ജി.ഡി. അഗർവാൾ, മോദി സർക്കാറിെൻറ ഇര
text_fieldsപ്രഗത്ഭനും പ്രശസ്തനുമായ പരിസ്ഥിതി എഞ്ചിനീയർ. കാൺപൂർ ഐ.ഐ.ടിയിലെ സിവിൽ -പരിസ്ഥിതി വിഭാഗത്തിന്‍െറ മുൻമേധാവി. പ്രഥമ കേന്ദ്രമലിനീകരണ നിയന്ത്രണ ബോർഡിന്‍െറ മെമ്പർ സെക്രട്ടറി. സങ്കീർണമായ സാങ്കേതികപ്രശ്നങ്ങൾക്കു പരിഹാരം തേടി സുഹൃത്തുക്കളും ശിഷ്യരും നിരന്തരം സമീപിച്ചിരുന്ന വ്യക്തി. ലളിതജീവിതം നയിച്ചിരുന്ന ഗാന്ധിയൻ.
അതായിരുന്നു ഡോക്ടർ ജി.ഡി. അഗർവാൾ. ഏഴുവർഷം മുമ്പ് സ്വാമി ജ്ഞാനസ്വരൂപ സാനന്ദനെന്ന പുതിയ നാമത്തിൽ സന്യാസ ജീവിതം സ്വീകരിച്ച ശേഷവും പരിസ്ഥിതി ശാസ്ത്രജ്ഞനെന്ന നിലയിലും ആക്ടിവിസ്റ്റ് എന്ന നിലയിലും വിശ്രമമില്ലാതെ പ്രവർത്തിച്ചുകൊണ്ടിരുന്ന അദ്ദേഹം ഇന്നലെ മരിച്ചു. 87ാം വയസ്സിൽ അദ്ദേഹം മരിക്കുേമ്പാൾ പക്ഷേ, അതൊരു വാർധക്യസഹജമായ മരണമായിരുന്നില്ല. ഗംഗയ്ക്കുവേണ്ടിയുള്ള ജീവത്യാഗമായിരുന്നു. ഗംഗാനദി വർഷം മുഴുവൻ ഒഴുകുന്നതിനുവേണ്ടിയും അഴുക്കുചാലാവാതെ തെളിനീരായി ഒഴുകുന്നതിനും വേണ്ടി അദ്ദേഹം മരണം വരിച്ചു. അല്ല, കേന്ദ്ര-സംസ്ഥാനസർക്കാരുകൾ അദ്ദേഹത്തെ മരണത്തിലേക്കു തള്ളിവിട്ടു. മറ്റൊരർത്ഥത്തിൽ ഇത് കൊലപാതകം തന്നെയാണ്. ഭരണകൂട കൊല.
ജൂൺ 22 നാണ് അഗർവാൾ ഹരിദ്വാറിലെ തന്റെ ആശ്രമത്തിൽ നിരാഹാരം ആരംഭിച്ചത്. മരണം വരെ സമരം. കഴിഞ്ഞ ഒമ്പതു വർഷത്തിനുള്ളിൽ ഗംഗയ്ക്കുവേണ്ടി അദ്ദേഹം നടത്തിയ അഞ്ചാമത്തെ നിരാഹാരസമരമായിരുന്നു ഇത്. 109 ദിവസം തേൻ ചേർത്ത വെള്ളം മാത്രം. ഒക്ടോബർ ഒമ്പതിനു അതും നിർത്തിയപ്പോൾ അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ഋഷികേശിലെ ആൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേയ്ക്ക് മാറ്റി. അവിടെ വച്ച് ഹൃദയാഘാതം വന്നാണ് മരിച്ചത്.
