ഗാന്ധിജി ഉണ്ടായിരുന്നെങ്കിൽ!
text_fieldsഗാന്ധിയില്ലാത്ത ഇന്ത്യ എന്നത് ഒറ്റ വാചകത്തിൽ വിശദീകരിക്കാവുന്ന ഒരവസ്ഥയാണ്-നമ്മൾ ഇപ്പോൾ ഇക്കാണുന്ന ഇന്ത്യ. അഥവാ സത്യാനന്തര കാലത്തെ ഇന്ത്യ. ഇതുതന്നെയാണല്ലോ ഗാന്ധിവധത്തിനുശേഷമുള്ള ഇന്ത്യ.
സത്യമാണ് എെൻറ ദൈവം എന്ന് മഹാത്മജി അർഥശങ്കക്ക് ഒരു സാധ്യതയുമില്ലാതെ വ്യക്തമാക്കിയതാണ്. സത്യവുമായി മാറ്റുരച്ചുനോക്കി മാത്രമേ ഗാന്ധി എന്തിനെയും സ്വീകരിച്ചിട്ടുള്ളൂ; തമസ്കരിച്ചിട്ടുമുള്ളൂ. അങ്ങനെ സത്യത്തെ ഉരകല്ലായി കൂടെക്കൊണ്ടുനടന്ന ഒരാൾ ഇല്ലാത്ത കാലംതന്നെയാണ് സത്യാനന്തരകാലം. അങ്ങനെെയാരാൾ ഇല്ലാതായ ഇന്ത്യയാണ് സത്യാനന്തര ഇന്ത്യ.
കുറെക്കാലം കൂടി ഗാന്ധി നമ്മോടൊപ്പം ഉണ്ടായിരുന്നെങ്കിൽ ഇന്ത്യക്ക് ഇത്രയും വളർത്തുദോഷം ഉണ്ടാകില്ലായിരുന്നു. ഇന്ത്യക്ക് ഗാന്ധിയുടെ നേതൃത്വം, പിതൃത്വം, രക്ഷാകർതൃത്വം എല്ലാം ഏറ്റവും കൂടുതൽ ആവശ്യമുള്ള സമയത്താണ് ശത്രുക്കൾ അദ്ദേഹത്തെ ഇല്ലാതാക്കിയത്. അതുകൊണ്ടാണ് ഗാന്ധിയെ കൊന്നവർ ഗാന്ധിയുടെ ശത്രുക്കൾ എന്നതിനപ്പുറം രാജ്യത്തിെൻറ ശത്രുക്കളാവുന്നത്. സർദാർ വല്ലഭ് ഭായി പട്ടേൽ ഒരിക്കൽ പറഞ്ഞിട്ടുണ്ട്, ഗാന്ധി മരിച്ചാലും ആ തേജസ്സിെൻറ പ്രഭാവത്തിൽ കോൺഗ്രസ് 30 കൊല്ലംകൂടി മുന്നോട്ടുപോകുമെന്ന്. ഗാന്ധി മരിക്കുന്നതിനുമുമ്പാണ് പട്ടേൽ അതു പറയുന്നത്. ഒരു പക്കാ രാഷ്ട്രീയക്കാരെൻറ കാഴ്ചപ്പാടിൽ അത് ശരിയുമാണ്.
അത്രയൊക്കെയേ ഒരു രാഷ്ട്രീയപാർട്ടിക്ക് ഗാന്ധിജിയിൽനിന്ന് ഊർജം സംഭരിച്ചു വെക്കാനാവൂ. എന്നാൽ, രാജ്യത്തിെൻറ കാര്യം അങ്ങനെയല്ല. സ്വാതന്ത്ര്യത്തിനു ശേഷം രണ്ടു പതിറ്റാണ്ടെങ്കിലും ഗാന്ധി നമുക്കിടയിൽ ഉണ്ടായിരുന്നെങ്കിൽ ഈ രാജ്യത്തിന് ഇന്നുള്ളതിെൻറ പതിനായിരം മടങ്ങ് ഊർജം ഉണ്ടാകുമായിരുന്നു, കൃത്യമായ ദിശാബോധം ഉണ്ടാകുമായിരുന്നു. അപ്പോൾ രണ്ടു ചോദ്യങ്ങളുയരാം. ഒന്ന്, കൊല്ലപ്പെടുമ്പോൾ 1948ൽ അദ്ദേഹം 80 കടന്നിരുന്നുവല്ലോ, പിന്നെയെങ്ങനെ എന്ന്. അതിനുള്ള മറുപടി ഗാന്ധി തന്നെ പറഞ്ഞിട്ടുണ്ട്. 125 വയസ്സുവരെ ജീവിച്ചിരിക്കാൻ ആഗ്രഹമുണ്ടെന്ന്. ചില കാര്യങ്ങളൊക്കെ ചെയ്യാനുണ്ടെന്ന്. അതെ, അദ്ദേഹത്തിന് വ്യക്തമായ പ്ലാനുണ്ടായിരുന്നു. അതു നടന്നില്ല.
