പകർച്ചപ്പനി ‘മഹാമഹം’
text_fields2006-07ൽ ദക്ഷിണേന്ത്യയിലാകെയും കേരളത്തിൽ പ്രത്യേകിച്ചും പനി എന്ന പകർച്ചവ്യാധി പടർന്നുപിടിച്ചു. പരിചയപ്പെട്ട അവിദഗ്ധർക്കുപോലും അറിയാവുന്ന ഒന്നുണ്ട്; പകർച്ചവ്യാധികൾ ആവർത്തിച്ചുകൊണ്ടിരിക്കും. ചില വർഷങ്ങളിൽ കുറഞ്ഞും ചിലതിൽ ഏറിയും അത് പ്രത്യക്ഷപ്പെടുകതന്നെ ചെയ്യും. ഏതാനും വർഷങ്ങളിൽ പനിസാന്ദ്രത കുറയുന്നത് അത് നിയന്ത്രണവിധേയമായതിെൻറ അടയാളമല്ല. സാന്ദ്രത കുറഞ്ഞ വർഷങ്ങൾ വരാൻ സാധ്യതയുള്ള അടുത്ത പകർച്ചവ്യാധി പ്രതിരോധിക്കാൻ വേണ്ട പദ്ധതി തയാറാക്കാനുള്ള അവസരമായി കണ്ട് നടപടികളാരംഭിക്കുകയാണ് വേണ്ടത്. അങ്ങനെ നടന്നതായി അനുഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നില്ല. 2016^17 ആയപ്പോൾ മുമ്പില്ലാത്തവിധം വിവിധ പനികളുടെ കൂട്ട പകർച്ചവ്യാധി വന്നപോലെയായി സ്ഥിതി.
2006ൽ പനി വ്യാപിച്ചപ്പോൾ അന്നത്തെ കേന്ദ്രത്തിലെയും കേരളത്തിലെയും ആരോഗ്യമന്ത്രിമാർ പറഞ്ഞത് പനിമൂലം ആരും മരിക്കുന്നില്ല എന്നാണ്. നമ്മുടെ വിദഗ്ധ സമിതികൾ എടുത്ത നിലപാടും ഇതു ശരിെവക്കുംവിധമായിരുന്നു. അഹ്മദാബാദിലെ ഇന്ത്യൻ മാനേജ്മെൻറ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിലാണ് പനിമരണം സ്ഥിരീകരിച്ചത്. സാങ്കേതിക വൈദഗ്ധ്യം വേണ്ടിടത്തു വിദഗ്ധരെന്നു പറയുന്നവർ തന്നെ രാഷ്ട്രീയ ബ്യൂറോക്രാറ്റിക് താൽപര്യങ്ങളിൽ വ്യാപരിക്കുമ്പോൾ സംഭവിക്കുന്നതു തന്നെയാണ് നാമിവിടെ കണ്ടത്. ഇപ്പോഴും മഴക്കാലപൂർവ ശുചീകരണം, വീട്ടുപരിസരത്തു വെള്ളം കെട്ടിനിൽക്കുന്നത് തടയുക എന്നിവയിലാണ് ഊന്നൽ കൊടുക്കുന്നത്. ഇതെല്ലാം പാടില്ലെന്നല്ല; പുതുതായ നമ്മുടെ പ്രാദേശിക ഗവേഷണങ്ങളിൽ കണ്ടെത്തിയ അറിവുകൂടി പദ്ധതി നടത്തിപ്പിൽ ഉൾപ്പെടേണ്ടതല്ലേ? അതിനുള്ള കാലവിളംബമാണ് നമ്മെ പ്രതികൂലമായി ബാധിക്കുന്നത്.
