ഫ്രഞ്ച് ഇസ്‌ലാമോഫോബിയയും യൂറോപ്യൻ ആധുനികതയുടെ ആവിഷ്‌കാര സ്വാതന്ത്ര്യവും
text_fieldsമൂല്യബോധം ഇല്ലാത്ത മനുഷ്യർ അഴിച്ചുവിട്ട വന്യമൃഗത്തെ പോലെയാണ്
- അൽബേർ കാമു
ആധുനികതയുടെ മൂല്യബോധത്തെ സംബന്ധിച്ചും അപര ജീവിതത്തെ സംബന്ധിച്ച ആധുനികതയുടെ (Modernity) കാഴ്ചപാടുകളും ചരിത്രത്തിൽ എറെ പരിശോധിക്കപ്പെടുകയും വിമർശിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. യൂറോപ്യൻ ആധുനികതയുടെ ചരിത്രപരമായ അടിത്തറയായി വർത്തിക്കുന്ന, 1300-കളുടെ ആരംഭത്തിൽ ആരംഭിച്ച യൂറോപ്യൻ നവോത്ഥാനവും (Renaissance) ആധുനിക യൂറോപ്യൻ ദേശ രാഷ്ട്രങ്ങളുടെ മൗലിക തത്വമെന്ന് അവകാശപെടുന്ന, ഫ്രഞ്ച് വിപ്ലവത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങളായിരുന്ന സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നീ പരികൽപനകൾ, ആധുനിക യൂറോപ്പിൽ എത്രമാത്രം "പരിഷ്കൃത" മനുഷ്യരെ കേന്ദ്രീകൃതമായിട്ടാണ് നിലകൊള്ളുന്നത് എന്ന് വിന്നിന്‍ പെരേര എഴുതിയ ഗ്ലോബല്‍ പാരസൈറ്റ്‌സ് എന്ന പുസ്തകത്തിൽ വിശദീകരിക്കുന്നുണ്ട്.
മറ്റൊരു തരത്തിൽ സൂചിപ്പിക്കുകയാണെങ്കിൽ യൂറോപ്യൻ സാംസ്കാരിക പരികൽപനകൾക്ക് പുറത്തു നിൽക്കുന്ന തദ്ദേശീയ ജനതരോടും ജൂത - ഇസ്‌ലാം സമൂഹത്തോടും ആഫ്രിക്കൻ മനുഷ്യരോടും ആധുനിക യൂറോപ്പിനുള്ള ഹിംസാത്മകമായ അവരവൽക്കരണം ആധുനിക മൂല്യബോധത്തിന്റെ ബ്രഹദാഖ്യാനത്തിന്റെ (Meta Narration) തന്നെ ഭാഗമായ ഒരു ചരിത്രത്തെ വിസ്മരിച്ചു കൊണ്ട് അധുനിക യൂറോപ്പിന്റെ സാംസ്കാരിക - രാഷ്ട്രീയ സംഭവ വികാസങ്ങളെ സൂക്ഷമമായി മനസിലാക്കാൻ സാധിക്കുകയില്ല. ഇത്തരത്തിൽ ആധുനിക യൂറോപ്പിനെ സംബന്ധിച്ചും അധുനിക ഫ്രഞ്ച് ദേശ രാഷ്ട്രത്തെ സംബന്ധിച്ചും ആധുനികതയുടെ തന്നെ പ്രത്യയശാസ്ത്രാടിസഥാനത്തിൽ വിശകലനം ചെയുമ്പോഴാണ് "ഇസ്‌ലാം ഒരു ആഗോള പ്രതിസന്ധി ആണ്" എന്ന ഫ്രഞ്ച് പ്രസിഡന്റിന്റെ പ്രസ്താവനക്ക് പിറകിലുള്ള ഹിംസാത്മകമായ മുഖം അനാവരണം ചെയപ്പെടുന്നത്.