രണ്ടാമത്തെ ചോദ്യം താൽപര്യത്തെ കുറിച്ചായിരിക്കും. സ്വാതന്ത്ര്യം ഏറ്റുവാങ്ങുമ്പോൾ, ജവഹർലാൽ നെഹ്റുവും സഹപ്രവർത്തകരും ബ്രിട്ടീഷുകാരിൽനിന്ന് അധികാരം ഏറ്റുവാങ്ങുമ്പോൾ ഗാന്ധി തലസ്ഥാനനഗരിയിൽപോലും ഇല്ലാതെ, അതിലൊന്നും താൽപര്യം കാണിക്കാതെ മാറിനിന്നതാണല്ലോ. പിന്നെയെങ്ങനെ സ്വാതന്ത്ര്യാനന്തരമുള്ള വളർച്ചയിൽ ഉപകാരപ്പെടും എന്ന ചോദ്യം. എന്നാൽ, ആ മഹാത്മാവിെൻറ സാന്നിധ്യം മാത്രം മതിയായിരുന്നു, ഈ രാജ്യത്തിെൻറ കാതലായ പല പ്രശ്നങ്ങളും പരിഹരിക്കപ്പെടാൻ. അത് മനസ്സിലാകാതെപോയത് നമുക്ക്, ഇന്ത്യക്കാർക്ക് മാത്രമാണ്.
മഹാത്മജി എന്ന ഒറ്റയാൾ പട്ടാളം
നമ്മുടെ രാഷ്ട്രീയ നേതാക്കൾക്ക് ഒട്ടും ദീർഘവീക്ഷണമില്ലെന്നതിന് നല്ല തെളിവാണ് വിഭജനം. എൻ. സി. ഇ. ആർ.ടി സെക്രട്ടറിയായിരുന്ന കൃഷ്ണകുമാർ ഇതുസംബന്ധിച്ച് നല്ലൊരു നിരീക്ഷണം മുന്നോട്ടുവെക്കുന്നുണ്ട്. ഇന്ത്യ-പാക് ബന്ധം ഇഷ്ടവിഷയമാക്കിയ അേദ്ദഹം പറയുന്നത് രാഷ്ട്രം വിഭജിക്കുക എന്ന നിർദേശത്തെ അതർഹിക്കുന്ന ആഴത്തിൽ നമ്മുടെ നേതാക്കൾ കണ്ടില്ല എന്നാണ്. അഞ്ചു വർഷം കൊണ്ട്, കൂടിയാൽ പത്തുവർഷം കൊണ്ട് വിഭജനപീഡകൾ ജനം മറക്കുമെന്ന് അവർ കരുതി. തലമുറകൾ അകലുംതോറും ആ വ്രണം പഴുക്കുകയാണ് ചെയ്യുകയെന്ന് നേതാക്കൾക്ക് കണ്ടറിയാനായില്ല.
