അതുല്യയായ അംബേദ്കറിസ്റ്റ്
text_fieldsഗെയ്ൽ ഒംവേദ് യാത്രയായിരിക്കുന്നു. ഒരാഴ്ച മുമ്പ് സുഹൃത്ത് രാഹുൽ നിർമലിനെയും കൂട്ടി കാസിഗാവിലെ വീട്ടിൽ കാണാൻ ചെല്ലുേമ്പാൾ തീരെ വയ്യാത്ത അവസ്ഥയിലായിരുന്നു. മഹാരാഷ്ട്രയിലെ അംബേദ്കർ-ഫുലേ പ്രസ്ഥാനങ്ങളെ രേഖപ്പെടുത്തിവെക്കാൻ ഗെയിൽ നടത്തിയ പരിശ്രമങ്ങളെ അസാധാരണമെന്ന് വിശേഷിപ്പിച്ചാലും മതിയാവില്ല. ബഹുജൻ കവികളുടെയും സൂഫികളുടെയും കൃതികൾ മറാത്തിയിൽനിന്ന് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യാൻ പുലർത്തിയ ആവേശം ഈ പ്രത്യയശാസ്ത്രങ്ങളോടുള്ള സമർപ്പണ ബുദ്ധിയുടെ പ്രകടനമാണ്. കൾചറൽ റിവോൾട്ട് ഇൻ കൊളോണിയൽ സൊസൈറ്റി: നോൺ ബ്രാഹ്മിൺ മൂവ്മെൻറ് ഇൻ വെസ്റ്റേൺ ഇന്ത്യ 1873-1930', സീക്കിങ് ബീഗംപുര, അൺടച്ചബ്ൾ സെയിൻറ്സ്, അണ്ടർസ്റ്റാൻഡിങ് കാസ്റ്റ് ഫ്രം ബുദ്ധ ടു അംബേദ്കർ ആൻഡ് ബിയോണ്ട് ജ്യോതിറാവ് ഫുലെ ആൻഡ്ഐഡിയോളജി ഒാഫ് സോഷ്യൽ റിവോൾട്ട് ഇൻ ഇന്ത്യ തുടങ്ങിയവയാണ് മറ്റ് പ്രധാന കൃതികൾ.
ഒരിക്കലും ഗെയ്ൽ ഒരു ചാരുകസേര ബുദ്ധിജീവിയായിരുന്നില്ല. അവർ എന്നുമെപ്പോഴും ജനങ്ങളുമായി സംവദിച്ചു. കൊങ്കൺ മേഖലയിലെ പ്രധാന ജലാവകാശ പ്രവർത്തകനായ ജീവിത പങ്കാളി ഭരത് പതംഗറുമൊന്നിച്ച് ജനസമൂഹങ്ങളിലേക്ക് ഇറങ്ങിച്ചെന്നു.
1941ൽ അമേരിക്കയിൽ ജനിച്ച അവർ ഇന്ത്യയുമായി ബന്ധം തുടങ്ങുന്നത് 1963-64 കാലത്താണ്. ദലിത് പ്രസ്ഥാനങ്ങളിലും ജാതിവിരുദ്ധ മുന്നേറ്റങ്ങളിലും ആകൃഷ്ടയായി ഗവേഷണങ്ങൾക്കിടയിൽ വീണ്ടും ഇവിടെയെത്തി. 1976ൽ ഭരത് പതംഗറിനെ വിവാഹം ചെയ്തു. 1983ൽ ഇന്ത്യൻ പൗരത്വവുമെടുത്തു. പ്രഭാഷണങ്ങൾക്കും ചർച്ചകൾക്കും സമ്മേളനങ്ങൾക്കും മറ്റ് ഇടപഴകലുകൾക്കുമായി എവിടെയൊക്കെ പോകുേമ്പാഴും കാസിഗാവ് അവരുടെ ഇഷ്ടദേശമായി തുടർന്നു. മഹാത്മാ ജ്യോതിഭാ ഫുലെ സ്ഥാപിച്ച സത്യശോധക് സമാജിെൻറ ആദർശങ്ങളിൽ മനസ്സുറപ്പിച്ചു.
തൊണ്ണൂറുകളുടെ തുടക്കത്തിൽ ഡോ. മുൽക്രാജ് ആനന്ദിെൻറ വീട്ടിൽ കഴിയവെയാണ് ദലിത് ബഹുജനപ്രസ്ഥാനങ്ങളെയും ഗെയ്ലിെൻറ രചനകളെയും പ്രവർത്തനങ്ങളെയും കുറിച്ച് ഞാൻ കൂടുതലായി മനസ്സിലാക്കി തുടങ്ങിയത്. ഉത്തർപ്രദേശിലെ തോട്ടിപ്പണി ചെയ്യുന്ന സമൂഹങ്ങളെക്കുറിച്ച് ഞാനെഴുതിയ ലേഖനങ്ങളും ബ്ലോഗുകളുമെല്ലാം ശ്രദ്ധയിൽപ്പെട്ട അവർ നിരന്തരം സമ്പർക്കം പുലർത്തി. ഡൽഹിയിൽ വരുേമ്പാഴെല്ലാം കാണാൻ ക്ഷണിച്ചു. ശുചീകരണ വേല ചെയ്യുന്ന മനുഷ്യരുടെ കാര്യം ലോകശ്രദ്ധയിൽകൊണ്ടുവരുന്നതിനും മനഃസാക്ഷി ഉണർത്തുന്നതിനും പുസ്തകങ്ങളും ഫിലിമുകളും ഉൾപ്പെടെ പദ്ധതികൾ ചർച്ച ചെയ്തു, ഒരുപാടുപേരോട് ഇേതക്കുറിച്ച് സംസാരിച്ചു. ഇന്ദിരഗാന്ധി നാഷനൽ ഓപൺ യൂനിവേഴ്സിറ്റിയിൽ അവർ പ്രവർത്തിക്കവെ എഴുത്തും പ്രവർത്തനവുമായി നടക്കുന്ന ഞാനുൾപ്പെടെയുള്ളവർ സർവകലാശാലകളുടെ ഗവേഷണ പ്രവർത്തനങ്ങളുമായി യോജിച്ച് പ്രവർത്തിക്കണമെന്നും ആവശ്യപ്പെട്ടു.
ബാലിജൻ കൾചറൽ മൂവ്മെൻറിനൊപ്പം ചേരണമെന്ന് ആവശ്യപ്പെട്ട മാത്രയിൽ ഞാൻ സമ്മതിച്ചു. എന്തെന്നാൽ ഗെയ്ലിെൻറ സാന്നിധ്യം മതി ഞങ്ങളേവരെയും പ്രചോദിപ്പിക്കാൻ എന്ന് എനിക്കറിയാമായിരുന്നു. എന്നാൽ, നാഗ്പുരിൽ നടന്ന ചർച്ചയിൽ യു.പിയിൽനിന്നും മധ്യപ്രദേശിൽനിന്നുമുള്ള സുഹൃത്തുക്കൾ ബാലിജൻ മൂവ്മെൻറിൽ ദലിതുകളും പിന്നാക്കക്കാരും ന്യൂനപക്ഷവിഭാഗക്കാരുമല്ലാതെ 'പുറത്തു നിന്നുള്ളവർ' വേണ്ടതില്ല എന്ന സ്വത്വവാദത്തിലുറച്ച നിലപാടെടുത്തു- തനിക്ക് തുടരാൻ ബുദ്ധിമുട്ടുണ്ടെന്ന് ഗെയിലും പറഞ്ഞു.
ദലിത് ബഹുജൻ സന്യാസിമാരെയും അവരുടെ മാനവിക പ്രവർത്തനങ്ങളെയും കുറിച്ച് ഗെയിൽ നടത്തിയ രചനയാണ് എന്നെ ഏറ്റവുമാകർഷിച്ചത്. മറാത്തിയിൽ നിന്ന് കവിതകൾ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തതുൾപ്പെടെ ആ മഹത്തുക്കളുടെ സംഭാവനകൾ അതുവരെയും അത്തരത്തിൽ വിപുലമായി രേഖപ്പെടുത്തപ്പെട്ടിരുന്നില്ല.
മറ്റ് പല അക്കാദമിക് ബുദ്ധിജീവികളിൽ നിന്നും വ്യത്യസ്തയായിരുന്നു അവർ. ഒരിടത്തും ഉന്തിത്തള്ളി മുന്നിൽ വന്നു നിൽക്കാൻ അവർ താൽപര്യപ്പെട്ടില്ല. ദൃശ്യത കൊണ്ടല്ല, തെൻറ രചനകളും പ്രവർത്തനങ്ങളും കൊണ്ടാണ് ഓരോ മുന്നേറ്റങ്ങളിലും അവർ സാന്നിധ്യമറിയിച്ചതും കരുത്തു പകർന്നതും. ഒരിക്കലും ധാർഷ്ട്യം കലർന്ന വാക്കുകളോ സൂചകങ്ങളോ അവരിൽ നിന്നുണ്ടായില്ല. എന്നാൽ, എതിരഭിപ്രായങ്ങൾ ആർക്കുമുന്നിലും തുറന്നു പറയുവാൻ മടിച്ചതുമില്ല. താൻ ചെയ്യുന്ന പ്രവർത്തനങ്ങളെ അവർ ആസ്വദിച്ചിരുന്നു. സമൂഹത്തിനുവേണ്ടി താൻ ഇങ്ങനെയൊക്കെ ചെയ്യുന്നുണ്ട് എന്ന് വീമ്പിളക്കി നടന്നതേയില്ല.