ദിവസങ്ങൾക്കു മുമ്പ്, ആക്ഷേപഹാസ്യ മാസികയായ ഷാര്‍ലി ഹെബ്ദോ പ്രസിദ്ധീകരിച്ച, പ്രവാചകൻ മുഹമ്മദ് (സ) നബിയെ ആക്ഷേപകരമായി ചിത്രീകരിക്കുന്ന കാർട്ടൂൺ സ്കൂളിൽ പ്രദർശിപ്പിച്ചതിനു അധ്യാപികയെ വകവരുത്തിയ സംഭവം ആഗോള തലത്തിൽ വലിയ ചലനങ്ങൾക്കാണ് വഴിവച്ചത്. പ്രസ്തുത ആക്രമണത്തിനു ശേഷം "ഇസ്‌ലാം ഒരു ആഗോള പ്രതിസന്ധിയാണെന്ന" ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ പ്രസ്താവന, ഫ്രാൻസും മുസ്‌ലിം സമൂഹവും, അറേബ്യൻ രാഷ്ട്രങ്ങളും തമ്മിലും, ഫ്രാൻസും തുർക്കിയും തമ്മിലുമുള്ള നയതന്ത്ര വാണിജ്യ ബന്ധങ്ങളെ തന്നെ ബാധിച്ചിരുന്നു. തുർക്കി തങ്ങളുടെ ഫ്രാൻസിലെ നയതന്ത്ര പ്രതിനിധിയെ മടക്കി വിളിക്കുന്നതിലേക്കും മുസ്‌ലിം രാഷ്ട്രങ്ങൾ ഫ്രഞ്ച് ഉൽപന്നങ്ങൾ ബഹിഷ്ക്കരിക്കുന്നതിലേക്കും വരെ ഫ്രഞ്ച് പ്രസിഡന്റിന്റെ ഇസ്‌ലാമോഫോബിക്ക് പ്രസതാവനയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി മുസ്‌ലിം സമൂഹവും ഇസ്‌ലാമിക ഭരണകൂടങ്ങളും കൈകൊണ്ടു. ഇതിന്റെ തുടർചയായി തുർക്കി പ്രസിഡന്റ് റജബ് ത്വയിബ് ഉര്‍ദുഗാനെ അങ്ങേയറ്റം വ്യക്തി അധിക്ഷേപം നടത്തി ഷാര്‍ലി ഹെബ്ദോ മാസിക ഒരു കാർട്ടൂൺ പ്രസിദ്ധീകരിക്കുകയും ചെയ്തു. തീർച്ചയായും ഒരു കൊലപാതകം വിമർശിക്കപ്പെടേണ്ടതും അപലപിക്കപ്പെടേണ്ടതും ആണ്. പ്രസ്തുത സംഭവ വികാസങ്ങളുടെ ആരംഭം, പ്രവാചകൻ മുഹമ്മദ് നബിയേ അധിക്ഷേപിച്ചു കൊണ്ട് ചാർലി ഹെബ്ദോ പ്രസിദ്ധീകരിച്ച കാർട്ടൂണിലാണ് ചെന്നെത്തുന്നത്.
ഇത്തരം ഒരു ഘട്ടത്തിൽ എന്താണ് ആധുനികതയും ആധുനിക ഫ്രഞ്ച് ഭരണകൂടവും മുന്നോട്ടു വയ്‌ക്കുന്ന ആവിഷ്‌കാര സ്വാതന്ത്ര്യം എന്നും, എന്താണ് അവയുടെ അടിസ്ഥാന സ്വഭാവം എന്നും പരിശോധനാ വിധേയമാക്കപ്പെടുന്നത്. അതിൽ എറ്റവും പ്രാധാന്യമർഹിക്കുന്നതും സമകാലീനമായതുമായ ഗൗരവപ്പെട്ട ചോദ്യം, വംശീയമായ അധിക്ഷേപം ആവിഷ്‌കാര സ്വാതന്ത്ര്യമാണോ എന്ന നൈതികതയുമായി ബന്ധപ്പെട്ടു കിടക്കുന്ന ചോദ്യമാണ്.