കുൽദീപ് നയാർ ‘വരികൾക്കപ്പുറം’ എന്ന ആത്മകഥയിൽ ഒരു സംഭവം വിവരിക്കുന്നുണ്ട്. വിഭജനാനന്തരം പാകിസ്താനിലേക്ക് പോയവരുടെ സ്വത്ത് എന്തു ചെയ്യണമെന്ന് തീരുമാനിക്കുകയാണ് ഉദ്യോഗസ്ഥർ. മുംബൈയിലുള്ള ജിന്ന ഹൗസ് എന്തുചെയ്യണം എന്ന് തീരുമാനിക്കാൻ കഴിയുന്നില്ല. നെഹ്റുവിനോട് ചോദിക്കാം എന്നൊരു നിർദേശം വന്നു. ‘ജിന്നയോട് ചോദിച്ചിട്ട് ചെയ്യാം’ എന്നായിരുന്നു മറുപടി. അദ്ദേഹം ജിന്നയോടു ചോദിച്ചു. ‘‘ഒന്നും ചെേയ്യണ്ട, എനിക്ക് വല്ലപ്പോഴും വരുമ്പോൾ താമസിക്കാമല്ലോ’’- ജിന്നയുടെ ഉത്തരം. അതായിരുന്നു നേതാക്കൾക്ക് വിഭജനത്തെക്കുറിച്ചുള്ള ധാരണ. എന്നാൽ, വിഭജനം അനുഭവിച്ചവർക്ക് അത് നരകമായിരുന്നു. ബി.ബി.സിയുടെ ഒരു ഡോക്യുമെൻററിയുണ്ട്- ‘ദ ഡേ ഇന്ത്യ ബേൺഡ്’ എന്ന പേരിൽ. അതു കണ്ടാലറിയാം എന്തായിരുന്നു വിഭജനമെന്ന്. പിന്നെ സഹിക്കാൻ കഴിയുമെങ്കിൽ സാദത്ത് ഹസൻ മണ്ടോയുടെ ‘ഖോൽ ദോ’ എന്ന കഥയും വായിക്കുക.
വിഭജനം ഭീകരമായിരുന്നു. ഒരു രാജ്യത്തെ ജനങ്ങൾ രണ്ടു രാജ്യങ്ങളിലെ അഭയാർഥികളായി മാറി. ഇന്ത്യയിൽനിന്ന് പാകിസ്താനിലേക്കും തിരിച്ചുമുള്ള അഭയാർഥിപ്രവാഹം. അലകടൽപോലെ ആർത്തലച്ചുവന്ന അഭയാർഥികൾ ഡൽഹിയെയയും പരിസരങ്ങളെയും നിറച്ചുകഴിഞ്ഞിരിക്കുന്നു. അതിനേക്കാൾ ഭരണാധികാരികൾ പേടിച്ചത് അതിർത്തികളിൽ പൊട്ടിപ്പുറപ്പെട്ടേക്കാവുന്ന കലാപത്തെയാണ്. ഈ ഘട്ടത്തിൽ, അധികാരം ഒഴിഞ്ഞ് ഷിംലയിൽ വിശ്രമിക്കുകയാണ് ഗവർണർ ജനറൽ ആയിരുന്ന മൗണ്ട് ബാറ്റൺ. സ്വതന്ത്ര ഇന്ത്യയുടെ ഭരണാധികാരികൾ അദ്ദേഹത്തെ തിരിച്ചുവിളിക്കുന്നുണ്ട്. മൗണ്ട് ബാറ്റൺ തിരിച്ചുവന്ന്, അടിയന്തര സുരക്ഷാ സമിതി രൂപവത്കരിച്ച് കാര്യങ്ങളുടെ നിയന്ത്രണം ഏറ്റെടുത്തു. കിട്ടാവുന്നിടത്തോളം സേനാവിഭാഗങ്ങളെ സമാഹരിച്ചു. ഇതൊക്കെയും വിന്യസിച്ചത് പടിഞ്ഞാറ് പഞ്ചാബ് അതിർത്തിയിൽ. അതു കഴിഞ്ഞപ്പോൾ കിഴക്ക് കൽക്കത്തയിലേക്ക് അയക്കാൻ സേനയില്ല.
ഇതേക്കുറിച്ച് ലാറി കോളിൻസും ഡൊമിനിക് ലാപ്പിയറും പിന്നീട് മൗണ്ട് ബാറ്റണുമായി സംസാരിക്കുന്നുണ്ട്. കൈയിലുണ്ടായിരുന്ന സേനയെ മുഴുവൻ പഞ്ചാബ് അതിർത്തിയിലേക്ക് വിട്ടത് തന്ത്രപരമായ പിഴവായിരുന്നില്ലേ എന്ന ചോദ്യത്തിന് മറുപടിയായി മൗണ്ട് ബാറ്റൺ പറഞ്ഞത് ‘ബംഗാളിലേക്ക് എെൻറ കൈവശം ഒരു കരുതൽസേന ഉണ്ടായിരുന്നു’ എന്നാണ്. അത് ഒരു ഏകാംഗ സേനയായിരുന്നു. അത് മഹാത്മജി മാത്രമായിരുന്നു. സ്ഥിതിഗതികൾ നെഹ്റു, പട്ടേൽ എന്നിവരുമായി വിലയിരുത്തുമ്പോഴും മൗണ്ട് ബാറ്റൺ വിലപ്പെട്ട ഒരതിഥിയെ മറ്റാരും അറിയാതെ വിശ്രമമുറിയിൽ സൂക്ഷിച്ചു- മഹാത്മജിയെ. ചർച്ചകളെല്ലാം കഴിഞ്ഞപ്പോൾ മൗണ്ട് ബാറ്റൺ വിവരങ്ങൾ മഹാത്മജിയോട് വിശദീകരിച്ചു. കൽക്കത്തക്ക് മഹാത്മജി പോകേണ്ടിവരും എന്ന് സൂചിപ്പിച്ചു. താനും അതു തന്നെയാണ് ആലോചിക്കുന്നത് എന്നായിരുന്നു മഹാത്മാവിെൻറ മറുപടി.