അഗർവാളിന്റെ മരണം പ്രധാനപ്പെട്ട ചില കാര്യങ്ങൾ വെളിപ്പെടുത്തുന്നുണ്ട് . ദേശീയ നദിയെന്ന പദവി ലഭിച്ചതിനുശേഷവും മരിച്ചതിനു തുല്യം ജീവിക്കുന്ന മലിനമായ ഗംഗ. കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതങ്ങൾ വലിയ ദുരന്തങ്ങളായി അനുഭവിക്കുന്ന ഇക്കാലത്തും, ഓരോ ജലസ്രോതസും എന്തുവില കൊടുത്തും സംരക്ഷിക്കേണ്ട ഈ ഘട്ടത്തിലും ഭരണകൂടങ്ങൾ പരിസ്ഥിതിയോടും പരിസ്ഥിതി പ്രവർത്തകരോടും കാണിക്കുന്ന കുറ്റകരമായ അനാസ്ഥ, നിയമലംഘനങ്ങൾ, പുരോഗതിയിലേക്കോ സുസ്ഥിരതയിലേക്കോ നയിക്കാത്ത, ദീർഘവീക്ഷണമില്ലാത്ത വികസനസങ്കൽപങ്ങൾ…
കഴിഞ്ഞ കുറച്ചുകാലമായി ഗംഗ വർഷത്തിൽ ഒമ്പതുമാസവും വരണ്ടുകിടക്കുകയാണ്. വൃഷ്ടി പ്രദേശത്തെ വനനശീകരണം, അനിയന്ത്രിതമായ മണൽഖനനം, നദീതീരത്തെ കൈയേറ്റങ്ങൾ, അതിവേഗത്തിലുള്ള നഗരവത്കരണം, ഭൂഗർഭ ജലത്തിന്റെ അമിത ചൂഷണം, ജലവൈദ്യുത പദ്ധതികൾ, അണക്കെട്ടുകൾ, ജലസേചനപദ്ധതികൾ... എല്ലാം ചേർന്ന് ഗംഗയെ കൊന്നുകൊണ്ടിരിക്കുന്നു..
ചെറുതും വലുതുമായ അറുന്നൂറോളം അണക്കെട്ടുകളുണ്ട് ഗംഗയ്ക്കും ഗംഗയുടെ പോഷകനദികളായ ഭഗീരഥിക്കും അളകനന്ദയ്ക്കും മന്ദാകിനിക്കും മറ്റുനദികൾക്കും കുറുകെ. ഗംഗയിൽ നിന്ന് 80-90 ശതമാനം ജലം പല ആവശ്യങ്ങൾക്കായി വഴിതിരിച്ചുവിടുന്നുണ്ടെന്നാണ് വിവിധറിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ‘പുണ്യനദി’ എന്നു വിശേഷിപ്പിക്കപ്പെടുമ്പോഴും നദിയിലൂടെ ഒഴുകുന്നത് മാരകമായ വ്യവസായമാലിന്യങ്ങളും നഗരമാലിന്യങ്ങളും ഖരമാലിന്യങ്ങളും മനുഷ്യമാലിന്യങ്ങളുമൊക്കെയാണ്. ലോകത്ത് മനുഷ്യരുടെ ഇടപെടൽ കാരണം ഏറ്റവും കൂടുതൽ മലിനമായ അഞ്ചുനദികളിൽ ഒന്ന്. കുളിക്കാൻപോലും പറ്റാത്ത വെള്ളം. അവിടെയാണ് അഞ്ഞൂറും അറുന്നൂറും ലക്ഷം ആളുകൾ പങ്കെടുക്കുന്ന കുംഭമേളകൾ പോലുള്ള മഹാമേളകൾ നടക്കുന്നത്.
സത്യത്തിൽ, 1974 ൽ ജലമലിനീകരണം തടയുന്ന കേന്ദനിയമം നിലവിൽ വന്നതിനു ശേഷമെങ്കിലും ഗംഗയുൾപ്പെടെ രാജ്യത്തെ സകലനദികളും ജലസ്രോതസുകളും സംരക്ഷിക്കപ്പെടേണ്ടതുണ്ടായിരുന്നു. പക്ഷേ, അന്ഗനെയൊരു കാര്യം നടന്നതേയില്ല. ഒരു വ്യാഴവട്ടത്തിനു ശേഷം, 1986 ൽ പരിസ്ഥിതി സംരക്ഷണനിയമം നിലവിൽ വന്നപ്പോഴാണ് ഗംഗയെപ്പറ്റി ചിന്തിക്കാൻപോലും തുടങ്ങിയത്.
നദിയെ സംരക്ഷിക്കാനും ശുദ്ധീകരിക്കാനും ഗംഗാ ആക്‌ഷൻ പ്ലാൻ എന്ന പേരിൽ ഒരു പദ്ധതിക്ക് ആ വർഷം അപ്പോഴത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി തുടക്കം കുറിച്ചു . രണ്ടുദശകത്തിനുശേഷം,2008 ൽ, ഗംഗ ദേശീയ നദിയായി പ്രഖ്യാപിക്കപ്പെട്ടു. അടുത്തവർഷം ദേശീയ ഗംഗാനദീതട അതോറിറ്റിയും 2011 ൽ ഗംഗാനദിയെ മാലിന്യമുക്തമാക്കാൻ ഒരു ദേശീയ മിഷനും രൂപീകരിച്ചു. നാഷണൽ മിഷൻ ഫോർ ക്‌ളീൻ ഗംഗ.