1923-കളുടെ ആരംഭത്തിൽ, ജൂത വിരുദ്ധ ആക്ഷേപഹാസ്യങ്ങൾക്ക് എറെ കുപ്രസിദ്ധിയാർജ്ജിച്ച, ദെര്‍ സ്റ്റേമര്‍ എന്ന ജർമ്മൻ ആക്ഷേപഹാസ്യ മാസിക, നാസി ജർമ്മനിയിൽ പ്രവർത്തിച്ചിരുന്നു. 1923-ൽ പ്രവർത്തനം ആരംഭിച്ച പ്രസ്തുത മാസിക, രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമാണ് പ്രവർത്തനം അവസാനിപ്പിക്കുന്നത്. കുപ്രസിദ്ധ ആന്റി സെമിറ്റിക് പത്ര പ്രവർത്തകനും നാസി പാർട്ടി അംഗവും അതിലുപരി നാസി പാർട്ടിയുടെ പ്രൊപഗാണ്ട വിഭാഗത്തിലെ ഉയർന്ന ഉദ്യോഗസഥനും ആയിരുന്ന ജൂലിയസ് സ്‌ട്രെയ്ഷര്‍ ആയിരുന്നു പ്രസ്തുത മാസികയുടെ എഡിറ്റർ. 1934-ൽ ഹിറ്റ്ലർ ജർമ്മനിയുടെ അധികാരം എൽക്കുകയും ജൂതരെ വംശീയമായി ഉന്മൂലനം ചെയ്യുക എന്നത് ജർമ്മനിയുടെ ഔദ്യോഗിക നയമാവുകയും ചെയ്ത ഘട്ടത്തിൽ, ജൂത സമൂഹത്തെ വംശീയമായി അധിക്ഷേപിച്ചുകൊണ്ട് - അതായത് ശരീരശുദ്ധി വരുത്താത്തവരും ദുർഗന്ധം വമിപ്പിക്കുന്നവരും അമിത ലൈംഗികാസക്തി ഉള്ളവരും മറ്റുമായി ചിത്രീകരിച്ചു കൊണ്ട്- വ്യവസഥാപിതമായ വംശീയ ഉന്മൂലനത്തിനു വിധേയമായികൊണ്ടിരുന്ന ജൂത സമൂഹത്തെ വീണ്ടും അരക്ഷിതാവസഥയിലേക്ക് തള്ളിവിടുന്ന തരത്തിലായിരുന്നു ദെര്‍ സ്റ്റേമര്‍ തങ്ങളുടെ മാധ്യമ ധർമ്മത്തെ മുന്നോട്ടെടുത്തത്. അത്തരത്തിൽ ഒരു ജൂത വിരുദ്ധ അധിക്ഷേപത്തിൽ കുപിതരായി രണ്ടു ജൂത യുവാക്കൾ മാസികയുടെ ഓഫീസ് ആക്രമിക്കുകയും അവിടെ ജോലി ചെയ്തിരുന്ന ജോലിക്കാരെ വകവരുത്തുകയും ചെയ്തു. ഈ ഒരു സംഭവം, ജൂതരെ സംബന്ധിച്ച നാസി കാഴ്ചപാടുകൾ ശരിയാണെന്ന രീതിയിൽ വ്യാഖ്യാനിക്കുന്നതിൽ നാസി പാർട്ടിയും തങ്ങളുടെ ആൻ്റി സെമിറ്റിക്ക് വംശീയത ചരിത്രപരമായ ഒരനിവാര്യത ആണെന്ന് വരുത്തി തീർക്കുന്നതിൽ ജൂത വിരുദ്ധ ജർമ്മൻ പൊതുബോധവും ഒരു പോലെ വിജയിച്ചു.
