അന്ധവിശ്വാസം ഈ വീടിന്റെ ഐശ്വര്യം
text_fieldsതട്ടിപ്പിന് ഒാരോ കാലത്തും ഒാരോ മുഖമാണ്. പലതരം ജീവികളുമായി ബന്ധപ്പെട്ട് അത്ഭുതസിദ്ധിയുടെ അമ്പരപ്പിക്കുന്ന കഥകൾ മെനഞ്ഞുണ്ടാക്കുകയും അവ വിദഗ്ധമായി മറ്റുള്ളവരെ വിശ്വസിപ്പിച്ച് പണം തട്ടുകയും ചെയ്യുന്ന രീതി ഇടക്കാലത്ത് ഉയർന്നുവന്നതാണ്. കുട്ടികൾപോലും വിശ്വസിക്കാൻ തയാറാവാത്ത കെട്ടുകഥകളും അത്ഭുത സിദ്ധിയും കേട്ട് അഭ്യസ്തവിദ്യരും ഉന്നത സ്ഥാനങ്ങൾ അലങ്കരിക്കുന്നവരുമുൾപ്പെടെ നഷ്ടപ്പെടുത്തിയത് കോടികളാണ്. ഭൂരിഭാഗം സംഭവങ്ങളിലും പരാതി നൽകാൻ മടിക്കുന്നതും രേഖകൾ ഇല്ലാത്തതും മൂലം കൃത്യമായ നഷ്ടം കണക്കാക്കുക പ്രയാസം.
ഇറിഡിയം അടങ്ങിയ റൈസ് പുള്ളറായിരുന്നു ഒരിടക്ക് ധനമോഹികൾക്കും തട്ടിപ്പുകാർക്കുമിടയിലെ താരം. റൈസ് പുള്ളർ ഇടപാടിലൂടെ സമ്പന്നനാകാൻ ഇറങ്ങിത്തിരിച്ച കൊച്ചിയിലെ മാഗസിൻ നടത്തിപ്പുകാരന് നഷ്ടമായത് 80 ലക്ഷമാണ്. ബംഗളൂരുവിൽ താമസക്കാരനായ ജേക്കബ് എന്നയാളെ പരിചയപ്പെടുന്നിടത്താണ് തുടക്കം. താൻ വാഷിങ്ടൺ ആസ്ഥാനമായ ഗ്ലോബൽ സ്പേസ് മെറ്റൽസ് എന്ന സ്ഥാപനത്തിലെ മെറ്റലർജിസ്റ്റ് ആണെന്ന് പരിചയപ്പെടുത്തിയ അയാൾ, കോയമ്പത്തൂരിലെ വീട്ടിൽ ഇറിഡിയം റൈസ് പുള്ളർ ഉണ്ടെന്നും ഇതിന് സർട്ടിഫിക്കറ്റ് കിട്ടിയാൽ ഒരു ലക്ഷം കോടി രൂപക്ക് നാസക്ക് മറിച്ചുവിൽക്കാമെന്നും തെറ്റിദ്ധരിപ്പിച്ചു. പരിശോധന ഫീസ് എന്ന് പറഞ്ഞാണ് തവണകളായി 80 ലക്ഷം കൈക്കലാക്കിയത്. തട്ടിപ്പ് തിരിച്ചറിഞ്ഞതോടെ പരാതി നൽകി. കൊച്ചിയിലെ വീട്ടിലുള്ള റൈസ് പുള്ളർ പരിശോധിച്ച് സർട്ടിഫിക്കറ്റ് തന്നാൽ 25 ലക്ഷം നൽകാമെന്ന് പറഞ്ഞ് തന്ത്രപൂർവം വിളിച്ചുവരുത്തി പൊലീസ് അറസ്റ്റിലുമാക്കി. റൈസ് പുള്ളറിെൻറ പേരിൽ മറ്റു സംസ്ഥാനങ്ങളിലും ഇയാൾ തട്ടിപ്പ് നടത്തിയതായി അന്വേഷണത്തിൽ വ്യക്തമായി.
ചെമ്പുകുടങ്ങളും ലോഹ ഉരുപ്പടികളുമാണ് അത്ഭുതസിദ്ധിയും രാജ്യാന്തര വിപണിയിൽ കോടികളുടെ മൂല്യവും അവകാശപ്പെട്ട് റൈസ് പുള്ളർ എന്ന പേരിൽ തട്ടിപ്പിന് ഉപയോഗിക്കുന്നത്. ഇറിഡിയം കോപ്പർ എന്ന വിലയേറിയ ലോഹം കൊണ്ടാണ് ഇവ നിർമിച്ചതെന്നും തട്ടിപ്പുകാർ വിശ്വസിപ്പിക്കുന്നു. ഇവ അരിമണികളെ ആകർഷിക്കുമെന്നാണ് 'റൈസ് പുള്ളർ' എന്ന പേര് ചൂണ്ടിക്കാട്ടി മറ്റൊരു പ്രചാരണം. വിശ്വാസം വരാത്തവർക്ക് മുന്നിൽ 'ലൈവ് ഡെമോൺസ്ട്രേഷനു'മുണ്ട്.
