ഭക്ഷ്യഭദ്രത നിയമം കരിഞ്ചന്തയിൽ
text_fieldsഭക്ഷ്യഭദ്രതാ നിയമം സംസ്ഥാനത്ത് നടപ്പാക്കിയെന്ന് ആവേശത്തോടെ പറയുമ്പോഴും നിയമം കാര്യക്ഷമമായി നടപ്പാക്കാൻ കഴിയാത്ത സർക്കാറിെൻറ ഒരു വർഷമാണ് പിന്നിടുന്നത്. കേന്ദ്രസർക്കാർ ഭക്ഷ്യവിഹിതം വെട്ടിക്കുറച്ചെന്ന് ആരോപിക്കുമ്പോൾപോലും ലഭ്യമായ ഭക്ഷ്യധാന്യങ്ങൾ കൃത്യമായി സാധാരണക്കാരെൻറ കൈകളിലേക്കെത്തിക്കുന്നതിൽ ഭക്ഷ്യവകുപ്പ് അമ്പേ പരാജയപ്പെട്ടിരിക്കുന്നു. നിയമം സുതാര്യമായി നടപ്പാക്കണമെന്ന് സർക്കാർ ആഗ്രഹിക്കുന്നുണ്ടെങ്കിലും നല്ലൊരു ശതമാനം ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥരും റേഷൻ വ്യാപാരികളും ചേർന്ന് ഇപ്പോഴും ഭക്ഷ്യധാന്യങ്ങൾ കരിഞ്ചന്തയിൽ വിറ്റുതുലക്കുകയാണ്. കേന്ദ്രസർക്കാറിെൻറ ജനവിരുദ്ധനിലപാടുകളുംകൂടിയായതോടെ സംസ്ഥാനത്ത് ഭക്ഷ്യവിതരണം താളംതെറ്റിയിട്ട് മാസങ്ങളായി.
2013ലാണ് മുൻ യു.പി.എ സർക്കാർ രാജ്യത്ത് ഭക്ഷ്യഭദ്രതാ നിയമം കൊണ്ടുവന്നത്. ജനങ്ങൾക്ക് പോഷകസമൃദ്ധമായ ഭക്ഷണത്തിനുള്ള അവകാശം സർക്കാരിെൻറ ബാധ്യതയാക്കുന്നതാണ് നിയമം. ഭക്ഷ്യവസ്തുക്കൾ നൽകാൻ കഴിയുന്നില്ലെങ്കിൽ പകരം സർക്കാർ പണം നൽകണം. കേന്ദ്രം നൽകുന്ന അരിയും ഗോതമ്പും സംസ്ഥാന സർക്കാർ നേരിട്ട് റേഷൻ കടകളിലെത്തിക്കണം. നിലവിലുണ്ടായിരുന്ന ബി.പി.എൽ, എ.പി.എൽ വിഭാഗക്കാർ മുൻഗണന (പ്രയോറിറ്റി), മുൻഗണനേതര (നോൺ പ്രയോറിറ്റി) വിഭാഗങ്ങളായി മാറും.
എന്നാൽ, മലയാളിയായ കേന്ദ്ര ഭക്ഷ്യമന്ത്രി കെ.വി. തോമസ് കൊണ്ടുവന്ന നിയമം നടപ്പാക്കാൻ കഴിഞ്ഞ യു.ഡി.എഫ് സർക്കാർ ഒരു ആർജവവും കാട്ടിയില്ല. കാരണം, നേരേത്ത 3.34 കോടി ജനങ്ങൾക്ക് സൗജന്യ റേഷൻ നൽകി സംസ്ഥാനത്ത് നിയമം നടപ്പാക്കുന്നതോടെ റേഷന് അർഹതയുള്ളവർ 1,54,80,042 പേരായി ചുരുങ്ങും. ഇത് സർക്കാറിന് ദോഷം ചെയ്യുമെന്ന് യു.ഡി.എഫ് ഭയപ്പെട്ടു. ഒരുവർഷംകൊണ്ട് നിയമം നടപ്പാക്കണമെന്നായിരുന്നു കേന്ദ്രം ആവശ്യപ്പെട്ടത്. നിയമം നടപ്പാക്കുന്നതിന് പ്രധാനമായും നാലുകാര്യങ്ങളാണ് ചെയ്യേണ്ടത്. അർഹരായ മുൻഗണനാ കുടുംബങ്ങളെ കണ്ടെത്തണം, വാതിൽപ്പടി ഭക്ഷ്യധാന്യ വിതരണം, റേഷൻ സാധനങ്ങൾ ഒാൺലൈനിലൂടെ അനുവദിക്കൽ, പരാതി പരിഹാര സംവിധാനം എന്നിവ തയാറാക്കണം. പക്ഷേ, തൊടുകുറി പ്രവർത്തനങ്ങളുമായി ഉമ്മൻ ചാണ്ടി സർക്കാർ മുന്നോട്ടുപോകുകയായിരുന്നു. നിയമം നടപ്പാക്കാത്തതിൽ കേന്ദ്രം പലപ്പോഴായി കണ്ണുരുട്ടിയപ്പോഴും അന്നത്തെ ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് പലതവണ കേന്ദ്രവുമായി ബന്ധപ്പെട്ട് ഇളവുകൾ വാങ്ങുകയായിരുന്നു.
