ഒടുവിൽ വലീദ് ദഖ സ്വതന്ത്രനായി
text_fieldsഫലസ്തീൻ പോരാളികൾക്കെതിരെ ഇസ്രായേൽ പുലർത്തുന്ന അതിഹീനമായ മനുഷ്യാവകാശ ലംഘനങ്ങളുടെ ഏറ്റവും വലിയ ഉദാഹരണമാണ് എഴുത്തുകാരനും സ്വാതന്ത്ര്യസമര സേനാനിയുമായ വലീദ് ദഖക്കെതിരെ നടന്ന ക്രൂരതകൾ. കഴിഞ്ഞയാഴ്ച തടവറയിൽ രക്തസാക്ഷിയായ ആ ഇതിഹാസതുല്യ ജീവിതത്തെക്കുറിച്ച്...
ഏപ്രിൽ ഏഴിന് തെൽ അവീവിലെ ഷാമിർ മെഡിക്കൽ സെന്ററിൽ വെച്ച് മരണം വരിക്കുമ്പോൾ വലീദ് ദഖക്ക് പ്രായം 63 ആയിരുന്നു. ഒരു ശരാശരി മനുഷ്യായുസ്സ്. പക്ഷേ, ആറുപതിറ്റാണ്ടു നീണ്ട ജീവിതത്തിൽ ദഖ യഥാർഥത്തിൽ ജീവിച്ചത് വെറും 25 വയസ്സുവരെയാണ്. പിന്നീടുള്ള 38 വർഷവും ഇസ്രായേലി ജയിലിൽ തന്നെയായിരുന്നു. ഇസ്രായേലി ജയിലിൽ ഏറ്റവും കൂടുതൽ കാലം കഴിഞ്ഞ തടവുകാരൻ എന്ന വിശേഷണം എത്രയോ കാലമായി ദഖക്ക് സ്വന്തമായിരുന്നു. ഫലസ്തീൻ പോരാട്ടത്തിന്റെ ആകമാന ചരിത്രത്തിൽ കൂടുതൽ കാലം തടവിൽ കഴിഞ്ഞ രണ്ടാമനും. പശ്ചിമേഷ്യൻ ചരിത്രം മാറിമറിയുന്നതൊക്കെയും ദഖ തടവിൽ കിടന്നാണ് കണ്ടത്. രണ്ട് ഇൻതിഫാദകൾ, ഓസ്ലോ കരാർ, അറഫാത്തിന്റെ മടങ്ങിവരവും മരണവും, ഹമാസിന്റെ ഉദയം ഒടുവിൽ ഒക്ടോബർ ഏഴും.
ദഖ ജയിലിലായ ’86 നുശേഷം എത്രയെത്രയോ തടവുകാരുടെ മോചനങ്ങൾ സംഭവിച്ചു. പക്ഷേ, നിർഭാഗ്യകരമെന്നോണം ഒന്നിലും ദഖയുടെ പേരുൾപ്പെട്ടില്ല. മോചനമെന്നത് വിദൂര സ്വപ്നം മാത്രമായിരിക്കുമ്പോഴും കഴിഞ്ഞ നാലു പതിറ്റാണ്ടും പോരാടുകയായിരുന്നു ദഖ. ഫലസ്തീൻ തടവുകാരോടുള്ള ഇസ്രായേലിന്റെ മനുഷ്യത്വരഹിത സമീപനത്തിന്റെ ഒടുവിലെ ഉദാഹരണമായി തന്റെ പേരും എഴുതിച്ചേർത്ത് മടങ്ങുമ്പോഴും ദഖയുടെ കഥ തുടരുകയാണ്.
വടക്കൻ ഇസ്രായേലിലെ ബഖാ അൽ ഗർബിയയിലായിരുന്നു വലീദ് ദഖയുടെ ജനനം, ’61 ൽ. ’70 കളിലും ’80 കളിലും സജീവമായി പ്രവർത്തിച്ചിരുന്ന പോപുലർ ഫ്രണ്ട് ഫോർ ദ ലിബറേഷൻ ഓഫ് ഫലസ്തീൻ (പി.എഫ്.എൽ.പി) എന്ന സായുധ സംഘടനയിലെ പ്രവർത്തകനായിരുന്ന അദ്ദേഹം ’84 ൽ സംഭവിച്ച മോശെ തമാം എന്ന ഇസ്രായേലി സൈനികന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 1986ൽ അറസ്റ്റിലായി. സൈനികനെ തട്ടിക്കൊണ്ടുപോയതിലോ കൊല ചെയ്തതിലോ ദഖയുടെ പങ്ക് കോടതിയിൽ തെളിയിക്കാൻ ഇസ്രായേലി ഭരണകൂടത്തിന് കഴിഞ്ഞില്ല. പക്ഷേ, ആ ഓപറേഷൻ നടത്തിയ ഗ്രൂപ്പിന്റെ കമാൻഡറാണെന്നാരോപിച്ച് ’87ൽ പരോൾരഹിത ജീവപര്യന്തത്തിന് ശിക്ഷിച്ചു. 1945ൽ അന്നത്തെ ഫലസ്തീനിലെ വിമത പ്രവർത്തനങ്ങൾ നേരിടാൻ ബ്രിട്ടീഷ് ഭരണകൂടം നടപ്പാക്കിയ ‘ഡിഫൻസ് എമർജൻസി റെഗുലേഷൻസ്’നിയമപ്രകാരമാണ് ദഖയെ ശിക്ഷിച്ചതെന്ന് ആംനസ്റ്റി ഉൾപ്പെടെ മനുഷ്യാവകാശ ഗ്രൂപ്പുകൾ ചൂണ്ടിക്കാട്ടിയിരുന്നു. ഏറ്റവും ദുർബലമായ തെളിവുകളിൽ പോലും കനത്ത ശിക്ഷ ഉറപ്പാക്കുന്നതാണ് ഇതിലെ വ്യവസ്ഥകൾ. ’48 ൽ ഇസ്രായേൽ സ്ഥാപിതമായതോടെ ഈ നിയമങ്ങൾ കാലഹരണപ്പെട്ടെങ്കിലും ഫലസ്തീനികൾക്കെതിരെ ഉപയോഗിക്കാൻ ഇതിലെ ചില വ്യവസ്ഥകൾ നിലനിർത്തി.
