നാലുവർഷ ഡിഗ്രി പദ്ധതി- ഒരു എതിർവായന; ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഒളിച്ചുകടത്ത്
text_fieldsവിദ്യാർഥി - ബഹുജന പ്രക്ഷോഭം മൂലം കർണാടകയിൽ നാലുവർഷ ബിരുദപദ്ധതി പിൻവലിക്കുകയും വിവിധ സംസ്ഥാനങ്ങളിൽ ഇടതുപക്ഷ അധ്യാപക - വിദ്യാർഥി സംഘടനകൾ സമരം തുടരുകയും ചെയ്യുന്നതിനിടെ നാലുവർഷ ഡിഗ്രി പദ്ധതി (FYUGP)ക്ക് കേരളത്തിൽ തുടക്കമായിരിക്കുന്നു. പദ്ധതി സംബന്ധിച്ച് അധ്യാപകരും വിദ്യാർഥികളും മുന്നോട്ടുവെച്ച വ്യാപകമായ എതിർപ്പുകളും ആശങ്കകളുമെല്ലാം മറച്ചുവെച്ചാണ് സംസ്ഥാന സർക്കാർ ഇതിന്റെ ഉദ്ഘാടന മാമാങ്കം നടത്തിയത്.
രണ്ടാം മോദി സർക്കാർ ഏകപക്ഷീയമായി നടപ്പിലാക്കിയ 2020ലെ ദേശീയ വിദ്യാഭ്യാസ നയ (എൻ.ഇ.പി)ത്തിലെ നിർദേശമാണ് നാലുവർഷ ഡിഗ്രി പദ്ധതി. എൻ.ഇ.പിയിൽ നിന്ന് വ്യത്യസ്തമായി പ്രഫ. ശ്യാം ബി.മേനോൻ കമീഷൻ ശിപാർശ ചെയ്ത നാലുവർഷ ഡിഗ്രിയാണ് കേരളത്തിൽ നടപ്പിലാക്കുന്നതെന്നാണ് സംസ്ഥാന സർക്കാറിന്റെ വാദം. എന്നാൽ, വിഷയാധിഷ്ഠിത പഠനത്തെ നിരാകരിച്ചുകൊണ്ട് നൈപുണീ കേന്ദ്രീകൃത പഠനം, ഓൺലൈൻ വിദ്യാഭ്യാസം വ്യവസ്ഥാപിതമാക്കൽ, അക്കാദമി-ഇൻഡസ്ട്രി ലിങ്കേജ് തുടങ്ങി എൻ.ഇ.പി മുന്നോട്ടുവെക്കുന്നതെല്ലാം മോടിപിടിപ്പിച്ച് അവതരിപ്പിക്കുകയാണ് ഇവിടെ ചെയ്യുന്നത്.
തിരഞ്ഞെടുക്കുന്ന വിഷയത്തിൽ ആഴത്തിലുള്ള പഠനമായിരുന്നു 2009 വരെ നിലനിന്നിരുന്ന ബിരുദ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. ബിരുദാനന്തര ബിരുദ പഠനത്തിലൂടെ സൂപ്പര്‍ സ്പെഷലൈസേഷനും ഗവേഷണതലത്തിലെത്തുമ്പോള് താന്‍ അവഗാഹം നേടുന്ന വിഷയത്തില്‍ പുതിയ സംഭാവനകള്‍ നല്‍കാനും വിദ്യാർഥികൾ പ്രാപ്തരാകുന്നു. ആധുനിക ജനാധിപത്യ വിദ്യാഭ്യാസത്തിന്റെ സങ്കൽപങ്ങളെ പരിമിതമായെങ്കിലും പ്രതിഫലിപ്പിക്കാന്‍ ഈ വിദ്യാഭ്യാസ സമ്പ്രദായത്തിന് സാധിച്ചിരുന്നു. കാലോചിതമായ പരിഷ്കാരങ്ങളോടെ ഈ വൈജ്ഞാനിക പ്രവര്‍ത്തനത്തെ ശക്തിപ്പെടുത്തേണ്ടതിനുപകരം, നിലനിൽക്കുന്ന ബിരുദ ഘടനയെ തച്ചുതകര്‍ത്തുകൊണ്ടാണ് നാലുവര്‍ഷ ഡിഗ്രി കടന്നുവരുന്നത്.
പുതിയ സമ്പ്രദായപ്രകാരം വിഷയപഠനം അപ്രധാനമാണ്. നിശ്ചിതമായ കോഴ്സ് ഘടനയോ ബോധന സമ്പ്രദായമോ ഇവിടെ ആവശ്യമില്ല. ചോയ്സ് ബേസ്ഡ് ക്രെഡിറ്റ് ആൻഡ് സെമസ്റ്ററിലൂടെ 2009ല്‍ ഈ പൊളിച്ചെഴുത്ത് കേരളത്തില്‍ ആരംഭിച്ചിരുന്നു. നാലുവര്‍ഷ ഡിഗ്രി എന്ന അമേരിക്കന്‍ മോഡലിലൂടെ ഈ പ്രക്രിയ പൂര്‍ണമാകുകയാണ്.