പശ ഉപയോഗിച്ച് ഇരുമ്പ്തരികൾ ഒട്ടിച്ചുവെച്ച് പെയിൻറ് അടിച്ച അരിമണികളാണ് കാന്തം ഒളിപ്പിച്ച ലോഹ ഉരുപ്പടികൾക്ക് മുന്നിൽ വെച്ച് ആകർഷിക്കുന്നത് എന്ന് മാത്രം. ചെങ്ങന്നൂരിനടുത്തുള്ള ക്ഷേത്രത്തിെൻറ താഴികക്കുടങ്ങളിൽ ഇറിഡിയം ഉണ്ടെന്ന് പ്രചരിപ്പിച്ചതിനെത്തുടർന്ന് അവ മോഷണം പോകുകയും മൂന്നു ദിവസം കഴിഞ്ഞ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തുകയും ചെയ്തിരുന്നു. നൂറ്റാണ്ടുകളായി മിന്നലേൽക്കുന്നതിനാൽ താഴികക്കുടത്തിൽ രാസമാറ്റത്തിലൂടെ ഇറിഡിയം രൂപപ്പെടുന്നു എന്നായിരുന്നു പ്രചാരണം. പത്തുലക്ഷം രൂപ മുതൽ ഒന്നേകാൽ കോടിക്ക് വരെ രൂപക്ക് റൈസ് പുള്ളർ വാങ്ങിയ കേസുകൾ കേരളത്തിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
നാഗമാണിക്യം അഥവാ മീൻ ഗുളിക
നാഗമാണിക്യമാണ് തട്ടിപ്പിെൻറ മറ്റൊരായുധം. വിഷം മൂർഖെൻറ തലയിലിരുന്ന് കട്ടപിടിച്ച് മാണിക്യമാകുമെന്നും ഇടക്ക് പുറത്തേക്ക് തുപ്പുേമ്പാൾ പാമ്പ് അറിയാതെ കൈക്കലാക്കുന്നതാണ് നാഗമാണിക്യമെന്നുമാണ് തട്ടിപ്പുവീരൻമാർ ഉണ്ടാക്കിയെടുത്ത 'െഎതീഹ്യം'. നാഗമാണിക്യം വീട്ടിൽ വെച്ചാൽ സമ്പത്തും െഎശ്വര്യവുമുണ്ടാകുമെന്ന കള്ളക്കഥ വിശ്വസിച്ച് വാങ്ങാൻ ഇറങ്ങിത്തിരിച്ചവരും പണം നഷ്ടമായവരും കുറച്ചൊന്നുമല്ല. നാഗമാണിക്യമെന്ന പേരിൽ മീൻഗുളിക നൽകി ലക്ഷങ്ങൾ തട്ടാൻ ശ്രമിച്ച അഞ്ചംഗ സംഘത്തെ നെടുങ്കണ്ടം പൊലീസ് ഏതാനും നാൾ മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. നാഗമാണിക്യമെന്ന് പറഞ്ഞ് ലക്ഷങ്ങൾ വാങ്ങിയ ശേഷം വില കുറഞ്ഞ കല്ല് നൽകിയത് ചോദ്യം ചെയ്തേപ്പാൾ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നാണ് ഇതുസംബന്ധിച്ച് പൊലീസിന് ലഭിച്ച ഒരു പരാതി.
ഇല്ലാത്ത ഗജമുത്തിന് വല്ലാത്ത സിദ്ധി
നാഗമാണിക്യത്തിന് സമാനമാണ് ഗജമുത്തിെൻറ പേരിലെ തട്ടിപ്പ്. വിശേഷപ്പെട്ട ആനകളുടെ മസ്തകത്തിനുള്ളിലുണ്ടാകുന്നതാണ് ഗജമുത്ത് എന്നും ഇതിന് മാന്ത്രികശക്തിയുണ്ടെന്നും വിശ്വസിപ്പിച്ചാണ് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തുന്നത്. ഇതിെൻറ പേരിൽ ആനയെ കൊലപ്പെടുത്തിയ സംഭവങ്ങൾ വരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
വിദേശികളാണ് ഗജമുത്ത് തട്ടിപ്പിെൻറ ഇരകളിലെ മുഖ്യ പങ്കും. എന്നാൽ, ഇങ്ങനെയൊരു മുത്ത് ഇതുവരെ ഒരാനയിലും കണ്ടെത്തിയിട്ടില്ലെന്നാണ് വിഗദ്ധർ സാക്ഷ്യപ്പെടുത്തുന്നത്. ഇരുതലമൂരി, വെള്ളിമൂങ്ങ, നക്ഷത്ര ആമ എന്നിവയുടെ പേരിലും പലതരം അന്ധവിശ്വാസങ്ങളും ഇല്ലാത്ത ഒൗഷധ മൂല്യങ്ങളും പ്രചരിപ്പിച്ചുള്ള സാമ്പത്തിക തട്ടിപ്പുകൾ വർഷങ്ങളായി കേരളത്തിൽ അരങ്ങേറുന്നു. ഇരുതലമൂരിയുടെ ശരീരസ്രവം കലർന്ന അരിപ്പൊടി കൊണ്ട് ആഹാരം ഉണ്ടാക്കി കഴിച്ചാൽ എയിഡ്സ് വരെ ഭേദമാകുമെന്നാണ് പ്രചാരണം.സാത്താനെ മെരുക്കാനും പണം വശീകരിക്കാനുമുള്ള കഴിവ് വെള്ളി മൂങ്ങക്കുണ്ടെന്ന് പറയുേമ്പാൾ കണ്ണുമടച്ച് പണം മുടക്കാൻ ക്യൂ നിൽക്കുന്നവർ ധാരാളം.
