മലയാളത്തിലെ ഗാന്ധിയൻ-മാർക്സിസ്റ്റ്
text_fieldsതായാട്ട് മാഷുമായുള്ള എന്റെ സൗഹൃദം, ആശയങ്ങളൂറിയുള്ളൊരു അനുഭൂതി സാന്ദ്രതയിൽ വെച്ചായിരിക്കണം സാധ്യമായത്. ഏതർഥത്തിലും അതിശയകരം എന്നു പറയാവുന്ന ആ സൗഹൃദം ജീവിതത്തെ ഇളക്കിമറിക്കുകതന്നെ ചെയ്തു. കണ്ടതൊന്നുമല്ല കാണേണ്ടതെന്ന് ഏതൊരു സൗഹൃദവും സാക്ഷ്യപ്പെടുത്തും. ആത്മാവിന്റെ അഗാധത വർധിപ്പിക്കുക എന്നല്ലാതെ മറ്റൊന്നും മൈത്രിയിൽ തിരയരുതെന്ന് ജിബ്രാൻ.
‘ദേശാഭിമാനി’ പത്ര ഓഫിസിൽ വെച്ചാണ് തായാട്ട് മാഷെ ഞാൻ ആദ്യമായി അടുത്തുനിന്നു കാണുന്നതും കേൾക്കുന്നതും. പിന്നീടതൊരു പതിവായി. അതോടെ എന്തും പറയാനുള്ളൊരു സ്വാതന്ത്ര്യത്തിനുമപ്പുറത്തേക്ക് അത് വളർന്നു. എത്രയെത്രയോ സമയം മാഷിന്റെ വീട്ടിലിരുന്ന് എന്തൊക്കെയോ സംസാരിച്ചു. മാങ്കാവിലെ മാഷിന്റെ വീടും ‘ദേശാഭിമാനി’ വാരിക ഓഫിസും എപ്പോഴും കയറിയിറങ്ങാവുന്ന സൗഹൃദ തുരുത്തുകളായി. ‘വേർതിരിവി’ ന് 1992ലെ തായാട്ട് അവാർഡ് ലഭിച്ചപ്പോൾ എനിക്കുണ്ടായ ആഹ്ലാദത്തിന് കണക്കില്ല. ഒരവാർഡിനപ്പുറം മാഷിന്റെ ഒരു മരണാനന്തര ആശ്ലേഷം പോലെയാണത് വന്നുചേർന്നത്.
‘ദേശാഭിമാനി’ വാരികയിൽ ഞാനാദ്യമെഴുതിയ പ്രബന്ധത്തിന്റെ പേരും അതിന്റെ പശ്ചാത്തലവും ഓർക്കുമ്പോൾ ഇന്നുമൊരു പുളകമാണ്. വളരെ സാധാരണമായ, ‘പി.സിയും ബഷീറും’ എന്ന ആ പേരും, അതെഴുതാനിടയായ സന്ദർഭവും തുടർന്നുവന്ന മലയാളത്തിന്റെ അത്ഭുതപ്രതിഭ വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രതികരണവും, അതിന്നും എന്റെ മനസ്സിൽ മായാതെ ചൊരിയുന്ന പ്രകാശവും അതിനെല്ലാം നിമിത്തമായ തായാട്ട് ശങ്കരനെന്ന ഏതർഥത്തിലും വേറിട്ടൊരു മഹാപ്രതിഭയും മരണമില്ലാത്ത ഓർമകളും മനസ്സിൽ നിറക്കുന്നത് വല്ലാത്തൊരു ഊർജമാണ്.