എപ്പോള്‍ വേണമെങ്കിലും കയറിവരാനും ഇറങ്ങിപ്പോകാനും കഴിയുന്ന മൾട്ടിപ്ൾ എൻട്രി- എക്സിറ്റ് പോയന്റുകളാണ് നാലുവര്‍ഷ ഡിഗ്രിക്കുള്ളത്. കേരളത്തില്‍ നടപ്പിലാക്കുന്ന നാലുവര്‍ഷ ഡിഗ്രിയില്‍ മൂന്നും നാലും വര്‍ഷങ്ങളില്‍ മാത്രമാണ് എക്സിറ്റ് പോയന്റ് എന്നാണ് ശ്യാം ബി.മേനോന് കമീഷന് റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് നാലുവര്‍ഷ ഡിഗ്രിയുടെ വക്താക്കള്‍ പറയുന്നത്. അതേസമയം ക്രമേണ ദേശീയ കരിക്കുലം ശിപാര്‍ശ ചെയ്യുന്ന ഘടനയിലേക്ക് മാറാമെന്ന് തൊട്ടടുത്ത വാചകമായി ശ്യാം ബി.മേനോന് പറയുന്നത് മറച്ചുവെക്കുന്നു.
വിഷയാധിഷ്ഠിത പഠനത്തിനുപകരം കമ്പോളത്തിനാവശ്യമായ പഠനമാണ് FYUPയിലൂടെ നടപ്പിലാകുന്നത്.
നാലുവർഷ ബിരുദത്തിലെ നൈപുണീ വികസന കോഴ്സുകള്‍ തൊഴില്‍ ദാതാക്കളുടെയും വ്യവസായിക വിദഗ്ധരുടെയും താൽപര്യാർഥം ഡിസൈന്‍ ചെയ്യണമെന്നാണ് കേരള കരിക്കുലം ഫ്രെയിംവര്‍ക്ക് പറയുന്നത്. അതായത്, പ്രത്യക്ഷത്തില്‍ത്തന്നെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നിക്ഷേപം നടത്തുന്നവരുടെ താൽപര്യങ്ങള്ക്കനുസരിച്ചുള്ള കോഴ്സുകളാണിവ. കാമ്പസുകളില്‍ വ്യവസായശാലകള്‍ ആരംഭിക്കുമെന്ന സംസ്ഥാന വ്യവസായ മന്ത്രിയുടെ പ്രസ്താവനയുമായി കൂട്ടിവായിച്ചാല്‍ ഈ കോഴ്സുകളുടെ ധര്‍മം മനസ്സിലാക്കാം.
സയന്‍സ്, ആര്‍ട്സ്, ഭാഷ, കോമേഴ്സ്, സോഷ്യല്‍ സയന്‍സ് എന്നിങ്ങനെ അവിയല്‍ സമ്പ്രദായത്തിലുള്ള ഒന്നാണ് മള്‍ട്ടി ഡിസിപ്ലിനറി കോഴ്സ്. അടിസ്ഥാന വിഷയങ്ങളിൽ പൊതുധാരണയുണ്ടാകേണ്ടത് സ്കൂള്‍ വിദ്യാഭ്യാസത്തിലാണ്. എന്നാല്‍, ദേശീയ വിദ്യാഭ്യാസ നയം സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങള്‍ നിരാകരിക്കുന്ന ഘടനയാണ് മുന്നോട്ടുവെക്കുന്നത്. അതേസമയം സ്പെഷലൈസേഷന് ആവശ്യമായ ബിരുദതലത്തില്‍ ഈ വിഷയങ്ങളിലെല്ലാം ആട് ഇല കടിക്കുന്നതുപോലെ കടന്നു പോകാന്‍ നിര്‍ബന്ധിതമാക്കുന്നു. ഇതിലൂടെ ആഴത്തിലുള്ള അറിവാർജിക്കാനുള്ള അവസരം ബിരുദതലത്തില്‍ നിരാകരിക്കപ്പെടുന്നു.
