Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഫ്രഡറിക് ഏംഗൽസ്...

ഫ്രഡറിക് ഏംഗൽസ് അനുസ്​മരിക്കപ്പെടു​ന്നു

text_fields
bookmark_border
ഫ്രഡറിക് ഏംഗൽസ് അനുസ്​മരിക്കപ്പെടു​ന്നു
cancel
camera_alt

ഫ്രഡറിക്​ ഏംഗൽസ്,​ കാൾ മാർക്​സ്​

2020 നവംബർ 28 ​ ഫ്രഡറിക്​ ഏംഗൽസി​െൻറ ദ്വിശതാബ്‌ദിയാണ്. മുതലാളിത്തം എല്ലാ ദംഷ്​ട്രകളോടെയും രാഷ്​ട്രങ്ങളെ വിഴുങ്ങിക്കൊണ്ടിരിക്കുമ്പോൾ, സോഷ്യലിസ്​റ്റ്​ ആശയങ്ങൾ ഉട്ടോപ്യനായെന്ന് പരക്കെ പ്രചരിപ്പിക്കപ്പെടുമ്പോൾ, കമ്യൂണിസ്​റ്റ്​ പ്രസ്ഥാനങ്ങൾ ചുരുങ്ങിച്ചുരുങ്ങി പ്രാദേശികമാവുമ്പോൾ 200 വർഷം മുമ്പ് ജനിച്ച ഒരു മുതലാളി പുത്രൻ ലോകത്തിന് നൽകിയ സംഭാവനകൾ ഏറെയൊന്നും ചർച്ചചെയ്യപ്പെട്ടിട്ടില്ല. മാർക്സും ലെനിനും ഏറെ കൊട്ടിഗ്​ഘോഷിക്കപ്പെടു​േമ്പാൾ അവരോടൊപ്പം ചേർത്തുനിർത്തേണ്ട പേരുതന്നെയാണ് ഫ്രഡറിക് ഏംഗൽസ് എന്ന നാമധേയം. ഏംഗൽസ് നടത്തിയ ഇടപെടലുകൾ, ധീരമായ മുന്നേറ്റങ്ങൾ, പ്രായോഗികതയിലും സഹിഷ്ണുതയിലുമൂന്നിയ പ്രവർത്തനങ്ങൾ, സൗഹൃദത്തി​െൻറ മായാത്ത മുദ്രകൾ -ഇവയൊക്കെ ഓർക്കേണ്ടതും പഠിക്കേണ്ടതും തന്നെയാണ്.

അധികാരവും രാജ്യവും ഒരിക്കലും ഏംഗൽസ് എന്ന വൈരുധ്യാത്മക ഭൗതികവാദിക്ക്​ ഒരു അജണ്ടയായിരുന്നില്ല. ശാസ്ത്രീയ കമ്യൂണിസമായിരുന്നു ആ പ്രവർത്തനത്തിൽ ഉടനീളം. വിപ്ലവം ശാസ്ത്രീയവും മനുഷ്യന് നന്മ പകരുന്നതുമായിരിക്കണം എന്നായിരുന്നു അദ്ദേഹത്തി​െൻറ തത്ത്വശാസ്ത്രം.

ബൂർഷ്വാസി-ജനാധിപത്യ വിപ്ലവം പടിഞ്ഞാറൻ യൂറോപ്പിൽ അലയടിച്ചുയരുമ്പോഴായിരുന്നു ഏംഗൽസി​െൻറ ജീവിതയാത്ര ആരംഭിക്കുന്നത്. വ്യവസായവിപ്ലവം പതിനെട്ടാം നൂറ്റാണ്ടി​െൻറ മധ്യത്തിൽ ഒരു പുതിയ സംസ്കാരവും പ്രചോദനവുമായി മാറി. ഗ്രാമങ്ങളിൽനിന്നും പാടങ്ങളിൽനിന്നും നഗരങ്ങളിലേക്കും പട്ടണങ്ങളിലേക്കും തൊഴിൽ തേടി കർഷകരും ഗ്രാമീണരും കുടുംബസമേതം നഗരങ്ങളിലേക്ക് കുടിയേറി. അവിടം തൊഴിലന്വേഷകരുടെ വിസ്ഫോടനം തീർത്തപ്പോൾ മുതലാളിമാർ സമയം വർധിപ്പിച്ചു അവരെ ചൂഷണത്തിനിരയാക്കിയപ്പോൾ പ്രതികരിക്കാൻ ഒരു വ്യവസായി തന്നെ മുന്നോട്ടുവരുകയായിര​ുന്നു. തൊഴിലാളികൾക്ക് പുതിയ തൊഴിൽസംസ്കാരത്തിന് നേതൃത്വം കൊടുത്ത മനുഷ്യസ്​നേഹിയായിരുന്നു ഏംഗൽസ്​.

