ജനാധിപത്യാവകാശ പോരാട്ടത്തിന് പെൺകരുത്തിെൻറ കൂട്ട്
text_fieldsമാർച്ച് എട്ട് – അന്താരാഷ്ട്ര വനിത ദിനം. തുല്യതക്കായുള്ള സ്ത്രീകളുടെ യോജിച്ച പോരാട്ടമാണ് ഓരോ അന്താരാഷ്ട്ര വനിത ദിനവും അടയാളപ്പെടുത്തുന്നത്. 1908ൽ തുല്യവോട്ട് അവകാശത്തിനായി സ്ത്രീ തൊഴിലാളികൾ ന്യൂയോർക് നഗരത്തിൽ നടത്തിയ മാർച്ചിെൻറയും 1911ൽ കമ്യൂണിസ്റ്റ് നേതാവ് ക്ലാരാ സെറ്റ്കിെൻറ നേതൃത്വത്തിൽ നടന്ന രണ്ടാം വിമൻസ് സോഷ്യലിസ്റ്റ് ഇൻറർനാഷനലിൽ നടത്തിയ വനിതദിന പ്രഖ്യാപനത്തിെൻറയും തുടർച്ചയായി ലക്ഷക്കണക്കിന് സ്ത്രീ തൊഴിലാളികളും സംഘടനകളുമാണ് തങ്ങളുടെ അവകാശങ്ങൾക്കായി തെരുവിലിറങ്ങിയത്. ദീർഘകാലത്തെ പോരാട്ടത്തിനുശേഷം ബ്രിട്ടനിൽനിന്ന് സ്വാതന്ത്ര്യം നേടിയ ഇന്ത്യയും അതിെൻറ ഭരണഘടനയിൽ തുല്യത ഒരു അവകാശമായി രേഖപ്പെടുത്തി; ജാതിക്കും മതത്തിനും വർഗത്തിനും ലിംഗത്തിനും അതീതമായി എല്ലാ പൗരന്മാരും തുല്യരാണെന്ന പ്രഖ്യാപനം.
പേക്ഷ, തുല്യതക്കായുള്ള സ്ത്രീകളുടെ പോരാട്ടം 70 വർഷത്തിനുശേഷവും തുടരുകയാണെന്നതാണ് യാഥാർഥ്യം. വർഗത്തിനും മതത്തിനുമപ്പുറം സ്വന്തം വീടുകളിൽ സ്ത്രീകൾ ഇവ്വിധം അപമാനിക്കപ്പെടുമെന്ന് സ്വാതന്ത്ര്യം നേടുമ്പോൾ ആരും കരുതിയതല്ല. നോട്ടുനിരോധനത്തെ തുടർന്നുണ്ടായ സംഭവവികാസങ്ങൾ യഥാർഥത്തിൽ അവർ വീട്ടിൽ അപമാനിക്കപ്പെടുന്നതുതന്നെയായിരുന്നു. ഭൂരിഭാഗം ഇന്ത്യൻ സ്ത്രീകളും, വിശേഷിച്ച് ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർ പണം വീട്ടിൽ തന്നെയാണ് സൂക്ഷിക്കുന്നത്. അടിയന്തര ആവശ്യങ്ങളിൽ ഉപയോഗിക്കാനാണിത്. അസുഖം വരുമ്പോഴും കുട്ടികളുടെ പഠനാവശ്യങ്ങൾക്കുമെല്ലാം ഇങ്ങനെ സൂക്ഷിച്ചുവെച്ച പണമാണ് ഉപയോഗിക്കുക. നോട്ട് നിരോധനത്തോടെ അതെല്ലാം നഷ്ടപ്പെടുമെന്ന സാഹചര്യത്തിൽ, തങ്ങളുടെ രഹസ്യ സമ്പാദ്യങ്ങളെല്ലാം അവർക്ക് ഭർത്താവിനും കുട്ടികൾക്കും നൽകേണ്ടിവന്നു. പരിമിതമായെങ്കിലും സ്വയംപര്യാപ്തത കൈവരിച്ചിരുന്ന അവരെ ഇത് എത്രമാത്രം അനിശ്ചിതത്വത്തിലാക്കിയിട്ടുണ്ടാകും? രാജ്യത്തെ ലക്ഷക്കണക്കിന് അമ്മമാർ ഇത്തരത്തിൽ അനുഭവിച്ച വേദന, സ്വന്തം നേട്ടത്തിനുവേണ്ടി മാതാവിനൊപ്പം സെൽഫി എടുത്ത് ആഘോഷിക്കുന്ന നമ്മുടെ നേതാക്കൾക്ക് ഒരിക്കലും മനസ്സിലാകില്ല.