പിന്നീട് 1945-46 കാലഘട്ടത്തിൽ, പ്രസിദ്ധമായ ന്യൂറൻബർഗ്ഗ് വിചാരണാ വേളയിൽ ദെര്‍ സ്റ്റേമര്‍ മാസികയെയും പ്രസ്തുത മാസികയുടെ എഡിറ്റർ ആയിരുന്ന ജൂലിയസ് സ്‌ട്രെയ്ഷറെയും ജൂത വിരുദ്ധ വംശീയതയെ സമൂഹത്തിന്റെ പൊതുവായതും സ്വഭാവികമായതുമായ ഒരു പ്രവണത ആക്കിത്തീർക്കുന്നതിനു നൽകിയ സംഭാവനകളുടെ അടിസ്ഥാനത്തിൽ കോടതി നിശിതമായി വിമർശിക്കുകയും ഒരു ജനതയെ വംശീയമായി അധിക്ഷേപിക്കുകയും ഹീനരായി ചിത്രീകരിക്കുകയും അപരവൽക്കരണത്തിലേക്കും അതുവഴി വംശീയ ഉന്മൂലനത്തിലേക്കും അവരെ തളളിവിടുകയും പ്രസ്തുത ഹിംസയെ സ്വാഭാവികവൽക്കരിക്കുകയും നീതീകരിക്കുകയും ചെയുന്നത് മനുഷ്യ സമൂഹത്തിനെതിരായ കുറ്റകൃത്യമായി വിധിച്ചു കൊണ്ട് ജൂലിയസ് സ്‌ട്രെയ്ഷറിനെ ന്യൂറൻബർഗ്ഗ് വിചാരണകൊടുവിൽ തുക്കിലേറ്റി.
രണ്ടാം ലോക മഹായുദ്ധം കഴിയുന്നതുവരെ യൂറോപ്പിൽ ഉടനീളവും നാസി ജർമ്മനിയിൽ വിശേഷിച്ചും നിലനിന്നിരുന്ന ജൂത വിരുദ്ധ വംശീയതയും പ്രസ്തുത വംശീയതയുടെ ഫലമായുണ്ടായ ജൂത ജനതയുടെ വംശീയമായ ഉന്മൂലനവും ഹോളൊകൊസ്റ്റും യൂറോപ്പിന് നൽകിയ പാഠങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് എതു വിധേനയുമുള്ള ആൻ്റി സെമിറ്റിസം അഥവാ ജൂത വിരുദ്ധ ആഖ്യാനങ്ങളും പ്രദർശനങ്ങളും യൂറോപ്പിൽ കഠിനമായ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാക്കിയത്.
വസ്തുതകൾ ഇപ്രകാരം ആയിരിക്കെ ജൂതവിരുദ്ധമായ ആഖ്യാനങ്ങൾ കുറ്റകരമായിരിക്കുകയും എന്നാൽ സമാന രീതിയിൽ ഇസ്‌ലാമിനെ ചിത്രീകരിക്കുന്നത് ആവിഷ്ക്കാര സ്വാതന്ത്ര്യമാവുകയും ചെയുന്നതെന്തുകൊണ്ട് എന്ന മൗലികമായ ചോദ്യത്തിലൂടെയാണ് യൂറോപ്പിൽ, വിശിഷ്യാ ഫ്രാൻസിൽ എന്തുകൊണ്ട് ഇസ്‌ലാമോഫോബിയ ഒരു കുറ്റകൃത്യമായി ഗണിക്കപ്പെടുന്നില്ല എന്ന ചോദ്യത്തിനുള്ള ഉത്തരം ലഭിക്കുന്നത്. "Anti-semitism and Islamophobia in europe-Hatreds old and New in europe " എന്ന പുസതകത്തിൽ അമേരിക്കൻ ചരിത്ര പണ്ഡിതനായ പ്രൊഫ. മാറ്റി ബുന്‍സല്‍ സമകാലീന യൂറോപ്പിലും നാസി കാലഘട്ടത്തിലും നിലനിന്നിരുന്ന യൂറോപ്യൻ ഉദാരതയ സംബന്ധിച്ചും യൂറോപ്പിൽ നിലനിൽക്കുന്ന സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാന സ്വഭാവത്തെ പറ്റിയും വിശദീകരിക്കുന്നുണ്ട്. അതിൽ അദ്ദേഹം നടത്തുന്ന സുപ്രധാനമായ നിരീക്ഷണങ്ങളിലൊന്ന് ഇപ്രകാരം ആണ്: "യൂറോപ്യൻ ദേശ രാഷ്ട്രങ്ങളുടെ അടിസ്ഥാന സിദ്ധാന്തങ്ങളായ സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നീ മൂല്യങ്ങളും പ്രസ്തുത മൂല്യങ്ങളെ അടിസ്ഥാനപ്പെടുത്തി കൈവരുന്ന അവകാശങ്ങളും അവസരങ്ങളും പരിഗണനകളും തുടങ്ങി സാമൂഹിക നീതിക്കുള്ള അവകാശം വരെ ഒന്നും സാർവത്രികമല്ല" എന്നതാണ്. മേൽ സൂചിപ്പിച്ച നിരീക്ഷണം ചരിത്രപരമായി തന്നെ മനസിലാക്കേണ്ടതുണ്ട്. ആധുനിക മുല്യങ്ങളാൽ സംസ്ക്കരിക്കപ്പെട്ടവരെന്ന് സ്വയം അഭിമാനിച്ച യൂറോപ്പിൽ എന്തുകൊണ്ട് ലോകം കണ്ടതിൽ വച്ചേറ്റവും ഹീനമായ വംശീയ കൂട്ടകൊല സംഭവിച്ചു എന്ന ചോദ്യത്തിനുള്ള മറുപടിയാണ് പ്രസ്തുത വാക്യത്തിലൂടെ അദ്ദേഹം നൽകിയത്.
യൂറോപ്യൻ ജനതയുടെ, അൽപം കൂടി വിശദമാക്കിയാൽ യൂറോപ്യൻ അധികാര വംശമായ വെളുത്ത വംശജരുടെ സാംസ്കാരിക ധാരണക്കും സൗന്ദര്യ സങ്കൽപങ്ങൾക്കും തുടങ്ങി വെളുത്ത വംശജരുടെ എല്ലാത്തരത്തിലുമുള്ള ബൃഹദാഖ്യാനങ്ങൾക്കും പുറത്തു ജീവിക്കുന്ന അനേക കോടി മനുഷ്യരും സംസ്കാരങ്ങളും ജീവിത രീതിക്കളും എല്ലാം തന്നെ യൂറോപ്യൻ ലിബറൽ ആധുനികതയുടെ നീതിബോധത്തിനും സ്വാതന്ത്ര്യത്തിനും സഹോദര്യത്തിനും ആവിഷ്ക്കാരത്തിനും നീതിക്കുമുള്ള അവകാശത്തിൽ നിന്ന് പുറത്താണ്. ഇത്തരത്തിൽ വളരെ സെലക്ടീവ് ആയി പ്രവർത്തിക്കുന്ന, ആധുനികതയുടെ മറച്ചുവയ്ക്കപ്പെട്ട മുഖം ആണ് ഹോളൊകൊസ്റ്ററിലൂടെ വെളിവാക്കപ്പെട്ടത്.
നീതിയെ അടിസ്ഥാനപ്പെടുത്തി പടുത്തുയർത്തപ്പെട്ട എതൊരു നിയമ സംഹിതക്കും വംശീയമായ അധിക്ഷേപവും പ്രത്യയശാസ്ത്രപരമായ വിമർശനവും തമ്മിലുളള മൗലിക വിത്യാസം നിഷ്പ്രയാസം മനസിലാക്കാം. വംശീയമായ അധിക്ഷേപം നീതിയുടെ എല്ലാ പരികൽപനകളെയും റദ്ദു ചെയുന്നതും സമൂഹത്തിൽ നിലനിൽക്കേണ്ട സൗഹാർദ്ദത്തെ റദ്ദു ചെയ്യുന്നതും ഹിംസാത്മതവും ആയിരിക്കുമ്പോൾ പ്രത്യയശാസ്ത്ര വിമർശനം നീതിയെയും അപരത്വത്തെയും ഉൾകൊള്ളുന്നതാണ് എന്നതാണ് രണ്ടും തമ്മിലുള്ള മൗലീകമായ വിത്യാസം. "Fighting words doctrine " സിദ്ധാന്തപ്രകാരം അപര വിദ്വേഷം സൃഷ്ടിക്കാനും സംഘർഷം സൃഷ്ടിക്കാനും ലക്ഷ്യമിട്ടുള്ള അവിഷ്ക്കാരങ്ങൾ നിയമ പരിരക്ഷയ്ക്ക് പുറത്താണ്. പ്രസ്തുത സിദ്ധാന്തത്തെ അടിസ്ഥാനപ്പെടുത്തി കൊണ്ടാണ് ജൂത വിരുദ്ധ ആവിഷ്ക്കാരങ്ങൾ ഫ്രാൻസിൽ കുറ്റകൃത്യമാക്കപ്പെട്ടത്.