എന്നാൽ, 2016 മേയ് 25ന് പിണറായി സർക്കാർ അധികാരത്തിലേറിയതോടെ കേന്ദ്രത്തിൽനിന്ന് സമ്മർദമേറി. മൂന്നുവർഷം കഴിഞ്ഞിട്ടും നിയമം നടപ്പാക്കാത്തതിനാൽ നവംബർ മുതൽ കേരളത്തിന് റേഷൻ നൽകില്ലെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി രാംവിലാസ് പാസ്വാൻ സർക്കാറിനെ അറിയിച്ചു. പകരം കിലോക്ക് 22.54 രൂപ തോതിൽ എഫ്.സി.ഐയിൽനിന്ന് അരിയെടുത്തുകൊള്ളാനായിരുന്നു നിർദേശം. ഇതോടെ രണ്ടുലക്ഷം മെട്രിക് ടൺ ഭക്ഷ്യധാന്യം കേന്ദ്രം വെട്ടിക്കുറക്കുകയും ചെയ്തു. ഇതിനെതിരെ മുഖ്യമന്ത്രിയടക്കം പലതവണ പ്രധാനമന്ത്രിയുൾപ്പെടെയുള്ളവരെ കണ്ടെങ്കിലും അനുകൂല നടപടിയുണ്ടായില്ല.
മുൻഗണനാ പട്ടികയിലെ മറിമായങ്ങൾ
നിയമം നടപ്പാക്കുന്നതിെൻറ ഭാഗമായി സംസ്ഥാനാടിസ്ഥാനത്തിൽ അർഹരായവരുടെ കരടുപട്ടിക 2016 ഒക്ടോബർ 20ന് പ്രസിദ്ധീകരിച്ചു. നവംബർ ഒന്നുമുതൽ പട്ടികയുടെ അടിസ്ഥാനത്തിൽ ഭക്ഷ്യധാന്യ വിതരണവും തുടങ്ങി. പക്ഷേ, അനർഹർ ഉൾപ്പെടെ കരട് മുൻഗണനാ പട്ടികയിൽ ഇടം പിടിച്ചതോടെ പട്ടികക്കെതിരെ 16,73,422 പരാതികളാണ് ഭക്ഷ്യവകുപ്പിന് ലഭിച്ചത്. മത്സ്യത്തൊഴിലാളികളും ആദിവാസികളുമെല്ലാം ‘സമ്പന്നരുടെ പട്ടിക’യിൽ ഇടം പിടിച്ചു. ഡോക്ടർമാരും സർക്കാർ ജീവനക്കാരും, ബാങ്ക് മാനേജർമാരുമെല്ലാം ഒരു മാസംകൊണ്ട് ‘മുൻഗണന’ക്കാരായി. ലഭിച്ച പരാതികളിൽ 12,93,868 എണ്ണം ശരിയാണെന്ന് സർക്കാറിന് നേരിട്ട് ബോധ്യപ്പെട്ടു. തുടർന്ന് ഒരിക്കൽകൂടി റീ റാങ്കിങ് നടത്തി ഫെബ്രുവരിയിൽ അന്തിമപട്ടിക പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇതിൻമേലും മൂന്നുലക്ഷത്തോളം പരാതികളാണ് അതത് തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്ക് ലഭിച്ചിട്ടുള്ളത്. ഇവ പരിശോധിച്ചുവരുകയാണെന്നാന്ന് ഭക്ഷ്യമന്ത്രി പറയുന്നത്.
