കേരളം മുങ്ങിയ കാലം...
text_fieldsമഴക്കെടുതികള്‍ ഇന്നും നമ്മള് നേരിട്ടുകൊണ്ടിരിക്കുമ്പോള്‍ ഒരു നൂറ്റാണ്ടുമുമ്പ് (കൊല്ലവർഷം 1099) കേരളം കണ്ട ഏറ്റവും വലിയ പ്രളയ ദുരന്തങ്ങൾ ഓര്‍ത്തുപോകുന്നു. മുല്ലപ്പെരിയാര്‍ ഷട്ടറുകള്‍ ഉയര്‍ത്തി നിയന്ത്രിച്ചിരുന്നെങ്കില്‍ ആ കെടുതികളുടെ ആഴം കുറക്കാന്‍ കഴിയുമായിരുന്നു എന്ന പരാമര്‍ശങ്ങളും ചരിത്ര രേഖകളില്‍ കാണുന്നുണ്ട്.
1924ലെ പ്രകൃതി ദുരന്തത്തിനു സാക്ഷിയായ ഒരു ചരിത്ര പുരുഷന് അക്കാലത്ത് നാടു നീങ്ങിയതും ഇത്തരുണത്തിൽ ഓര്‍ക്കേണ്ടതാണ്. ആദ്യമായി ഇന്ത്യയിൽ തന്നെ പൊതുജന പങ്കാളിത്തത്തോടെ ഒരു നിയമ നിർമാണ സഭ തിരുവിതാംകൂറില്‍ ആരംഭിച്ച ശ്രീമൂലം തിരുനാള്‍ രാമവര്‍മ ആറാമന്‍ മരണപ്പെടുന്നത് 7-08-1924 നായിരുന്നു. അതായത്, ഏറ്റവും കൂടുതല്‍ ആളപായവും നാശങ്ങളും വരുത്തിയ തന്റെ രാജ്യത്തെ ആ പ്രളയകാലം (ജൂലൈ15-17) കഴിഞ്ഞ് ഒരു മാസത്തിനുള്ളില്‍. അന്നത്തെ അദ്ദേഹത്തിന്റെ ഭരണ പ്രദേശം ഉള്‍ക്കൊള്ളുന്ന ഉത്തര-മധ്യ തിരുവിതാംകൂറിലെ കരുനാഗപ്പള്ളിയും ചെങ്കോട്ടയും ഒഴിച്ചുള്ള കൊല്ലം ഡിവിഷനും തൊടുപുഴ ഒഴിച്ചുള്ള കോട്ടയം ഡിവിഷനും വടക്ക് ആലുവ, പറൂര് പ്രദേശങ്ങളുമാണ് കെടുതിക്ക് കൂടുതല്‍ ഇരയായത്.
ആ പ്രളയക്കെടുതികള്‍ നേരിടാന്‍ രാജാവ് വിശ്വാസപൂർവം ചുമതലപ്പെടുത്തിയ ചില ഭരണ തലവന്മാര് എടുത്ത നടപടികള്‍ മാതൃകാപരമായിരുന്നു. അദ്ദേഹത്തിന്റെ കാലത്തെ 21 നിയമ നിർമാണ സഭകളില്‍ അവസാനത്തേത് ചേരുന്നത് മരണം സ്ഥിരീകരിക്കുന്നതിനു ഏതാനും മണിക്കൂറുകള്‍ മുമ്പായിരുന്നു. മഴക്കെടുതിയെ നേരിടാനുള്ള അതിനിർണായകമായ തീരുമാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ബജറ്റ് ചര്‍ച്ചചെയ്ത് പാസാക്കാന്‍ ആഗസ്റ്റ് ഏഴിനു രാവിലെ വി.ജെ.ടി ഹാളില്‍ കൂടിയ സഭയില്‍ മഹാരാജാവിന്റെ അസുഖം മൂർച്ഛിച്ച വിവരം അതീവ ദുഃഖത്തോടെ യാഥാസ്ഥിതിക വാദിയായ ദിവാന് ബഹദൂര്‍ ടി. രാഘവയ്യ സി.എസ്.ഐ പറയുന്നു.