ഒരു കാലത്ത് ജൂത വംശജരായിരുന്നു അധുനിക യൂറോപ്പിന്റെ അപരവൽക്കരണത്തിനും വംശിയതയ്ക്കും ഇരയായതെങ്കിൽ ഇന്ന് യൂറോപ്യൻ വംശീയതയുടെ പ്രഥമ ഇര മുസ്‌ലിം സമൂഹവും കറുത്ത വർഗ്ഗക്കാരുമാണ്. യൂറോപ്യൻ പൊതു സമൂഹത്തെ ആഴത്തിൽ ഗ്രസിച്ചിരിക്കുന്ന ഇസ്‌ലാമോഫോബിയ ആണ് പ്രവാചകനെയും മുസ്‌ലിം സമൂഹത്തെയും വംശീയമായി അധിക്ഷേപിക്കുന്നത് ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ പരിധിയിൽ ഉൾപ്പെടുത്താൻ ഫ്രഞ്ച് ഭരണകൂടത്തെ പ്രാപ്തമാക്കുന്നത്. അതേ ഘട്ടത്തിൽ തന്നെ, ജൂത സമൂഹത്തെ എതെങ്കിലും തരത്തിൽ വംശീയമായി അധിക്ഷേപിക്കുന്നത് യൂറോപ്പിൽ ക്രിമിനൽ കുറ്റകൃത്യമാണ്. ഇത്തരത്തിൽ, പ്രവാചകൻ മുഹമ്മദ് നബിയേയും മുസ്‌ലിം സമൂഹത്തെയും വംശീയമായി അധിക്ഷേപിച്ച ആക്ഷേപ ഹാസ്യ മാസികയായ ചാർലി ഹെബ്ദോ അവരുടെ അവിഷ്ക്കാര സ്വാതന്ത്ര്യം പ്രയോജനപ്പെടുത്തുക മാത്രമായിരുന്നു എന്ന ഫ്രഞ്ച് ഭരണകൂട വാദം കേവലം ഫ്രഞ്ച് ഭരണകൂടത്തിന്റെയും ചാർലി ഹെബ്ദോയുടെയും വംശീയമായ ഇസ്‌ലാമോഫോബിക്ക് താൽപര്യങ്ങളെ മാത്രം പ്രതിനിധാനം ചെയുന്നതാണെന്ന തിരിച്ചറിവിൽ നിന്നാണ് ചാർലി ഹെബ്ദോയുടെത് ആക്ഷേപ ഹാസ്യമല്ല മറിച്ച് ക്രൂരതയില്‍ ആനന്ദം അനുഭവിക്കുന്ന വാസനാ വൈകൃതം മാത്രമാണ് (Its not satire, But sadism) എന്ന് അമേരിക്കൻ പൊളിറ്റിക്കൽ സയൻറിസ്റ്റായ ഡോ. നോര്‍മന്‍ ഫിന്‍കെല്‍സ്റ്റൈന്‍ പ്രസ്താവിച്ചത്. ഇത്തരത്തിൽ വളരെ വരണാത്മകമായി പ്രവർത്തിക്കുന്ന, അത്തരം തിരഞ്ഞെടുപ്പുകൾക്കു പിന്നിൽ പ്രവർത്തിക്കുന്ന യൂറോപ്യൻ സമൂഹത്തിന്റെ വംശീയ വിദ്വേഷമാണ് യഥാർത്ഥത്തിൽ യൂറോപ്യൻ ആധുനികതയുടെ ലിബറൽ ഉദാരത സാർവത്രികല്ല എന്ന് പ്രൊഫ. മറ്റി ബുന്‍സല്‍ പ്രസ്താവിക്കാനുള്ള കാരണം.