വർഗസമരങ്ങൾ യാഥാർഥ്യബോധത്തോടെ ശാസ്ത്രീയമായി നടത്തിയില്ലെങ്കിൽ അത്തരം ആശയങ്ങൾ മുതലാളിത്തത്തിനു മുന്നിൽ മുട്ടുകുത്തേണ്ടിവരുമെന്നും അതു വെറും ഉട്ടോപ്യൻ ആശയമായി മാറുമെന്നുമായിരുന്നു ഏംഗൽസി​െൻറ നിരീക്ഷണം. തൊഴിലാളികളെയും വർഗസമരങ്ങളെയും നയിക്കും മുമ്പ്​ സാമൂഹികവികസനത്തിനുതകുന്ന നിയമങ്ങളും തൊഴിൽപരിഷ്കരണങ്ങളും കൊണ്ടുവരുകയും അതിലൂടെ ചൂഷണം അവസാനിപ്പിച്ച്​ തുല്യത ഉറപ്പുവരുത്തുകയുമായിരുന്നു ഏംഗൽസ് കണ്ടത്. തൊഴിലാളികളുടെ രാഷ്​ട്രീയ, അധികാര ശാക്തീകരണത്തിലൂടെ മാത്രമേ ഇത് സാധ്യമാവൂ എന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു.

മാർക്​സുമായുള്ള സൗഹൃദം ഏംഗൽസിനെ പുതിയ ദിശാബോധത്തിലേക്കും ഉണർവിലേക്കും നയിച്ചു. അവർ ഒരുമിച്ചു തന്നെയാണ് ശാസ്ത്രീയ കമ്യൂണിസവും മറ്റു കൃതികളും എഴുതിയത്. 'മൂലധന'ത്തി​െൻറ പലഘട്ടങ്ങളിലും ഏംഗൽസി​െൻറ ഉപദേശവും നിർദേശവും മാർക്സ് സ്വീകരിച്ചിട്ടുണ്ട്. ഏംഗൽസി​െൻറ അപാരമായ ജ്ഞാനം, ഓർമശക്തി, കാഴ്ചപ്പാട്, പ്രായോഗികവീക്ഷണം ഇവയൊക്കെ തന്നെയാണ് മാർക്സിനെ ഏംഗൽസിലേക്ക് അടുപ്പിച്ചു നിർത്തിയതും.