നാലുവര്‍ഷ ഡിഗ്രിയുടെ കേരള കരിക്കുലം ഫ്രെയിംവര്‍ക്ക് ആദ്യാവസാനം വാചാലമാകുന്നത് ഡിജിറ്റല്‍ വിദ്യാഭ്യാസത്തിന്റെ സാധ്യതകളെ കുറിച്ചാണ്. ക്രെഡിറ്റുകള്‍ നേടാന്‍ ഓണ്‍ലൈന്‍ കോഴ്സുകളെ ആശ്രയിക്കാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. എന്തുകൊണ്ടാണ് ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് ഇത്തരമൊരു പ്രാധാന്യം കൽപിക്കപ്പെടുന്നത്? ഒന്നാമത്, അവർ കാമ്പസുകളിലെ വിദ്യാർഥി ഉണർവുകളെ ഭയപ്പെടുന്നു. വിദ്യാഭ്യാസ വ്യാപാരത്തിന് ഇതിനേക്കാള്‍ മെച്ചപ്പെട്ട മാർഗമില്ലായെന്നതാണ് രണ്ടാമത്തെ കാരണം. അടിസ്ഥാന സൗകര്യങ്ങള്‍ക്ക് വേണ്ടിയുള്ള ചെലവ് താരതമ്യേന കുറവാണ്. ക്ലാസ് റൂമുകള്‍ വേണ്ട, പാഠപുസ്തകങ്ങള്‍ വേണ്ട, വിദ്യാർഥികള്‍ക്ക് ആനുപാതികമായ അധ്യാപകര്‍ വേണ്ട, ലൈബ്രറികള്‍ വേണ്ട. അതിനാലാണ് ശ്യാം ബി. മേനോന് കമീഷന് കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ രംഗത്തേക്കുള്ള ഗ്രോസ് എൻറോൾമെന്റ് റേഷ്യോ വർധിപ്പിക്കുകയാണ് ലക്ഷ്യമെന്ന് പറയുമ്പോഴും അതിനുവേണ്ടി പുതിയ കോളജുകളോ കോഴ്സുകളോ സീറ്റോ വർധിപ്പിക്കാന്‍ സര്‍ക്കാര്‍ ഫണ്ട് അനുവദിക്കണമെന്ന് പറയാതിരിക്കുന്നത്; പുതുതായി ഒരു അധ്യാപക തസ്തിക പോലും അനുവദിക്കാത്തത്. പകരം സ്വയംപഠനമാണ് നിർദേശിക്കുന്നത്. അതായത് ക്രെഡിറ്റ് സമ്പാദനത്തിന്റെ ഉത്തരവാദിത്തം വിദ്യാർഥിക്കാണ്. വിദ്യാർഥികളുടെ ക്രയശേഷിക്ക് അനുസരിച്ച് മാര്‍ക്കറ്റില്‍ ലഭ്യമായ കോഴ്സുകള്‍ വിലക്ക് വാങ്ങിക്കൊള്ളണം!.
നാലുവർഷ ബിരുദത്തിലൂടെ അന്താരാഷ്ട്ര നിലവാരം കൈവരുമെന്നും കൂടുതൽ വിദ്യാർഥികൾ ഇവിടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ തുടരുമെന്നുമാണ് സർക്കാർ വാദം. എന്നാൽ, നാലു വർഷ ഡിഗ്രി നടപ്പിലാക്കിയ കർണാടകയിലെ സർക്കാർ ഫസ്റ്റ് ഗ്രേഡ് കോളജുകളിൽ പോലും 50 ശതമാനത്തോളം വിദ്യാർഥികൾ കുറഞ്ഞു. സാധാരണ 2000ലധികം അഡ്മിഷൻ നടന്നുവന്നിരുന്ന ഗുൽബർഗയിലെയും റെയ്ചൂരിലെയും സിറ്റി ഗവൺമെൻറ് ഡിഗ്രി കോളജുകളിൽ 1300 സീറ്റുകളിൽ അഡ്മിഷനെടുക്കാൻ ആളുണ്ടായില്ല. സാധാരണക്കാരായ വിദ്യാർഥികളായിരുന്നു ഇത്തരത്തിൽ പഠനം അവസാനിപ്പിച്ചതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മഹാരാഷ്ട്രയിലെയും മധ്യ പ്രദേശിലെയും പഞ്ചാബിലെയും ബംഗാളിലെയും ആന്ധ്ര പ്രദേശിലെയും രാജസ്ഥാനിലെയും ഉൾപ്പെടെ നാലുവർഷ ബിരുദം നടപ്പിലാക്കിയ 150തിലധികം സർവകലാശാലകളിൽ നിന്നുള്ള വിവരങ്ങളും സമാനമാണ്. ഉയർന്ന ഫീസും അവ്യവസ്ഥാപിതമായ കോഴ്സ് ഘടനയും ഒരു വർഷത്തെ അധിക വിദ്യാഭ്യാസ ചെലവും സാധാരണക്കാർക്ക് താങ്ങാനാവില്ല. മെച്ചപ്പെട്ട തൊഴിൽ സാധ്യതയും സാമൂഹിക സുരക്ഷിതത്വവും പ്രതീക്ഷിച്ച് വിദേശങ്ങളിലേക്ക് ചേക്കേറുന്ന കേരളത്തിലെ വിദ്യാർഥികൾ നാലുവർഷ ബിരുദത്തിന്റെ ഊതിപ്പെരുപ്പിച്ച മോടിയിൽ മയങ്ങി ഇവിടെ നിൽക്കാൻ തരമില്ല. അതേസമയം, സാധാരണക്കാർക്ക് ഇന്ന് ലഭിച്ചുവരുന്ന ഉന്നത വിദ്യാഭ്യാസം അപ്രാപ്യമാവുകയും ചെയ്യും.
(എ.ഐ.ഡി.എസ്.ഒ സംസ്ഥാന പ്രസിഡന്റാണ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.