ആ സാധ്യത ഉപയോഗിച്ചാണ് ദഖയെ ശിക്ഷിച്ചത്. ജീവപര്യന്തം എന്നാൽ ഇസ്രായേലി നിയമവ്യവസ്ഥയിൽ ഫലത്തിൽ ഫലസ്തീനികൾക്ക് ആയുഷ്കാലം മുഴുവൻ തടവുതന്നെയാണ്. എങ്കിലും നിരന്തരമായ നിയമപോരാട്ടങ്ങളെ തുടർന്ന് 37 വർഷത്തെ തടവായി ദഖയുടെ ശിക്ഷ പിന്നീട് പരിഷ്കരിച്ചു. അതുപ്രകാരം 2023ൽ മോചിതനാകേണ്ടതായിരുന്നു. പക്ഷേ, അപ്പോഴേക്കും ജയിലിലേക്ക് മൊബൈൽ ഫോൺ കടത്തിയെന്ന ഒരു കേസ് കൂടി ചാർത്തി. അതിന് രണ്ടുവർഷത്തെ തടവു കൂടി. എല്ലാം കഴിഞ്ഞ് 2025 മാർച്ച് 24ന് മോചിതനാകുമായിരുന്നു. പക്ഷേ, ഫലസ്തീനി തടവുകാരെ വൈദ്യസേവനം നിഷേധിച്ച് മെല്ലെ മരണത്തിലേക്ക് തള്ളിവിടുന്ന ഇസ്രായേലി ഗൂഢപദ്ധതിയുടെ ഇരയാകാനായിരുന്നു ദഖയുടെ വിധി.
അതിനിടെ, ഫലസ്തീൻ മാധ്യമപ്രവർത്തകയായ സനാ സലാമിയെ ’99 ൽ വിവാഹം കഴിച്ചു. ജയിലിനുള്ളിലെ വിവാഹത്തിനായി അത്യപൂർവ കോടതി വിധി നേടിയാണ് ചടങ്ങുകൾ നടന്നത്. പക്ഷേ, ദമ്പതികളെ ഒന്നിച്ചുകഴിയാൻ കോടതി അനുവദിച്ചില്ല. ഒരു കുഞ്ഞുണ്ടാകണമെന്ന മോഹം 2011ൽ എഴുതിയ തുറന്ന കത്തിലൂടെ ദഖ പ്രകടിപ്പിച്ചു. ആ സങ്കൽപസന്താനത്തിന് മിലാദ് എന്ന് പേരുമിട്ടു. ജയിലിൽനിന്ന് കടത്തിയ ബീജം ഉപയോഗിച്ച് വർഷങ്ങൾക്കുശേഷം 2020ൽ ദമ്പതികൾക്ക് ഒരു മകൾ പിറന്നു.
തടവുജീവിതത്തിനിടെ കുട്ടികൾക്കുവേണ്ടിയുള്ള ഒരു നോവലുൾപ്പെടെ നിരവധി പുസ്തകങ്ങൾ രചിച്ചു. രണ്ടു ബിരുദം നേടി. അവസാന കാലത്ത് ഡോക്ടറേറ്റിനുള്ള പഠനത്തിലായിരുന്നു.
