏകോപനമില്ലാത്തതാണ് അടിസ്ഥാന പ്രശ്നമെന്നാണ് കിസാന്‍ സംഘ് നേതാവ് കേല്കറുടെ വിമർശനം. വിളകളുടെ വിലക്കുറവുമൂലം അവര്‍ അനുഭവിക്കുന്ന യാതനകള്‍ പരിഹരിക്കാന്‍ ഒരാശ്വാസവും സര്‍ക്കാര്‍ നല്‍കുന്നില്ലെന്ന് കിസാന്‍ സംഘ് നേതാവ് ആണയിടുന്നു. വൻ വിളവെടുപ്പിന് കര്‍ഷകര്‍ തയാറെടുക്കുമ്പോഴാണ് ഗോതമ്പിന് മേലുള്ള ഇറക്കുമതി തീരുവ ഇല്ലാതാക്കിയത്. 100 രൂപ ചെലവിട്ടുണ്ടാക്കുന്ന വിളയ്ക്ക് 120 രൂപയെങ്കിലും കിട്ടാതെ എന്തുചെയ്യുമെന്നാണ് കര്‍ഷകര്‍ ചോദിക്കുന്നത്. മന്ത്സൗറില്‍ കണ്ടത് ഒരു ചെറിയ വിഭാഗം കര്‍ഷകരുടെ പ്രതികരണം മാത്രമാണെന്നും കേന്ദ്രത്തിലെയും സംസ്ഥാനത്തെയും ബി.ജെ.പി സര്‍ക്കാറുകള്‍ നടത്തിയ വാഗ്ദാനങ്ങളൊന്നും മണ്ണിലിറങ്ങിയിട്ടില്ലെന്നും അദ്ദേഹം അര്‍ഥശങ്കക്കിടയില്ലാത്തവിധം പറയുന്നുണ്ട്.
ഏറെക്കാലമായി കര്‍ഷകര്‍ രോഷാകുലരാണ്. എന്നാല്‍, സര്‍ക്കാറിന് ഇനിയും ഇതൊന്നും മനസ്സിലാക്കാന്‍ കഴിയുന്നില്ല. സോഷ്യല്‍മീഡിയയില്‍ വന്ന സമരാഹ്വാനം കാണാനും വിലയിരുത്താനും രഹസ്യാന്വേഷണ ഏജന്‍സികളും പരാജയപ്പെട്ടു. ഇനി ഉള്ളിയും ഉരുളക്കിഴങ്ങും കര്‍ഷകരുടെ പക്കല്‍ കിടക്കുന്നുണ്ട്. മഴയത്ത് അവ ശേഖരിച്ചുവെക്കാന്‍ ഒരു സംവിധാനവും ഒരുക്കിയിട്ടില്ല. കാര്യങ്ങള്‍ പൂര്‍ണമായും നിയന്ത്രണത്തില്‍നിന്ന് വിട്ടുപോകുമെന്നും ഈ അശാന്തി മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിച്ച് നരേന്ദ്ര മോദിയുടെയും ബി.ജെ.പിയുടെയും പ്രതിച്ഛായ ഇടിയുമെന്നും കേല്‍കര്‍ മുന്നറിയിപ്പ് നല്കുന്നു. മോദിയിലും ബി.ജെ.പിയിലും രാജ്യത്തെ കര്‍ഷകര്‍ക്കുള്ള പ്രതീക്ഷകള്‍ അസ്തമിക്കുന്നതിലുള്ള നിരാശയാണ് കര്‍ഷകര്‍ക്ക് വല്ലതും കിട്ടാത്തതിലേറെ സംഘ്പരിവാറിെൻറ കര്‍ഷക നേതാക്കളുടെ ഈ വാക്കുകളില്‍ പ്രകടമാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.