ഐക്യകേരള ചരിത്രത്തിലാദ്യമായി സംസ്ഥാനത്ത് റേഷൻ വിതരണം മുടങ്ങിത് ഈ സർക്കാറിെൻറ കാലത്താണ്. ഭക്ഷ്യഭദ്രതാനിയമത്തോടനുബന്ധിച്ച് എഫ്.സി.ഐ ഗോഡൗണുകളിലെ തൊഴിലാളികളുമായുള്ള അട്ടിക്കൂലി തർക്കമായിരുന്നു പ്രശ്നം. ‘ചായകുടി കാശി’െൻറ കാര്യത്തിൽ ആദ്യം തൊഴിലാളികളുമായി സർക്കാർ ഉടക്കിട്ടെങ്കിലും അവസാനം ഭക്ഷ്യഭദ്രത നിയമം പൂർണനിലയിൽ പ്രവർത്തിക്കുന്നതുവരെ അട്ടിക്കൂലി നൽകാൻ തീരുമാനിക്കുകയായിരുന്നു. അട്ടിക്കൂലി പ്രശ്നത്തിെൻറ മറവിൽ റേഷൻ വിതരണം സ്തംഭിച്ചതോടെ സംസ്ഥാനത്ത് ആദ്യമായി അരിവില അമ്പതിലേക്ക് എത്തിയത് സർക്കാറിനെ പ്രതിസന്ധിയിലാക്കി. ആന്ധ്രയിലെ വരൾച്ച മുന്നിൽ കണ്ട് ഭക്ഷ്യധാന്യം മുൻകൂറായി ശേഖരിക്കുന്നതിൽ സപ്ലൈകോയുടെ ഭാഗത്തുന്നിന്നുണ്ടായ വീഴ്ചയാണ് പൊതുവിപണയിലെ അരിവില വർധനക്ക് ഇടയാക്കിയത്. തുടർന്ന് സംസ്ഥാനത്ത് ഭക്ഷ്യവകുപ്പ് നേരിട്ട് അരിക്കടകൾ തുടങ്ങിയും സഹകരണ വകുപ്പിെൻറ നേതൃത്വത്തിൽ ബംഗാളിൽനിന്ന് അരികൊണ്ടുവന്നുമാണ് വില പിടിച്ചുനിർത്തിയത്.
സബ്സിഡി നിരക്കിൽ സംസ്ഥാനത്തിന് പഞ്ചസാര വിതരണം ചെയ്യുന്നതിലൂടെ പ്രതിമാസം 16 കോടിയുടെ അധിക ബാധ്യത ചൂണ്ടിക്കാട്ടി ഏപ്രിൽ മുതൽ സംസ്ഥാനത്തിനുള്ള പഞ്ചസാര വിതരണം കേന്ദ്രം നിർത്തിയത് സർക്കാറിന് മറ്റൊരു തിരിച്ചടിയായി. ഇതിന് പുറമെ സംസ്ഥാനത്തിനുള്ള മണ്ണെണ്ണ വിഹിതവും ഘട്ടം ഘട്ടമായി നിർത്തലാക്കാൻ നരേന്ദ്ര മോദി സർക്കാർ തീരുമാനിച്ചു കഴിഞ്ഞു. മൂന്നുമാസം കൂടുേമ്പാൾ അഞ്ച് ശതമാനം വീതം മണ്ണെണ്ണ വെട്ടിക്കുറക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം സംസ്ഥാന സർക്കാറിനെ അറിയിച്ചിട്ടുള്ളത്. സമ്പൂർണ വൈദ്യുതീകരണത്തിലേക്ക് നീങ്ങുന്ന സംസ്ഥാനത്തിന് എന്തിനാണ് മണ്ണെണ്ണയെന്നാണ് കേന്ദ്രത്തിെൻറ ചോദ്യം. എന്നാൽ, കേരളത്തിൽ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധന ബോട്ടുകളിൽ മെണ്ണണ്ണയാണ് ഉപയോഗിക്കുന്നതെന്നും ഹൈറേഞ്ചുകളിലും ധാരാളം പേർ തണുപ്പുകാലത്ത് മെണ്ണണ്ണയെ ആശ്രയിക്കാറുണ്ടെന്നും കേരളം അറിയിച്ചെങ്കിലും വെട്ടിക്കുറച്ച മണ്ണെണ്ണ പുനഃസ്ഥാപിക്കില്ലെന്ന നിലപാടിലാണ് കേന്ദ്രം.
മൊത്തവിതരണക്കാരെ ഒഴിവാക്കി മാർച്ചുമുതൽ സംസ്ഥാനത്തെ എട്ടു ജില്ലകളിൽ സർക്കാർ നേരിട്ട് വാതിൽപ്പടി വിതരണം ആരംഭിച്ചെങ്കിലും ഒന്നും കാര്യക്ഷമമല്ല. റേഷൻ സാധനങ്ങളുമായി പോകുന്ന വാഹനങ്ങളിൽ ജി.പി.എസ് ഘടിപ്പിക്കണമെന്ന് കേന്ദ്ര നിർദേശം ഉണ്ടെങ്കിലും നാളിതുവരെ ഒരൊറ്റ വാഹനത്തിൽപോലും ജി.പി.എസ് ഘടിപ്പിച്ചിട്ടില്ല. ഇതോടെ ഇപ്പോഴും റേഷനുമായി വരുന്ന വാഹനങ്ങൾ പോകുന്നത് കരിഞ്ചന്തയിലേക്കാണ്. മാസപ്പടി പഴയത്പോലെ വാങ്ങി ഒരു വിഭാഗം ഉദ്യോഗസ്ഥരും ഇതിന് കൂട്ടുനിൽക്കുന്നതാണ് ഭക്ഷ്യവകുപ്പിന് തിരിച്ചടിയാകുന്നത്.
