വിവേചന ഫെഡറലിസം തൊട്ട് വിദേശ നിക്ഷേപ പ്രോത്സാഹനം വരെ
text_fieldsഒരു സംസ്ഥാന ബജറ്റ് പോലെ ബിഹാര്‍, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളെ പ്രത്യേകിച്ച് തൃപ്തിപ്പെടുത്തിയും വിദേശ കമ്പനികളുടെ ആദായനികുതി കുറച്ചും വിവിധ കസ്റ്റംസ് തീരുവകൾ കുറച്ചും നിർമല സീതാരാമന്റെ സമ്മിശ്ര ബജറ്റ്
കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് ഇന്ന് അവതരിപ്പിച്ച ബജറ്റിന് സമ്മിശ്ര പ്രതികരണങ്ങൾ. മുന്‍ ബജറ്റുകളെ അപേക്ഷിച്ച് ഇത്തവണ സംസ്ഥാനങ്ങളെക്കുറിച്ച് പരാമർശമൊന്നുമില്ല. ശ്രദ്ധ കൂടുതലും ‘ഇന്ത്യ’ അല്ലെങ്കില്‍ ‘ഭാരത’വും കേന്ദ്ര കേന്ദ്രീകൃത പദ്ധതികളുമായിരുന്നു. അതേസമയം, ഒരു സംസ്ഥാന ബജറ്റ് പോലെ ബിഹാര്‍, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളെ പ്രത്യേകിച്ച് സംതൃപ്തിപ്പെടുത്തി സഖ്യകക്ഷി സർക്കാറിനെ സുരക്ഷിതമാക്കുകയുമുണ്ടായി. ഇത് ഉദ്ദേശപൂര്വമായിരുന്നോ? ഇതറിയാൻ വരാനിരിക്കുന്ന ദിവസങ്ങള്‍ കാത്തിരിക്കണം.
നിതി ആയോഗ് സ്ഥാപിതമായതു മുതൽ, ഇന്ത്യയിലെ തന്ത്രപരമായ ആസൂത്രണം നിലക്കുകയും ഘടനാപരമായ പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നതിന് ബജറ്റുകൾ നിർണായകമാവുകയും ചെയ്തിട്ടുണ്ട്. എന്നിരുന്നാലും, വാർഷിക ബജറ്റുകളിലൂടെ മാത്രം അസമത്വം, ദാരിദ്ര്യം, തൊഴിൽ സൃഷ്ടിക്കൽ തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കില്ല. അതുകൊണ്ട് തന്നെ മെഗാ പ്രോജക്ടുകൾ ഇല്ലാത്ത ബജറ്റ് ഇന്ത്യയുടെ വികസന കുതിപ്പിന് സഹായകമാവുമെന്ന് തോന്നുന്നില്ല.
പദ്ധതികൾക്ക് തുടർച്ചയില്ല
കഴിഞ്ഞ എൻ.ഡി.എ സർക്കാറിന്റെ പദ്ധതികൾക്ക് തുടർച്ചയില്ലാതായി എന്നു മാത്രമല്ല പലതും ഇല്ലാതായി. ഉന്നതവിദ്യാഭ്യാസ വിഹിതം പതിവായി കുറഞ്ഞു. നാഷനൽ എജുക്കേഷൻ പോളിസി (NEP) നടപ്പാക്കുന്നതിൽ സംസ്ഥാനങ്ങൾ ഉത്കണ്ഠ പ്രകടിപ്പിക്കുന്ന സാഹചര്യത്തിൽ തന്നെയാണ് എൻ.ഇ.പിക്ക് ധനസഹായം നൽകുന്നതിനുപകരം, പക്വതയില്ലാത്തതും ഹ്രസ്വകാലവുമായ നൈപുണ്യ പദ്ധതികൾ ബജറ്റ് നിർദേശിക്കുന്നത്. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ഈ പദ്ധതികൾ സംയോജിപ്പിച്ചില്ലെങ്കിൽ, അവയുടെ ഭാവി പരിതാപകരമായിരിക്കും.