1982ൽ ആണ്, കോഴിക്കോട് ആർട്സ് കോളജിൽനിന്ന് സ്വയം വിരമിച്ച് തായാട്ട് മാഷ് ദേശാഭിമാനി വാരികയുടെ പത്രാധിപ സ്ഥാനം ഏറ്റെടുക്കുന്നത്. എനിക്ക് അക്കാലത്ത് മാഷുമായോ ആ വകുപ്പിലുള്ള വലിയ പ്രതിഭകളുമായോ ഒരുവിധ ബന്ധവുമുണ്ടായിരുന്നില്ല. ദേശാഭിമാനിയിൽ പത്രാധിപരായി ചേർന്നയുടനെ മാഷ് വിളിച്ചുചേർത്ത ഒരനൗപചാരിക യോഗത്തിലേക്ക്, ഹമീദ് ചേന്ദമംഗലൂർ, ടി.പി. കുഞ്ഞിക്കണ്ണൻ എന്നിവർക്കൊപ്പം ഞാനും സിദ്ധാർഥൻ കുറ്റിക്കാട്ടൂരും കൂടി എങ്ങനെയോ എത്തിപ്പെടുകയായിരുന്നു! ഹമീദ് ചേന്ദമംഗലൂരും, ടി.പി. കുഞ്ഞിക്കണ്ണനും അന്നുതന്നെ ഏറക്കുറെ പ്രശസ്തരായ എഴുത്തുകാരാണ്. എന്നാൽ, ഞങ്ങളുടെ നില അതായിരുന്നില്ല! സിദ്ധാർഥൻ കുറ്റിക്കാട്ടൂർ ഇന്നും എഴുതാത്ത ഒരെഴുത്തുകാരനായി തുടരുമ്പോൾ; എന്നെ, ശരിക്കും എഴുത്തിലേക്ക് തായാട്ട് തള്ളിവീഴ്ത്തുകയാണുണ്ടായത്!
ഇന്ന് പറയേണ്ടതൊന്നും നാളേക്ക് ബാക്കിവെക്കാതെ, ആരുടെയും ഇഷ്ടാനിഷ്ടങ്ങൾ പരിഗണിക്കാതെ, സ്വയം ബോധ്യങ്ങൾ ആഘോഷിച്ച് തായാട്ട് കടന്നുപോയിട്ട് മൂന്ന് പതിറ്റാണ്ടിലേറെയായി. മലയാളത്തിലെ ഏക ഗാന്ധിയൻ-മാർക്സിസ്റ്റ്! തായാട്ടിന് മുമ്പോ തായാട്ടിന് പിമ്പോ ആ വകുപ്പിൽ ആവിധം വേറൊരാളെ കാണുക പ്രയാസം.
1970കളിൽ ദേശാഭിമാനി സ്റ്റഡിസർക്കിൾ രൂപവത്കരണം ഇ.എം.എസിന്റെയൊക്കെ നേതൃത്വത്തിൽ ഏലംകുളത്ത് നടക്കുകയാണ്. അക്കാലത്ത് തായാട്ട് സിഗരറ്റ് വലിക്കുമായിരുന്നേത്ര! തായാട്ടിനെക്കുറിച്ചുള്ള സംഭാഷണങ്ങൾക്കിടയിൽ കെ.പി. മോഹനൻ മാഷ് പറഞ്ഞതാണ്. തായാട്ടിന് നിർലോഭം അന്ന് സിഗരറ്റ് നൽകിയിരുന്നത് സഖാവ് ചാത്തുണ്ണി മാസ്റ്റർ! നിങ്ങളുടെ ഉള്ളിലെ ആ ഗാന്ധിസം പുകഞ്ഞ് പുറത്തുപോട്ടെ എന്ന് കരുതിയാണ് നിങ്ങൾക്ക് ഞാൻ സിഗരറ്റ് തരുന്നതെന്ന് ചാത്തുണ്ണിമാഷ് തമാശ പറഞ്ഞുവെത്ര! എന്നാൽ മരണംവരെ, ഔദ്യോഗികമായി കമ്യൂണിസ്റ്റ്പാർട്ടി അംഗമായതിനുശേഷവും തായാട്ടിലെ മാർക്സിനുള്ളിൽനിന്നും പുറത്തുപോകാനാവാതെ ഗാന്ധി പുകഞ്ഞു. ഇ.എം.എസിന്റെ ഭാഷയിൽ കമ്യൂണിസ്റ്റായ ഘട്ടത്തിലും അദ്ദേഹത്തിന്റെ ആശയങ്ങളിൽനിന്ന് ഗാന്ധിസം തികട്ടിവന്നിരുന്നു.
