ജനങ്ങള്‍ സ്നേഹിച്ച കമ്യൂണിസ്റ്റ്
text_fieldsഞായറാഴ്ച രാത്രി ദൃശ്യമാധ്യമങ്ങള്‍ എഴുതിക്കാണിച്ചപ്പോഴാണ് കമ്യൂണിസ്റ്റ് നേതാവ് ടി.കെ. പളനി നിര്യാതനായ വാര്‍ത്ത അറിഞ്ഞത്. അന്വർഥമായി കമ്യൂണിസ്റ്റ് നേതാവെന്ന വിശേഷണം പലതുകൊണ്ടും. സര് സി.പിയുടെ നിറത്തോക്കേന്തിയ പൊലീസിനെ എതിരിട്ട, തൊഴിലാളികളുടെ വയലാര്‍ സമരഭൂമിയോട് ചേര്‍ന്ന മാരാരിക്കുളത്ത് വെടിയേറ്റുമരിച്ച രക്തസാക്ഷി തോപ്പില്‍ കുമാരെൻറ സഹോദരനാണ് പളനി. പതിനാലാം വയസ്സില്‍ പഠിപ്പുനിര്‍ത്തി കയര്‍ ഫാക്ടറി തൊഴിലാളിയായി പൊതുപ്രവര്‍ത്തനത്തിലേക്കു കടന്ന പളനി സഹോദരെൻറ രക്തസാക്ഷിത്വത്തിെൻറ മഹത്ത്വം സ്വജീവിതത്തിലൂടെ ഉയര്‍ത്തിപ്പിടിച്ച കമ്യൂണിസ്റ്റാണ്. അവിഭക്ത കമ്യൂണിസ്റ്റു പാര്‍ട്ടിയിലും സി.പി.എമ്മിലും ഒരേസമയം സംഘാടകനും ആശയപരമായി നൂറുകണക്കില്‍ തൊഴിലാളി- പാര്‍ട്ടി പ്രവര്‍ത്തകരെ ആയുധമണിയിച്ച പാര്‍ട്ടി അധ്യാപകനും.
ജീവിതസായാഹ്നത്തില്‍ സംഘടനാപരമായി സി.പി.എമ്മിൽനിന്ന് അകലേണ്ടിവന്നു. മരണം കാന്‍സറിെൻറ രൂപത്തില്‍ പിടിമുറുക്കുകയാണെന്നു കണ്ടപ്പോള്‍ കമ്യൂണിസ്റ്റായി മരിക്കണമെന്നാഗ്രഹിച്ച് സി.പി.ഐയില്‍ ചേർന്നു. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് നേരിൽ വന്നാണ് പളനിയെ സി.പി.ഐയിലേക്ക് സ്വീകരിച്ചത്. ജീവിതത്തിലും മരണത്തിലും കമ്യൂണിസം മുറുകെപ്പിടിച്ച ഒരാള്‍ക്ക് ഏറ്റവും അര്‍ഹവും ഉചിതവുമായ വിശേഷണം കമ്യൂണിസ്റ്റ് നേതാവ് എന്നതുതന്നെ.
തിങ്കളാഴ്ച കഞ്ഞിക്കുഴിയിലെ വസതിയില്‍ അന്ത്യദര്‍ശനത്തിനു വെച്ചപ്പോഴും മൃതദേഹം ചിതയിലേക്കെടുത്തപ്പോഴും ആലപ്പുഴ ജില്ലയിൽനിന്നു മാത്രമല്ല, പുറംദേശങ്ങളിൽനിന്നുപോലും അവിടേക്കൊഴുകിെയത്തിയ വന്‍ജനാവലി നല്‍കിയത് ഒരു യഥാർഥ കമ്യൂണിസ്റ്റുനേതാവിനു മാത്രം ലഭിക്കുന്ന അന്ത്യാഭിവാദ്യമായിരുന്നു. ദൃശ്യമാധ്യമങ്ങള്‍ സ്ക്രോള്‍ ചെയ്തുകൊണ്ടിരുന്ന പളനിയുടെ മരണവാര്‍ത്തയില്‍ ഇങ്ങനെ ഒരു വിശദീകരണമുണ്ടായിരുന്നു: വി.എസ്. അച്യുതാനന്ദന് മാരാരിക്കുളത്ത് സ്ഥാനാർഥിയായി മത്സരിച്ചപ്പോള്‍ അദ്ദേഹത്തിെൻറ തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയായിരുന്നു പളനി എന്ന്. കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ചരിത്രത്തില്‍ ധീരരക്തസാക്ഷികളുടെ പേരില്‍ ഇടംനേടിയ സ്ഥലനാമമാണ് മാരാരിക്കുളം. സി.പി.എമ്മിെൻറ വിഭാഗീയ രാഷ്ട്രീയ ചരിത്രവുമായി ബന്ധപ്പെട്ട് മലയാളികളുടെ മനസ്സിലേക്ക് കുത്തിക്കയറിയ ഒരിടമായി പിന്നീട് മാരാരിക്കുളം.
