ഭക്ഷ്യസുരക്ഷ: സര്‍ക്കാര്‍ തോറ്റുപോയിരിക്കുന്നു
text_fieldsഭക്ഷ്യവിഷബാധയും അതേത്തുടര്‍ന്നുള്ള മരണങ്ങളും ഗുരുതര ആരോഗ്യപ്രശ്നങ്ങളും ദിനംപ്രതി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന അവസ്ഥയാണ് സംസ്ഥാനത്ത്. ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് സംസ്ഥാനത്ത് ആറുദിവസത്തിനിടെ രണ്ടുമരണം ഉണ്ടായെന്നത് ഞെട്ടിക്കുന്നതാണ്.
സര്‍ക്കാറിന്റെയും ആരോഗ്യ വകുപ്പിന്റെയും കെടുകാര്യസ്ഥതയാണ് വീടിനുപുറത്തിറങ്ങി ഭക്ഷണം കഴിക്കാന്‍പോലും സാധിക്കാത്ത അവസ്ഥയിലേക്കെത്തിച്ചത്. ഭക്ഷ്യസുരക്ഷ നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടു. ഭക്ഷ്യസുരക്ഷ ഉറപ്പാക്കേണ്ട സംസ്ഥാന ഭക്ഷ്യസുരക്ഷ വകുപ്പ് ഭക്ഷ്യവിഷബാധ സംബന്ധിച്ച വാര്‍ത്തകളും പരാതികളും ഉണ്ടാകുമ്പോള്‍ മാത്രം പരിശോധനക്കിറങ്ങുന്ന രീതിയാണ് സ്വീകരിക്കുന്നത്.
ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ കാലം മുതല്‍ക്കെ ദേശീയ ഭക്ഷ്യസുരക്ഷ സൂചികയില്‍ ഒന്നാം സ്ഥാനത്തായിരുന്ന കേരളം 2022 ആയപ്പോൾ ആറാം സ്ഥാനത്തായി. 2004ല്‍ സംസ്ഥാനത്ത് നിലവില്‍വന്ന ഭക്ഷ്യസുരക്ഷ നിയമത്തില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തുകയും ഭക്ഷ്യസുരക്ഷ വകുപ്പിന് എല്ലാ ജില്ലകളിലും സഞ്ചരിക്കുന്ന മൊബൈല്‍ ലാബ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ സജ്ജമാക്കുകയും ചെയ്തിട്ടുണ്ട്.
അങ്ങനെയുള്ള ഒരു വകുപ്പിന് കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ സാധിക്കാത്തത് ആരോഗ്യ വകുപ്പിന്റെയും സര്‍ക്കാറിന്റെയും പരാജയമല്ലാതെ മറ്റെന്താണ്? അശാസ്ത്രീയവും അപ്രായോഗികവുമായ നടപടിക്രമങ്ങളാണ് ഭക്ഷ്യസുരക്ഷ വകുപ്പില്‍ നടക്കുന്നത്. ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥന് സ്റ്റാറ്റ്യൂട്ടറിയായി പ്രതിമാസം രണ്ട് സാമ്പിള്‍ മാത്രം എടുത്താല്‍ മതിയെന്നതാണ് നിലവിലെ നിർദേശം.
അതില്‍ കൂടുതല്‍ നോണ്‍ സ്റ്റാറ്റ്യൂട്ടറി സാമ്പിളുകള്‍ ശേഖരിച്ചാല്‍ അതിന് നിയമപരിരക്ഷ ലഭിക്കില്ല. അതായത്, നോണ്‍ സ്റ്റാറ്റ്യൂട്ടറി സാമ്പിളില്‍ വിഷാംശം കണ്ടെത്തിയാലും നിയമനടപടികള്‍ ഉള്‍പ്പെടെയുള്ളവ സ്വീകരിക്കാനാവില്ല. നിലവില്‍ അതത് ജില്ലകളില്‍ തന്നെയുള്ള ഉദ്യോഗസ്ഥരാണ് ഹോട്ടലുകളില്‍ പരിശോധന നടത്തുന്നത്. ഉദ്യോഗസ്ഥരുമായുള്ള വ്യാപാരികളുടെ സൗഹൃദവും പരിചയവും പരിശോധനയുടെ ഉദ്ദേശ്യശുദ്ധി ഇല്ലാതാക്കുകയും അഴിമതിക്ക് കളമൊരുക്കുകയും ചെയ്യും.