എന്തുകൊണ്ടാണ് ഇങ്ങനെ?
അന്ധവിശ്വാസങ്ങളും കാൽക്കാശിെൻറ വിലയില്ലാത്ത ഉൽപന്നങ്ങളും മറയാക്കി മലയാളിയെ എങ്ങനെ ഇത്ര സമർഥമായി കബളിപ്പിക്കാൻ കഴിയുന്നു? പ്രമുഖ ക്രിമിനോളജിസ്റ്റ് ഡോ. ജെയിംസ് വടക്കുംചേരിക്ക് പറയാനുള്ളത് ഇതാണ്: സമ്പാദിക്കാനുള്ള അത്യാർത്തിയും ഇല്ലാത്ത ഒന്നിലുള്ള അമിത വിശ്വാസവുമാണ് മലയാളികൾ ഇത്തരം തട്ടിപ്പുകൾക്ക് നിരന്തരം ഇരകളാകാൻ കാരണം. സമ്പത്തിനോടുള്ള ആഗ്രഹം എല്ലാവരിലുമുണ്ടെങ്കിലും ചിലരിൽ അത് അടക്കാനാവാത്ത തീവ്ര ചോദനയായി മാറും. അധ്വാനിക്കാതെ പണമുണ്ടാക്കാനുള്ള ആഗ്രഹം എല്ലാ സീമകളും ലംഘിക്കുേമ്പാൾ ഏത് തട്ടിപ്പുകാരുടെ കെണിയിലും വീഴും. ഭീമമായ പലിശ കിട്ടുമെന്ന് കേൾക്കുേമ്പാൾ സമ്പാദ്യമെല്ലാം ബ്ലേഡ് കമ്പനിക്ക് കൊടുക്കുന്നതും െഎശ്വര്യമുണ്ടാകാൻ നാഗമാണിക്യവും റൈസ്പുള്ളറുമെല്ലാം ലക്ഷങ്ങൾ കൊടുത്ത് വാങ്ങുന്നതും ഇതുകൊണ്ടാണ്. ചില മാധ്യമങ്ങൾ ഇവയുടെ പ്രചാരണത്തിനായി മത്സരിക്കുന്നു.പുരാവസ്തുക്കളുടെ മറവിൽ തട്ടിപ്പ് നടത്തിയ മോൻസൺ താൻ നേരിട്ട് പറഞ്ഞാൽ ആളുകൾ വിശ്വസിക്കില്ല എന്നതുെകാണ്ടാണ് അതിന് കഴിയുന്നവരെ തെൻറ സൗഹൃദവലയത്തിലാക്കിയത്.
സിനിമാ താരങ്ങൾക്കും പൊലീസ് ഉദ്യോഗസ്ഥർക്കും സമൂഹത്തിലുള്ള പൊതുസമ്മതിയാണ് മോൻസൺ മുതലെടുത്തത്. പണം കൊടുക്കുന്നവനും സ്വീകരിക്കുന്നവനും ഒന്നുപോലെ പ്രതിസ്ഥാനത്തുനിൽക്കുന്ന പങ്കാളിത്ത കുറ്റകൃത്യമായേ ഇത്തരം സംഭവങ്ങളെ കാണാനാകൂ. നിയമത്തിെൻറ അപര്യാപ്തതയല്ല അത് നടപ്പാക്കാൻ ചുമതലപ്പെട്ടവരുടെ വീഴ്ചകളാണ് തട്ടിപ്പുകാർ പലപ്പോഴും മാതൃകാപരമായി ശിക്ഷിക്കപ്പെടാതെ പോകാൻ കാരണം.
ഡോ. ജെയിംസ് വടക്കുംചേരി
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.