Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഗോദ്സെ ഭക്തരെ...

ഗോദ്സെ ഭക്തരെ കണ്ടില്ളെന്ന് നടിക്കുന്ന ദേശദ്രോഹ നിയമം

text_fields
bookmark_border
ഗോദ്സെ ഭക്തരെ കണ്ടില്ളെന്ന് നടിക്കുന്ന ദേശദ്രോഹ നിയമം
cancel

‘1948 ജനുവരി 30ന് ബിര്‍ള ഹൗസിന്‍െറ പ്രാര്‍ഥനാ ഭൂമിയില്‍, ഇരുകൈകളിലും ധൈര്യം സംഭരിച്ച് ഞാന്‍ ഗാന്ധിജിക്കുനേരെ വെടിയുതിര്‍ത്തു’ -നാഥുറാം വിനായക് ഗോദ്സെയുടെ കുറ്റസമ്മതമൊഴിയാണിത്. 1949 മേയ് അഞ്ചിന് ഷിംലയില്‍, പഞ്ചാബ് ഹൈകോടതിയുടെ സിറ്റിങ്ങില്‍  ജസ്റ്റിസ് ജി.ഡി. ഗോസ്ലെയുടെ നേതൃത്വത്തിലുള്ള ബെഞ്ചിനു മുമ്പാകെ അപ്പീല്‍ പരിഗണനക്ക് വന്നപ്പോള്‍ താന്‍തന്നെയാണ് മഹാത്മജിയെ കൊന്നതെന്നും കൊല്ലാനുണ്ടായിരുന്ന കാരണങ്ങള്‍ എന്തായിരുന്നുവെന്നും  അര്‍ഥശങ്കക്കിടനല്‍കാത്തവിധം ഗോദ്സെ വിവരിച്ചു. ഏത് മതഭ്രാന്തനെയും മതിഭ്രമം കൊള്ളിക്കുന്നതായിരുന്നു ഗോദ്സെയുടെ അവതരണം. ഗാന്ധിജിയുടെ ഉറ്റമിത്രമായിരുന്ന വെരിയര്‍ എല്‍വിന്‍ അതേക്കുറിച്ച് തന്‍െറ ഡയറിയില്‍ കുറിച്ചിട്ടതിങ്ങനെ: സോക്രട്ടീസിന്‍െറ വിചാരണപ്രസംഗത്തിനുശേഷം ശിക്ഷിക്കപ്പെട്ട ഒരു മനുഷ്യന്‍ നടത്തിയ ഏറ്റവും ഉജ്ജ്വലമായത്. 1920ല്‍ ലോകമാന്യതിലകിന്‍െറ വിയോഗശേഷം കോണ്‍ഗ്രസില്‍ ഗാന്ധിജിയുടെ സ്വാധീനം കൂടിക്കൂടിവരുകയും ആധിപത്യം പൂര്‍ണമാവുകയും ചെയ്തതോടെ രാജ്യം അഹിംസയുടെ മാര്‍ഗം പുണരാന്‍ നിര്‍ബന്ധിതമാവുകയാണെന്ന ബോധ്യമാണ് ഗാന്ധിജിയെ എന്നന്നേക്കുമായി ഉന്മൂലനംചെയ്യണമെന്ന തീരുമാനത്തിലത്തെിച്ചതെന്ന് ഗോദ്സെ തുറന്നുപറയുന്നുണ്ട്. ‘ഗാന്ധിജിയുടെ അഭാവത്തില്‍ ഇന്ത്യ പ്രായോഗികമായി വളരുകയും സായുധസേന വഴി കരുത്താര്‍ജിക്കുകയും തിരിച്ചടിക്കാനുള്ള പ്രാപ്തിനേടുകകയും ചെയ്യുമെന്ന് എനിക്കുറപ്പുണ്ട്.  കൊലയുടെ പൂര്‍ണ ഉത്തരവാദിത്തം ചുമലിലേല്‍ക്കാനാണ് നീതിപീഠത്തിന്‍െറ മുമ്പാകെ ഞാന്‍ നില്‍ക്കുന്നത്. ഉചിതമായ ഉത്തരവ് ജഡ്ജിമാര്‍ പുറപ്പെടുവിക്കണം.’ രാഷ്ട്രപിതാവിന്‍െറ ഘാതകനെ മരണംവരെ തുക്കിലേറ്റാനുള്ള ചെങ്കോട്ടയില്‍ നടന്ന വിചാരണ കോടതിയുടെ 1949 ഫെബ്രുവരി ഒമ്പതിന്‍െറ വിധി അപ്പീല്‍ കോടതി ശരിവെച്ചു.