ഒരിക്കൽ ബസ് സമരം നടക്കുന്ന സമയം. അന്ന് വൈകീട്ട് ദേശാഭിമാനിക്കടുത്തുള്ള ബ്രാണാൾ ശാപ്പാട്ടുകടയിലേക്ക് മാഷിനൊപ്പം ദോശ കഴിക്കാൻ പോകുന്ന വഴി ഞാൻ ചോദിച്ചു. മാഷ് ഓട്ടോറിക്ഷയിൽ വന്നതായിരിക്കുമല്ലേ എന്ന്. മാഷ് ക്ഷോഭിച്ചു. ഞാൻ നടന്നാണ് വന്നത്. ബസിനല്ലേ പണിമുടക്കുള്ളൂ, ഓട്ടോ കിട്ടുമായിരുന്നല്ലോ. അത് നിങ്ങൾ മാർക്സിസ്റ്റുകാർക്ക്. ഞങ്ങൾ ഗാന്ധിയന്മാർക്ക് അത് പറ്റില്ല. വാഹനപണിമുടക്കിനോട് ഐക്യപ്പെടേണ്ടത്, മറ്റൊരു വാഹനത്തിൽ കയറിയല്ല. ഇത് പറയുമ്പോൾ മാഷ് കമ്യൂണിസ്റ്റ് പാർട്ടി അംഗമായി കഴിഞ്ഞിരുന്നു. എന്നിട്ടും ആ ഗാന്ധിയൻ ക്ഷോഭം മാർക്സിസത്തിന് പകർന്നത് കളങ്കമല്ല, കരുത്താണ്. ഗാന്ധിസത്തിന്റെ സ്വാഭാവിക പരിണാമമാണ് മാർക്സിസമെന്ന് തായാട്ട് വിശ്വസിച്ചു (ഇ.എം.എസ്).
എന്റെ പക്കൽ ശാപമില്ല, അനുഗ്രഹമേയുള്ളൂ
‘പ്രിയപ്പെട്ട പത്രാധിപർ, പി.സിയും ബഷീറും എന്നൊരു ലേഖനം വായിക്കാൻ ഇടയായി. താങ്കളുടെ ദേശാഭിമാനി വാരികയിലാണ്. ലക്കം 24 പുസ്തകം 13. എഴുതിയിരിക്കുന്നത് കെ.ഇ.എൻ. കുഞ്ഞഹമ്മദ്. ഈ ലേഖനം വളരെ നന്നായി. അദ്ദേഹം ബുദ്ധിമുട്ടി ശരിക്കു പഠിച്ചുതന്നെ എഴുതിയിരിക്കയാണ്. എന്നാൽ, ലേഖനത്തിന്റെ അവസാനഭാഗത്തു ലേശം പിശകുവന്നതായി കാണുന്നു. കരുതിക്കൂട്ടി വരുത്തിയതല്ല. തെറ്റായ ധാരണയിൽനിന്നു വന്നതാണ്. ഞാൻ പറയുന്നത് കേരളത്തിലെ പുതിയ കഥയെഴുത്തുകാരെപ്പറ്റി ഞാൻ പറഞ്ഞതായിപ്പറയുന്ന ഭാഗത്തെപ്പറ്റിയാണ്. കുഞ്ഞഹമ്മദിന് ആ ഭാഗം എവിടെനിന്നു കിട്ടിയെന്നെനിക്കറിയാം.
ഒരു വാരികയിൽ എന്നെപ്പറ്റി വന്ന വലിയ ലേഖനത്തിലെ ഒരു ഭാഗമാണത്. അതുകണ്ട ഉടനെ ആ ലേഖന കർത്താവിന് ഞാൻ എഴുതുകയുണ്ടായി. താങ്കൾ ആ ലേഖനം വല്ല പുസ്തകത്തിലും ചേർക്കാൻ ഉദ്ദേശ്യമുണ്ടെങ്കിൽ –ഞാൻ പുതിയ കഥയെഴുത്തുകാരെപ്പറ്റി പറഞ്ഞതായിക്കാണുന്ന ഭാഗം വെട്ടികളഞ്ഞ് ബാക്കി ചേർക്കാൻ അപേക്ഷ. അതുതന്നെയാണ് കുഞ്ഞഹമ്മദിനോടും എനിക്കപേക്ഷിക്കാനുള്ളത്... എന്റെ മരണശേഷം വലിയ വെള്ളപ്പൊക്കമുണ്ടായി എല്ലാം നശിച്ചു ഭൂമി പൊട്ടിത്തകർന്നു പൊടിയായി കലങ്ങിപ്പോകുമെന്നൊന്നും ഞാൻ വിചാരിക്കുന്നില്ല!.. പുതിയ തലമുറ ധീരമായി വരും; വരുന്നുണ്ട്. ഇവർ സംഗ്രാമഗീതങ്ങളൊക്കെ മുഴക്കി കൊടുങ്കാറ്റുപോലെ ആർത്തിരമ്പിതന്നെ മുന്നോട്ടുപോകും!.. ഇവരെയൊക്കെ ഞാൻ ശപിക്കുമോ? എന്റെ പക്കൽ ശാപമില്ല. അനുഗ്രഹമേയുള്ളൂ.