ഫിസ്ക്കൽ ഫെഡറലിസത്തിൽനിന്ന് മാറ്റം
ഇത്തവണ മറ്റൊരു കാര്യമായ നയം മാറ്റം ശ്രദ്ധിക്കേണ്ടതാണ്. ഫിസ്ക്കൽ ഫെഡറലിസത്തിൽനിന്ന് മത്സരപരവും വിവേചനപരവുമായ ഫെഡറലിസത്തിലേക്കുള്ള ഈ മാറ്റം കാര്യമായ ആശങ്ക ഉയർത്തുന്നു. രാഷ്ട്രീയ സ്വാധീനമുള്ള സംസ്ഥാനങ്ങൾക്ക് പക്ഷപാതപരമായി ഫണ്ട് അനുവദിക്കുന്നത് സംസ്ഥാന കടങ്ങൾ വർധിപ്പിക്കുകയും സംസ്ഥാനങ്ങൾ തമ്മിലുള്ള അസമത്വം വർധിപ്പിക്കുകയും ചെയ്യും. ബിഹാറിനും ആന്ധ്രാപ്രദേശിനും ആനുപാതികമല്ലാത്ത ഊന്നൽ നൽകുന്നതിനാൽ 2024 ലെ കേന്ദ്ര ബജറ്റിനെ ഒരു ‘സംസ്ഥാന ബജറ്റാ’യി കാണേണ്ടിവരും. ഈ സമീപനം സംസ്ഥാനങ്ങൾക്കിടയിലെ അസമത്വം വർധിപ്പിക്കുക മാത്രമേ ചെയ്യൂ.
വിദേശനിക്ഷേപകർക്ക് പ്രോത്സാഹനം
സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് (MSME) ബജറ്റിൽ ചില ആശ്വാസങ്ങൾ അവതരിപ്പിക്കുന്നുണ്ട്. വിദേശ കമ്പനികളുടെ ആദായനികുതി നിരക്ക് 40ൽ നിന്ന് 35% ആയി കുറയ്ക്കാനും നിർദിഷ്ട സാമ്പത്തിക ആസ്തികളുടെ ഹ്രസ്വകാല നേട്ട നികുതി 15ൽ നിന്ന് 20% ആക്കി ഉയർത്താനും എല്ലാ ആസ്തികളുടെയും ദീർഘകാല നേട്ട നികുതി 12.5% ആക്കാനും നിർദേശിക്കുന്നു. കൂടാതെ, ചില ലിസ്റ്റ് ചെയ്ത സാമ്പത്തിക ആസ്തികളിലെ മൂലധന നേട്ടത്തിനുള്ള ഇളവ് പരിധി പ്രതിവർഷം ഒരു ലക്ഷം രൂപയിൽനിന്ന് 1.25 ലക്ഷമായി വർധിപ്പിച്ചിരിക്കുന്നു.
കസ്റ്റംസ് തീരുവ കുറക്കുന്നു
എന്നാൽ ഭക്ഷ്യ വിലവർധന നിയന്ത്രിക്കാനുള്ള കമ്പോള ഇടപെടലുകൾ ഇല്ല എന്നുതന്നെ പറയാം. കൂടാതെ, ആണവോർജം, പുനരുപയോഗ ഊർജം, ബഹിരാകാശം, പ്രതിരോധം, ടെലികമ്യൂണിക്കേഷൻ, ഹൈടെക് ഇലക്ട്രോണിക്സ് തുടങ്ങിയ മേഖലകൾക്ക് അത്യാവശ്യമായ 25 നിർണായക ധാതുക്കളുടെ കസ്റ്റംസ് തീരുവ ഒഴിവാക്കുകയും ഈ രണ്ട് ധാതുക്കളുടെ കസ്റ്റംസ് ഡ്യൂട്ടി കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. ചില ബ്രൂഡ്സ്റ്റോക്ക്, പോളിചെയിറ്റ് വേമുകൾ, ചെമ്മീൻ, മീൻ തീറ്റ എന്നിവയുടെ ബേസിക് കസ്റ്റംസ് തീരുവ 5% ആയി കുറയും, കൂടാതെ ചെമ്മീൻ, മത്സ്യ തീറ്റ എന്നിവയുടെ നിർമാണത്തിനുള്ള വിവിധ ഇൻപുട്ടുകളുടെ കസ്റ്റംസ് തീരുവ ഒഴിവാക്കുകയും ചെയ്തിരിക്കുന്നു. കസ്റ്റംസ് തീരുവ കുറയ്ക്കുന്നത് മൊബൈൽ ഫോണുകൾ, വിലയേറിയ ലോഹങ്ങൾ എന്നിവയുടെ ഉപഭോക്തൃ ചെലവ് കുറയ്ക്കും. നിർണായക ധാതുക്കളുടെ നികുതി ഒഴിവാക്കുകയോ വെട്ടിക്കുറയ്ക്കുകയോ ചെയ്യുന്നത് ആണവോർജം, ഹൈടെക് ഇലക്ട്രോണിക്സ് തുടങ്ങിയ തന്ത്രപ്രധാന മേഖലകളിലെ വളർച്ചയെ പിന്തുണയ്ക്കുന്നു. അക്വാകൾച്ചർ ഇൻപുട്ടുകളുടെയും മെറ്റീരിയലുകളുടെയും കുറഞ്ഞ തീരുവ ചെമ്മീൻ, മത്സ്യകൃഷി വ്യവസായത്തെ മെച്ചപ്പെടുത്തുന്നു. അതേസമയം നിർമാണ സാമഗ്രികളുടെ കസ്റ്റംസ് തീരുവ കുറയ്ക്കുന്നത് ആഭ്യന്തര ഉൽപാദനത്തെയും മത്സരക്ഷമതയെയും ശക്തിപ്പെടുത്തുന്നു. അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട ചരക്കുകളുടെ കയറ്റുമതി കാലാവധി നീട്ടുന്നത് ആഭ്യന്തര വ്യോമയാന, സമുദ്ര പരിപാലന മേഖലകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കും.
