പൊരുതുന്ന കർഷകരേ, നിങ്ങളീ ലോകത്തിെൻറ പ്രതീക്ഷയാണ്
text_fieldsലോകമൊട്ടുക്കുമുള്ള പ്രതിരോധപ്രവർത്തകർക്ക് എന്നും കരുത്തും പ്രചോദനവുമാണ് പ്രഫ. നോം ചോംസ്കി. വേട്ടയാടപ്പെടുന്ന സമൂഹങ്ങൾക്കും വ്യക്തികൾക്കുംവേണ്ടി ശബ്ദമുയർത്താൻ എന്നും മുന്നിലുണ്ട് അദ്ദേഹം. നാസയിലെ ശാസ്ത്രജ്ഞനും സിനിമപ്രവർത്തകനുമായ ബേദബ്രത പൈനുമായി ഇന്ത്യയിലെ കർഷകസമരത്തെക്കുറിച്ച് തെൻറ ചിന്തകൾ പങ്കുവെക്കുകയാണ് പ്രഫ. ചോംസ്കി
സമരം തുടരുന്ന ഇന്ത്യൻ കർഷകർ ചെയ്യുന്നത് ശരിയായ കാര്യമാണെന്ന് താങ്കൾ കരുതുന്നുണ്ടോ?
തീർച്ചയായും. ഇത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അതിലേറെ വിസ്മയിപ്പിക്കുന്നതെന്തെന്നാൽ ബഹുവിധ അക്രമങ്ങൾക്കും അടിച്ചമർത്തലുകൾക്കും മാധ്യമവേട്ടകൾക്കുമിടയിലും തളർന്നുപോകാതെ തുടർന്നു കൊണ്ടുപോകാൻ അവർക്ക് കഴിയുന്നുവെന്നതാണ്. അവർ കർഷകരുടെ ആവശ്യത്തിനുവേണ്ടി മാത്രമല്ല പോരാടുന്നത്. മറിച്ച് ഇന്ത്യയെ പൗരസമൂഹത്തിെൻറ അവകാശങ്ങളും ക്ഷേമവും സംരക്ഷിക്കുന്ന ദേശമായി നിലനിർത്തുന്നതിനുവേണ്ടിയുമാണ്.
ഇന്ത്യൻ കർഷകരോട് സർക്കാർ പറയുന്നത്, നിങ്ങളുടെ വിളനിലങ്ങളെ തുറന്നിടൂ, വൻ വ്യവസായങ്ങളും കോർപറേറ്റ് കർഷകരും കടന്നുവരട്ടെ, അവർ നിക്ഷേപവും മത്സരവും സമ്പദ്സമൃദ്ധിയും കാര്യക്ഷമതയും കൊണ്ടുവരുമെന്നാണ്- ഈ ഘട്ടത്തിൽ കർഷകരോട് പറയാനുള്ളതെന്താണ്?
കാര്യങ്ങൾ പരിശോധിച്ചുനോക്കണമെന്നാണ് പറയുക. ഏറെ വിശ്രുതമായ റാൻറ് കോർപറേഷൻ ഈയിടെ നടത്തിയ പഠനത്തിലെ കണക്കുകളിൽ ഈ ചോദ്യത്തിനുള്ള ഉത്തരമുണ്ട്. കഴിഞ്ഞ 40 വർഷത്തിനിടെ മിഡിൽക്ലാസ്, തൊഴിലാളിവർഗം എന്നിവയിൽനിന്നെല്ലാം എത്ര സമ്പത്താണ് അതിസമ്പന്നരിലേക്ക് എത്തിപ്പെട്ടതെന്ന്.
അതിസമ്പന്നർ എന്നു പറഞ്ഞാൽ ആകെ ജനങ്ങളുടെ ഒരു ശതമാനം മാത്രം വരുന്ന വിഭാഗമാണ്. 47 ട്രില്യൺ ഡോളറാണ് അവരുടെ കൈകളിലേക്കെത്തിയതെന്നാണ് കണക്ക്. അതുതന്നെ വിലകുറച്ചു കണ്ട ഒരു കണക്കാണെന്ന് എനിക്ക് ഉറപ്പുണ്ട്. അന്താരാഷ്ട്ര നാണയനിധിയും സമാന ഏജൻസികളും ഈ കൊള്ളയടിയെക്കുറിച്ച് നൽകുന്ന കണക്കുകൾ നോക്കിയാൽ പിന്നെയും ഒരു 30-40 ട്രില്യൺ ഡോളർകൂടി വരുമത്.
