ഇടതുഭരണത്തിലെ സംവരണ അട്ടിമറി
text_fieldsകേരളത്തിൽ ഇടതുമുന്നണി അധികാരത്തിൽ എത്തിയത് പിന്നാക്ക വിഭാഗക്കാരും പട്ടികജാതി/വർഗക്കാരും അവരോട് കൂടുതൽ ആഭിമുഖ്യം കാട്ടിയതുകൊണ്ടാണ്. ഇടതുമുന്നണിക്ക് ലഭിച്ച 85 ശതമാനം വോെട്ടങ്കിലും ഇൗ വിഭാഗക്കാരിൽനിന്ന് ലഭിച്ചതാണ് എന്നതിന് സംശയംവേണ്ട. കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിൽ എൽ.ഡി.എഫിന് വൻ വിജയം നേടാനായതുതന്നെയാണ് ഇതിന് തെളിവ്. പിന്നാക്ക വിഭാഗക്കാർക്ക് ആധിപത്യമുള്ള ജില്ലകളാണ് ഇവ. എന്നാൽ, സവർണാധിപത്യം കൂടുതലുള്ള തിരുവനന്തപുരം ജില്ലയിൽ ഇടതുമുന്നണി പിന്നാക്കം പോയതുതന്നെ ആ വിഭാഗക്കാരുടെ വോട്ട് ആർക്കാണ് കിട്ടിയത് എന്ന് വ്യക്തമാക്കുന്നു. മലബാർ മേഖലയിൽ പരമ്പരാഗതമായി ഇടതുപക്ഷത്തിനും യു.ഡി.എഫിനും കിട്ടുന്ന വോട്ടുകളുടെ പാറ്റേണിൽ കാര്യമായ മാറ്റം വന്നിട്ടില്ല എന്നതും ഇൗ നിരീക്ഷണത്തോടൊപ്പം കൂട്ടിവായിക്കാം. പിന്നാക്ക വിഭാഗക്കാർക്ക് ആധിപത്യമുള്ള മേഖലയാണിതും.
ഇൗ നിരീക്ഷണം ഇവിടെ സൂചിപ്പിച്ചത് ഇടതുമുന്നണി അധികാരത്തിൽ എത്തിയ ശേഷം പിന്നാക്ക വിഭാഗക്കാരോട് കാട്ടുന്ന അവഗണനയും ഒപ്പം മുന്നാക്ക വിഭാഗങ്ങളോട് കാട്ടുന്ന പ്രീണനവും നീതീകരിക്കാനാവില്ല എന്നു സൂചിപ്പിക്കാനാണ്. ദേവസ്വം ബോർഡിലെ നിയമനത്തിൽ സാമ്പത്തിക സംവരണം ഏർപ്പെടുത്തുക, കേരള സർവകലാശാലയിൽ പിന്നാക്ക വിഭാഗക്കാർക്ക് നിയമപരമായ സംവരണാനുകൂല്യം അനുവദിക്കുന്നതിനെ എതിർക്കുക, പുതുതായി രൂപവത്കരിക്കുന്ന കേരള അഡ്മിനിസ്ട്രേറ്റിവ് സർവിസിൽ (കെ.എ.എസ്) സംവരണം നിഷേധിക്കുക തുടങ്ങി ഇൗ വിധമുള്ള അവഗണനക്ക് പിന്നാക്കക്കാർ പാത്രീഭൂതമായിക്കൊണ്ടിരിക്കുന്നു. ഇൗ നടപടികളിലൊക്കെ തെളിഞ്ഞ മുന്നാക്ക സമുദായ പ്രീണനം കാണാനാവും. പൊതുമേഖല സ്ഥാപനങ്ങളിെല ഭരണസമിതികൾ, ഇതര സർക്കാർ സംരംഭങ്ങളിലും സർവകലാശാലകൾ ഉൾപ്പെടെ സ്വയംഭരണസ്ഥാപനങ്ങളിലും നടന്ന നോമിനേഷനുകളിലും നിയമനങ്ങളിലും പിന്നാക്കവിഭാഗക്കാരെ പാടെ അവഗണിച്ചതും ഇതിനോടൊപ്പംകൂട്ടി വായിക്കുേമ്പാൾ പ്രശ്നത്തിെൻറ ഗൗരവം വർധിക്കുന്നു.