1986 മുതൽ 2014 വരെ 4000 കോടി രൂപയാണ് ഗംഗാനദിയുടെ പേരിൽ ചെലവഴിച്ചത്. പക്ഷേ , ഗംഗയുടെ ദുരവസ്ഥയ്ക്കു മാറ്റമൊന്നുമുണ്ടായില്ല. കൈയേറ്റങ്ങളും മണൽ ഖനനവും മലിനീകരണവും നിർബാധം തുടർന്നു. പുതിയ പല അണക്കെട്ടുകളും വ്യവസായങ്ങളും വന്നു. മനുഷ്യവിസർജ്യത്തിന്റെയും ഇ-കോളി ബാക്ടീരിയയുടെയും അളവ് ഭയാനകമായി വർധിച്ചു. ഗംഗാനദി ഒഴുകുന്നതും ഇന്ത്യയിലെ ദരിദ്രരിൽ പകുതിയോളം പേർ ജീവിക്കുന്നതുമായ ഉത്തരാഖണ്ഡ്, ഉത്തർ പ്രദേശ്, ബീഹാർ, ജാർഖണ്ഡ്, പശ്ചിമബംഗാൾ എന്നീ അഞ്ചു സംസ്ഥാങ്ങളിലെ പലനഗരങ്ങളിലും ജലത്തിൽ ഇ-കോളി നിർദിഷ്ട അളവിനേക്കാൾ 3000 ഇരട്ടിവരെ കണ്ടെത്തി.
കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പുകാലത്ത്, ഹിന്ദുമതവിശ്വാസികൾ പുണ്യനദിയായി കരുതുന്ന ഗംഗയുടെ സംരക്ഷണം ഹിന്ദുത്വസംഘടനകളുടെ തിരഞ്ഞെടുപ്പുവാഗ്ദാനമായിരുന്നു.
‘അടുത്ത അഞ്ചുവര്ഷത്തിനുള്ളിൽ ഗംഗയെ പരിപർണമായി ശുദ്ധീകരിക്കും, നിർമലമായ ഗംഗ വർഷം മുഴുവൻ സ്വർഗീയപ്രവാഹമായി ജനജീവിതത്തെ അനുഗ്രഹിക്കും..’ എന്നൊക്കെയാണ് വാരാണസിയിൽ ഗംഗാതീരത്തു വൻ ജനാവലിയെ അഭിസംബോധന ചെയ്തുകൊണ്ട് തെരഞ്ഞെടുപ്പ് റാലിയിൽ നരേന്ദ്ര മോദി ആവേശപൂർവം പ്രഖ്യാപിച്ചത്. ഗംഗയെ ഉൾപ്പെടുത്തിക്കൊണ്ട് ജലവിഭവ മന്ത്രാലയത്തിന്റെ പേരുമാറ്റി. ഗംഗയും ഗംഗയുടെ പോഷകനദികളുമായി ബന്ധപ്പെട്ട സകലപദ്ധതികളും പരിസ്ഥിതി-വനം മന്ത്രാലയത്തിൽ നിന്ന് എടുത്തുമാറ്റി ജലവിഭവ മന്ത്രാലയത്തിനു കീഴിലാക്കി. മന്ത്രാലയത്തിന്റെ ചുമതല, ഗംഗയെ പരിരക്ഷിക്കുന്നതിൽ സ്വയം സമർപ്പിതയെന്ന് അവകാശപ്പെട്ടിരുന്ന സാധ്വി ഉമാഭാരതിയെ ഏൽപ്പിച്ചു. ഗംഗയെ മാലിന്യമുക്തമാക്കുക, പുനരുജ്ജീവിപ്പിക്കുക, സംരക്ഷിക്കുക എന്നീ ലക്ഷ്യങ്ങളോടെ ‘നമാമി ഗംഗേ’ എന്ന പേരിൽ ഒരു സമഗ്രപദ്ധതി ആവിഷ്ക്കരിച്ചു. ഇതിനു വേണ്ടി ബജറ്റിൽ ഉൾക്കൊള്ളിച്ചത് ചെറിയ തുകയൊന്നുമല്ല, 20,000 കോടി രൂപയാണ്. പിന്നീട് ഘട്ടംഘട്ടമായി ഉന്നതതല ദൗത്യസേന, ഉന്നതാധികാര ദൗത്യസേന, പ്രധാനമന്ത്രി മേധാവിയായ നാഷണൽ ഗംഗാ കൗൺസിൽ എന്നിവയൊക്കെ രൂപീകരിച്ചു, സംസ്ഥാന കമ്മിറ്റികൾ ഉണ്ടാക്കി. ഉമാഭാരതിയുടെ പ്രകടനം അത്ര പോരെന്നു തോന്നിയപ്പോൾ ഗംഗാ പുനരുജ്ജീവന ചുമതല ജലഗതാഗതത്തിന്റെ ചുമതല കൂടിയുള്ള നിതിൻ ഗഡ്‌കരിയെ ഏൽപ്പിച്ചു.