പ്രകൃതിയിലും സമൂഹത്തിലും പ്രതിഭാസങ്ങൾ പരസ്പരസംഘട്ടനത്തിലൂടെ, വൈരുധ്യത്തിലൂടെ, പരസ്പരപ്രവർത്തനത്തിലൂടെയാണ് നിലനിൽക്കുന്നതും വളരുന്നത്​ എന്നും പ്രപഞ്ചത്തിന് പ്രാഥമികമായത് പദാർഥം തന്നെയാണെന്നും ആശയം പിന്നീട് ഉണ്ടായതാണെന്നും പ്രപഞ്ചം ഏതെങ്കിലും ആശയത്തി​െൻറ സൃഷ്​ടി അല്ലെന്നുമായിരുന്നു ഏംഗൽസി​െൻറ വാദം. ഹെഗൽ എന്ന തത്ത്വചിന്തക​െൻറ ആശയവാദാടിസ്ഥാനത്തിലുള്ള പ്രപഞ്ചവീക്ഷണത്തിൽനിന്ന്​ വ്യത്യസ്തമായി അതേ വൈരുധ്യവാദത്തെ ഭൗതികവാദ വീക്ഷണത്തിലുള്ള ഉപകരണമായാണ് ഏംഗൽസ് നിരീക്ഷിക്കുന്നത്. കേവലം ആശയവാദത്തിൽ ഒതുക്കാതെ പ്രായോഗികവാദത്തിലേക്ക് പ്രപഞ്ചത്തെ കൊണ്ടുവരാനാണ് ഏംഗൽസ് ശ്രമിച്ചത്.മാർക്സും ഏംഗൽസും ഒരുമിച്ചു പിന്നീടും ഇത്തരത്തിലുള്ള പുതിയ കാഴ്ചപ്പാടുകൾ ലോകത്തിനു നൽകി. ചരിത്രത്തി​െൻറ ശാസ്ത്രീയത അവയിൽ ഒന്നായിരുന്നു. ഓരോ രാഷ്​ട്രത്തി​െൻറയും ചരിത്രവും സംസ്കാരവും എന്ന പഠനത്തി​െൻറ ആരംഭം അങ്ങനെയായിരുന്നു. പ്രത്യയശാസ്ത്രങ്ങൾ കാലത്തിനനുസരിച്ച് മാറണമെന്നും അത് പുതിയ ജീവിതരീതികളോടൊപ്പം ഇഴുകിച്ചേർന്നു പോകേണ്ടതുണ്ട് എന്നതുമായിരുന്നു ഏംഗൽസി​െൻറ പക്ഷം. വ്യവസായിയായി ജനിച്ചിട്ടും തൊഴിലാളികൾക്കും തൊഴിലാളിവർഗ ക്ഷേമത്തിനും സോഷ്യലിസത്തിനും പുതിയ ജനാധിപത്യ മനുഷ്യാവകാശ സംവിധാനത്തിനും ഉതകുന്ന പ്രത്യയശാസ്ത്രത്തിനായിരുന്നു ഏംഗൽസ് എന്നും മുൻഗണന നൽകിയത്.

മാഞ്ചസ്​റ്ററിലെയും ഇംഗ്ലണ്ടിലെയും തൊഴിലാളികളെ അവരുടെ കഷ്​ടപ്പാടുകൾ കണ്ടു സഹായിച്ചു ആ മനുഷ്യസ്നേഹി. ത​െൻറ തൊഴിലാളിയെയും സഹോദരിയെയും തന്നോടൊപ്പം താമസിപ്പിച്ച് പിന്നീട് അവരിലൊരാളെ വിവാഹംചെയ്ത് അവരുടെ മരണത്തിനുശേഷം സഹോദരിയെ ഒപ്പംകൂട്ടി മരണംവരെ ജീവിതത്തിൽ കാരുണ്യവും തൊഴിലാളിസ്നേഹവും കാണിച്ച് ജീവിതംകൊണ്ടു തന്നെ പ്രായോഗികവാദം എന്തെന്ന് തെളിയിച്ചു അദ്ദേഹം. ജീവിത യാഥാർഥ്യങ്ങളെ നേരിടാൻ പലപ്പോഴും മാർക്സിനു തുണയായിരുന്നു അദ്ദേഹം. സാമ്പത്തികസഹായം ഉൾപ്പെടെ നൽകി മിത്രമാക്കി മരണം വരെ കൂടെ നിർത്തിയതും ഒന്നാം പതിപ്പിൽ ഒരു ചലനവും ഉണ്ടാക്കാത്ത 'മൂലധനം' എന്ന കൃതിയെ മാർക്സി​െൻറ മരണശേഷം വീണ്ടും പുറത്തിറക്കി ലോകത്തിലെ ചർച്ച ചെയ്യപ്പെട്ട പുസ്തകമാക്കി മാറ്റിയതും ഏംഗൽസ് എന്ന ദീർഘവീക്ഷണമുള്ള മനുഷ്യ​െൻറ ശ്രമം തന്നെയാണ്.

(സംസ്ഥാന കരിക്കുലം കമ്മിറ്റി അംഗമായിരുന്നു ലേഖകൻ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:commemorationfriedrich engels
Next Story