കേരളത്തിലെ ജനസംഖ്യയിൽ ഏതാണ്ട് 85ശതമാനം പേർ പിന്നാക്ക വിഭാഗത്തിലും പട്ടികജാതി/വർഗ വിഭാഗങ്ങളിലുംെപടുന്നു. അതായത്, ജനസംഖ്യയിലെ 15 ശതമാനത്തോളം വരുന്നവരുടെ പ്രതിനിധികൾ സർക്കാർ സംവിധാനത്തിലെ ഭരണക്കാരും 85ശതമാനം വരുന്നവരുടെ പ്രതിനിധികൾ ഭരണീയരും ആയി മാറിയ ദുരവസ്ഥയാണ് സംസ്ഥാനത്ത് വന്നു ഭവിച്ചിരിക്കുന്നത്. ഇവർക്ക് അച്ചടി- ഇലക്ട്രോണിക് മാധ്യമങ്ങളുടെ അകമഴിഞ്ഞ പിന്തുണ ലഭിക്കുന്നു. അതുകൊണ്ടുതന്നെ പിന്നാക്ക വിഭാഗക്കാരുടെ അവകാശത്തിനുവേണ്ടിയുള്ള പ്രസ്താവനകളും വാർത്തകളും സമരങ്ങളും അർഹമായ പ്രാധാന്യം ലഭിക്കാതെ തിരസ്കരിക്കപ്പെടുന്നു. എന്നാൽ, പിന്നാക്ക-പട്ടികജാതി/വർഗ വിഭാഗങ്ങളിൽപ്പെട്ട ഉന്നത ഉദ്യോഗസ്ഥരുടെയും ഭരണരംഗങ്ങളിലുള്ളവരുടെയും പേരിൽ ചമക്കപ്പെടുന്ന വ്യാജ പ്രചാരണങ്ങൾ രാഷ്ട്രീയഭേദമില്ലാതെ മാധ്യമങ്ങളിലൂടെ ജനസമൂഹത്തിൽ എത്തുകയും ചെയ്യുന്നു. ശരിതെറ്റുകൾ പോലും പരിശോധിക്കപ്പെടാതെയാണ് ഇത്തരം വ്യാജ വാർത്തകൾ പ്രചരിക്കപ്പെടുന്നതെന്നത് അപലപനീയമാണ്.
നൂറ്റാണ്ടുകളായി സാമൂഹികവും വർഗീയവുമായ കാഴ്ചപ്പാടോടെ ഒരു വിഭാഗത്തെ അധികാരസ്ഥാനങ്ങളിൽനിന്നും ഒഴിച്ചുനിർത്തിയിരുന്നു എന്നും ജാതിപരമായ വേർതിരിവാണ് ഇതിലെ അടിസ്ഥാന ഘടകമായിരുന്നതെന്നും ഏവർക്കും അറിവുള്ള ചരിത്രസത്യമാണ്. ഇങ്ങനെ മനഃപൂർവം ഒഴിവാക്കി നിർത്തിയവരെ മുഖ്യധാരയിലും ഭരണത്തിലും അധികാരത്തിലും എത്തിക്കുന്നതിനാണ് ഇന്ത്യൻ ഭരണഘടനയിൽ സംവരണാനുകൂല്യം ഉറപ്പാക്കിയിരിക്കുന്നത്. ജാതീയമായ വേർതിരിവിനെ അതിജീവിക്കാനും ജനസംഖ്യാനുപാതികമായി ഭരണസംവിധാനത്തിൽ അവരെ എത്തിക്കാനും ജാതി അടിസ്ഥാനത്തിലുള്ള സംവരണം അല്ലാതെ മറ്റ് പോംവഴികൾ ഒന്നുമില്ല എന്ന് ഭരണഘടന ശിൽപികൾക്ക്തന്നെ മനസ്സിലായിരുന്നു. തൊഴിലാളികളും തൊഴിലുടമകളും തമ്മിൽ ഏറ്റുമുട്ടാനും തൊഴിലാളി വർഗാധിപത്യം സ്ഥാപിക്കാനും ആഹ്വാനംചെയ്ത കാൾ മാർക്സിനുപോലും ഇന്ത്യയിലെ വർഗസമരത്തെക്കുറിച്ച് വിഭിന്നാഭിപ്രായമാണുണ്ടായിരുന്നത്. ഇന്ത്യയിൽ ജാതിയാണ് വർഗപരമായ വ്യത്യാസത്തിന് കാരണമായതെന്നാണ് മാർക്സിയൻ മതം.
ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടികൾ സാമുദായിക സംവരണാനുകൂലികളായത് മേൽസൂചിപ്പിച്ച ചരിത്രപശ്ചാത്തലം നിലനിൽക്കുന്നതുകൊണ്ടാണ്. ഇൗ ചരിത്രപശ്ചാത്തലവും സാമൂഹികക്രമവും സാമുദായിക സംവരണം ഏർപ്പെടുത്തിയിട്ടുപോലും കാര്യമായ തോതിൽ മാറ്റത്തിന് വിധേയമാകാതെ നിലനിൽക്കുന്നു. പിന്നാക്ക- പട്ടികജാതി/വർഗ വിഭാഗങ്ങൾക്ക് ഭരണസംവിധാനത്തിൽ അർഹമായ പ്രാതിനിധ്യം സംവരണാനുകൂല്യം ഭരണഘടനാപരമായി അനുവദിച്ചിട്ടുപോലും ലഭ്യമായിട്ടില്ല. സംവരണാനുകൂല്യം എർപ്പെടുത്താൻ കഴിയാതെപോയ ഇടങ്ങളിലും വൈകി ഏർപ്പെടുത്തിയ ഇടങ്ങളിലും പിന്നാക്കവിഭാഗങ്ങളുടെ നില പരിതാപകരമാണ്. സംസ്ഥാനത്തെ ദേവസ്വം ബോർഡുകളിൽ ഇൗയിടെയാണ് പൊതുനിയമന സംവിധാനം നിലവിൽവന്നത്. ഹിന്ദു മതത്തിൽപ്പെട്ടവർക്കാണ് ദേവസ്വം ബോർഡിെൻറ കീഴിലുള്ള സ്ഥാപനങ്ങളിൽ നിയമനം ലഭിക്കാൻ അർഹതയുള്ളത്. ഹിന്ദു മതത്തിൽപ്പെട്ട മുന്നാക്ക വിഭാഗക്കാർ മൊത്തം ജനസംഖ്യയുടെ ഏതാണ്ട് പത്തുശതമാനം വരും. ഇൗ പത്തുശതമാനം മുന്നാക്കവിഭാഗത്തിന് ഇതിനകം ദേവസ്വം ബോർഡുകളിലെ 96 ശതമാനം ഉദ്യോഗങ്ങളിലും തൊഴിലുകളിലും നിയമനം നേടാനായിട്ടുണ്ട്. ഇൗയിടെയാണ് ദേവസ്വം ബോർഡിലെ നിയമനങ്ങളിൽ ഹിന്ദു മതത്തിൽപ്പെട്ട പിന്നാക്ക-പട്ടികജാതി/വർഗങ്ങൾക്ക് സംവരണാനുകൂല്യം നൽകാൻ തീരുമാനമായത്. അപ്പോഴാണ് ഇടതുപക്ഷ സർക്കാറിന് സാമ്പത്തികസംവരണം എന്ന ആശയംകൂടി നടപ്പാക്കണമെന്ന ചിന്ത വന്നത്.
സാമ്പത്തിക സംവരണം എന്ന ആശയംതന്നെ ഭരണഘടനവിരുദ്ധമാണ്. ദേവസ്വം ബോർഡിലെ 96ശതമാനം നിയമനങ്ങളും കരസ്ഥമാക്കിക്കഴിഞ്ഞ മുന്നാക്ക വിഭാഗങ്ങളിലെ പാവപ്പെട്ടവർക്ക് പത്തുശതമാനം സംവരണാനുകൂല്യം വേണമെന്നത് ആ വിഭാഗത്തോടുള്ള പ്രീണനം അല്ലാതെ മറ്റെന്താണ്? അഥവാ ജാതിചിന്ത ഇല്ലാത്തവരെന്ന വാദവുമായി ഇടതുപക്ഷ മുന്നണി സാമ്പത്തിക സംവരണം ദേവസ്വം ബോർഡിൽ നടപ്പാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ജാതിഭേദെമന്യേ പിന്നാക്ക-മുന്നാക്ക വിഭാഗങ്ങളിൽപ്പെട്ട സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സംവരണാനുകൂല്യം നൽകുകയല്ലേ വേണ്ടത്?
ഇതിലും വലിയ അന്യായമാണ് പുതുതായി രൂപവത്കരിച്ച കെ.എ.എസിൽ മൂന്നിൽ രണ്ടു ഒഴിവുകളിൽ സംവരണാനുകൂല്യം പാെട വേണ്ടെന്നുവെച്ചിരിക്കുന്നത്. കെ.എ.എസിലെ മൊത്തം ഒഴിവുകളിൽ മൂന്നിലൊന്ന് പി.എസ്.സിയിലൂടെയും മൂന്നിൽ രണ്ട് സർക്കാർ സംവിധാനത്തിലൂടെയും ആണ് നടക്കുന്നതെന്ന് ഇതു സംബന്ധിച്ച സ്പെഷൽ നിയമം വ്യക്തമാക്കുന്നു. കെ.എ.എസിൽ നിയമിക്കപ്പെടുന്ന ഒരാൾക്ക് എട്ടുവർഷത്തെ സേവനം പൂർത്തിയാക്കിയാൽ െഎ.എ.എസിലേക്ക് കടക്കാം. അതായത് ഇപ്പോൾതന്നെ നേരിട്ടുള്ള നിയമനത്തിലൂടെയും പ്രമോഷൻ വഴിയുള്ള നിയമനത്തിലൂടെയും കേരളത്തിലെ െഎ.എ.എസ് കേഡറിൽ സവർണാധിപത്യമാണ്. ഇത് വരും വർഷങ്ങളിൽ മാറ്റമില്ലാതെ തുടരുന്നതിന് െഎ.എ.എസിെൻറ ‘ഫീഡർ’ സർവിസായ കെ.എ.എസിൽ മൂന്നിൽ രണ്ട് നിയമനങ്ങൾക്ക് സംവരണമേ വേെണ്ടന്ന് ‘ഇടതുപക്ഷ സർക്കാർ’ തീരുമാനിച്ച് ഉറപ്പിച്ചിരിക്കുന്നു.
