ഗസ്സ: പാശ്ചാത്യ ആദർശങ്ങളുടെ ശവപ്പറമ്പ്
text_fieldsപാശ്ചാത്യ ഭരണസംവിധാനങ്ങൾ അവരുടെ പരാജയങ്ങളെ അഭിമുഖീകരിക്കേണ്ട സമയമാണിത്. ലിബറലിസത്തിന് വഴിതെറ്റിയിരിക്കാം, പക്ഷേ ജനങ്ങൾക്കത് സംഭവിച്ചിട്ടില്ല. ഗസ്സക്ക് നീതിതേടി നിലകൊള്ളുന്നവർ പ്രകടിപ്പിക്കുന്ന ധൈര്യവും സഹിഷ്ണുതയും യഥാർഥ പാശ്ചാത്യ ആശയങ്ങളെയാണ് പ്രതിഫലിപ്പിക്കുന്നത്. വംശമോ മതമോ നോക്കാതെ എല്ലാവരുടെയും മനുഷ്യാവകാശങ്ങളോടും നീതിയോടും പ്രതിബദ്ധത പുലർത്തുക മാത്രമാണ് വഴി
ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണവും ഇസ്രായേലിന്റെ ആനുപാതികമല്ലാത്ത പ്രതികരണവും നടന്നിട്ട് ഒരു വർഷം പിന്നിടവെ, ഈ വിഷയത്തിൽ പാശ്ചാത്യ രാജ്യങ്ങൾ പുലർത്തിയ കാപട്യം നാം തിരിച്ചറിയേണ്ടതുണ്ട്. ഇസ്രായേൽ നടത്തുന്ന അക്രമങ്ങൾ ഫലസ്തീനികൾക്ക് പ്രതികരിക്കാനുള്ള ന്യായമാവുന്നില്ല, അതേ സമയം ഫലസ്തീനികൾ നടത്തുന്ന ഏതൊരക്രമവും ലോകത്തെ ഏറ്റവും ശക്തമായ ഒരു സൈന്യത്തിന് ക്രൂരവും നിയമവിരുദ്ധവുമായ പ്രതികരണങ്ങൾ നടത്താനുള്ള ന്യായമായിമാറുന്നു.
നിയമങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതെന്ന് പറയപ്പെടുന്ന ലോകക്രമം പണ്ടുതന്നെ സംശയാസ്പദമായിരുന്നു, ഇപ്പോഴത് വ്യക്തമായി പരാജയപ്പെട്ടിരിക്കുന്നു. ഇരട്ടത്താപ്പ് വ്യക്തമാണ്. ഞങ്ങൾ സഖ്യകക്ഷികളായി കരുതുന്നവരോ ‘‘ഞങ്ങളുടെ പാളയത്തിൽ’’ ഉള്ളവരോ ആയ ആർക്കും തന്നെ നിയമങ്ങളോ ധാർമികതയോ ബാധകമല്ല, അതേസമയം ചെറുത്തുനിൽക്കുന്നവരെ ഞങ്ങൾ ‘‘തീവ്രവാദികൾ’’ എന്ന് ചാപ്പയടിക്കും. അവർക്ക് പ്രതിഷേധിക്കാനോ നിലനിൽക്കാനോ ഉള്ള അവകാശങ്ങളെയെല്ലാം നിഷേധിക്കും.
നീതിയും ജനാധിപത്യവും മനുഷ്യാവകാശങ്ങളും ഉയർത്തിപ്പിടിക്കാൻ ബാധ്യസ്ഥമായ സംവിധാനങ്ങളെല്ലാം രാഷ്ട്രീയത്തിന്റെയും കുപ്രചാരണവേലകളുടെയും മുന്നിൽ തകർന്നടിഞ്ഞു. ഇന്ത്യൻ എഴുത്തുകാരൻ പങ്കജ് മിശ്ര നിരീക്ഷിച്ചതുപോലെ, ‘‘ഇസ്രായേലിനുള്ള അനിതരസാധാരണത്വം 1945ന് ശേഷം നിർമിച്ച ആഗോള മാനദണ്ഡങ്ങളുടെ ഗോപുരങ്ങളെ പൊട്ടിച്ചിതറിച്ചുകളയുന്നു’’. ‘‘മാനുഷിക നിയമങ്ങളുടെയും സുപ്രധാന തത്ത്വങ്ങളുടെയും ശവപ്പറമ്പായി ഗസ്സ മാറി’’യെന്ന് യൂറോപ്യൻ യൂനിയൻ വിദേശ നയകാര്യ മേധാവി ജോസെപ് ബോറെൽ അഭിപ്രായപ്പെട്ടിരുന്നു. വൈകാതെ, അത് പാശ്ചാത്യ ആദർശങ്ങളുടെ തന്നെ ശ്മശാനമായി മാറിയേക്കാം.
