ധനകാര്യ കമീഷൻ കേരളം സന്ദർശിക്കുേമ്പാൾ
text_fieldsഇന്ത്യൻ ഭരണഘടനയിലെ ഖണ്ഡിക 280 അനുസരിച്ച് കേന്ദ്ര^സംസ്ഥാന ബന്ധത്തിന് ഉലച്ചിൽ തട്ടാതെ കേന്ദ്രപൂളിലെ നികുതിവരുമാനം ഇരുവിഭാഗങ്ങൾക്കും വീതംവെക്കുന്നതിനാവശ്യമായ നിർദേശങ്ങൾ നൽകുന്നതിന് അഞ്ചുവർഷത്തിലൊരിക്കൽ ധനകാര്യ കമീഷനെ നിയമിക്കണം. കേന്ദ്രത്തിൽനിന്ന് സംസ്ഥാനങ്ങൾക്ക് ഗ്രാൻറ് ഇൻ എയിഡായി നൽകുന്ന സാമ്പത്തികപിന്തുണ ഏതുവിധത്തിലാകണമെന്ന നിർദേശവും ധനകാര്യ കമീഷൻ നടത്തും. 15ാം ധനകാര്യ കമീഷൻ റിപ്പോർട്ട് അനുസരിച്ചുള്ള തീരുമാനങ്ങൾ 2020 ഏപ്രിൽ ഒന്നുമുതൽ നടപ്പിൽവരും. ഭരണഘടന വ്യവസ്ഥപ്രകാരം രണ്ടുവർഷംമുമ്പ് കമീഷെൻറ നിയമനം രാഷ്ട്രപതി നടത്തിയിരിക്കണം . 2020 ഏപ്രിൽ ഒന്നുമുതൽ കമീഷൻ ശിപാർശകൾ നടപ്പിൽവരണമെങ്കിൽ റിപ്പോർട്ട് 2019 ഒക്ടോബറിൽ സമർപ്പിച്ചേ മതിയാകൂ. അതുകൊണ്ടാണ് രണ്ടുവർഷ സമയമെടുത്ത് വിശദമായ പഠനം നടത്താനും എല്ലാ സംസ്ഥാനങ്ങളും സന്ദർശിക്കാനുമായി 2017 നവംബറിൽ അഞ്ചംഗ 15ാം ധനകാര്യ കമീഷനെ നിയമിച്ചത്. ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവിസിൽ കേന്ദ്ര റവന്യൂ സെക്രട്ടറി ആയിരുന്ന നന്ദ്കിഷോർ സിങ് (എൻ.കെ. സിങ്) ആണ് കമീഷൻ ചെയർമാൻ. രണ്ട് ഫുൾടൈം അംഗങ്ങളും രണ്ട് പാർടൈം അംഗങ്ങളും ഉണ്ട്. കേന്ദ്ര റവന്യൂ സെക്രട്ടറി ആയിരുന്ന ശക്തികാന്തദാസ്, വാഷിങ്ടണിലെ ജോർജ്ടൗൺ യൂനിവേഴ്സിറ്റിയിലെ പ്രഫസർ അനൂപ് സിങ് എന്നിവരാണ് ഫുൾടൈം അംഗങ്ങൾ. പാർട്ടൈം അംഗങ്ങൾ കേന്ദ്രസർക്കാർ ചീഫ് ഇക്കണോമിക് അഡ്വൈസർ ഡോ. അശോക് ലാഹ്രിയും നിതി അയോഗ് അംഗം ഡോ. രമേഷ് ചന്ദുമാണ്.
