അടിത്തട്ടിലെ ഇലയനക്കങ്ങൾ
text_fieldsസംഭാഷണത്തിൽ, പ്രഭാഷണത്തിൽ, എഴുത്തിൽ, ജീവിതത്തിലുടനീളം, മായാത്ത ഒരു തായാട്ട് സ്പർശം സ്മരണയിൽ തെളിയുന്നു. ദേശാഭിമാനിയിൽ, വീട്ടിൽ, ഒന്നിച്ചുള്ള നടത്തത്തിന്നിടയിൽ മാഷ് പറഞ്ഞ ഒരുപാട് കാര്യങ്ങൾ, ഇന്നെന്നപോലെ ഇന്നലെകളിൽനിന്നും ഇറങ്ങിവരുന്നു. അസുഖം കൂടിവന്ന ഒരു സമയത്ത്, മാഷിന്റെ വീട്ടിൽ ഇരിക്കുമ്പം പെട്ടെന്ന് നാടകീയമായി മാഷ് പറഞ്ഞു: എഴുതിയെടുത്തോ. ഞാനമ്പരന്നു എന്ത്? മാഷ് പറഞ്ഞു, തനിക്കുടനെ ഒരനുശോചനപ്രസംഗം നടത്തേണ്ടിവരും. അതിന്നുള്ള വിവരങ്ങളാണ്! ഞാനും മാഷിനൊപ്പം ചിരിച്ചു. അല്ലാതെന്തുചെയ്യാൻ?
ഈ കാലയളവിൽ പ്രചാരണപരമായ എഴുത്തുകൾക്ക് തായാട്ടിന്റെ നിർദേശമനുസരിച്ച്, കെ.ഇ.എൻ കുഞ്ഞഹമ്മദ്/ കെ.ഇ.എൻ എന്നീ പേരുകൾക്ക് പകരം, മൂന്ന് വ്യാജ പേരുകൾകൂടി ഉപയോഗിച്ചിരുന്നത് ഓർക്കുന്നു. വിവേക്, സഫിയ, സോഫിയ എന്നിങ്ങനെ. അത്തരം കളികളെല്ലാം എഴുത്തിൽനിന്നും ഒഴിവാക്കിയത് അതൊക്കെ പിടിക്കപ്പെട്ട ശേഷമാണ്! തായാട്ടിന് ചില കാര്യങ്ങളിൽ വല്ലാത്ത മുൻവിധികളുണ്ടായിരുന്നു. അതിലൊന്ന് കവിതയെക്കുറിച്ചായിരുന്നു. കാവ്യ പരീക്ഷണങ്ങളെ സംശയത്തോടെയാണ് അദ്ദേഹം കണ്ടിരുന്നത്. കുഞ്ഞുണ്ണിമാഷിന്റെ കവിതയൊന്നും കവിതയേയല്ല എന്നൊരു നിലപാടായിരുന്നു അദ്ദേഹം പുലർത്തിയിരുന്നത്. കുറഞ്ഞ അളവിലെങ്കിലും ആ സ്വാധീനത്തിൽപ്പെട്ട്, മാഷിന്റെ നിർദേശപ്രകാരം അന്ന് കുഞ്ഞുണ്ണിക്കവിതകളെ വിമർശിക്കുന്നൊരു പ്രബന്ധം വിവേക് എന്ന പേരിൽ എഴുതി! തിളച്ച എണ്ണയിൽ കടുക് വീഴുമ്പോഴുണ്ടാവുന്നൊരു പൊട്ടിത്തെറിയുടെ ശബ്ദമേ കുഞ്ഞുണ്ണിക്കവിതക്കുള്ളൂ എന്നൊക്കെയായിരുന്നു ഉള്ളടക്കം.