1996ല്‍ ഇടതുമുന്നണി ജയിച്ചാല്‍ മുഖ്യമന്ത്രി ആകേണ്ടിയിരുന്ന വി.എസ്. അച്യുതാനന്ദന് മാരാരിക്കുളം മണ്ഡലത്തില്‍ അപ്രതീക്ഷിതമായി പരാജയപ്പെട്ടു. ചില്ലു കീറുന്നതുപോലെ വിഭാഗീയത കേരളത്തില്‍ സി.പി.എമ്മിെൻറ കരള്‍ പിളര്‍ന്ന നിര്‍ഭാഗ്യകരമായ ചരിത്രത്തിെൻറ തുടക്കം ആ തോല്‍വിയിൽ നിന്നായിരുന്നു.ചരിത്രസംഭവങ്ങള്‍ വീണ്ടും അതേ സ്ഥലനാമത്തിലും വ്യക്തികളുടെപേരിലും ആവര്ത്തിക്കുമെന്നതിനെക്കുറിച്ച് മാര്‍ക്സ് പറഞ്ഞിട്ടുണ്ട്: അതു പക്ഷേ, പ്രഹസനവും ദുരന്തവും ആയിരിക്കുമെന്ന് മാത്രം. അങ്ങനെ മാരാരിക്കുളത്തും ചരിത്രം പ്രഹസനവും ദുരന്തവുമായി അവതരിച്ചപ്പോഴാണ് ടി.കെ. പളനി ദുരന്ത കഥാപാത്രമായത്. ഗ്രൂപ്പിസത്തിെൻറ പേരില്‍ സി.ഐ.ടി.യു വിഭാഗം ഗൂഢാലോചന നടത്തി മാരാരിക്കുളത്ത് വി.എസിനെ തോല്പിക്കുകയായിരുന്നു എന്ന കുപ്രചാരണം സി.പി.എമ്മിനകത്തും പുറത്തും ആഞ്ഞടിച്ചു. അതിെൻറ ഉത്തരവാദിത്തം അവിടെ തെരഞ്ഞെടുപ്പു കമ്മിറ്റി സെക്രട്ടറിയായിരുന്ന ടി.കെ. പളനിയുടെ തലയില്‍ കെട്ടിയേല്പിച്ച് പാര്‍ട്ടി നടപടിയെടുത്തു. ഒരു യഥാർഥ കമ്യൂണിസ്റ്റായിരുന്ന, രക്തസാക്ഷി കുടുംബാംഗമായിരുന്ന പളനി മനസാവാചാ അറിയാത്ത ഒരു കുറ്റത്തിന് ഇരയാക്കപ്പെടുകയായിരുന്നു.
മാരാരിക്കുളം തെരഞ്ഞെടുപ്പില്‍ വി.എസിനെ തോല്പിക്കാന് ഒരു ഗൂഢാലോചന നടന്നിരുന്നെന്ന് പിന്നീട് ബോധ്യപ്പെട്ട ഒരാളാണ് ഈ ലേഖകന്‍. വി.എസിനെ ക്രൂശിതനാക്കി പാര്‍ട്ടിയിലെ വിഭാഗീയത ആളിക്കത്തിക്കാനായിരുന്നു യഥാര്‍ഥ ഗൂഢാലോചനക്കാര്‍ ശ്രമിച്ചത്. മാരാരിക്കുളത്തു മാത്രമല്ല ആലപ്പുഴയില്‍ നിന്നുതന്നെ വി.എസിനെ തെരഞ്ഞെടുപ്പില്‍ കെട്ടുകെട്ടിക്കാനുള്ള ലക്ഷ്യവും അതിനുപിന്നിലുണ്ടായിരുന്നു. പക്ഷേ, ടി.കെ. പളനി പാര്‍ട്ടിയുടെ ശിക്ഷ ഏറ്റുവാങ്ങുകയും ഒരു പതിറ്റാണ്ട് പാര്‍ട്ടിക്കുപുറത്ത് ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുകയും ചെയ്തു. അക്കാലത്താണ് കഞ്ഞിക്കുഴിയിലെ ശ്രദ്ധേയമായ പുരോഗമന വായനശാലയും യുവാക്കളെ കായികമായി വളര്‍ത്തുന്ന കളിയിടവും സ്ഥാപിച്ചത്. ഒരു ഗ്രാമത്തെ കായികമായും അക്ഷരങ്ങളിലൂടെയും വളര്‍ത്തിയ ആളെന്ന് ആ ലൈബ്രറിയുടെ പ്രവര്‍ത്തകര്‍ തിങ്കളാഴ്ച വഴിയോരങ്ങളില്‍ എഴുതിവെച്ച് പളനിക്ക് ആദരാജ്ഞലി അര്‍പ്പിച്ചു.