മഹാത്മജിയുടെ കൊല ആധുനിക ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ഭയാനകമായ ദുരന്തമാണെന്നാണ് നാമിതുവരെ വിശ്വസിച്ചുപോന്നത്. ഗോദ്സെയുടെ വെടിയേറ്റ് ചേതനയറ്റുകിടന്ന മഹാത്മജിക്കരികെ, തലകുനിച്ചുനിന്ന് തേങ്ങിക്കരയുകയായിരുന്ന പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനെ താങ്ങിപ്പിടിച്ച് മൈക്രോഫോണിനു മുന്നില്‍ നിര്‍ത്തിയത് മൗണ്ട്ബാറ്റണ്‍ പ്രഭുവായിരുന്നു. രാഷ്ട്രത്തോട് അന്ന് നെഹ്റു നടത്തിയ അഭിസംബോധന ചരിത്രരേഖയാണ്. ‘നമ്മുടെ ജീവിതത്തില്‍നിന്ന് വെളിച്ചം പോയിരിക്കുന്നു; എല്ലായിടത്തും കൂരിരുള്‍ പരന്നിരിക്കുകയാണ്... ഒരു ഭ്രാന്തന്‍ മഹാത്മാജിയുടെ ജീവന് അന്ത്യം കുറിച്ചിരിക്കയാണ്. ഇത്തരമൊരു ചെയ്തി നടത്തിയവനെ ഭ്രാന്തന്‍ എന്നേ എനിക്കു വിളിക്കാന്‍ കഴിയൂ. കഴിഞ്ഞ കുറെ കൊല്ലങ്ങളും മാസങ്ങളുമായി രാജ്യത്ത് വിഷം വമിക്കുകയായിരുന്നു. അത്  ജനമനസ്സുകളെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്. ആ വിഷത്തെ നമുക്ക് നേരിടേണ്ടതുണ്ട്. ആ  വിഷത്തെ എന്നന്നേക്കുമായി വിപാടനം ചെയ്യേണ്ടതുണ്ട്. അത് വരുത്തിവെക്കുന്ന സകല അനര്‍ഥങ്ങളെയും നമ്മുടെ വന്ദ്യഗുരു കാണിച്ചുതന്ന മാര്‍ഗത്തിലൂടെ അഭിമുഖീകരിക്കേണ്ടതുണ്ട്’.
നെഹ്റുവിനു മാത്രമല്ല, രാജ്യത്തിനു തന്നെ തെറ്റിയിരിക്കുന്നു. ഗോദ്സെ ഏഴു പതിറ്റാണ്ടുമുമ്പ് വമിച്ച വിഷം ഉഗ്രരൂപത്തില്‍ രാജ്യമാസകലം ഇന്ന് പരന്നൊഴുകുകയാണ് എന്നുമാത്രമല്ല, രാഷ്ട്രപിതാവിന്‍െറ കൊലയാളി പരസ്യമായി ആദരിക്കപ്പെടുകയും പൂജിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥ നിര്‍ന്നിമേഷരായി കണ്ടിരിക്കാന്‍ രാജ്യം ‘വളര്‍ന്നിരിക്കുന്നു’. ഇക്കഴിഞ്ഞ ഒക്ടോബര്‍ രണ്ടിന് ഗാന്ധിജയന്തിദിനത്തില്‍ മീറത്തില്‍ അഖില ഭാരതീയ ഹിന്ദുമഹാസഭ ആസ്ഥാനത്ത് ഗോദ്സെയുടെ അര്‍ധകായ പ്രതിമ അനാച്ഛാദനം ചെയ്തുവെന്ന് മാത്രമല്ല, ചടങ്ങിന്‍െറ ചിത്രങ്ങള്‍ ലോകത്താകമാനം പ്രചരിപ്പിക്കുകയും