കൽക്കത്തയിൽനിന്ന് ബംഗാൾ മുഖ്യമന്ത്രിയായിരുന്ന സുഹ്രവർദിയെയും വരുത്തിയിരുന്നു മൗണ്ട് ബാറ്റൺ. എന്തുസംഭവിച്ചാലും കൽക്കത്തയും അതിർത്തിയും ശാന്തമായിരിക്കണമെന്നും അതിനു വേണ്ടി ഗാന്ധിയെ അങ്ങോട്ട് അയക്കുന്നുണ്ടെന്നും മൗണ്ട് ബാറ്റൺ സുഹ്രവർദിയോട് പറഞ്ഞു. ആശ്ചര്യത്തോടെ സുഹ്രവർദി ചോദിച്ചത് ‘ഗാന്ധിജി എെൻറ കൂടെ തന്നെ വരില്ലേ’ എന്നാണ്. അതുതന്നെയായിരുന്നു ഗാന്ധിജിയും മൗണ്ട് ബാറ്റണും തയാറാക്കിയ പദ്ധതി. ഒരുമിച്ചുപോവുക മാത്രമല്ല, മഹാത്മജി സുഹ്രവർദിയുടെ വീട്ടിൽ തങ്ങും. അതാണ് സമാധാനത്തിനായുള്ള പദ്ധതി. അതുതന്നെയാണ് നടപ്പായതും.മഹാത്മജിയുടെ സാന്നിധ്യം മാത്രം മതിയായിരുന്നു വർഗീയ കലാപങ്ങളില്ലാതാക്കാൻ. ആ സാന്നിധ്യം നമുക്ക് പിന്നെയും വേണ്ടിയിരുന്നു.
അഴിമതി എന്ന പാപം
മഹാത്മാവ് കുറെക്കാലത്തേക്കുകൂടി ഉണ്ടായിരുന്നെങ്കിൽ കോൺഗ്രസ് ഇത്രമാത്രം മോശമാകുമായിരുന്നില്ല. 1951-52 ലെ ആദ്യത്തെ പൊതുതെരഞ്ഞെടുപ്പു കഴിഞ്ഞ് 1957ൽ രണ്ടാമത്തെ തെരഞ്ഞെടുപ്പു വന്നപ്പോഴേക്ക് കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും കോൺഗ്രസ് മന്ത്രിമാരെക്കുറിച്ച് അഴിമതിക്കഥകൾ കേട്ടുതുടങ്ങിയിരുന്നു. സ്വതന്ത്ര ഇന്ത്യയുടെ സ്വയംഭരണ സംവിധാനം വളർന്നുവരുമ്പഴേ അഴിമതി കൂടെനടന്നുതുടങ്ങി എന്നർഥം.