തങ്ങളുടേതല്ലാത്ത സർവ്വ സംസ്ക്കാരങ്ങളോടും ആധുനിക യൂറോപ്യൻ രാഷ്ട്രങ്ങളും ഫ്രഞ്ച് സമൂഹവും എക്കാലവും ഹിംസാത്മകമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ഇസ്‌ലാമും മുസ്‌ലിം ജീവിതങ്ങളും ഇസ്‌ലാമിക സ്വത്വ ചിഹ്നങ്ങളും അധുനിക യൂറോപ്പിൻ്റെ, വിശിഷ്യാ ഫ്രഞ്ച് പൊതുബോധത്തിന്റെയും ഭരണകൂടത്തിന്റെയും പ്രഥമ മൂല്യ മണ്ഡലത്തിനു ഉൾക്കൊള്ളാൻ സാധിക്കാത്തതു കൊണ്ടാണ് മുസ്‌ലിം ശിരോവസത്രം അവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരാത്തതും അവ ധരിക്കുന്നത് ഫ്രാൻസിൽ കുറ്റകൃത്യമാകുന്നതും. ദേഹമാസകലം പരന്നുകിടക്കുന്ന വസ്ത്ര ധാരണം അപരിഷ്കൃതമാണെന്ന് യൂറോപ്പ് വിധി എഴുതുമ്പോൾ യൂറോപ്യൻ അധിനിവേശ ശക്തികൾ നോർത്ത് അമേരിക്കൻ തദേശീയ ജനതയെ അപരിഷ്കൃതരെന്ന മുദ്രകുത്താൻ കണ്ട കാരണം അവർ അക്കാലത്തെ യൂറോപ്യരെ പോലെ മൂന്നാവരണമുള്ള വസ്ത്രം ധരിക്കുന്നില്ല എന്നും അവരിൽ ബഹുഭൂരിപക്ഷം മനുഷ്യരും അർദ്ധ നഗ്നരോ പ്രാഥമിക നഗ്നത മാത്രം മറച്ചവരോ ആയിരുന്നു എന്നതാണ്. ഇത്തരത്തിൽ, ഒരു വ്യക്തിയുടെ മാന്യത മാനദണ്ഡം ഭരണകൂടം നിശ്ചയിക്കുന്ന യൂറോപ്യൻ അധിനിവേശ സാമ്രാജ്യത്ത്വ ബോധം തന്നെയാണ് മുഖപടം ധരിക്കുന്നത് നിരോധിച്ചു കൊണ്ടു 2004-ലെ ഫ്രഞ്ച് നിയമ നിർമ്മാണത്തിനു പിന്നിലും പ്രവർത്തിച്ചത്. യൂറോപ്യൻ ഇതരമായ സംസ്ക്കാരങ്ങളെ വംശീയമായി അധിക്ഷേപിക്കുകയും അത്തരം ജീവിത രീതികളെ കുറ്റകൃത്യമായി ചിത്രീകരിക്കുകയും ചെയുന്നത് വംശീയമായ ആക്രമണങ്ങളിലേക്കും ഉന്മൂലനങ്ങളിലേക്കും നയിക്കും എന്നത് തിരിച്ചറിയാൻ മറ്റൊരു ഹോളോകൊസ്റ്റ് അവർത്തിക്കണം എന്നു ശാഠ്യം പിടിക്കുന്നിടത്തു തന്നെ യൂറോപ്പിന്റെ വംശീയ ഉന്മൂലന ലക്ഷ്യം വ്യക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.