അത്ഭുതം, ഒരു സാംസ്കാരിക പരിപാടിയിൽ കണ്ടപ്പോൾ വിവേകേ എന്ന് കുഞ്ഞുണ്ണിമാഷ് വിളിച്ചതോടെ, ഞാനെെന്നന്നേക്കുമായി വ്യാജപേരിലുള്ള എഴുത്തു നിർത്തി. കാര്യം തായാട്ടിനോട് പറഞ്ഞപ്പോൾ ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞത്, ചർച്ച തുടരട്ടെ, മാഷുടെ അഭിപ്രായവും നമുക്ക് പ്രസിദ്ധീകരിക്കാമല്ലോ എന്നായിരുന്നു! പറഞ്ഞുവരുന്നത്, പ്രശസ്തരുടെ വാക്കുകളിലല്ല, പരസ്യങ്ങളുടെ ബഹളങ്ങളിലല്ല, അടിത്തട്ടിലെ ഇലയനക്കങ്ങളിലാണ് തായാട്ട് ഏറെ ശ്രദ്ധിച്ചിരുന്നത് എന്നാണ്. ഭൂമിയിൽ കാലുറപ്പിക്കാത്ത ഒരാശയത്തേയും അദ്ദേഹം ആശ്ലേഷിച്ചില്ല.
നാല് പതിറ്റാണ്ട് മുമ്പ്, ഗാന്ധിയൻ ലിബറൽ കാഴ്ചപ്പാടിൽ തായാട്ട് പങ്കുവെച്ച, പ്രത്യേകിച്ചും, സാംസ്കാരിക വ്യക്തിത്വം സംബന്ധിച്ച ആശയങ്ങൾ അന്നത്തേത്പോലെ ഇന്ന് സ്വീകരിക്കപ്പെടുകയില്ല. പക്ഷേ അപ്പോഴും പുതിയ കാലത്തിന്റെ തലക്കുമുകളിൽ ഉയർന്നുനിൽക്കുന്ന തായാട്ട് യുക്തിയെ കണ്ടില്ലെന്ന് നടിച്ച്, നമ്മുടെ കാലത്തിന് കടന്നുപോകാനും കഴിയില്ല. ഗാന്ധിയും വിവേകാനന്ദനും കേളപ്പനും പകർന്നേകിയ വെളിച്ചത്തിനൊപ്പം, അവരുടെ ചിന്തകളിലെ അന്ധതകളും തായാട്ടിന്റെ അന്വേഷണങ്ങളിൽ ചില അവശതകളുണ്ടാക്കിയതായി പുതിയ വായനയിൽ അറിയാനാവും. അതൊരു പരിധിവരെ മാറിവരുന്ന കാലം ചിന്തകളിലുണ്ടാക്കുന്ന മാറ്റത്തിന്റെ കൂടി ഭാഗമാണ്.
അങ്ങനെയിരിക്കെത്തന്നെ എം.എൻ. വിജയൻമാഷ് വ്യക്തമാക്കിയപോലെ, തായാട്ടിന്റെ ജീവചരിത്രം കേരളത്തിന്റെ പ്രതിരോധ ചരിത്രമാണ്. അതുകൊണ്ടാണ്, മറ്റുള്ളവർ കെട്ടിയുണ്ടാക്കിയ തിണ്ടുകൾ തകർത്തുകൊണ്ടുപോവുകയാണ് തായാട്ട് എന്ന് എൻ.വി പറഞ്ഞത്. ചരിത്രം, മാനവചരിത്രം മാറ്റങ്ങളുടെ ഒരു നദിയാണെന്ന് നാം ഇന്നിപ്പോൾ അറിഞ്ഞുതുടങ്ങി. എന്തിലും അഭിപ്രായമുള്ള അഭിപ്രായ സ്ഥിരതയില്ലെന്ന് പറയിപ്പിക്കുന്ന ബോധവും തായാട്ടിനുണ്ടായിരുന്നു. തെറ്റിദ്ധരിക്കപ്പെടുന്ന ഒരു ആർജവം എന്നു പറയാം. ചരിത്രത്തിനകത്തുനിന്ന് ചരിത്രത്തെ കാണുവാനുള്ള ശ്രമമുണ്ടായതുകൊണ്ടാണ് തായാട്ട് ഒരു പ്രത്യേക വ്യക്തിത്വമായി നിൽക്കുന്നത്... (എം.എൻ. വിജയൻ)