ഞാൻ അനുഗ്രഹിക്കുന്നു. എഴുതുക. പഠിച്ച്, ചിന്തിച്ച്, മാനുഷ നന്മയെ മുൻനിർത്തി ധീരതയോടെ എഴുതുക. വിജയം നേരുന്നു; മംഗളം! പുതുയുഗത്തിന്റെ ധീരരായ സേനാനികളേ, ഞങ്ങൾ, പഴമക്കാർ ജീർണിച്ച് കാലഹരണപ്പെട്ടുകൊണ്ടിരിക്കുന്നു. അന്തമില്ലാത്ത ഇന്നലെയുടെ അനന്തകോടി വർഷങ്ങളിൽ ഞങ്ങൾ ലയിച്ചു നാമാവശേഷമാവാൻ പോകുന്നു. നിങ്ങൾക്കായി ദാ, പുതിയ സൂര്യോദയം. ഉണരുക; പ്രവർത്തിക്കുക; മുന്നോട്ടുപോകുക. ജീവിതം സുന്ദരമാക്കുക, ആഹ്ലാദിക്കുക! ശുഭം’. (ബഷീർ സമ്പൂർണകൃതികൾ: രണ്ടാം വാള്യം).
1982ൽ വൈക്കം മുഹമ്മദ് ബഷീർ ‘കലാകൗമുദി’ വാരികക്ക് അനുവദിച്ച ഒരഭിമുഖത്തിൽ, താങ്കൾ പുതിയ എഴുത്തുകാരുടെ കഥകൾ വായിക്കാറുണ്ടോ എന്ന അഭിമുഖകാരന്റെ ചോദ്യത്തിന്, ‘ഞാൻ അമേധ്യം ഭക്ഷിക്കാറില്ല’ എന്ന ഒരു മഹാപ്രതിഭയിൽനിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത മറുപടിയാണ് ബഷീർ നൽകിയത്. ഇതുണ്ടാക്കിയ അസ്വസ്ഥതയും അമർഷവും എന്റെ അന്നത്തെ ‘പിസിയും ബഷീറും’ എന്ന ലേഖനത്തിൽ ഉണ്ടായിരുന്നു. ഇതാണ് ദേശാഭിമാനി വാരികയിലേക്ക് കത്തെഴുതാൻ അദ്ദേഹത്തെ േപ്രരിപ്പിച്ചത്.
‘തീപിടിച്ച ആത്മാവുകൾക്കൊരാമുഖം’ എന്ന എന്റെ ആദ്യ സാഹിത്യ വിമർശനഗ്രന്ഥത്തിൽ, ‘പി.സിയും ബഷീറും’ എന്ന പ്രബന്ധം ചേർത്തത്, ബഷീർ ആവശ്യപ്പെട്ടവിധം ആ ഭാഗം ഒഴിവാക്കിയാണ്. നാൽപതുകൊല്ലം മുമ്പ് ഒരു തുടക്കക്കാരന്റെ ബഷീറിനെതിരെയുള്ള രൂക്ഷവിമർശനം പത്രാധിപർ തായാട്ട് മാഷ് അല്ലായിരുന്നെങ്കിൽ, ഒരു വെട്ടും തിരുത്തുമില്ലാതെ, അതേപോലെ പ്രസിദ്ധീകരിക്കുമായിരുന്നുവോ എന്ന കാര്യം സംശയമാണ്. ബേപ്പൂരിലെ വൈലാലിൽ വീട്ടിൽച്ചെന്ന് ബഷീറിനെ കാണാൻ പറഞ്ഞതും തായാട്ട് മാഷാണ്. കുഞ്ഞഹമ്മദ് ഞാൻ പേര് പറഞ്ഞു. ബഷീർ നിറഞ്ഞു ചിരിച്ചു. സൗഹൃദങ്ങൾക്കപ്പുറമുള്ളൊരു ബഷീറിയൻ ചിരി!
അടുത്തലക്കം: ‘തിളച്ച എണ്ണയിൽ കടുക് വീഴുമ്പോഴുണ്ടാവുന്നൊരു പൊട്ടിത്തെറിയുടെ ശബ്ദമേ കുഞ്ഞുണ്ണിക്കവിതക്കുള്ളൂ’
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.