സ്ത്രീ അവകാശങ്ങൾ, ഭൂമിയുടെ മേലുള്ള അധികാരം എന്നിവയെക്കുറിച്ചെല്ലാം അവർ രചനകളിലും വർത്തമാനങ്ങളിലും അഭിമുഖങ്ങളിലുമെല്ലാം ഊന്നിപ്പറഞ്ഞു.
പുസ്തകങ്ങളെഴുതുന്നതിലൊതുങ്ങിയില്ല അവരുടെ പ്രയത്നങ്ങൾ. ജനസമൂഹങ്ങൾക്കിടയിൽനിന്ന് വാർത്തകളും വർത്തമാനങ്ങളും വാമൊഴി ചരിതങ്ങളും വാങ്മയ ചിത്രങ്ങളുമെല്ലാം സ്വരൂപിക്കാനും സമൂഹവുമായി സംവദിക്കാനും കഴിയുന്ന എഴുത്തുകാരും ആക്ടിവിസ്റ്റുകളും ചിന്തകരുമെല്ലാം ഉൾക്കൊള്ളുന്ന ഒരു യുവനിരയെ കെട്ടിപ്പടുക്കാനും മുൻകൈയെടുത്തു.
യു.പി.എ സർക്കാർ യു.ഐ.ഡി പദ്ധതി (ആധാർ കാർഡ്)യുമായി മുന്നോട്ടു വന്ന ഘട്ടത്തിൽ പാൻ കാർഡ് തന്നെ ധാരാളമാണെന്നും യു.ഐ.ഡി അനാവശ്യമാണെന്നും ചൂണ്ടിക്കാട്ടി ഒപ്പുശേഖരിക്കാനും പ്രതികരിക്കാനും ഗെയിൽ ഞങ്ങളോടു പറഞ്ഞു. സെൻസസ് പ്രക്രിയയെ ചോദ്യം ചെയ്തിരുന്നു. ജാതി സെൻസസ് വേണമെന്ന് അന്നു മുതലേ അവർ ആവശ്യമുയർത്തി. നിലവിലെ വികസന മാതൃകകൾ സുസ്ഥിരമല്ലെന്ന അഭിപ്രായവും കാത്തുസൂക്ഷിച്ചിരുന്നു.
അഭിമുഖം നടത്താൻ പലതവണ ഞാൻ ആഗ്രഹിച്ചെങ്കിലും അവരുടെ തിരക്കുകൾക്കിടയിൽ അതിനു കഴിഞ്ഞില്ല. തന്നെയുമല്ല, നിരന്തരം ആശയവിനിമയം നടത്താറുള്ളതിനാൽ ഒരു ഔപചാരിക അഭിമുഖം അവർക്കത്ര സൗകര്യപ്രദമാവില്ലെന്നും തോന്നി.
ഒരുപക്ഷേ ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുമായിരുന്ന ദലിത് വാമൊഴി ചരിത്രങ്ങളെ രേഖപ്പെടുത്തിയതുതന്നെയാവും ഗെയിലിെൻറ ഏറ്റവും വലിയ സംഭാവനകളിലൊന്ന്. മഹാരാഷ്ട്രയിലെ അബ്രാഹ്മണ പ്രസ്ഥാനങ്ങളെക്കുറിച്ച് അത്ര കൃത്യതയോടെയും കരുത്തോടെയുമെഴുതാൻ മറ്റാർക്കും കഴിയുമായിരുന്നെന്ന് തോന്നുന്നില്ല. പല ബുദ്ധിജീവികളും തങ്ങളുടെ ഇരിപ്പുമുറി വിട്ടിറങ്ങാൻ മടിച്ചിരുന്ന ഘട്ടത്തിൽ ജനങ്ങൾക്കിടയിൽ ഇറങ്ങിച്ചെന്നാണ് അവരത് നിർവഹിച്ചത്. അംബേദ്കറൈറ്റ് രചനകളിൽ തെൻറ മുൻഗാമിയായ എലീനർ സെല്ലിയറ്റ് ഉയർത്തിപ്പിടിച്ച മൂല്യങ്ങളെയും അവർ ദൃഢപ്പെടുത്തി.
വാർധക്യം നൽകിയ വേദനകളിൽനിന്ന് അവർ മുക്തയായിരിക്കുന്നു. ദേഹം കൊണ്ട് ഗെയിൽ നമ്മോടൊപ്പം ഇനിയുണ്ടാവില്ലെന്നതു ശരി തന്നെ. പക്ഷേ, അതുല്യമായ രചനകളിലൂടെ ആയിരക്കണക്കിന് ഹൃദയങ്ങളിൽ അവർ എക്കാലത്തും സജീവമായി നിലകൊള്ളും.
(ആക്ടിവിസ്റ്റും എഴുത്തുകാരനുമാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.