ചെയ്തു. എന്നിട്ടും ഒരു ദേശസ്നേഹിയും ആ ചെയ്തിയില്‍ ഒരപാകതയും കണ്ടില്ല. ഗാന്ധിജിയുടെ പാദമുദ്രകളല്ല പിന്തുടരേണ്ടതെന്നും ഗോദ്സെയെ ആരാധിച്ചാവണം യഥാര്‍ഥ രാജ്യസ്നേഹിയായി വളരേണ്ടതെന്നുമുള്ള സന്ദേശം രാജ്യവാസികളില്‍ എത്തിക്കുകയാണ് തങ്ങളുടെ ഉദ്ദേശ്യമെന്നും മഹാസഭ നേതാവ് ധിക്കാരം പറഞ്ഞപ്പോള്‍ ഒരൊറ്റ പശുമാര്‍ക്ക് ദേശസ്നേഹിയും അതിനെതിരെ ഒരക്ഷരം ഉരിയാടാന്‍ മുന്നോട്ടുവന്നില്ല. നാഴികക്ക് നാല്‍പതുവട്ടം ഗാന്ധിജിയുടെ പേര് ഉരുവിടുന്ന ഖദറില്‍ പൊതിഞ്ഞ ഒരൊറ്റ കോണ്‍ഗ്രസുകാരനും ഈ നീചചെയ്തിയില്‍ ഒരപാകതയും ദര്‍ശിച്ചില്ല. മാറിയ രാഷ്ട്രീയ, സാംസ്കാരിക കാലാവസ്ഥയില്‍, ഗാന്ധിജിയല്ല, ഗോദ്സെയാണ് പൂജിക്കപ്പെടേണ്ടതെന്ന് തീരുമാനിച്ചുറപ്പിച്ചതുപോലെ. രാഷ്ട്രപിതാവിനെ ഇമ്മട്ടില്‍ അവഹേളിക്കുകയും ഒരു ഭീകരക്കൊലയാളിയെ അഭിഷിക്തനാക്കുകയും ചെയ്തവര്‍ക്കെതിരെ എന്തുകൊണ്ട് ദേശദ്രോഹക്കുറ്റം ചുമത്തിയില്ളെന്ന് ഒരുകോണില്‍നിന്നും ആര്‍ജവ സ്വരം ഉയര്‍ന്നില്ല.

ദേശീയ പതാകയെ ആദരിച്ചില്ളെന്നും ഭരണഘടനയെ അപമാനിച്ചുവെന്നും രാഷ്ട്രപിതാവിനെ നിന്ദിച്ചുവെന്നുമൊക്കെ ആരോപിച്ച് ന്യൂനപക്ഷങ്ങള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി സമീപകാലത്ത് എത്ര കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്? എന്നാല്‍, സ്വാതന്ത്ര്യദിനം കരിദിനമായി ആചരിക്കുകയും മതേതരത്വം വിഭാവനംചെയ്യുന്ന ഭരണഘടനയെ തള്ളിപ്പറയുകയും ചെയ്യുന്ന ഹിന്ദുമഹാസഭയുടെ ചെയ്തിക്കെതിരെ ഇക്കാലത്തിനിടയില്‍ ആരെങ്കിലും കോടതിയെ സമീപിക്കാന്‍ ധൈര്യപ്പെട്ടിട്ടുണ്ടോ? കഴിഞ്ഞ 69 വര്‍ഷമായി തങ്ങള്‍ ആഗസ്റ്റ് 15ന് കരിദിനമായാണ് ആചരിക്കുന്നതെന്ന് ഹിന്ദുമഹാസഭ നേതാവ് സാഭിമാനം പറയുന്നു. പൊലീസോ കോടതിയോ സ്വമേധയാ കേസെടുക്കാന്‍ ആര്‍ജവം കാട്ടിയതുമില്ല.  ഹിന്ദുമഹാസഭയുടെ ആളുകള്‍ക്ക് രാജ്യദ്രോഹികളാവാന്‍ സാധ്യമല്ല എന്ന വ്യംഗ്യമായൊരു വിധിയെഴുത്ത് ഇതിനു പിന്നിലുണ്ട്.  