ചികുൻ ഗുനിയ, ഡെങ്കി എന്നിവക്ക് ഫലപ്രദമായ മരുന്നുകൾ ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു ^അതുപോലെ വാക്സിനുകളും. ഡെങ്കി വാക്സിൻ ഇപ്പോൾ പത്തു രാജ്യങ്ങളിൽ ഉപയോഗിക്കുന്നുണ്ടെങ്കിലും ഇന്ത്യയിൽ ഉപയോഗിക്കാൻ ഇനിയും അനുമതി ലഭിച്ചിട്ടില്ല. അതായത്, മറ്റു പ്രതിരോധങ്ങളിൽ ഊന്നിയാവും നമ്മുടെ പനി നിയന്ത്രണ പദ്ധതികളെന്തും. അതിനാൽ അവ ശക്തിപ്പെടുത്തിയേ തീരൂ.ലോകത്തുള്ള ഡെങ്കിരോഗത്തിെൻറ 34 ശതമാനം, അതായത് 3.3 കോടി, ഇന്ത്യയിലാണ്. യാഥാർഥ്യം ഇങ്ങനെയാണെങ്കിലും 2016-17 കാലയളവിൽ ഇന്ത്യയിലെ ഔദ്യോഗിക കണക്കുകൾ പ്രകാരം പ്രതിവർഷം 20,480 രോഗികളും 132 മരണങ്ങളും മാത്രമേയുള്ളൂ. പ്രതിവർഷം 60 ലക്ഷം പേർ ഡെങ്കി ബാധിതരാകുമ്പോൾ സർക്കാർ കണക്ക് വെറും ആയിരങ്ങളിൽ ഒതുങ്ങുന്നു. മേൽ പഠനത്തിൽ കണ്ട ഡെങ്കിപ്പനികൾ സർക്കാർ കണക്കിെൻറ 282 ഇരട്ടിയാണ്. ഇത് റിപ്പോർട്ടിങ് സംവിധാനത്തിെൻറ പിഴവായി കാണാനാകില്ല. ഇത്തരം ഭാരിച്ച വ്യത്യാസം കാണിക്കുന്നത് എവിടെയോ വ്യാജക്കണക്കുകൾ സൃഷ്ടിക്കാനുള്ള ശ്രമം ഉണ്ടെന്നല്ലേ? 57 ലക്ഷം പേർ ഡെങ്കി ബാധിതരാകുന്നിടത്തു വെറും 50,000ത്തിൽ താഴെ റിപ്പോർട്ട് ചെയ്താൽ പ്രതിരോധ നടപടിക്കുവേണ്ട നീക്കിയിരിപ്പിൽ കുറവുണ്ടാകുമെന്ന് ആർക്കാണറിയാത്തത്.
ലഭ്യമായ കണക്കുകൾ പ്രകാരം കേരളത്തിൽ 16 ലക്ഷത്തോളം പനി ബാധിതരുണ്ട്. എച്ച്1 എൻ1 രോഗം ആയിരം കവിഞ്ഞു. മരണം നൂറിലധികമായി. ഇതെല്ലാം ലഭ്യമായ കണക്കുകൾ മാത്രമായതിനാൽ യഥാർഥ പനിസാന്ദ്രത ഇതിെൻറ അനേകം ഇരട്ടിയാകും. പി.കെ. സുമോദൻ നടത്തിയ പഠനങ്ങളും അതിശ്രദ്ധ അർഹിക്കുന്നു. പ്രത്യേകിച്ചും കൊതുകു നിയന്ത്രണത്തിനുള്ള സങ്കേതങ്ങൾ അറിയാൻ. കാലവർഷക്കാലത്തു ടാപ്പിങ് നിർത്തിവെക്കുന്ന റബർ തോട്ടങ്ങൾ കൊതുകുൽപാദന കേന്ദ്രങ്ങളാകുമെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. ഒരു ഹെക്ടർ തോട്ടത്തിൽ ഉദ്ദേശം 500 ഇടങ്ങളിൽ കൊതുകുൽപാദനം സജീവമായി നടക്കും. കൊതുകിന് പ്രത്യുൽപാദനത്തിനാവശ്യമായ രക്തം തോട്ടത്തിനു ചുറ്റും താമസിക്കുന്ന ജീവനക്കാരിൽനിന്ന് ലഭ്യമാണ്. ടാപ്പിങ് മഴക്കാലത്ത് നിർത്തിക്കഴിഞ്ഞാൽ റബർ പൽ ശേഖരിക്കാനുള്ള പാത്രത്തിൽ കൊതുകു പെരുകിത്തുടങ്ങും. മറ്റൊരു പഠനത്തിൽ അനവധി ഇനം കൊതുകുകൾ അവിടെ പെരുകുന്നുണ്ടെന്നു അവർ കണ്ടെത്തി. ഇടുക്കി, കോട്ടയം ജില്ലകളിലാണ് പഠനം നടന്നത്. ഊഷ്മാവ്, ഹ്യുമിഡിറ്റി, മഴ എന്നിവ വളരെ അനുകൂലമായ ആവാസവ്യവസ്ഥയാണ് കൊതുകു ജനുസ്സുകൾക്ക് നൽകുന്നത്.