സാമൂഹിക പ്രതിബദ്ധത പുലർത്തുന്ന പ്രതിഭാശാലികളെ അനുസ്മരിക്കുക എന്നതിനർഥം കേവല ലാഭനഷ്ട കണക്കുകൾക്കും മനുഷ്യരെ അധഃപതിപ്പിക്കുന്ന അമ്പട ഞാൻ മാത്ര വാദങ്ങൾക്കും അപ്പുറം കടക്കലാണ്. പുതിയ ലോകത്തെ അഭിവാദ്യം ചെയ്യാൻ പഴയ ലോകങ്ങളിൽ പാർക്കുന്ന മനുഷ്യരെയും, പഴയ ലോകങ്ങളോട് പതുക്കെ വിട പറയുന്ന മനുഷ്യരേയും പ്രാപ്തമാക്കുംവിധം ജീവിതം സർഗാത്മകമാവുമ്പോഴാണ് അനുസ്മരണം ഒരു വഴിപാടിനു പകരം, വഴി വെട്ടാവുന്നത്. േപ്രാമത്തിയൂസ് അദൃശ്യമാവുംവിധം മെലിയുകയും, നാർസിസ്റ്റ് ഒന്നും കാണാനനുവദിക്കാത്ത വിധം കൊഴുക്കുകയും ചെയ്യുന്നൊരു കാലത്ത്, അനുസ്മരണങ്ങൾ കെട്ടുകൊണ്ടിരിക്കുന്ന ആദർശങ്ങളുടെ തീ തേടിയുള്ള സാഹസിക യാത്രയായി മാറണം. മരിച്ചവരെക്കുറിച്ചുള്ള ജീവിച്ചിരിക്കുന്നവരുടെ ഓർമകളെക്കുറിച്ചല്ല, മരിച്ചവരും ജീവിച്ചിരിക്കുന്നവരും നിരന്തരം പങ്കുവെക്കുന്ന, പങ്കുവെക്കേണ്ട പ്രബുദ്ധ ആശയലോകങ്ങളുടെ ജ്വലിക്കുന്ന, ജ്വലിക്കേണ്ട ജീവിതം മരവിച്ചു പോകുന്നതിനെക്കുറിച്ചാണ് ഇന്ന് നാം ഉത്കണ്ഠാകുലരാവേണ്ടത്.
തായാട്ട് മാഷ് തുറന്നുവെച്ചത്, കാലത്തെ അസ്വസ്ഥപ്പെടുത്തുകയും ആവേശം കൊള്ളിക്കുകയുംചെയ്ത, ഏതൊരു പ്രതിഭാശാലിയെപ്പോലെ പിൽക്കാലത്തിന് സംവാദാത്മകമായി ഇടപെടാനുള്ള ഒരന്വേഷണ ലോകമാണ്. അതിൽ കലമ്പുന്നത് രാഷ്ട്രീയവും സാഹിത്യവും വിദ്യാഭ്യാസവും മതവും ഭാഷയും തത്ത്വചിന്തയും സംസ്കാരവുമടക്കമെല്ലാറ്റിന്റെയും േസ്രാതസ്സായ, നിർവചനങ്ങൾക്ക് മുമ്പിൽ നിശ്ചലമാവാത്ത സാമൂഹ്യജീവിതമാണ്. വന്നും പോയുമിരിക്കുന്ന വ്യക്തികളെ പരിഗണിക്കുമ്പോഴും, ആ പരിഗണനയുടെ മൗലിക േസ്രാതസ്സ്, പ്രകൃതിയും സമൂഹവും ആദർശ മൂല്യങ്ങളുമാണെന്ന് മറക്കാതിരിക്കുമ്പോഴാണ്, സാംസ്കാരിക വിമർശനം സൂക്ഷ്മമാവുന്നത്.