ഇന്ത്യയിൽ പ്രതിഷേധിക്കുന്ന, സമരംചെയ്യുന്ന കർഷകർക്കു പിന്നിൽ വിദേശശക്തികളുടെ സാന്നിധ്യമാണെന്നാണ് സർക്കാർ പറയുന്നത്. സമരത്തിനു പിന്നിൽ വിദേശ കരങ്ങൾ എന്നു പറയുേമ്പാൾ അശ്ലീല പ്രയോഗവും വ്യവസായത്തിലും രാഷ്ട്രീയത്തിലുമാവുേമ്പാൾ വിദേശ നിക്ഷേപമെന്നത് അതീവ സ്വാഗതാർഹവുമാകുന്നത് തമാശയായി തോന്നുന്നില്ലേ ?
വിദേശ നിക്ഷേപം കൗതുകകരമാണ്. ഫോറിൻ സ്വേച്ഛാശക്തികൾ, ഓർക്കുക വിദേശ കുത്തകകളുടെ ഘടനതന്നെ സ്വേച്ഛാരീതികളിലധിഷ്ഠിതമാണ്. അത്തരം വിദേശ സ്വേച്ഛാശക്തികൾ നിങ്ങളുടെ രാജ്യത്തെ കൈപ്പിടിയിലൊതുക്കുകയും നിങ്ങളുടെ വിഭവങ്ങളെയും തീരുമാനങ്ങളെയും നിയന്ത്രിക്കുകയും ഭാവി തീരുമാനിക്കുകയും ചെയ്യുന്നത് ഇഷ്ടപ്പെടുന്നുവെങ്കിൽ വിദേശനിക്ഷേപത്തെ സ്വാഗതം ചെയ്തുകൊള്ളുക.
സമരം ചെയ്യുന്ന കർഷകരോട് താങ്കൾക്കുള്ള സന്ദേശമെന്താണ്?
അവർ ചെയ്യുന്നതോർത്ത് തികഞ്ഞ അഭിമാനം പുലർത്തണം. അവർ ചെയ്യുന്നത് ശരിയായ കാര്യമാണ്, ധീരതയോടെ, സത്യസന്ധമായാണ് അവർ മുന്നോട്ടുപോകുന്നത്. സ്വന്തം കുടുംബങ്ങളുടെ, കർഷക സമൂഹത്തിെൻറ, ഇന്ത്യയിലെ ജനങ്ങളുടെ താൽപര്യങ്ങളാണവർ ഉയർത്തിപ്പിടിക്കുന്നത്.
ഇന്ത്യയിലെ കർഷകരുടേതിന് സമാനമായ അവസ്ഥയെ അഭിമുഖീകരിക്കുന്ന ലോകത്തിെൻറ പല ഭാഗങ്ങളിലുമുള്ള കർഷകർക്ക് ഇത് മഹനീയമായ മാതൃകയാണ്. അതുകൊണ്ട് നിങ്ങളീ ചെയ്യുന്നത് തുടരുക, ഇരുൾകാലം മൂടിയ ലോകത്തിന് പ്രകാശം പകരുക.
ബദൽ പ്രസ്ഥാനങ്ങളുടെ മുൻനിരയിൽ എന്നുമുണ്ട് താങ്കൾ, മറ്റൊരു ലോകം സാധ്യമാക്കാൻ ലക്ഷ്യമിടുന്ന ബദൽ പ്രസ്ഥാനങ്ങളുടെ മുൻനിരയിൽ എന്നുമുള്ള താങ്കളിൽനിന്നുള്ള ഈ വാക്കുകൾ ഏറെ പ്രചോദനം പകരുന്നു
നന്ദി, യഥാർഥത്തിൽ പ്രചോദനം പകരുന്നത് കർഷകർ ചെയ്യുന്ന കാര്യങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.