രാവിലെ 11.38ന് പിരിയുമ്പോള്‍ ബജറ്റ് പാസാക്കാതെതന്നെ സഭയിലെ അംഗങ്ങളോടുള്ള ഭരണകൂടത്തിന്റെ വിശ്വാസത്തെ എടുത്തുപറഞ്ഞുകൊണ്ട് ദിവാന് ജനങ്ങള്‍ക്കുവേണ്ട എല്ലാ ആശ്വാസ നടപടികള്‍ക്കും അനുമതി വാക്കാല്‍ പ്രഖ്യാപിക്കുന്നു. (നിയമസഭാ സെക്രട്ടറിയുടെ ഔദ്യോഗിക റിപ്പോര്‍ട്ട്, 7-8-1924, തിരുവിതാംകൂര്‍ നിയമസഭാ രേഖകള്‍, കേരള നിയമസഭാ ലൈബ്രറി ആർക്കൈവ്സ്)
മഹാരാജാവിന്റെ മരണശേഷം ആദ്യമായി പിന്നീട് നിയമ നിർമാണ സഭ കൂടുന്നത് 22-9-1924 നായിരുന്നു. എന്നാൽ, ശ്രീമൂലം പോപുലർ അസംബ്ലി 1925 മാര്‍ച്ച് ഒമ്പതിന് കൂടിയപ്പോഴാണ് പ്രളയ സംബന്ധമായ പ്രസ്താവന ദിവാൻ നടത്തുന്നത്. വെള്ളപ്പൊക്ക വിഷയവും എടുത്ത നടപടികളും അടങ്ങിയ പ്രസക്ത ഭാഗം:
“1099ലെ തെക്കുപടിഞ്ഞാറൻ മൺസൂൺ മഴ അസാധാരണമാംവിധം ശക്തമായിരുന്നു, കർക്കടകത്തിൽ, അഭൂതപൂർവമായ കനത്ത വെള്ളപ്പൊക്കത്തിന്റെ പേരിൽ സംസ്ഥാനത്തിന്റെ മധ്യ, വടക്കൻ ഭാഗങ്ങളിൽ ഗണ്യമായ ആൾ നാശമുണ്ടായി. എല്ലാ നദികളും-പ്രത്യേകിച്ച് കൊല്ലം, കോട്ടയം, ദേവികുളം ഡിവിഷനുകളിലെ നദികൾ-മലമുകളിൽ നിന്ന് കടലിലേക്ക് ഒഴുകുമ്പോൾ കന്നുകാലികളുടെ മരണവും സ്വത്തിനും കൃഷിക്കും നാശവും വരുത്തിയപ്പോള്‍ ദിവസങ്ങളോളം പല സ്ഥലങ്ങളും വെള്ളപ്പൊക്കത്തിലായിരുന്നു. പ്രത്യേകിച്ച് പറൂര്, കുട്ടനാട് തുടങ്ങിയ താഴ്ന്ന പ്രദേശങ്ങളിൽ ഇരയായ ജനങ്ങളുടെ ദുരിതങ്ങൾ അങ്ങേയറ്റം വേദനാജനകമായിരുന്നു.
ദുരിതബാധിതരെ രക്ഷിക്കാൻ സർക്കാർ നടപടികള്‍ വേഗത്തിലാക്കി. ജനമനസ്സും അവസരത്തിന് തുല്യമായി ഉയർന്നു. സന്നദ്ധരായ ഒരു ജനതയും കാര്യശേഷിയുള്ള ഉദ്യോഗസ്ഥരും ചേർന്ന് ദുരിതാശ്വാസ നടപടികളായി ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്തു. സ്വീകരിച്ചിട്ടുള്ള നിരവധി നടപടികളുടെയും ആശ്വാസം നൽകിയതിന്റെയും വിശദാംശങ്ങൾക്കായി, കാലാകാലങ്ങളിൽ പുറപ്പെടുവിച്ച വിഷയത്തെക്കുറിച്ചുള്ള പത്രക്കുറിപ്പുകൾ പരിശോധിക്കാൻ ഞാൻ നിങ്ങളെ ക്ഷണിക്കുന്നു.
സംസ്ഥാന ഖജനാവിൽ നിന്ന് അരലക്ഷം രൂപ സൗജന്യമായി അനുവദിച്ചപ്പോൾ, സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ഉദാരമതികളായ പൊതുജനം 64000 രൂപയിലധികം തുക നൽകിയത് പ്രളയ ദുരിതാശ്വാസ കമ്മിറ്റി അടിയന്തര ദുരിതാശ്വാസത്തിനും പുനർനിർമാണ ആവശ്യങ്ങൾക്കും പ്രശംസനീയ മാതൃകയില്‍ സമഗ്രതയോടെ പ്രയോഗിച്ചു. ലാൻഡ് റവന്യൂ കമീഷണറെ സർക്കാർ ദുരിതാശ്വാസ പുനർനിർമാണ പ്രവർത്തനങ്ങളുടെ പ്രത്യേക ചുമതല ഏൽപിച്ചു. അഭയാർഥികൾക്ക് ജോലി ലഭിക്കാത്ത സ്ഥലങ്ങളിൽ ആശ്വാസ പ്രവർത്തനങ്ങൾ ആരംഭിക്കാൻ ചീഫ് എൻജിനീയർക്ക് നിർദേശം നൽകി. നിർമാണ സാമഗ്രികൾ പാവപ്പെട്ടവർക്ക് സൗജന്യമായും മറ്റുള്ളവർക്ക് വിലക്കുറവിലും വനംവകുപ്പ് വിതരണം ചെയ്തു.
