ആവിഷ്കാര സ്വാതന്ത്ര്യം വിദ്വേഷം പരത്താനല്ല
text_fieldsനിർബന്ധിച്ച് മതംമാറ്റിയതിന് തെളിവ് ഹാജരാക്കിയാൽ വമ്പൻ സാമ്പത്തിക പാരിതോഷികം തന്നെ പ്രഖ്യാപിച്ച് ചില സംഘടനകളും വ്യക്തികളും രംഗത്തുവന്നുവെങ്കിലും തെളിവുമായി ആരുമെത്തിയില്ല. നിർബന്ധിച്ച് മതംമാറ്റി ഐ.എസിൽ ചേർത്തവരുടെ പട്ടിക നൽകാമെന്ന് ചാനൽ ചർച്ചക്കിടെ പറഞ്ഞ സംഘ്പരിവാർ നേതാവിനുപോലും വാക്കുപാലിക്കാൻ കഴിഞ്ഞില്ല
പൗരജനങ്ങൾക്ക് വിപുലമായ അവകാശങ്ങളും സ്വാതന്ത്ര്യവും ഭരണഘടനയിലൂടെ ഉറപ്പുനൽകുന്ന ജനാധിപത്യ രാഷ്ട്രമാണ് ഇന്ത്യ. അവ നിഷേധിക്കപ്പെട്ടാൽ കോടതിയെ സമീപിച്ച് പരിഹാരം കാണാനുള്ള അവകാശവും ഭരണഘടന ഉറപ്പാക്കുന്നു.
മനസ്സിലുള്ളത് നിർഭയമായി തുറന്നുപറയാനും പ്രകടിപ്പിക്കാനുമുള്ള അവകാശത്തിലൂടെയാണ് വിവിധ കല, സാഹിത്യ, സാംസ്കാരിക പ്രവർത്തനങ്ങൾപോലും നമ്മുടെ നാട്ടിൽ തടസ്സംകൂടാതെ നടക്കുന്നത്. എന്നാൽ, ഇതൊന്നും ഒരിക്കലും മറ്റൊരാളുടെ അവകാശവും ആത്മാഭിമാനവും ഹനിക്കാനോ നുണപ്രചാരണത്തിനോ ആകരുത്. ഈ പശ്ചാത്തലത്തിലാകണം ‘കേരള സ്റ്റോറി’ എന്ന സമീപകാല സിനിമ വിവാദത്തെ നോക്കിക്കാണേണ്ടത്.
ജനപ്രിയ കലാരൂപമായ സിനിമയെ പൊതുവേ ഗൗരവത്തോടെയാണ് മലയാളികൾ സമീപിക്കുന്നത്. അതിനാൽത്തന്നെ ഏത് പുതിയ സിനിമയുടെയും ഉള്ളടക്കം വിലയിരുത്തപ്പെടുന്നത് സ്വാഭാവികം. ഈ സിനിമയുടെ ട്രെയിലർ പുറത്തുവന്നപ്പോൾ മുതൽ കേരളത്തിന്റെ പൊതുസമൂഹത്തിൽ വിവാദവും തലപൊക്കി.
പെരുംനുണകൾ അടുക്കിവെച്ച ഫ്രെയിമുകളായിരുന്നു ട്രെയിലറായി സാക്ഷര-മതനിരപേക്ഷ കേരളത്തിന്റെ മുന്നിലേക്ക് നിരത്തിയത്. സ്നേഹത്തോടെയും സാഹോദര്യത്തോടെയും കഴിയുന്ന നാടിന്റെ നെഞ്ചകത്തിലേക്ക് വിദ്വേഷത്തിന്റെയും സംശയത്തിന്റെയും വിഷംകലർത്തും വിധമുള്ള ആസൂത്രിത നീക്കങ്ങളാണ് തുടക്കം മുതലേ പ്രകടമായത്.
പിന്നണി പ്രവർത്തകരുടെ യഥാർഥ ലക്ഷ്യം സംബന്ധിച്ച് സാംസ്കാരിക കേരളം ഉയർത്തിയ ആശങ്കകൾ ശരിയായിരുന്നുവെന്ന് തുടർ സംഭവങ്ങൾ വ്യക്തമാക്കുന്നു. ഏതൊരു കലാരൂപമായാലും അത് ഏതെങ്കിലും സമൂഹത്തെ സംശയത്തിന്റെ നിഴലിൽ നിർത്തുന്നതോ ചരിത്രവസ്തുതകളെ പാടേ നിഷേധിക്കുന്നതോ ആകാൻ പാടുള്ളതല്ല.