വികസനരംഗംപോലും, ഗാന്ധിയുടെ സാന്നിധ്യത്തിൽ ഇത്രമേൽ അസന്തുലിതമാവുമായിരുന്നില്ല. സോവിയറ്റ് സോഷ്യലിസ്റ്റ് വ്യവസ്ഥിതിയുടെ കാമുകനായിരുന്ന നെഹ്റു, സോവിയറ്റ് മോഡലിൽ ആസൂത്രണ കമീഷൻ രൂപവത്കരിച്ചും പഞ്ചവത്സരപദ്ധതി ആസൂത്രണം ചെയ്തും ആ വഴി നടന്നുനോക്കി. മിശ്ര സമ്പദ്വ്യവസ്ഥ പരീക്ഷിച്ചു. എന്നാൽ, 70 വർഷം തികയും മുമ്പേ രാജ്യം ലക്ഷണമൊത്ത മുതലാളിത്ത സമ്പദ്വ്യവസ്ഥയുടെ അടിയിലായില്ലേ. നഗരഭാരതം ഒരു സമ്പന്നരാഷ്ട്രവും ഗ്രാമീണ ഇന്ത്യ ദരിദ്രരാജ്യവുമായി മാറിയില്ലേ? ഗാന്ധി ഉണ്ടായിരുന്നെങ്കിൽ ആ അടിത്തറ ഇങ്ങനെയാകുമായിരുന്നില്ല. ആദ്യത്തെ രണ്ടു പഞ്ചവത്സര പദ്ധതികൾ രൂപം കൊള്ളുമ്പോൾ അദ്ദേഹം ഉണ്ടായിരുന്നെങ്കിൽ പഞ്ചായത്തീരാജ് നേരത്തേ വരുമായിരുന്നു.ഇങ്ങനെ ഓരോ മേഖലയിലും മഹാത്മജിയുടെ അസാന്നിധ്യത്താലുണ്ടായ ന്യൂനത പ്രകടമാണ്.
ഹിന്ദുക്കളും മുസ്ലിംകളും
അതെ, ഗാന്ധി ഉണ്ടായിരുന്നെങ്കിൽ ഹിന്ദുത്വശക്തികൾപോലും ഇതിനേക്കാൾ നന്നായി പെരുമാറുമായിരുന്നു. എന്താണ് ഹിന്ദുത്വം എന്ന് ഗാന്ധി ഇന്ത്യക്ക് കാണിച്ചുകൊടുക്കുമായിരുന്നു. രാഷ്ട്രീയ കൗശലത്തിെൻറ ന്യായപ്രമാണമായ ഭഗവദ്ഗീതയെപ്പോലും വ്യാഖ്യാനിച്ച് ‘അനാശക്തിയോഗം’ ആക്കിയ മഹാത്മജിയെക്കാൾ നല്ലൊരു ഹിന്ദുവിനെ ഇന്ത്യ കണ്ടിട്ടില്ല. പ്രക്ഷോഭത്തിരക്കില്ലാതെ ജീവിക്കാൻ കുറച്ചു സമയം അദ്ദേഹത്തിനു കിട്ടിയിരുന്നെങ്കിൽ അവരല്ല നല്ല ഹിന്ദു എന്ന് മഹാത്മജി അവരെ ബോധ്യപ്പെടുത്തിയേനെ!
എന്തിനേറെ, ഗാന്ധി ഉള്ള ഇന്ത്യയിൽ മുസ്ലിംകളുടെ അവസ്ഥ ഇതാകുമായിരുന്നില്ല. പാകിസ്താൻ തെരഞ്ഞെടുത്ത് ഇന്ത്യയിൽനിന്നു പുറത്തുപോയ മുസ്ലിംകളുടെ അവകാശത്തിനുവേണ്ടിയായിരുന്നുവല്ലോ അദ്ദേഹം അവസാനമായി ശബ്ദിച്ചത്. പാകിസ്താന് കൊടുക്കാമെന്ന് വിഭജനസമയത്ത് കരാറുണ്ടാക്കിയത് എല്ലാം കൊടുക്കണം, ഒന്നും പിടിച്ചുവെക്കരുത് എന്നു വാദിച്ചതാണല്ലോ അദ്ദേഹം കൊല്ലപ്പെടാൻ കാരണം. പുറത്തുപോയവരുടെ കാര്യത്തിൽ അത്രയും കരുതൽ എടുത്ത മഹാത്മജി തീർച്ചയായും ഇന്ത്യക്കകത്തുനിന്ന മുസ്ലിംകൾക്ക് ഒരു രക്ഷാകവചമാകുമായിരുന്നു. അവരുടെ അവകാശങ്ങൾ ചോദിച്ചുവാങ്ങാൻ അവർക്ക് പേടിക്കേണ്ടിവരില്ലായിരുന്നു. അതെ, അദ്ദേഹം അൽപകാലംകൂടി നമുക്കിടയിൽ ഉണ്ടായിരുന്നെങ്കിൽ കാര്യങ്ങൾ ഇങ്ങനെയാകുമായിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.