ഇത്രയും കോലാഹലങ്ങളൊക്കെ ഉണ്ടാക്കിയിട്ടും ഗംഗയ്ക്ക് ശാപമോക്ഷമൊന്നും കിട്ടിയില്ല. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിനു പറയത്തക്ക നേട്ടങ്ങളൊന്നും കൈവരിക്കാൻ കഴിഞ്ഞില്ല എന്നാണ് പ്രവർത്തനങ്ങൾ വിലയിരുത്തിയ പാർലമെന്റ് എസ്റ്റിമേറ്റ്സ് കമ്മിറ്റിയും കംപ്‌ട്രോളർ ആൻറ് ഓഡിറ്റർ ജനറലും ‘നാഷണൽ ഗംഗാ റിവർ ബേസിൻ പ്രോജക്ടി’നു ഫണ്ടുനൽകുന്ന ലോകബാങ്കുമൊക്കെ പറയുന്നത്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള നാഷണൽ ഗംഗാ കൗൺസിൽ ഒരു തവണപോലും യോഗം ചേർന്നിട്ടില്ല. ഗംഗയ്ക്കു വേണ്ടി ദീർഘകാലാടിസ്ഥാനത്തിൽ സമഗ്രമായ വീക്ഷണത്തോടെ കാര്യപരിപാടികളൊന്നും ആവിഷ്കരിച്ചിട്ടുമില്ല.
ഇതെല്ലാം കഴിഞ്ഞു ഏറ്റവും ഒടുവിൽ ഗംഗാസംരക്ഷണത്തിനായി ഒരു കരടുനിയമത്തിനു രൂപം നൽകിയിരിക്കുകയാണ് മോദിസർക്കാർ. ഇതുവരെ പറഞ്ഞ വാഗ്ദാനങ്ങളും പ്രഖ്യാപനങ്ങളും പദ്ധതികളും പാളിച്ചകളുമൊക്കെ തൽക്കാലം മറക്കുക, ഈ നിയമം നിലവിൽ വരുന്നതോടെ സകലതും ശരിയാകുമെന്ന മട്ടിൽ. തെരഞ്ഞെടുത്ത് മൂക്കിനു മുന്നിൽ എത്തിയിരിക്കെ എന്തെങ്കിലുമൊക്കെ ചെയ്തുവെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമം.
ഈ ഘട്ടത്തിലാണ് അഗർവാൾ നിരാഹാരം ആരംഭിച്ചത്. ‘ഒരു പുതിയ നിയമം ഉണ്ടാക്കിയതുകൊണ്ടൊന്നും പ്രയോജനമില്ല. സർക്കാർ ഉദ്യോഗസ്ഥരില്ലാതെ ജല-പരിസ്ഥിതി വിദഗ്ധർ നയിക്കുന്ന സ്വാതന്ത്രസംഘങ്ങളാണ് ഗംഗയുടെ കാര്യം നോക്കിനടത്തേണ്ടത്..’ എന്നായിരുന്നു അഗർവാളിന്റെ നിലപാട് .