ചരക്ക്സേവന നികുതിനിയമം നടപ്പിൽവന്ന ശേഷം സമ്പദ്വ്യവസ്ഥയിൽ ഉണ്ടായ മാറ്റങ്ങളും അതുവഴി കേന്ദ്ര^സംസ്ഥാന സർക്കാറുകൾ തമ്മിലുള്ള ബന്ധത്തിൽ വന്നിരിക്കുന്ന ഉലച്ചിലുകളും ഒക്കെ 15ാം ധനകാര്യകമീഷൻ ഗൗരവതരമായി പഠിക്കുകയും വിലയിരുത്തുകയും ശാസ്ത്രീയവും യുക്തിഭദ്രവുമായ ശിപാർശകൾ നൽകുകയും വേണം. മാത്രമല്ല, കേന്ദ്ര ആസൂത്രണ കമീഷനു പകരമായ നിതിഅയോഗ് നിലവിൽ വന്നതും ദേശീയ സാമ്പത്തിക ആസൂത്രണത്തിൽ വന്ന കാതലായ മാറ്റങ്ങളും ധനകാര്യ കമീഷൻ സൂക്ഷ്മമായി അപഗ്രഥിക്കേണ്ടതുണ്ട്. സംസ്ഥാന സർക്കാറുകളുടെ ബജറ്റുകളിലെ റവന്യൂ കമ്മി നികത്തുന്നതിനുള്ള കേന്ദ്രസഹായം നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ നിർദേശിക്കുന്നതിലും ധനകാര്യകമീഷൻ സൂക്ഷ്മസംവേദനക്ഷമത പുലർത്തേണ്ടിവരും. കമീഷൻ അംഗങ്ങൾ ആദ്യപടിയായി പാർലമെൻറ് അംഗങ്ങളെ കാണുകയും നിർദേശങ്ങൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. സംഘടനകൾ, പൊതുജനങ്ങൾ തുടങ്ങി സമൂഹത്തിലെ എല്ലാ രംഗങ്ങളിലും പ്രവർത്തിക്കുന്നവർക്ക് ധനകാര്യ കമീഷനെ തങ്ങളുടെ നിർദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കാനാവും. ഇത്തവണ കമീഷന് നൽകിയിട്ടുള്ള ടേംസ് ഒാഫ് റഫറൻസിനെക്കുറിച്ച് ഇതിനകംതന്നെ വ്യത്യസ്ത അഭിപ്രായഗതികൾ ഉയർന്നുവന്നിട്ടുണ്ട്. ഭരണഘടനയിലെ 280 ാം ഖണ്ഡിക പ്രകാരമുള്ള ചുമതലകൾക്കപ്പുറം ഭരണഘടനവിരുദ്ധമെന്ന് തോന്നാവുന്ന ചുമതലകൾ ധനകാര്യ കമീഷനെ ഏൽപിച്ചിട്ടുണ്ട് എന്നുവരെ വാദഗതികൾ രാജ്യത്തെങ്ങും നടക്കുന്നുണ്ട്.
ഏപ്രിൽ മുതൽ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും കമീഷൻ സന്ദർശനം നടത്തുന്നതിനുള്ള ആസൂത്രണം തുടങ്ങിയിട്ടുണ്ട്. ആദ്യം സന്ദർശിക്കുന്നത് അരുണാചൽപ്രദേശ് ആണത്രെ. ‘നമ്മൾ നമ്മുടേതെന്നും ചൈന അവരുടേതെന്നും’ പറയുന്ന പ്രദേശങ്ങൾ ഉൾക്കൊണ്ട അരുണാചലിൽ ധനകാര്യ കമീഷൻ സന്ദർശനം നടത്തുന്നത് തീർച്ചയായും ചൈനയുടെ നീരസത്തിന് ഇടവരുത്തും. അരുണാചൽ കഴിഞ്ഞാൽ ജമ്മു^കശ്മീരിലാണ് അടുത്ത സന്ദർശനം. മൂന്നാമത്തെ സന്ദർശനം കേരളം ആണെന്നും കമീഷൻ വ്യക്തമാക്കിയിട്ടുണ്ട്. ധനകാര്യകമീഷെൻറ മുമ്പിൽ കേരളത്തിെൻറ സവിശേഷ പ്രശ്നങ്ങളും ആവശ്യങ്ങളും അവതരിപ്പിക്കുന്നതിൽ സംസ്ഥാന സർക്കാറും രാഷ്ട്രീയ പാർട്ടികളും വേണ്ടത്ര താൽപര്യം കാണിക്കാറില്ല എന്ന പരാതി പലപ്പോഴും ഉയർന്നുവന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ കേരളത്തിന് ലഭിക്കേണ്ട പ്രത്യേക പരിഗണന ധനകാര്യ കമീഷനുകളിൽനിന്ന് ലഭിക്കാതെ വന്നിട്ടുമുണ്ട്. അതേസമയം, 12ാം ധനകാര്യ കമീഷനു മുമ്പാകെ മുസ്ലിംലീഗിനുവേണ്ടി അന്ന് നിയമസഭാംഗമായിരുന്ന ഇ.ടി. മുഹമ്മദ് ബഷീർ തയാറാക്കി സമർപ്പിച്ച രേഖ ധനകാര്യ കമീഷെൻറ മുക്തകണ്ഠമായ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഇതര രാഷ്ട്രീയകക്ഷികൾക്ക് ഇത് മാതൃക ആകേണ്ടതാണ് എന്നുവരെയുള്ള പരാമർശം 12ാം ധനകാര്യ കമീഷൻ ചെയർമാൻ നടത്തുകയുണ്ടായി.