കണ്ടുകൃഷി നെല്ല് സൗജന്യമാക്കിയും മിതമായ നിരക്കിലും വിറ്റു. കാർഷിക വായ്പകൾക്കായി വകകൊള്ളിച്ച വിഹിതം 1,00,000 രൂപയിൽനിന്ന് 5,50,000 രൂപയായി വര്‍ധിപ്പിച്ചു. അതിൽ ദുരിതബാധിത പ്രദേശങ്ങളിലെ കർഷകർക്ക് ആശ്വാസമായി അഞ്ചുലക്ഷം രൂപ അനുവദിച്ചു. ഈ തുകയിൽ 2,00,000 സഹകരണ സംഘങ്ങൾ വഴി വിതരണത്തിന് ലഭ്യമാക്കി, മധ്യ-വടക്കൻ തിരുവിതാംകൂറിലെ ഭൂമി ഇല്ലെങ്കിലും വായ്പകൾ വേഗത്തിലും കൃത്യമായും വിതരണം ചെയ്യുന്നതിന് സൊസൈറ്റികളെ സഹായിക്കുന്നതിന് ഇൻസ്പെക്ടർമാരുൾപ്പെടെ പ്രത്യേക താൽക്കാലിക ജീവനക്കാരെ സൃഷ്ടിച്ചു. റിമിഷൻ റൂൾസ് പ്രകാരം, അത്തരം സൗജന്യത്തിനു അർഹതയുള്ള, കൊല്ലം, കോട്ടയം ഡിവിഷനിലെ 70 പകുതികളിലും കോട്ടയം ഡിവിഷനുകളിലും ഈ വർഷത്തെ കന്നിവിളയുടെ കിസ്ത് ശേഖരണം താൽക്കാലികമായി നിർത്തിവെക്കുകയോ ഒഴിവാക്കുകയോ ചെയ്തിട്ടുണ്ട്.
പ്രളയത്തിൽ തകർന്ന വാര്‍ത്താവിനിമയ സംവിധാനങ്ങള്‍, പാലങ്ങൾ, ജലസേചനം, ഡ്രെയിനേജ് എന്നിവ പുനഃസ്ഥാപിക്കുന്നതിനായി പൊതുമരാമത്ത് വകുപ്പിന്റെ നടപ്പുവർഷത്തെ ഗ്രാന്റ് മൂന്നുലക്ഷം രൂപ വർധിപ്പിച്ചിട്ടുണ്ട്. തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് തൊഴിൽ ലഭ്യമാക്കുന്നതിനും വകുപ്പുകള്‍ ത്വരിതഗതിയിൽ പ്രവർത്തിച്ചിട്ടുണ്ട്. ശ്രീമൂലം തിരുനാളിന്റെ വിയോഗത്തിന് മുമ്പുണ്ടായ അഭൂതപൂർവമായ വെള്ളപ്പൊക്കം മൂലമുണ്ടായ ദുരിതങ്ങൾ ഒരു പരിധിവരെ ലഘൂകരിക്കാൻ ഈ നടപടികളിലൂടെയും മറ്റ് നടപടികളിലൂടെയും സർക്കാറിന് സാധിച്ചു.
പ്രകൃതിയുടെ ഈ അപ്രതീക്ഷിത പ്രതിഭാസ വേളയിൽ ദുരിതങ്ങളിൽ നിന്ന് മോചനം നേടുന്നതിന് സംഭാവന നൽകിയ എല്ലാവരോടും മഹാറാണി റീജന്റ് ഗവൺമെന്റിന് വേണ്ടി ഞാൻ ഹൃദയംഗമമായ അഭിനന്ദനങ്ങൾ അർപ്പിക്കുന്നു.” (തിരുവിതാംകൂർ ശ്രീമൂലം പോപുലര്‍ അസംബ്ലി നടപടി രേഖകള്‍, 9-3-1925,പേജ് 6,7, കേരള നിയമസഭാ ലൈബ്രറി ആർക്കൈവ്സ്) ഏറെ ഓർക്കാനും ചിന്തിക്കാനും വക നൽകുന്ന ആ ഭൂതകാല ചരിത്രം ഒരു പാഠമാകട്ടെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.