ആദർശമല്ല, അധികാരം മാത്രം
ഒട്ടുമിക്ക പാശ്ചാത്യ ഭരണകൂടങ്ങളും അധികാരത്തിനാണ് ആദർശത്തെക്കാളേറെ വില കൽപിക്കുന്നത്. ഒരു വർഷമായി ഗസ്സയിൽ നടക്കുന്ന ഇസ്രായേൽ സൈനിക നടപടികൾ പതിനായിരക്കണക്കിന് സാധാരണക്കാരുടെ ജീവനെടുത്തു. യുദ്ധമിപ്പോൾ ലബനാൻ, യമൻ, സിറിയ, ഇറാൻ തുടങ്ങിയ ഇടങ്ങളിലേക്ക് വ്യാപിക്കുമ്പോഴും, സ്വയം പ്രതിരോധിക്കാനുള്ള ഇസ്രായേലിന്റെ അവകാശം എന്ന പേരുപറഞ്ഞ് പാശ്ചാത്യ ഭരണകൂടങ്ങൾ ഈ ദുർപ്രവൃത്തികളെ ന്യായീകരിക്കുകയോ കണ്ടില്ലെന്ന് നടിക്കുകയോ ചെയ്യുന്നു. അമേരിക്കയിലെ 38 സ്റ്റേറ്റുകളിൽ ഇസ്രായേലി കമ്പനികളെ ബഹിഷ്കരിക്കുന്നത് നിയമപ്രകാരം ക്രിമിനൽ കുറ്റമാകുമ്പോൾ ആഭ്യന്തര സ്ഥാപനങ്ങളെ ബഹിഷ്കരിക്കുന്നതിന് അത്തരം നിയന്ത്രണങ്ങളൊന്നും നിലവിലില്ല.
മാധ്യമങ്ങൾക്ക് ഫലസ്തീനികൾ മനുഷ്യരല്ല
ജനാധിപത്യത്തിന്റെ മറ്റൊരു തൂണായ മാധ്യമങ്ങൾ പണ്ടു മുതൽക്കു തന്നെ ഫലസ്തീനികൾ മനുഷ്യരല്ലെന്ന മട്ടിലെ ആഖ്യാനമാണ് ചമച്ചുവെച്ചിരിക്കുന്നത്. അഭൂതപൂർവമായ ഇസ്രായേലി സൈനിക ആക്രമണത്തിന്റെ ഇരകളാണ് ഫലസ്തീനികൾ എന്നിരിക്കെ, യാഥാർഥ്യങ്ങളെ മറച്ചുവെച്ച് സംഭവിക്കുന്നതെല്ലാം ആകസ്മികമായ നാശനഷ്ടങ്ങളായി ചിത്രീകരിക്കുകയാണ് മാധ്യമങ്ങൾ. ഫലസ്തീൻ അനുകൂല ശബ്ദങ്ങൾ പുറമെ കേൾപ്പിക്കപ്പെടുന്നതു തന്നെ അത്യപൂർവമാണ്. 127ലധികം മാധ്യമപ്രവർത്തകർ കൊല്ലപ്പെടുകയും ഗസ്സയിൽ പ്രവേശിക്കുന്നതിൽ റിപ്പോർട്ടർമാർക്ക് വിലക്കേർപ്പെടുത്തുകയും ചെയ്തിട്ടും ആരും പത്രസ്വാതന്ത്ര്യത്തിനുവേണ്ടി വാദിക്കുന്നില്ല. മാധ്യമ പ്രവർത്തകരെ നിരോധിക്കുകയും കൊല്ലുകയും ചെയ്യുമ്പോഴും ഇസ്രായേൽ മിഡിലീസ്റ്റിലെ ഏക ജനാധിപത്യ രാജ്യമായി തുടരുന്നു.
എതിർശബ്ദങ്ങൾ വേണ്ട
സയണിസത്തെ വിമർശിക്കുന്നത് യഹൂദവിരുദ്ധതയാണെങ്കിൽ ഇസ്ലാമിസത്തെ എതിർക്കുന്നത് ഇസ്ലാം വിരുദ്ധതയായി കണക്കാക്കണമല്ലോ, പക്ഷേ, അത് അങ്ങനെയല്ല ചെയ്യാറ്. മതപരവും രാഷ്ട്രീയവുമായ പ്രത്യയശാസ്ത്രങ്ങൾ അവയുടെ സ്വഭാവമനുസരിച്ച് സൂക്ഷ്മപരിശോധനക്കും സംവാദത്തിനുമായി തുറന്നുവെക്കണം. അതിനിടയിലും, ഇസ്രായേലി നയങ്ങളെ എതിർക്കുന്ന യഹൂദരെ പ്രത്യേകമായി ലക്ഷ്യമിടുന്നതും അഭിപ്രായ സ്വാതന്ത്ര്യത്തെ ചവിട്ടിമെതിക്കുന്നതുമായ നിയമങ്ങളും നയങ്ങളും പാസാക്കാൻ തിടുക്കപ്പെടുകയാണ് അധികാരികൾ.