പത്തുവര്‍ഷത്തിനുശേഷം സി.പി.എമ്മിലും മാരാരിക്കുളം ഏരിയ കമ്മിറ്റിയിലും തിരിെച്ചത്തിയത് കമ്യൂണിസ്റ്റായി ജീവിക്കണമെന്ന ദൃഢനിശ്ചയംകൊണ്ടായിരുന്നു. ഏരിയ സമ്മേളനത്തില്‍ ഒൗദ്യോഗികപാനലിനെ പരാജയപ്പെടുത്തി വിജയിച്ച പളനിയടക്കമുള്ളവരുടെ കമ്മിറ്റിയെ നേതൃത്വം പിരിച്ചുവിട്ടു. അതിനെതിരെ മാരാരിക്കുളത്തെ കമ്യൂണിസ്റ്റ് ബോധമുള്ള അണികള്‍ നടത്തിയ പരസ്യമായ സമരം കേരളത്തിെൻറയാകെ ശ്രദ്ധ പിടിച്ചുപറ്റി.
എന്തുകൊണ്ട് ടി.കെ. പളനി സി.പി.എം വിട്ട് സി.പി.ഐയില്‍ പോയി എന്ന ചോദ്യം അവശേഷിക്കുന്നു. കമ്യൂണിസ്റ്റായി മരിക്കാന്‍ എന്ന പളനിയുടെ മറുപടിയില്‍ പല മാനങ്ങളുമുണ്ട്. പി. കൃഷ്ണപിള്ള കഞ്ഞിക്കുഴിക്കടുത്തുള്ള കണ്ണര്‍കാട്ടെ വീട്ടില്‍ ഒളിവില്‍ കഴിയുമ്പോള്‍ പാമ്പുകടിയേറ്റ് മരിച്ച വീട് സി.പി.എം പിന്നീട് സഖാവിെൻറ സ്മാരകമാക്കി. രാത്രി അജ്ഞാതര്‍ സ്മാരകത്തിന് തീവെച്ചു. വിവരമറിഞ്ഞ് ഓടിയെത്തിയ പളനിക്ക് ആ കടുംകൈ സി.പി.എമ്മിൽനിന്നുള്ള ചിലരുടെ ഗൂഢാലോചനയുടെ ഭാഗമാണെന്ന് മനസ്സിലായി. അതിെൻറ രാഷ്ട്രീയ ലക്ഷ്യങ്ങളും.
അതേക്കുറിച്ച് പാര്‍ട്ടി അന്വേഷണം നടത്തണമെന്നും കുറ്റവാളികളെയും ഗൂഢാലോചനക്കാരെയും പുറത്തുകൊണ്ടുവരണമെന്നും പളനി ജില്ല-സംസ്ഥാന നേതൃത്വങ്ങളോട് ആവശ്യപ്പെട്ടു. പാര്‍ട്ടി അന്വേഷണം ഉണ്ടായില്ല. പാര്‍ട്ടി അധികാരത്തില്‍ ഇരുന്നിട്ടും പൊലീസ് അന്വേഷണത്തിനും ഫലമുണ്ടായില്ല. ഇതിെൻറ ദുഃഖവും നിരാശയും പളനി ഈ ലേഖകനെ കണ്ടു സംസാരിച്ചിരുന്നു. ടി.കെ. പളനിക്കെതിരെ വി.എസ് വിഷയത്തില്‍ സംസ്ഥാന കമ്മിറ്റിയില്‍ നടന്ന ഉള്‍പ്പാര്‍ട്ടി ചര്‍ച്ചകളില്‍ ഭാഗഭാക്കായിരുന്നു ഈ ലേഖകന്‍. ആര്‍ക്കൊക്കെയോ വേണ്ടി പളനിയെ ബലിയാടാക്കുകയായിരുന്നു എന്നും വ്യക്തമായിരുന്നു. മാരകമായ രോഗത്തെക്കാള്‍ കടുത്ത വേദനയാണ് ഈ രണ്ടു സംഭവങ്ങളും മരണംവരെ അദ്ദേഹത്തിനു നല്‍കിയത്. അദ്ദേഹത്തിെൻറ വേര്‍പാടിെൻറ വേദനിപ്പിക്കുന്ന ഈ സന്ദര്‍ഭത്തില്‍ ഇത്രയെങ്കിലും പറയാതിരിക്കുന്നത് അനുചിതമാവും. ആലപ്പുഴയിലെ വലിയചുടുകാട്ടില്‍ അന്ത്യവിശ്രമം കൊള്ളുന്ന രക്തസാക്ഷികളുടെ വിപ്ലവമനസ്സും പാരമ്പര്യവും സ്വന്തം ജീവിതത്തില്‍ വിട്ടുവീഴ്ചയില്ലാതെ ഉയര്‍ത്തിപ്പിടിച്ച ടി.കെ. പളനി എന്ന കമ്യൂണിസ്റ്റിന് അന്തിമാഭിവാദ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.