മറിച്ചുവിൽപന
ഭക്ഷ്യഭദ്രതാ നിയമത്തിെൻറ മറ്റൊരു കാതലായ നിർദേശമായിരുന്നു റേഷൻകടകളിൽ ഇ^പോസ് മെഷീൻ സ്ഥാപിക്കണമെന്നത്. കടകളിൽ വെക്കുന്ന ഇ^പോസ് മെഷീനിൽ വിരൽ അമർത്തിയാൽ തെൻറ ഭക്ഷ്യധാന്യം വാങ്ങിയോ ഇല്ലെയോയെന്നും വാങ്ങിയെങ്കിൽ എത്ര ശതമാനമെന്നും ഉപഭോക്താവിന് മനസ്സിലാക്കാം. ഇതുവഴി റേഷൻകടകൾ വഴിയുള്ള മറിച്ചുവിൽപന തടയാം. പക്ഷേ, നിയമം നടപ്പായി ആറുമാസം പിന്നിട്ടിട്ടും സംസ്ഥാനത്ത് ഒരൊറ്റ കടകളിൽപോലും ഇ^പോസ് മെഷീൻ പ്രവർത്തിച്ച് തുടങ്ങിയിട്ടില്ല. ഇതോടെ നല്ലൊരു ശതമാനം ഭക്ഷ്യധാന്യവും റേഷൻ വ്യാപാരികൾ മറിച്ചുവിൽക്കുകയാണ്.
എഫ്.സി.ഐയിൽനിന്ന് സാധനങ്ങൾ എടുക്കുന്നതിന് സപ്ലൈകോ നൽകിയ ട്രാൻസ്പോർട്ട് കരാറുകാർക്കെതിരെ നിരവധി പരാതികളാണ് ഇതിനോടകം സർക്കാറിന് ലഭിച്ചിട്ടുള്ളത്. മുൻകാലങ്ങളിൽ റേഷൻ സാധനങ്ങൾ കരിഞ്ചന്തയിൽ വിൽക്കുന്നതിനിടയിൽ പൊലീസ് പിടിയിലായവരുടെ ബിനാമികൾക്കാണ് പല ജില്ലകളിലും സപ്ലൈകോ ട്രാൻസ്പോർട്ട് കാരാർ നൽകിയിരിക്കുന്നത്. ഇത്തരം കരാറുകളിലൂടെ കോടികളാണ് ഉദ്യോഗസ്ഥരുടെ പോക്കറ്റിലെത്തിയത്. അതോടൊപ്പം തന്നെ ഇ^പോസ് മെഷീനിെൻറ ടെൻഡർ നടപടികളിൽ പങ്കെടുത്ത കമ്പനികളിൽ അയോഗ്യരും ഉൾപ്പെട്ടിട്ടുള്ളതായി തെളിഞ്ഞിട്ടുണ്ട്.
ഭക്ഷ്യഭദ്രതാ നിയമം കാര്യക്ഷമമായി നടപ്പാക്കാൻ അധിക തസ്തികകൾ സൃഷ്ടിക്കണമെന്നാണ് കേന്ദ്രത്തിെൻറ മറ്റൊരു നിർദേശം. പദ്ധതി നിരീക്ഷിക്കാൻ സംസ്ഥാനതലത്തിൽ ഒരു ഭക്ഷ്യകമീഷൻ വേണം. ജില്ലകളിൽ പരാതി പരിഹാരത്തിനായി ജില്ലതല ഓഫിസർമാർ വേണം. സർക്കാർ ഗോഡൗണുകളിൽ ധാന്യങ്ങളുടെ കണക്കെടുപ്പിനും ഡോർ^ടു ഡോർ ഡെലിവറിക്കും ജീവനക്കാരെ ആവശ്യമുണ്ട്. ഇതിനായി 408 പുതിയ തസ്തികകൾ സൃഷ്ടിച്ചുകൊണ്ടുള്ള നിർദേശം ഭക്ഷ്യവകുപ്പ് ധന്യകാര്യവകുപ്പിന് കൈമാറിയെങ്കിലും മാസങ്ങളായി ഇതുസംബന്ധിച്ച ഫയൽ ധനകാര്യവകുപ്പിെൻറ മേശപ്പുറത്ത് കൂർക്കംവലിച്ച് ഉറങ്ങുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.