സ്ത്രീകൾക്ക് അവരുടെ സ്വശരീരത്തിലുള്ള സ്വാതന്ത്ര്യം പോലും നമ്മുടെ ഭരണകൂടം വകവെക്കുന്നില്ലെന്നോർക്കുക. സൗന്ദര്യവും ബുദ്ധിയുമുള്ള ‘ഡിസൈനർ ബേബി’കളെ ‘സൃഷ്ടിക്കാനു’ള്ള സർക്കാറിെൻറ ശ്രമങ്ങൾ നോക്കുക. ഗർഭ് വിജ്ഞാൻ സംസ്കാർ, ആരോഗ്യ ഭാരതി, വിദ്യ ഭാരതി തുടങ്ങി പല പേരുകളിലുള്ള പദ്ധതികളിലൂടെ ‘നല്ല കുട്ടികളെ’ മാത്രമായി എങ്ങനെ ഗർഭം ധരിക്കാമെന്നതിെൻറ ക്ലാസുകൾ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലായി നടന്നുകൊണ്ടിരിക്കുകയാണ്. സമർഥ് ഭാരത് പദ്ധതിയിലൂടെ ‘ഉത്തമ സന്തതി’കൾ മാത്രമുള്ള ഇന്ത്യ യാഥാർഥ്യമാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഇതിെൻറ കൺവീനർ ഡോ. കരിഷ്മ മോഹൻദാസ് നർവാണി അർഥശങ്കക്കിടയില്ലാതെ പറയുന്നു. 2020ഓടെ ആയിരക്കണക്കിന് ‘ഡിസൈനർ ബേബി’മാരെ അവർ ഈ പദ്ധതിയിലൂടെ ‘സൃഷ്ടി’ക്കുമെത്ര. ഈ പദ്ധതി നൽകുന്ന സന്ദേശമെന്താണെന്ന് ആലോചിച്ചിട്ടുണ്ടോ? സ്ത്രീകളെ ഒരു വ്യക്തി എന്നതിൽനിന്ന് കേവലം ഗർഭപാത്രത്തിലേക്ക് ചുരുക്കുകയാണിവിടെ; അതുവഴി അവരുടെ സ്വശരീരത്തിലുള്ള സ്വാതന്ത്ര്യത്തിലും സ്റ്റേറ്റ് കൈവെച്ചിരിക്കുന്നു.
2015 ജനുവരിയിൽ ബി.ജെ.പിയുടെ പാർലമെൻറ് അംഗം പറഞ്ഞതോർമയിേല്ല: ‘‘ നാല് ഭാര്യമാരും നാൽപത് കുട്ടികളും എന്ന സങ്കൽപമൊന്നും ഇന്ത്യയിൽ ഒരിക്കലും നടക്കാൻപോകുന്നില്ല. പക്ഷേ, ഹിന്ദുമതത്തെ രക്ഷിക്കാൻ ഓരോ ഹിന്ദു സ്ത്രീകളും ചുരുങ്ങിയത് നാല് കുട്ടികളെയെങ്കിലും പ്രസവിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു’’. അലഹാബാദിലെ ഭദ്രികാശ്രമത്തിലെ സന്യാസി വസുദേവൻ സരസ്വതിയും ഇക്കാലത്ത് സമാനമായ മറ്റൊരു പ്രസ്താവന നടത്തി. രാജ്യത്ത് ഹിന്ദുമതത്തിെൻറ ഭൂരിപക്ഷം നിലനിർത്താൻ ഓരോ ഹിന്ദുസ്ത്രീയും ചുരുങ്ങിയത് പത്ത് കുട്ടികളെയെങ്കിലും പ്രസവിക്കണമെന്നായിരുന്നു മേഘ് മേളയിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞത്. 2016ൽ ആർ.എസ്.എസ് നവദമ്പതികൾക്കായി നടത്തിയ കൺവെൻഷനിലെ പ്രധാന ചർച്ചാവിഷയവും ഹിന്ദുജനസംഖ്യ എങ്ങനെ വർധിപ്പിച്ച് ഭൂരിപക്ഷം നിലനിർത്താമെന്നതായിരുന്നു. ഗീബൽസിെൻറ പാതയിൽ കള്ളം പ്രചരിപ്പിച്ച് തങ്ങളുടെ ഫാഷിസ്റ്റ് അജണ്ട നടപ്പാക്കുകയാണ് ഇത്തരം പ്രസ്താവനകളിലൂടെ സംഘ്പരിവാർ. ശുദ്ധ വംശീയതയിലധിഷ്ഠിതമായ ‘ഉത്തമ സന്താന’ങ്ങളെ പ്രസവിച്ചുകൂട്ടുന്ന ഉപകരണം മാത്രമായിട്ടാണ് സംഘ്പരിവാർ സ്ത്രീകളെ കാണുന്നത്.
മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുന്ന ബിൽ പാർലമെൻറിൽ വെച്ചതോടെ മോദി മുസ്ലിം സ്ത്രീകളുടെ സ്വയം പ്രഖ്യാപിത മിശിഹ ആയിരിക്കുകയാണ്. മുത്തലാഖിനെതിരായ സുപ്രീംകോടതി വിധിയിൽ മോദിക്കും അദ്ദേഹം നയിക്കുന്ന കേന്ദ്ര സർക്കാറിനും ഒരു പങ്കുമില്ലായിരുന്നു. മറുവശത്ത്, മുസ്ലിം സമുദായത്തെ കൂടുതൽ അരികുവത്കരിക്കുന്നതിനും ഉപദ്രവിക്കുന്നതിനും ഇതേ ഭരണകൂടം പുതിയ മാർഗങ്ങൾ കണ്ടെത്തിക്കൊണ്ടിരിക്കുകയാണെന്ന് നാം മറന്നുകൂടാ. രാജ്യത്തെ കാർഷിക പ്രതിസന്ധികളുടെയും പ്രാഥമിക ഇരകൾ ഇതുപോലെ അരികുവത്കരിക്കപ്പെട്ട സ്ത്രീകൾ തന്നെയാണ്. രാജ്യത്ത് ഭരണകൂടം അഴിച്ചുവിട്ട ഫാഷിസ്റ്റ് പ്രവണതകളുടെ ഫലമായി രൂപംകൊണ്ട സംഘർഷങ്ങളും കലാപങ്ങളുമെല്ലാം സ്ത്രീകളുടെ ജീവിതത്തെ തന്നെയാണ് ഏറ്റവും കൂടുതൽ ബാധിച്ചത്.
ഗോഗുണ്ടകൾ നടത്തുന്ന ആൾക്കൂട്ട കൊലപാതകം, ദുരഭിമാനക്കൊല, ദലിതുകൾക്കും മുസ്ലിംകൾക്കും ക്രിസ്ത്യാനികൾക്കും നേരെ നടക്കുന്ന ആക്രമണം തുടങ്ങിയവയെല്ലാം നമ്മുടെ രാജ്യത്ത് ഭീതിയുടെതായ അന്തരീക്ഷം രൂപപ്പെടുത്തിയിട്ടുണ്ട്. ചരിത്രവും മിത്തും കൂട്ടിക്കുഴച്ച് പുതിയൊരു ചരിത്രനിർമിതിക്കുള്ള മോദി സർക്കാറിെൻറ അത്യന്തം ഹീനമായ ശ്രമം ഇന്ത്യയുടെ വൈവിധ്യത്തെ തകർക്കും; ഇന്ത്യയെന്ന ആശയത്തിനുതന്നെ ഭീഷണിയാണിത്. അതുകൊണ്ടുതന്നെ, ജനാധിപത്യാവകാശങ്ങൾക്കായുള്ള പോരാട്ടത്തിൽ രാജ്യത്തെ മുഴുവൻ വനിത പ്രസ്ഥാനങ്ങളും അണിനിരക്കണം. വർഗീയതക്കും ജാതീയതക്കും സ്ത്രീവിരുദ്ധതക്കും ദാരിദ്യ്രത്തിനുമെതിരായ പോരാട്ടത്തിൽ അവരുടെ കൈകളും ഉയരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.