വാഗ്ദാനം ‘പുതിയ മിഡിൽ ക്ലാസ്’
രാജ്യത്തെ 4.1 കോടി യുവാക്കൾക്കായി വിവിധ പദ്ധതികൾക്ക് കീഴിൽ രണ്ട് ലക്ഷം കോടി രൂപ മൊത്തം വകയിരുത്തിയിട്ടുണ്ട്. അഞ്ച് വർഷം കൊണ്ട് 20 ലക്ഷം യുവാക്കൾക്ക് നൈപുണ്യ പരിശീലനം നൽകും. പുതിയ വ്യവസായ പരിശീലന കേന്ദ്രങ്ങൾ ആരംഭിക്കും. തൊഴിലില്ലായ്മ പരിഹരിക്കാനും നൈപുണ്യ വികസനത്തിനും കൂടുതൽ പ്രോത്സാഹനം നൽകും. ഇത് പുതിയ മിഡിൽ ക്ലാസിന് ആശ്വാസകരമാവും. എന്നാൽ, ഇതിന്റെ പ്രായോഗികത കണ്ടറിയുകതന്നെ വേണം. മൊബൈൽ ഫോൺ, മൊബൈൽ പി.സി.ബി.എ, മൊബൈൽ ചാർജറുകൾ എന്നിവയുടെ അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടി 15% ആയി കുറയ്ക്കുന്നത് പോലുള്ള ശ്രദ്ധേയമായ ഇളവുകൾ ബജറ്റിൽ ഉൾപ്പെടുന്നു.
സ്റ്റാർട്ടപ്പുകൾക്ക് പ്രോത്സാഹനം
ബജറ്റ് 2024 ന്റെ മറ്റൊരു പ്രത്യേകത ഏഞ്ചൽ ടാക്സ് നിർത്തലാക്കുന്നു എന്നതാണ്. കൂടുതൽ മൂലധനം ആകർഷിക്കുന്ന ഏഞ്ചൽ നിക്ഷേപകരുടെ നികുതി ഭാരം നീക്കം ചെയ്തുകൊണ്ട് സ്റ്റാർട്ടപ്പുകളിലെ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കാൻ ഇത് സഹായിക്കും. ഇത് അവരുടെ ഫണ്ടിങ്ങിലേക്കുള്ള പ്രവേശനം ലളിതമാക്കുകയും നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിക്കുകയും കൂടുതൽ ചലനാത്മകമായ ഒരു സംരംഭകത്വ ആവാസവ്യവസ്ഥയെ പരിപോഷിപ്പിക്കുകയും ചെയ്യുന്നു. കാര്യമായ മാറ്റങ്ങളൊന്നുമില്ലെങ്കിലും പുതിയ നികുതി വ്യവസ്ഥക്ക് കീഴിലുള്ള നികുതി സ്ലാബുകൾ പുതുക്കിയിട്ടുണ്ട്. 17,000 രൂപവരെ സേവിങ്സ് നൽകാൻ സാധ്യതയുണ്ട് ഈ സ്കീമിൽ. മുതിർന്ന പൗരന്മാർക്ക് പെൻഷനിൽ ഉയർന്ന ഇളവ് ലഭിക്കുന്നതിനും പ്രഖ്യാപനമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.