കേരളത്തിന് 15ാം ധനകാര്യ കമീഷെൻറ ശ്രദ്ധയിൽപെടുത്താനായി ഗൗരവതരമായ പല കാര്യങ്ങളുണ്ട്. ചരക്കുസേവന നികുതിനിയമം നടപ്പിലാക്കിയ ശേഷമുള്ള സ്ഥിതിവിവരക്കണക്കുകളും വസ്തുതകളും ധനകാര്യ കമീഷെൻറ ശ്രദ്ധയിൽ കൊണ്ടുവരേണ്ടതുണ്ട്. ചരക്കുസേവന നികുതിനിയമം അനുസരിച്ച് 2022 വരെയുള്ള സംസ്ഥാനങ്ങളുടെ നികുതിവരവിലെ കുറവ് കേന്ദ്രസർക്കാർ നികത്തിക്കൊടുക്കും. കേന്ദ്ര^സംസ്ഥാന ബന്ധം ദൃഢപ്പെടുത്തുന്നതിനും പുതിയനിയമം നടപ്പിൽവന്നപ്പോൾ ഉണ്ടായ കഷ്ടനഷ്ടങ്ങൾ പരിഹരിക്കുന്നതിനും കേന്ദ്രസർക്കാറിനെ ആധികാരികമായി ബോധ്യപ്പെടുത്താൻ ധനകാര്യ കമീഷനു മുമ്പിൽ സമർപ്പിക്കുന്ന നിർദേശം ഫലവത്താകണം. സംസ്ഥാന വിഹിതമായി നികുതിവരവിൽനിന്നും കേന്ദ്രപൂളിൽ സംസ്ഥാനങ്ങൾക്കാകമാനമായി 32 ശതമാനം നീക്കിവെക്കുക ആയിരുന്നു മുൻപതിവ്. 14ാം ധനകാര്യ കമീഷൻ ഇത് 42 ശതമാനമായി ഉയർത്തണമെന്ന് നിർദേശിച്ചിരുന്നു. കേന്ദ്രസർക്കാറിന് റവന്യൂവരുമാനത്തിൽ കുറവ് വരുത്തുന്നതാണ് ഇൗ നടപടിയെങ്കിലും കേന്ദ്ര^സംസ്ഥാന ബന്ധം മെച്ചപ്പെടുത്തുന്നതിന് സാഹചര്യങ്ങൾക്കനുസൃതമായ മാറ്റങ്ങൾ ഉൾക്കൊള്ളുന്നതിനുമായി ഇത് അംഗീകരിക്കുന്നുവെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.