ഏത് കലാസൃഷ്ടിയാണെങ്കിലും അത് സമൂഹത്തിൽ ഭിന്നതയും വിദ്വേഷവും വളർത്താനും ആകരുത്. നാടിന്റെ ഐക്യവും സാമാധാനവും പരസ്പര വിശ്വാസവുമാണ് ഏറ്റവും പ്രധാനമെന്ന ബോധ്യമാണ് ആദ്യം ഉണ്ടാകേണ്ടത്. അത് മറ്റാരുടെയെങ്കിലും പ്രേരണയുടെ പേരിൽ മാത്രം ഉണ്ടാകേണ്ട ഒന്നല്ല.
കേരളത്തിൽ ചുവടുറപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ആവനാഴിയിലെ എല്ലാ ആയുധങ്ങളും സംഘ്പരിവാർ ശക്തികൾ ഉപയോഗിച്ചുതുടങ്ങിയിരിക്കുന്നു. കേരളംപോലെയുള്ള ഒരു സംസ്ഥാനത്ത് ഭൂരിപക്ഷ സമുദായത്തെ മാത്രം കേന്ദ്രീകരിച്ച് നീങ്ങിയാൽ അതിന് കഴിയില്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് ന്യൂനപക്ഷ സമുദായങ്ങളെയും ഒപ്പംകൂട്ടാനുള്ള നീക്കങ്ങൾ അവർ ആരംഭിച്ചത്. ചില ക്രൈസ്തവ മതമേലധ്യക്ഷന്മാരിൽനിന്ന് അനുകൂല പ്രതികരണങ്ങളും ഉണ്ടായി.
അതിനുപിന്നാലെയാണ് വിവാദ സിനിമയുടെ വരവ്. കേരളത്തിൽനിന്ന് 32,000 പേരെ മതംമാറ്റി ഐ.എസിൽ എത്തിച്ചുവെന്നാണ് സിനിമയിലൂടെ സ്ഥാപിക്കാൻ ശ്രമിച്ചത്. ഏറെ കോളിളക്കമുണ്ടാക്കിയ കോളജ് അധ്യാപകന്റെ കൈവെട്ടിയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ, അന്ന് മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദൻ നടത്തിയ ചില പരാമർശങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് തങ്ങളുടെ അവകാശവാദം സ്ഥാപിക്കാൻ സിനിമയുടെ പിന്നണിപ്രവർത്തകർ ശ്രമിച്ചത്.
ആവിഷ്കാര സ്വാതന്ത്ര്യം ഒരിക്കലും നുണപ്രചാരണത്തിന് വേണ്ടിയുള്ളതല്ല. പക്ഷേ, അതിന് കടകവിരുദ്ധമായ സമീപനമാണ് വിവാദ സിനിമയിലൂടെ ശ്രമിച്ചത്. നിർബന്ധിച്ച് മതംമാറ്റിയതിന് തെളിവ് ഹാജരാക്കിയാൽ വമ്പൻ സാമ്പത്തിക പാരിതോഷികം തന്നെ പ്രഖ്യാപിച്ച് ചില സംഘടനകളും വ്യക്തികളും രംഗത്തുവന്നുവെങ്കിലും തെളിവുമായി ആരുമെത്തിയില്ല.
നിർബന്ധിച്ച് മതംമാറ്റി ഐ.എസിൽ ചേർത്തവരുടെ പട്ടിക നൽകാമെന്ന് ചാനൽ ചർച്ചക്കിടെ പറഞ്ഞ സംഘ്പരിവാർ നേതാവിനുപോലും വാക്കുപാലിക്കാൻ കഴിഞ്ഞില്ല. ഈ പറഞ്ഞതിനർഥം കേരളത്തിൽനിന്ന് ആരും ഐ.എസിൽ ചേർന്നിട്ടില്ലെന്നോ ഏതെങ്കിലും ഒരു മതത്തിൽ വിശ്വസിച്ചിരുന്ന ഒരാൾ മറ്റേതെങ്കിലും മതത്തിലേക്ക് മാറിയിട്ടില്ലെന്നോ അല്ല. എന്നാൽ, അതൊന്നും സംഘടിതമായി നടത്തുന്ന പ്രവർത്തനമല്ല.