ഒാപൺ ഒഴിവുകൾ എന്നാൽ മുന്നാക്ക വിഭാഗത്തിന് എന്ന് കേരളത്തിൽ ഒരു ചിന്താപദ്ധതി ആവിഷ്കരിച്ച് നടപ്പാക്കിയത് സർവകലാശാലകളാണ്. ഭരണഘടനപരമായ സംവരണതത്ത്വത്തിെൻറയും ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം എന്ന സാമൂഹിക നീതിയുെടയും കടുത്ത ലംഘനമാണിത്. മൊത്തം ഒഴിവുകളെ ഒാപൺ ഒഴിവുകൾ എന്നും സംവരണ വിഭാഗങ്ങൾക്ക് നീക്കിവെച്ച ഒഴിവുകൾ എന്നും നിർണയിക്കുേമ്പാൾ അടിസ്ഥാനപരമായ ഒരു സാമൂഹിക നീതി അതിൽ അന്തർലീനമായിട്ടുണ്ട്. ഉദാഹരണമായി സംസ്ഥാനത്തെ ജനസംഖ്യയുടെ 24 ശതമാനം മുസ്ലിം വിഭാഗത്തിൽപ്പെട്ടവരാണ് എന്നിരിക്കെട്ട. ഇവർക്ക് ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം ഉറപ്പാക്കണമെങ്കിൽ 12ശതമാനം അവർക്കായി സംവരണം ചെയ്ത ഒഴിവുകളിലൂടെയും 12ശതമാനം ഒാപൺ ഒഴിവുകളിലൂടെയും നിയമനം ലഭ്യമാകണം. ഇതേ തോതിൽ മറ്റുള്ള പിന്നാക്ക സമുദായങ്ങളിൽപ്പെട്ടവരും പട്ടികജാതി/വർഗ വിഭാഗങ്ങളിൽപ്പെട്ടവരും ഒാപൺ ഒഴിവുകളിലും സംവരണ ഒഴിവുകളിലും നിയമനം നേടുേമ്പാഴാണ് സാമൂഹിക നീതി ഉറപ്പാകുന്നത്.
ഇടതുസർക്കാറിന് സംവരണതത്ത്വം അട്ടിമറിക്കുന്നതിന് ഉദ്ദേശ്യം ഉണ്ടാകാൻ ഇടയില്ല. എന്നാൽ, സംവരണാനുകൂല്യം ഭരണഘടനപ്രകാരം അനുവദിക്കപ്പെട്ടതിനുള്ള ഉദ്ദേശ്യലക്ഷ്യങ്ങൾ അവർക്കറിയില്ല. ഇൗ തക്കം ശരിക്കും വിനിയോഗിച്ച് ഉപദേശ വൃന്ദങ്ങൾ ഭരണാധികാരികളെ കബളിപ്പിക്കുകയാണ് എന്നുവേണം കരുതാൻ. എന്നാൽ, സർവകലാശാലകളിലെ സംവരണ അട്ടിമറി, വിവിധ നോമിനേഷനുകളിലും നിയമനങ്ങളിലും ഉണ്ടായ മുന്നാക്ക സമുദായപ്രീണനം, ദേവസ്വം ബോർഡിലെ സാമ്പത്തിക സംവരണാനുകൂല്യം, കെ.എ.എസിലെ സംവരണം നിഷേധിക്കൽ എന്നിവയൊക്കെ സർക്കാറിന് വൻ തിരിച്ചടി ഉണ്ടാകുന്നതിന് വഴിതെളിക്കും എന്ന് ബന്ധപ്പെട്ടവർ ഒാർക്കുക.
(ശിവഗിരി ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് സർക്കാർ അഡ്മിനിസ്ട്രേറ്ററായിരുന്നു ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.