പ്രധാനമായും നാല് ആവശ്യങ്ങളാണ് അദ്ദേഹം മുന്നോട്ടു വച്ചത്. 2012 ൽ രൂപം നൽകിയ ദേശീയനദി ഗംഗ (സംരക്ഷണവും മാനേജ്‌മെന്റും) കരടുനിയമം പാസ്സാക്കുക, മണൽഖനനം നിരോധിക്കുക, അളകനന്ദ , മന്ദാകിനി, നന്ദാകിനി, പിന്ദാർ നദികളിൽ നിർമിക്കാനുദ്ദേശിക്കുന്നതും നിർമാണത്തിലിരിക്കുന്നതുമായ അണക്കെട്ടുകൾ റദ്ദാക്കുക, നദീസംരക്ഷണം ഉറപ്പുവരുത്തുന്നതിന് ‘ഗംഗാ ഡെവലപ്‌മെന്റ് അതോറിറ്റി’ എന്ന പേരിൽ സ്വതന്ത്രസ്വഭാവമുള്ള ഒരു കമ്മിറ്റി രൂപീകരിക്കുക.
ഇക്കാര്യങ്ങൾ ആവശ്യപ്പെട്ടുകൊണ്ടും കാര്യത്തിന്റെ ഗൗരവം ബോധിപ്പിച്ചുകൊണ്ടും അഗർവാളും അദ്ദേഹത്തോടൊപ്പമുള്ളവരും പ്രധാനമന്ത്രിക്കും ജലവിഭവമന്ത്രാലയത്തിലുള്ളവർക്കും പലതവണ നിവേദനങ്ങൾ സമർപ്പിക്കുകയുണ്ടായി. പക്ഷേ, ഒന്നിനും ഒരു മറുപടിപോലും രേഖയായി കിട്ടിയില്ല . നിതിൻ ഗഡ്‌കരിയും ഉമാഭാരതിയും നടത്തിയ പ്രസ്താവനകളൊന്നും അഗർവാളിനു തൃപ്തികരമായി തോന്നിയതുമില്ല. മണൽഖനനം നിരോധിച്ചിട്ടുണ്ട്, അണകെട്ടുന്നത് നിർത്താനാവില്ല. ഗംഗയുടെ മാനേജ്‌മെന്റ് പൂർണമായും സ്വതന്ത്ര കമ്മിറ്റിയെ ഏൽപ്പിക്കാനാവില്ല, വേണമെങ്കിൽ ഉദ്യോഗസ്ഥരല്ലാത്തവരുടെ എണ്ണം കൂട്ടാം, ബാക്കിയൊക്കെ പുതിയ കരടുനിയമത്തിൽ ഉണ്ട് എന്നൊക്കെയാണ് അവർ പറഞ്ഞുകൊണ്ടിരുന്നത്. അഗർവാളിന്റെ അഭ്യുദയകാംക്ഷികളും പരിസ്ഥിതി പ്രവർത്തകരും സീനിയർ ഉദ്യോഗസ്ഥരോടും മന്ത്രിമാരോടും ബി.ജെ.പിയുടെ മുതിർന്ന നേതാക്കാളോടും പലകുറി സംസാരിച്ചുവെങ്കിലും ഫലമുണ്ടായില്ല.
‘എന്റെ നിരാഹാരസമരം എന്റെ മരണത്തോടെയാകും അവസാനിക്കുക..’ എന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറയുകവരെ ചെയ്തു, മരിക്കുന്നതിന് മൂന്നുദിവസം മുമ്പ്, മോദിയെ “സഹോദരാ” എന്ന് വിളിച്ചുകൊണ്ടാണ് അഗർവാൾ അവസാനത്തെ കത്തെഴുതിയത്. എന്നാൽ, അഗർവാൾ മരിച്ചതറിഞ്ഞപ്പോൾ ആത്മാർത്ഥതയുടെ ലാഞ്ചനപോലുമില്ലാത്ത ഒരു വരണ്ട അനുശോചനസന്ദേശമാണ് പ്രധാനമന്ത്രി ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി പുരസ്കാരം പ്രധാനമന്ത്രിക്ക് ലഭിച്ചത് അഗർവാൾ മരണത്തിലേയ്ക്ക് നീങ്ങിക്കൊണ്ടിരിക്കുമ്പോഴാണ്.
ഗംഗയ്ക്ക് ഇങ്ങനെ സംഭവിക്കാമെങ്കിൽ മറ്റു നദികളുടെ സ്ഥിതി എന്തായിരിക്കും? അഗർവാളിന് ഇങ്ങനെ സംഭവിക്കാമെങ്കിൽ മറ്റുള്ളവരുടെ ഗതി എന്തായിരിക്കും?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.