കുട്ടികളും ചെറുപ്പക്കാരുമാണ് പകർച്ചപ്പനിയുടെ പ്രധാന ടാർഗറ്റ്. അതിനാൽ അവരുടെ സുരക്ഷ ഉറപ്പുവരുത്തണം. എച്ച്1 എൻ1 പനി വ്യാപകമാകുന്നതിനാൽ അതിനെ ചെറുക്കുന്ന ആൻറിവൈറൽ ഔഷധവും വാക്സിനും ഇപ്പോൾ ഉള്ളതിനേക്കാൾ കൂടുതലായി ലഭ്യമാക്കി, അക്കാര്യം ബോധവത്കരണത്തിലൂടെ എല്ലാവരെയും അറിയിക്കുക ആവശ്യമാണ്. എച്ച്1 എൻ1 വൈറസ് പണ്ടുള്ളപോലെ ശക്തമല്ല എന്ന് പറയുന്നുണ്ട്; എങ്കിലും, സമൂഹത്തിലെ വൈറസ് സാന്ദ്രത കുറക്കാനും പകർച്ചയുടെ വേഗം നിയന്ത്രിക്കാനും വാക്സിൻ, മരുന്ന് എന്നിവയുടെ ലഭ്യത ഉറപ്പാക്കിയാൽ സാധിക്കും. 2009 മുതൽ ഇന്ത്യയിൽ വ്യാപിച്ചിരുന്നത് കാലിഫോണിൻ സ്ട്രെയിൻ എന്ന വൈറസാണ്. അടുത്തിടെ മിഷിഗൻ സ്ട്രെയിൻ എന്ന പുതിയൊരു വൈറസ് മഹാരാഷ്ട്രയിൽ കണ്ടെത്തി. അയ്യായിരത്തിലധികം പേർ എച്ച്1 എൻ1 ടെസ്റ്റിന് പോസിറ്റിവ് ആയി കണ്ടു. ഇതിനകം നൂറിലധികം പേർ ഔദ്യോഗിക കണക്കനുസരിച്ചു മരിച്ചിട്ടുമുണ്ട്. പുതിയ വാക്സിൻ അടുത്തുതന്നെ ലഭ്യമാക്കുമെന്ന് അധികൃതർ പറയുന്നു.
ലോകത്തെമ്പാടുമായി ഉദ്ദേശം 39 കോടി ജനങ്ങൾ ഡെങ്കി ബാധിതരാണ്. മാസംതോറും ആയിരത്തിലധികം പേർ വിവിധ രാജ്യങ്ങളിൽ ഇതുമൂലം മരിക്കുന്നു. ആ നിലക്ക് ഡെങ്കി വാക്സിനും പരിഗണനാർഹം തന്നെ. വാക്സിൻ വന്നതിനുശേഷം നടന്ന പഠനങ്ങളിൽ കാണുന്നത് 70 ശതമാനം ഫലപ്രാപ്തി ഉണ്ടാകുമെന്നും വാക്സിൻ പ്രയോഗം ചികിത്സയെക്കാൾ ലാഭകരവും ഡെങ്കി പകർച്ച തടയാനുതകുമെന്നുമാണ്. കൂടുതൽ അനുഭവജ്ഞാനം വേണം എന്ന നിലപാടിലാണ് ഇന്ത്യയുൾപ്പെടെ പല രാജ്യങ്ങളും. ഇതുവരെ പത്തു രാജ്യങ്ങളിൽ ഡെങ്കി വാക്സിൻ പ്രയോഗിക്കപ്പെടുന്നു. ഡെങ്കി സാന്ദ്രത വളരെക്കൂടുതലായ രാജ്യമാണ് ഇന്ത്യ. അതിനാൽത്തന്നെ ഇന്ത്യ വാക്സിൻ ഉപയോഗിക്കുന്നതാണ് ഉത്തമമെന്ന് ലോകാരോഗ്യ സംഘടന 2016ൽ തന്നെ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഡെങ്കി വാക്സിൻ രോഗപ്രതിരോധത്തിനും പകർച്ച നിയന്ത്രിക്കാനും ഫലപ്രദമാണെന്ന് ഇതിനകം പഠനങ്ങൾ വന്നിട്ടുണ്ട്. എന്നാൽ, ഒരു പോരായ്മയും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഡെങ്കിരോഗത്തിന് ആൻറിബോഡി രക്തത്തിൽ ഇല്ലാത്തവർ ധാരാളമുണ്ട്. ഇവരിൽ വാക്സിൻ പ്രയോഗിച്ചാൽ ചിലർക്കെങ്കിലും ഡെങ്കി ബാധിച്ചാൽ കലശലാകാനോ ആശുപത്രി പരിചരണം വേണ്ടവിധം തീവ്രമാകാനോ സാധ്യതയുണ്ട്. ഈ ഒരു ഭയം അസ്ഥാനത്തല്ലെന്നു ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇപ്പോൾ വാക്സിൻ അനുമതിയുള്ള രാജ്യങ്ങളിലുള്ള അനുഭവം പഠിച്ചാൽ ഇക്കാര്യത്തിൽ വ്യക്തത വരുത്താനാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.