ഇതിന് പരിഹാരമായി മറ്റ് ജില്ലകളിലെ ഉദ്യോഗസ്ഥരെ പരിശോധനക്ക് നിയോഗിക്കുന്ന ഇന്റര്‍ ഡിസ്ട്രിക്ട് സ്ക്വാഡുകള്‍ ഭക്ഷ്യസുരക്ഷ വകുപ്പില്‍ ഉണ്ടായിരുന്നു. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് ഈ രീതി ഫലപ്രദമായി നടപ്പാക്കിയതുമാണ്. ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥര്‍ പൂട്ടിക്കുന്ന ഹോട്ടലുകള്‍ തുറക്കുന്നതുസംബന്ധിച്ച് ഭക്ഷ്യസുരക്ഷ കമീഷണര്‍ നടപടിയെടുക്കണമെന്നാണ് സര്‍ക്കാറിന്റെ അശാസ്ത്രീയമായ മറ്റൊരു നിർദേശം.
എല്ലാ ജില്ലകളിലുമുള്ള ഹോട്ടലുകളും ഭക്ഷണശാലകളും പരിശോധിച്ച് ഭക്ഷ്യസുരക്ഷ കമീഷണര്‍ തീരുമാനം കൈക്കൊള്ളുന്നതില്‍ എന്ത് പ്രായോഗികതയാണുള്ളത്? യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്തുണ്ടായിരുന്ന രീതി അനുസരിച്ച് ജില്ല കലക്ടര്‍, ജില്ല മെഡിക്കല്‍ ഓഫിസര്‍, ഭക്ഷ്യസുരക്ഷ വകുപ്പ് എന്നിവരുടെ പ്രതിനിധികള്‍ ഉള്‍പ്പെട്ടിരുന്ന ജില്ലതല കമ്മിറ്റിയാണ് തീരുമാനമെടുത്തിരുന്നത്. ഈ രീതിയും സര്‍ക്കാർ അട്ടിമറിച്ചു.
പരിശോധന സ്ക്വാഡുകള്ക്കുപുറമെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ക്വിക് റെസ്പോണ്‍സ് സ്ക്വാഡുകളുടെ പ്രവര്‍ത്തനവും സര്‍ക്കാര്‍ അവസാനിപ്പിച്ചു. ഏതുസമയത്തും ഈ സ്ക്വാഡ് പരിശോധന നടത്തി, ഹോട്ടലുകളില്‍ മത്സ്യവും മാംസവും സൂക്ഷിക്കുന്ന ഫ്രീസറുകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ രാത്രിയിലും പ്രവര്‍ത്തനസജ്ജമാണോയെന്ന് പരിശോധിക്കുമായിരുന്നു. ക്വിക് റെസ്പോണ്‍സ് സ്ക്വാഡുകളെ നിര്‍ജീവമാക്കിയതോടെ ഈ പരിശോധനയും നിലച്ചു.
ആര്യങ്കാവ്, അമരവിള, വാളയാര്‍, മുത്തങ്ങ എന്നിവിടങ്ങളില്‍ സംസ്ഥാനത്തേക്ക് കൊണ്ടുവരുന്ന മത്സ്യവും മാംസവും പാലും പച്ചക്കറികളും പരിശോധിക്കാന്‍ സ്ഥിരം ചെക്ക്പോസ്റ്റുകളും ഓഫിസ് സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടും അത് ഉദ്യോഗസ്ഥ ലോബി അട്ടിമറിച്ചു.
സംസ്ഥാനത്ത് ഭക്ഷണം പരിശോധിക്കാനുള്ള എന്‍.എ.ബി.എല്‍ അനലറ്റിക്കല്‍ ലാബുകള്‍ സജ്ജമാണെങ്കിലും ഭക്ഷണപദാർഥങ്ങളിലെ രാസപരിശോധന മാത്രമാണ് കുറച്ചെങ്കിലും നടത്തുന്നത്. എന്നാല്‍, ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന പദാർഥങ്ങള്‍ കണ്ടെത്തണമെങ്കില്‍ മൈക്രോ ബയോളജി പരിശോധന നടത്തേണ്ടതുണ്ട്.
മൈക്രോ ബയോളജി സംവിധാനങ്ങള്‍ ഒരുക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ മൂന്നുകോടി രൂപ നല്‍കിയെങ്കിലും ഒരു വര്‍ഷമായിട്ടും വിനിയോഗിക്കാന്‍ സംസ്ഥാനം തയാറായിട്ടില്ല. അതുകൊണ്ടുതന്നെ ഭക്ഷ്യ വിഷബാധയുമായി ബന്ധപ്പെട്ട ക്രിമിനല്‍ കേസുകളില്‍ മതിയായ തെളിവുകള്‍ ഹാജരാക്കാനാവാത്ത അവസ്ഥയാണ്. നിലവിലെ ഗുരുതരമായ അവസ്ഥ മറികടക്കാന്‍ മുഖ്യമന്ത്രി അടിയന്തര ഇടപെടല്‍ നടത്തേണ്ടതുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.