2021ലാണ് ദഖക്ക് അത്യപൂർവമായ ബോൺ കാൻസർ ബാധിച്ചതായി കണ്ടെത്തുന്നത്. ഈ സാഹചര്യത്തിൽ അദ്ദേഹത്തെ നേരത്തേ മോചിപ്പിക്കാൻ ആംനസ്റ്റി ഉൾപ്പെടെ ഇസ്രായേലിനോട് അഭ്യർഥിച്ചെങ്കിലും അവർ ചെവിക്കൊണ്ടില്ല. ജയിലിൽ കാര്യമായ ചികിത്സയും കിട്ടിയില്ല. ഒടുവിൽ ഇക്കഴിഞ്ഞ മാർച്ച് 24ന് ദഖയെ ജയിലിൽ സന്ദർശിച്ച അഭിഭാഷകൻ അദ്ദേഹം മരണത്തോട് അടുക്കുകയാണെന്ന് ലോകത്തെ അറിയിച്ചു. മരണാസന്നനായ ദഖയെ അടുത്ത ദിവസങ്ങളിൽ ആശുപത്രിയിലേക്ക് മാറ്റി. അവിടെവെച്ച് ചെറിയ പെരുന്നാളിന് രണ്ടുദിവസം മുമ്പ് ഏപ്രിൽ ഏഴിന് ദഖ മരിച്ചു.
മരിച്ചിട്ടും ഇസ്രായേൽ ദഖയെ വെറുതെവിട്ടില്ല. മൃതദേഹം പോലും കുടുംബത്തിന് കൈമാറിയില്ല. ഫലസ്തീൻ തടവുകാരോടുള്ള ഇസ്രായേലിന്റെ മനുഷ്യത്വരഹിതമായ സമീപനത്തിനെതിരെ ദഖയുടെ മരണത്തിന് തൊട്ടടുത്ത ദിവസം ആംനസ്റ്റി പ്രസ്താവന പുറപ്പെടുവിച്ചു. ‘‘ഫലസ്തീൻ തടവുകാരുടെ മെഡിക്കൽ ആവശ്യങ്ങൾക്ക് നേരെയുള്ള ഇസ്രായേലിന്റെ അവഗണനയുടെ ക്രൂരമായ ഓർമപ്പെടുത്തലാണ് വലീദ് ദഖയുടെ മരണം. കഴിഞ്ഞ ആറുമാസം ദഖക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും അവസാനിക്കാത്ത പേക്കിനാക്കളാണ് സമ്മാനിച്ചത്. അദ്ദേഹം പീഡനങ്ങൾക്കും മോശം പരിഗണനക്കും വിധേയനായി. ജയിലിൽ അദ്ദേഹം അപമാനിതനായി, മർദിക്കപ്പെട്ടു. ഒക്ടോബർ ഏഴിനുശേഷം ഭാര്യയുമായി ഫോണിൽ സംസാരിക്കാൻ പോലും അനുവദിച്ചിട്ടില്ല. മനുഷ്യത്വപരമായ കാരണങ്ങളാൽ പരോളിനുള്ള അപേക്ഷ പോലും സുപ്രീംകോടതി തള്ളി. ചുരുക്കത്തിൽ ജയിലഴികൾക്കുള്ളിലെ മരണം അങ്ങനെ ഉറപ്പാക്കപ്പെട്ടു. മരണക്കിടക്കയിൽ പോലും രക്തമുറയുന്ന തരം ക്രൂരതയാണ് ദഖയോടും കുടുംബത്തോടും ഇസ്രായേൽ കാട്ടിയത്. ചികിത്സയോ ഭക്ഷണമോ ഉറപ്പാക്കിയില്ല. ഭാര്യയോടും നാലുവയസ്സുകാരി മകളോടും അവസാനമായി യാത്രപറയാൻ പോലും അനുവദിച്ചില്ല.’’- ആംനസ്റ്റി ഇന്റർനാഷനിലെ സീനിയർ ഡയറക്ടർ എറിക ഗുവേറ റോസാസ് എഴുതി.
തടവുശിക്ഷ സ്വാഭാവികമായി അടുത്തവർഷം കഴിയുകയാണെങ്കിലും ഗസ്സ സംഘർഷം അവസാനിപ്പിക്കാൻ ഇസ്രായേലും ഹമാസും തമ്മിലുണ്ടാകാനിടയുള്ള തടവുകാരുടെ കൈമാറ്റക്കരാറിൽ നിശ്ചയമായും ഉൾപ്പെടുന്ന പേരുകളിലൊന്നായിരുന്നു ദഖയുടേത്. അത്തരം ആലോചനകളിൽ പി.എൽ.ഒ നേതാവ് മർവാൻ ബർഗൂതിക്കൊപ്പം ദഖയുടെ പേരും വാർത്തകളിൽ ഇടംപിടിച്ചിരുന്നു. കരാറുകൾ നീണ്ടുപോയി. ഒടുവിൽ റമദാന് തൊട്ടുമുമ്പു സംഭവിക്കുമെന്ന് പ്രതീക്ഷിച്ച ഒത്തുതീർപ്പ് ധാരണയും അകന്നു. മരണത്തോട് അടുക്കുകയായിരുന്നു ആ ദിവസങ്ങളിൽ ദഖ. ആരുടെയും ദയക്ക് കാത്തുനിൽക്കാതെയാണ് ഒടുവിൽ ദഖ മടങ്ങിയത്. ആ ആത്മാവങ്ങനെ എന്നന്നേക്കുമായി സ്വതന്ത്രമായിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.