കേരളത്തെ പ്രതികൂലമായി ബാധിക്കുന്ന ഒരു തീരുമാനവുമായാണ് 15ാം ധനകാര്യ കമീഷൻ പ്രവർത്തനം തുടങ്ങിയിരിക്കുന്നത്. സംസ്ഥാനങ്ങൾക്കിടയിൽ കേന്ദ്ര പൂളിലെ തുക വീതംവെക്കുന്നതിനുള്ള അനുപാതം നിശ്ചയിക്കുന്നത് ജനസംഖ്യയെ അടിസ്ഥാനമാക്കിയാണ്. ഇതിനായി 1971ലെ ജനസംഖ്യയാണ് ഇതുവരെ ധനകാര്യ കമീഷനുകൾ അടിസ്ഥാനമാക്കിയിരുന്നത്. ഇത് 2011ലെ ജനസംഖ്യയെന്ന് മാറ്റി നിശ്ചയിക്കാനാണ് ഇപ്പോൾ കമീഷനിൽ ധാരണ ഉണ്ടായിരിക്കുന്നതെന്ന് വ്യക്തമായിട്ടുണ്ട്. ഇൗ മാറ്റം കേരള സംസ്ഥാനത്തെയും ഒപ്പം ഇതര ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെയും പ്രതികൂലമായി ബാധിക്കും. കേന്ദ്രസർക്കാർ വിവിധ ഘട്ടങ്ങളിലായി ആവശ്യപ്പെട്ട ജനസംഖ്യ നിയന്ത്രണം കാര്യക്ഷമമായി നടപ്പാക്കിയ സംസ്ഥാനങ്ങളിൽ പ്രമുഖ സ്ഥാനമാണ് കേരളത്തിനുള്ളത്. ഇതുകൊണ്ടുതന്നെ ജനസംഖ്യവർധന ഗണ്യമായ തോതിൽ നിയന്ത്രിക്കാൻ കേരളത്തിനു കഴിഞ്ഞു. രാജ്യനന്മ മുൻനിർത്തി നടത്തിയ ഇൗ ആസൂത്രിതശ്രമം 2011ലെ ജനസംഖ്യയെ അടിസ്ഥാനമാക്കി സംസ്ഥാന വിഹിതം കേന്ദ്രധനകാര്യ കമീഷൻ നിർദേശിച്ചാൽ ഏറ്റവും കൂടുതൽ പ്രതികൂലഫലം നേരിടേണ്ടിവരുന്നത് നമ്മുടെ സംസ്ഥാനത്തിനാണ്.
ഇൗ അപകടം തിരിച്ചറിഞ്ഞ് സമയോചിതമായി പ്രവർത്തിക്കാൻ സംസ്ഥാന ധനമന്ത്രി തോമസ് െഎസക്കിന് കഴിഞ്ഞുവെന്നത് ആശ്വാസകരമാണ്. 2011ലെ ജനസംഖ്യ അടിസ്ഥാനമാക്കിയാൽ വരുമാനനഷ്ടം നേരിടേണ്ടിവരുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരുടെ േയാഗം കഴിഞ്ഞ ദിവസം വിളിച്ചുകൂട്ടിയത് ഇതിെൻറ ഭാഗമാണ്. 15ാം ധനകാര്യകമീഷൻ കേരളത്തിൽ എത്തുേമ്പാൾ സംസ്ഥാനത്തിെൻറ സവിശേഷ സാഹചര്യങ്ങളെക്കുറിച്ചും കേന്ദ്ര പൂളിൽനിന്ന് കൂടുതൽ സഹായം നേടാനുള്ള നിർദേശങ്ങളെക്കുറിച്ചും കമീഷനുമുമ്പിൽ അവതരിപ്പിക്കാൻ ഇവിടുത്തെ രാഷ്ട്രീയ കക്ഷികൾക്കും ബഹുജന സംഘടനകൾക്കും കഴിയണം. ഇനിയുമുണ്ട് നിരവധി വിഷയങ്ങൾ കേരളത്തിേൻറതായി അവതരിപ്പിക്കാൻ. ഉദാഹരണമായി, കേരള സംസ്ഥാന ബജറ്റിൽ 2017^18ലെ റവന്യു കമ്മി 1529 കോടി രൂപയാണ് പ്രതീക്ഷിച്ചിരുന്നത്. 2018^19ൽ ഇത് 16,043 കോടി രൂപയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതായത് പത്തിരട്ടിയിലധികം ഉയരുന്ന വാർഷിക റവന്യൂ കമ്മി. ഇൗ റവന്യൂ കമ്മിയിൽ ഏതളവിൽ കേന്ദ്രസഹായം ലഭിക്കും എന്നത് നിർണായകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.