ജീവിച്ച് കൊതി തീരും മുൻപായിരുന്നു ആ യാത്ര - സീന ഭാസ്ക്കർ
text_fieldsഇന്ന് ''കയം'' അനാഥമാണ്. കയത്തിൽ താമസിച്ച് കൊതി തീരുംമുമ്പാണ് ബ്രിട്ടോ എന്നന്നേക്കുമായി യാത്രയായത്. അനാഥത്വം പേറുന്ന കയം പോലെയാണിന്നെൻ്റെയും മോളുടേയും ജീവിതം. ഞങ്ങൾ കേരളത്തിലില്ല; ഡൽഹിയിലാണ് താമസിക്കുന്നത്. വർഷാവസാനം നാട്ടിൽ വരും. ബ്രിട്ടോ ദിനം ആചരിക്കുന്നതിനായി പ്രസ്ഥാനത്തേയും ബ്രിട്ടോയേയും സ്നേഹിക്കുന്ന ധാരാളം സഖാക്കളുടെ സ്നേഹനിർഭരമായ ക്ഷണത്തിന് മുന്നിൽ അനുസരണാശീലരായാണ് ഞങ്ങളെത്തുന്നത്.
ഇപ്പോഴും ബ്രിട്ടോയില്ല എന്ന് തോന്നുന്നില്ല. എന്നാൽ ചില തീരുമാനങ്ങളെടുക്കുമ്പോൾ, നമ്മുടെ മനസിനെ വായിച്ചെടുക്കുന്നതു പോലെയുള്ള പ്രോത്സാഹനമാണ് ബ്രിട്ടോ തരുന്നത്. ആ ഊർജ്ജം നഷ്ടപ്പെട്ടപ്പോൾ കാറ്റുപോയ ബലൂൺ പോലെയായി ഞങ്ങളുടെ ജീവിതം. ബ്രിട്ടോയുടെ നിഘണ്ടുവിൽ " സാദ്ധ്യമല്ല " എന്ന വാക്കില്ല. മനസിനെ തയ്യാറാക്കിയാൽ എന്തും സാദ്ധ്യമാകും അതായിരുന്നു ആ ജീവിതം. ഇനിയൊരിക്കലും അതിലേക്ക് തിരിച്ചു പോകാനാകില്ലല്ലൊ എന്നാലോചിക്കുമ്പോഴുണ്ടാകുന്ന നീറ്റൽ അസഹനീയമാണ്.
ആരോടും വെറുപ്പൊ വിദ്വോഷമൊ വച്ചു പുലർത്താത്ത ജീവിതം. ബ്രിട്ടോയെ കുത്തിയവരിൽ ഒരാൾ നട്ടെല്ലിന് ക്യാൻസർ വന്ന് കിടപ്പുരോഗിയായപ്പോൾ അയാൾക്ക് ബ്രിട്ടോയെ കാണണമെന്നാഗ്രഹം പ്രകടിപ്പിച്ചപ്പോൾ " ഒരു നട്ടെല്ല് രോഗി എങ്ങനെ തന്‍റെ ശരീരം നോക്കണമെന്നുള്ളതിനെ കുറിച്ച് വ്യക്തമാക്കി കൊടുത്തുകൊണ്ട് " സന്ദേശവാഹകനെ പറഞ്ഞയക്കുകയാണുണ്ടായത്.
ഇതു സംബന്ധിച്ച് ഞാൻ പലപ്പോഴും ചോദിച്ചിട്ടുണ്ട്. അപ്പോഴൊക്കെ ബ്രിട്ടോയുടെ മറുപടി സീനേ " Past is past ". എനിക്ക് അവരെയൊന്നും ഒരിക്കൽ പോലും കാണേണ്ടതില്ല, അവരൊക്കെ ആൾക്കൂട്ടത്തിൽ ഒരാൾ മാത്രം; ബ്രിട്ടോയുടെ പക്വമായ മനസിന് മുന്നിൽ നമിച്ചു പോകുന്നു. ഇപ്പോഴും എവിടെ ചെന്നാലും ബ്രിട്ടോയുടെ പേരിൽ കിട്ടുന്ന പരിഗണന, പൊതു സമൂഹം അദ്ദേഹത്തിന് നൽകുന്ന ബഹുമാനമാണ്. ശുഭ്ര പതാക തണലിൽ ഇനിയും കരുത്തുറ്റ ബ്രിട്ടോമാർ ഉണ്ടാകട്ടെ; നാടിൻ്റെ നന്മക്ക് വേണ്ടി നിസ്വാർത്ഥമായ സേവനം ലഭിക്കുന്നതിന് വേണ്ടി കാത്തിരിക്കുന്നു...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.