ഈ സംഘർഷത്തിൽ ചരമമടഞ്ഞ മറ്റൊരു സംഗതി ദ്വിരാഷ്ട്ര പരിഹാരമാണ്. മുതിർന്ന ഇസ്രായേലി പത്രപ്രവർത്തകൻ ഗിഡിയൻ ലെവി ചൂണ്ടിക്കാണിച്ചതു പോലെ ഗസ്സക്ക് നേരെയുള്ള ക്രൂരമായ അതിക്രമത്തിനൊപ്പം വെസ്റ്റ് ബാങ്കിലെ കുടിയേറിപ്പാർപ്പുകാർക്ക് അംഗീകാരം കൂടി ലഭിച്ചതോടെ ദ്വിരാഷ്ട്ര പരിഹാര മാർഗത്തിന്റെ മരണം ഉറപ്പാക്കപ്പെട്ടു. അധിനിവേശ പ്രദേശങ്ങളിൽ ഏകദേശം എട്ടുലക്ഷം അനധികൃത താമസക്കാരുണ്ട്. ഒരു ഇസ്രായേലി സർക്കാറും ഇനി അവരെ നീക്കം ചെയ്യാൻ ധൈര്യപ്പെടില്ല.
ഈ തിരിച്ചടികൾക്കിടയിലും പാശ്ചാത്യ രാജ്യങ്ങളിൽ പ്രതീക്ഷയുടെ ചെറുതിളക്കങ്ങൾ ഇപ്പോഴുമവശേഷിക്കുന്നുണ്ട്. മനുഷ്യാവകാശങ്ങളുടെ യഥാർഥ സംരക്ഷകരായ വിദ്യാർഥികൾ, ആക്ടിവിസ്റ്റുകൾ, ഫലസ്തീനികൾ, യഹൂദ സഹകാരികൾ എന്നിവരെല്ലാം തങ്ങളുടെ കരിയറും സുരക്ഷയും അവഗണിച്ച് നീതിക്കുവേണ്ടി നിലകൊണ്ടു. അറസ്റ്റും ഭീഷണിയും തിരിച്ചടികളുമെല്ലാം നേരിട്ടിട്ടും അവർ ഉച്ചത്തിലുയർത്തുന്ന വാദങ്ങൾ പാശ്ചാത്യ ലിബറലുകൾ ഒരിക്കൽ ഉയർത്തിപ്പിടിച്ച ഫലസ്തീൻ വിഷയത്തിലൊഴികെ അവർ ഇപ്പോഴും കാത്തുസൂക്ഷിക്കുന്ന മൂല്യങ്ങളെ ഓർമപ്പെടുത്തുന്നു.
താഴേത്തട്ടിലുള്ള ആക്ടിവിസവും കൂടുതൽ ശക്തിയാർജിക്കുകയാണ്. ബഹിഷ്കരണത്തിനും വ്യാപാര വിട്ടുനിൽപ്പിനും വേണ്ടിയുള്ള ആഹ്വാനങ്ങൾ വർധിച്ചു, കൂടുതൽ ആളുകൾ ചെറുത്തുനിൽക്കാനും തുടങ്ങി. അധിനിവേശത്തെ നിരാകരിക്കുന്ന ജൂതശബ്ദങ്ങൾ പോലെ, സങ്കൽപിക്കാൻ പോലുമാവാത്ത ദുരിതങ്ങൾക്കിടയിലും ഫലസ്തീനികൾ പുലർത്തുന്ന കരുത്തും അത്യന്തം പ്രചോദിപ്പിക്കുന്നു. പാശ്ചാത്യ ഭരണസംവിധാനങ്ങൾ അവരുടെ പരാജയങ്ങളെ അഭിമുഖീകരിക്കേണ്ട സമയമാണിത്. ലിബറലിസത്തിന് വഴിതെറ്റിയിരിക്കാം, പക്ഷേ ജനങ്ങൾക്കത് സംഭവിച്ചിട്ടില്ല. ഗസ്സക്ക് നീതിതേടി നിലകൊള്ളുന്നവർ പ്രകടിപ്പിക്കുന്ന ധൈര്യവും സഹിഷ്ണുതയും യഥാർഥ പാശ്ചാത്യ ആശയങ്ങളെയാണ് പ്രതിഫലിപ്പിക്കുന്നത്. വംശമോ മതമോ നോക്കാതെ എല്ലാവരുടെയും മനുഷ്യാവകാശങ്ങളോടും നീതിയോടും പ്രതിബദ്ധത പുലർത്തുക മാത്രമാണ് നമുക്ക് മുന്നിലുള്ള ഏക വഴി.
(കാനഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നിയമ പണ്ഡിതനും അഭിഭാഷകനും എഴുത്തുകാരനുമാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.