ചില വ്യക്തികൾ നടത്തുന്ന തെറ്റായ പ്രവർത്തനങ്ങളുടെ പേരിലെ ആക്ഷേപംപോലും ഒരു സമുദായത്തിനുമേൽ ചാർത്താൻ ശ്രമിക്കുന്നതിലെ അനൗചിത്യമാണ് ചോദ്യംചെയ്യപ്പെടുന്നത്. മതംമാറ്റം ഏതെങ്കിലും ഒരു സമുദായത്തിലേക്ക് മാത്രമല്ല എന്നതും യാഥാർഥ്യമാണ്. മതത്തിന്റെ വേലിക്കെട്ട് മറികടന്നുള്ള വിവാഹബന്ധങ്ങളും പുതിയ കാര്യമല്ല.
പക്ഷേ, ഇന്ന് അതിന്റെയെല്ലാം പാപഭാരം ഒരു സമുദായത്തിനുമേൽ കെട്ടിവെക്കാനുള്ള പരിശ്രമങ്ങളാണ് നടക്കുന്നത്. അത്തരം നീക്കങ്ങളെ ചില മുഖ്യധാര രാഷ്ട്രീയ പാർട്ടികളും വോട്ടുബാങ്ക് ലക്ഷ്യംവെച്ച് പരോക്ഷമായെങ്കിലും പിന്തുണച്ചിട്ടുണ്ടെന്ന വസ്തുതയും വിസ്മരിക്കുന്നില്ല. എന്നാൽ, ആത്യന്തികമായി അതെല്ലാം നമ്മുടെ നാടിന്റെ സമാധാനാന്തരീക്ഷവും മതസൗഹാർദവും തകർക്കുന്നതാണെന്ന യാഥാർഥ്യം കാണാതിരിക്കരുത്.
എന്തായാലും വിവാദ സിനിമയുടെ അണിയറ പ്രവർത്തകർ പഴയ അവകാശവാദത്തിൽനിന്ന് പിന്നോട്ടുപോയി എന്നതാണ് പുതിയ വിശേഷം. 32000 എന്നത് മൂന്നായി ചുരുങ്ങി. കേരളത്തിന്റെ ശക്തമായ എതിർപ്പ് രാഷ്ട്രീയത്തിന് അതീതമായി ഉയർന്നതോടെയാണ് ഈ പിന്മാറ്റമെന്നതും കാണാതിരുന്നുകൂടാ.
എന്നിട്ടും ഈ സിനിമയെ ചൂണ്ടി ഭീകരവാദ ഗൂഢാലോചനയുടെ കേന്ദ്രമായി കേരളത്തെ ഇകഴ്ത്തിക്കാട്ടാനാണ് ചിലരുടെ ശ്രമം. അതിലെ യാഥാർഥ്യം എത്രത്തോളമെന്നത് കേരളത്തെ അറിയുന്നവർക്ക് ബോധ്യമുള്ളതാണ്.
മതസൗഹാർദത്തിന് പണ്ടുമുതൽക്കേ പേരുകേട്ട നാടാണ് കേരളം. കേവലം രാഷ്ട്രീയ നേട്ടങ്ങൾക്കായി അതിൽ വിള്ളൽ വീഴ്ത്താനുള്ള ശ്രമം ആരുടെ ഭാഗത്തുനിന്ന് ആണെങ്കിലും അംഗീകരിക്കരുത്. രാഷ്ട്രീയവും ആവിഷ്കാര സ്വാതന്ത്ര്യവും നാടിന്റെ നന്മക്കും വളർച്ചക്കും വേണ്ടിയായിരിക്കണം.
മറിച്ച് കുടില ലക്ഷ്യങ്ങളോടെയാണ് അതിലെ പ്രവർത്തനങ്ങളെങ്കിൽ ഒറ്റക്കെട്ടായി ചെറുത്തുതോൽപിക്കാൻ കഴിയണം. സാക്ഷരതയിലും വിദ്യാസമ്പന്നതയിലും ഏറെ മുന്നിട്ടുനിൽക്കുന്ന കേരളത്തിന്റെ മണ്ണിൽപോലും ഭിന്നിപ്പിന്റെ വിത്തുപാകാൻ കുത്സിതശക്തികൾ അവസരംതേടുന്നു എന്നതും വിസ്മരിച്ചുകൂടാ. അതിനാൽത്തന്നെ ഇമവെട്ടാതെയുള്ള ജാഗ്രത ഭാവിയിലും ഉണ്ടായേ മതിയാകൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.