കവിതയിൽ ആവിഷ്കൃതമായ ജീവിത സംസ്കാരവും താനാർജിച്ച ജീവിതാവബോധവും ഉരസി നോക്കുമ്പോഴാണ് നിരൂപണം മറ്റൊരു കലാസൃഷ്ടിയാവുന്നത്... മഴമേഘത്തിന്റെ ജന്മസാഫല്യം, അതിൽ ഉദിച്ചു മറിയുന്ന വർണരാജിയിലല്ല, തുടർന്നുവരുന്ന അമൃതധാരയിലാണ്. അപ്പോഴേ അതു സഹസ്രകോടി ജീവജാലങ്ങളുടെ ജീവൽസംഗീതമായി മാറുന്നുള്ളൂ. (തിരഞ്ഞെടുത്ത പ്രബന്ധങ്ങൾ: ആമുഖം: തായാട്ട്)
തായാട്ട് സാഹിത്യത്തിൽ തിരക്കിയത്, ഉള്ളിളക്കത്തിന്റെ ഓളങ്ങളല്ല, ഉള്ളുണർവിന്റെ ജ്വാലകളാണ്. സർഗ വ്യാപാരങ്ങളെ അതിഭാവുകത്വ പരിചരണങ്ങളിൽനിന്ന് വിമുക്തമാക്കാനുള്ള ആശയങ്ങളാണ്, അദ്ദേഹം നിരന്തരം ആവർത്തിച്ചത്. കലയെ ചൂഴ്ന്ന് നിൽക്കുന്ന നിഗൂഢതകളുടെ പളുങ്കു കൊട്ടാരങ്ങൾ അദ്ദേഹം എറിഞ്ഞുടച്ചു. സാമൂഹികതയെ സ്ഥാപിച്ചെടുക്കുന്നതിൽ ഏതറ്റംവരെയും സഞ്ചരിക്കാനുള്ള സംവാദധീരതയിൽ തായാട്ട് സദാ നിവർന്നുനിന്നു. ഏതൊരു പ്രതിഭാശാലിയുടെ രചനയിലെന്നപോലെ പിൽക്കാലത്തിന് അടയാളപ്പെടുത്താൻ കഴിയുന്ന അന്ധതകളും വൈരുധ്യങ്ങളും മൗനങ്ങളും, എന്തിന് ചില മുൻവിധികൾപോലും, തായാട്ടിലും ഇന്ന് നമുക്ക് കണ്ടെത്താൻ കഴിയും. എന്നാൽ കാൽപനികതയുടെ മഞ്ഞിൻകണികൾക്കിടയിൽ കുടുങ്ങിക്കിടന്ന സമൂഹമനുഷ്യനെ മറ്റെല്ലാറ്റിനും മുകളിൽ പ്രതിഷ്ഠിക്കാനും, സൗന്ദര്യത്തിൽ ജീവിതസത്യങ്ങളെക്കൂടി ഉൾച്ചേർക്കാനും, അദ്ദേഹത്തിന് കഴിഞ്ഞുവെന്നുള്ളത് പരിമിതികളെ നിഷ്പ്രഭമാക്കുന്ന ആ പ്രതിഭയുടെ ഔന്നത്യത്തെ തന്നെയാണ് അടയാളപ്പെടുത്തുന്നത്.
സാമൂഹിക പ്രവർത്തനത്തിന്റെ സ്പർശമേറ്റാൽ പ്രതിഭ കളങ്കിതമാവുമെന്ന കാഴ്ചപ്പാട് ആശയലോകത്ത്, അധികാരമുറപ്പിച്ച, ഒരു കാലത്തേയാണ് തായാട്ടിന് പ്രധാനമായും അന്ന് എതിരിടാനുണ്ടായിരുന്നതെന്നുള്ളത് മറക്കരുത്. മാരാരെ വിമർശിച്ചെഴുതിയ ഡോ. എൻ.വി.പി. ഉണിത്തിരിമാഷിന്റെ ലേഖനം മാതൃഭൂമി മടക്കിയപ്പോൾ, പിന്നീടത് പ്രസിദ്ധീകരിച്ചത് തായാട്ട് മാഷ് എഡിറ്ററായുള്ള ഗ്രന്ഥലോകമായിരുന്നു. പതിവായി തരാറുള്ളതിനേക്കാൾ കൂടുതലായി 5 രൂപ ആ ലേഖനത്തിന് പ്രതിഫലം നൽകണമെന്ന് തായാട്ട് ശങ്കരൻ നിർദേശിച്ചതായി നടന്നുവന്ന വഴികൾ എന്ന ആത്മകഥയിൽ ഡോ. എൻ.വി.പി. ഉണിത്തിരി മാഷ്!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.