അതേസമയം, കശ്മീരി യുവാവ് അഫ്സല്‍ ഗുരുവിനെ ‘പൊതുമനസ്സാക്ഷിയെ’ തൃപ്തിപ്പെടുത്തുന്നതിന്, നിയമം അനുശാസിക്കുന്ന നടപടിക്രമങ്ങള്‍ പാലിക്കാതെ തൂക്കിലേറ്റിയപ്പോള്‍ അതിനെതിരെ അഭിപ്രായം മൊഴിഞ്ഞത് രാജ്യദ്രോഹക്കുറ്റമായി എടുത്ത് ജയിലിലടക്കുന്ന വിരോധാഭാസം. ഗോദ്സെയുടെ രാഷ്ട്രീയഗുരു സവര്‍ക്കറാണ്. അതേ സവര്‍ക്കറുടെ ഛായാചിത്രം പാര്‍ലമെന്‍റിന്‍െറ സെന്‍ട്രല്‍ ഹാളില്‍ അനാച്ഛാദനം ചെയ്തത് വാജ്പേയി സര്‍ക്കാറിന്‍െറ കാലത്താണ്. നരേന്ദ്ര മോദി രാജ്യം ഭരിക്കുന്ന ‘ഹിന്ദുത്വയുഗ’ത്തില്‍ ദേശസ്നേഹത്തിന്‍െറയും രാജ്യദ്രോഹത്തിന്‍െറയുമൊക്കെ നിര്‍വചനങ്ങള്‍ മാറിമറിയുകയാണത്രെ. ആരാണ് ദേശസ്നേഹിയെന്നും ആരാണ് രാജ്യദ്രോഹിയെന്നും നിര്‍ണയിക്കാനുള്ള അവകാശം സംഘ്പരിവാറും അവര്‍ നിയന്ത്രിക്കുന്ന പൊലീസും (ഒരു പരിധിവരെ കോടതികളും) ഏറ്റെടുത്തിരിക്കുകയാണ്. ഈ ദുരന്തത്തെക്കുറിച്ച് ജവഹര്‍ലാല്‍ നെഹ്റു എന്നോ മുന്നറിയിപ്പ് നല്‍കിയതാണ്. ഭൂരിപക്ഷ വര്‍ഗീയത എളുപ്പത്തില്‍ ദേശീയതയായി പൊതുബോധത്തെ കീഴടക്കുന്നതിനെതിരെ ജാഗ്രത പുലര്‍ത്തണമെന്ന്.

രാഷ്ട്രപിതാവിനെ പരസ്യമായി നിന്ദിക്കുന്ന ഗോദ്സെ ഭക്തരുടെ മുന്നില്‍ മൗനംദീക്ഷിക്കുന്ന അതേ ദേശദ്രോഹനിയമമാണ് മോദിസര്‍ക്കാറിനെതിരെ മിണ്ടിപ്പോയാല്‍ രാജ്യസ്നേഹത്തിന്‍െറ കൊടുവാള്‍ എടുത്ത് തലവെട്ടാന്‍ ചാടിവീഴുന്നത്. ഇന്ത്യ എങ്ങനെയാണോ അതുപോലെ തന്നെയാണ് നമ്മുടെ അയല്‍രാജ്യമായ പാകിസ്താനും എന്ന് അഭിപ്രായപ്പെട്ടതിനാണ് കര്‍ണാടകയില്‍നിന്നുള്ള കോണ്‍ഗ്രസ് മുന്‍ എം.പിയും സിനിമാനടിയുമായ രമ്യക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമം  124 (എ), 344,   511 എച്ച് എന്നീ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്്. പാകിസ്താനിലേക്ക് പോവുകയെന്നാല്‍ നരകത്തില്‍ പോകുന്നതിനു തുല്യമാണെന്ന പ്രതിരോധമന്ത്രി മനോഹര്‍ പരീകറുടെ നിലവാരം കുറഞ്ഞ അഭിപ്രായപ്രകടനത്തോട് പ്രതികരിക്കുകയായിരുന്നു അവര്‍. മുന്‍ സുപ്രീംകോടതി ജഡ്ജി മാര്‍കണ്ഡേയ കട്ജു  പാകിസ്താന്‍ കശ്മീര്‍ എടുത്തോട്ടെ; പക്ഷേ, ബിഹാറും കൂടെ കൊണ്ടുപോകണം എന്ന് തമാശയായി ട്വീറ്റ് ചെയ്തപ്പോഴേക്കും അദ്ദേഹത്തിനെതിരെ രാജ്യദ്രോഹം ചുമത്താന്‍ ‘ദേശസ്നേഹികള്‍’ ഇറങ്ങിപ്പുറപ്പെട്ടു. പ്രശസ്തനടന്‍ ഓംപുരിയാണ് ഏറ്റുവുമൊടുവിലത്തെ ഇര. ജമ്മു-കശ്മീരില്‍ ആര്‍ക്കെതിരെയും ഏതുസമയത്തും എടുത്തുപയോഗിക്കാവുന്ന വകുപ്പാണ് ദേശദ്രോഹവുമായി ബന്ധപ്പെട്ടത്.  താഴ്വരയില്‍ നടമാടുന്ന സൈനിക വാഴ്ചക്കിരയായവരുടെ ശബ്ദം കേള്‍പ്പിക്കുന്നതിന് കഴിഞ്ഞമാസം പുണെയില്‍ രാഷ്ട്രാന്തരീയ മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്‍റര്‍നാഷനല്‍ സംഘടിപ്പിച്ച പരിപാടിയില്‍ ആരോ ‘ആസാദി’ മുദ്രാവാക്യം മുഴക്കി എന്നുപറഞ്ഞ് ആംനസ്റ്റിക്കെതിരെ രാജ്യദ്രോഹം ചുമത്തി അവരുടെ ആസ്ഥാനം സീല്‍ ചെയ്യാന്‍ നടന്ന നീക്കം എന്തുമാത്രം ലജ്ജാവഹമാണ്?

എല്ലാറ്റിനുമൊടുവില്‍ ഇന്ത്യ-പാക് സംഘര്‍ഷത്തിന്‍െറ മറവില്‍ ബി.ജെ.പി സര്‍ക്കാറിന്‍െറ കാഴ്ചപ്പാടിനു വിരുദ്ധമായി പറയുകയോ ചിന്തിക്കുകയോ ചെയ്യുന്നവരെ രാജ്യദ്രോഹികളായി ചിത്രീകരിക്കാനാണ് ഉന്നതതലത്തില്‍ നീക്കങ്ങള്‍ നടക്കുന്നത്. മിന്നലാക്രമണത്തിന്‍െറ തെളിവ് ചോദിക്കുന്നവര്‍ രാജ്യത്തോട് കൂറില്ലാത്തവരാണ് എന്ന തരത്തിലുള്ള ഭീഷണിയാണ് പ്രതിരോധമന്ത്രി മുഴക്കുന്നത്. സര്‍ക്കാറിന്‍െറ ഭാഗത്തുനിന്നുള്ള വീഴ്ചകളെ തമസ്കരിക്കാന്‍ അഭിപ്രായസ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങിടാനുള്ള ആസൂത്രിത നീക്കത്തിന്‍െറ ഭാഗമാണിത്. ദേശസ്നേഹം ഹിന്ദുത്വവാദികളുടെ കുത്തകയല്ളെന്നും ഇന്നാടും ഈ മണ്ണും ഇവിടെ പിറന്നുവീഴുന്ന ഓരോ പൗരനും അവകാശപ്പെട്ടതാണെന്നും മോദിയുടെയും അമിത് ഷായുടെയും പരീകര്‍മാരുടെയും മുഖത്തുനോക്കി  ഉച്ചത്തില്‍ ഗര്‍ജിക്കാന്‍  പൗരന്മാര്‍ മുന്നോട്ടുവരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:godsegandhi
News Summary - gandhi-godse
Next Story