ശാസ്ത്ര-സാങ്കേതിക മേഖലയിലെ ലിംഗവിവേചനം
text_fieldsലിംഗനീതിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വളരെ ശക്തമായി മുന്നോട്ടു പോകുന്നതിനിടെ ഒരു അന്താരാഷ്ട്ര വനിതാ ദിനം കൂടി ആഗതമായിരിക്കുന്നു. ''ഡിജിറ്റ് ഓള്‍: നവീനതയും സാങ്കേതിക വിദ്യയും ലിംഗസമത്വത്തിന്'' എന്നതാണ് ഇത്തവണത്തെ വനിത ദിനത്തിന് ഐക്യരാഷ്ട്രസഭ മുന്നോട്ടു വെക്കുന്ന മുദ്രാവാക്യം. സാങ്കേതിക വിദ്യ അതിവേഗം ബഹുദൂരത്തില്‍ മുന്നോട്ടു പോകുന്ന ഈ കാലയളവില്‍ ലിംഗപരമായ സാമൂഹിക അസമത്വത്തെ എത്തരത്തില്‍ മറികടക്കാമെന്നും സാങ്കേതിക മേഖലയില്‍ തന്നെ ലിംഗവിവേചനം എത്രത്തോളം നിലനില്‍ക്കുന്നുവെന്നുമുള്ള ചര്‍ച്ച ഉയര്‍ത്തുകയാണ് ഈ മുദ്രാവാക്യം വഴി ഉദ്ദേശിക്കുന്നത്.
ശാസ്ത്രം വളര്‍ന്ന് മനുഷ്യസമാന ചിന്താശേഷിയുള്ള, ക്രിയാത്മക മെഷിനുകളുടെ ആവിര്‍ഭാവത്തിലേക്ക് എത്തിയിരിക്കുകയാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ) നമ്മുടെ ജീവിതത്തിന്റെ സമസ്ത മേഖലകളിലും വ്യാപകമാകാന്‍ അധികകാലം വേണ്ടിവരില്ലെന്നാണ് സമീപകാലത്ത് സാങ്കേതിക മേഖലയിലെ ഗവേഷണങ്ങളുടെ ഗതി നോക്കുമ്പോള്‍ മനസ്സിലാകുന്നത്. എന്നാല്‍ ഈ വളര്‍ച്ച, സമൂഹത്തിന്റെ സര്‍വമേഖലക്കും ഗുണപരമായ മാറ്റമാണോ കൊണ്ടുവരുന്നത് എന്നതും എങ്ങനെയൊക്കെ ഉപയോഗിക്കാമെന്നതും വലിയ ചര്‍ച്ചക്ക് വിഷയമാക്കേണ്ടത് തന്നെയാണ്.
ശാസ്ത്ര-സാങ്കേതിക വിദ്യകളുടെ നേട്ടങ്ങള്‍ മാനവരാശിയുടെ സമഗ്ര പുരോഗതിക്കായി ഉപയോഗിക്കപ്പെടുന്ന ഒരു അന്തരീക്ഷമാണ് ലോകം പ്രതീക്ഷിക്കുന്നത്. എന്നാല്‍, പലപ്പോഴും ശാസ്ത്ര-സാങ്കേതിക വിദ്യയുടെ നേട്ടങ്ങള്‍ സ്ത്രീവിരുദ്ധമായ രീതിയില്‍ ഉപയോഗപ്പെടുത്തുന്നു എന്നുള്ള കാര്യവും പരിശോധിക്കപ്പെടേണ്ടതായുണ്ട്. ആരോഗ്യമുള്ള ഒരു കുഞ്ഞിന്റെ പിറവി ഉറപ്പുവരുത്താന്‍ ആധുനിക ശാസ്ത്രം കണ്ടെത്തിയ ശാസ്ത്രീയ നേട്ടമാണ് അംനിയോസിന്തസിസ് എന്നത്. ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യം നിര്‍ണയിക്കാന്‍ കണ്ടുപിടിക്കപ്പെട്ട ഈ ശാസ്ത്രീയ നേട്ടം ലിംഗനിര്‍ണയത്തിന് വേണ്ടി ഉപയോഗപ്പെടുത്തുകയും പെണ്‍ഭ്രൂണങ്ങളെ നശിപ്പിക്കാന്‍ ഇടവരുത്തുകയും ചെയ്ത പശ്ചാത്തലത്തിലാണ് പ്രീനേറ്റല്‍ ഡയഗ്‌നോസ്റ്റിക്‌സ് ടെക്‌നിക്‌സ് (പ്രൊഹിബിഷന്‍ ഓഫ് സെക്‌സ് സെലക്ഷന്‍) ആക്ട് 1994 കൊണ്ടുവരാന്‍ നിര്‍ബന്ധിതമായത്. ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണയം പാടില്ല എന്ന ഈ നിയമം അടക്കം ഉണ്ടാക്കാന്‍ ഇടവന്നിട്ടുള്ളത് പെണ്‍ഭ്രൂണങ്ങളെ നശിപ്പിക്കാന്‍ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നു എന്ന സാഹചര്യത്തിലാണ്. അതുകൊണ്ടുതന്നെ ഈ ആധുനിക കാലഘട്ടത്തില്‍, ഡിജിറ്റല്‍ യുഗത്തില്‍ ശാസ്ത്രീയ നേട്ടങ്ങള്‍, മനുഷ്യരാശിയുടെ ആകെ ഉന്നമനത്തിനു വേണ്ടി സജ്ജമാക്കാനും സ്ത്രീ വിരുദ്ധമായ എല്ലാ തരത്തിലുള്ള നിലപാടുകളെയും എതിര്‍ക്കാനും മറികടക്കാനും ഉപയോഗിക്കേണ്ടതുണ്ട്.
സാങ്കേതിക വിദ്യയിലും സാങ്കേതിക മേഖലയിലും സ്ത്രീകളുടെ പങ്ക് താരതമ്യേന കുറവാണെന്ന് കാണാം. ഇന്ന് ലോകത്ത് മുന്‍നിരയില്‍ നില്‍ക്കുന്ന ടെക് കമ്പനികളുടെ തലപ്പത്തുള്ള സ്ത്രീകളുടെ പങ്കാളിത്തം പരിശോധിച്ചാല്‍ തന്നെ ഇത് വ്യക്തമാകും. ആഗോള തലത്തില്‍ തൊഴില്‍ മേഖലയിലെ സ്ത്രീ പങ്കാളിത്തം മെച്ചപ്പെട്ടു വരുമ്പോഴും ശാസ്ത്ര-സാങ്കേതിക മേഖലയില്‍ ഇത് ഗണ്യമായി കുറവാണ്. ചില കണക്കുകള്‍ പരിശോധിക്കാം.
ആഗോളതലത്തില്‍ 38 കോടിയിലധികം സ്ത്രീകളും കുട്ടികളും അതിദാരിദ്ര്യത്തിലാണെന്ന് ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍ പറയുന്നു. നിലവിലെ അവസ്ഥ തുടരുകയാണെങ്കില്‍ 2030 ആകുമ്പോഴേക്കും ഇത് വളരെയധികം വര്‍ധിക്കും. തൊഴിലിടങ്ങളിലെ കണക്ക് നോക്കുകയാണെങ്കില്‍ മാനേജര്‍ പോസ്റ്റുകളില്‍ ഇപ്പോഴും മൂന്നിലൊന്ന് മാത്രമാണ് സ്ത്രീകള്‍ ഉള്ളത്. ഈ നിരക്കില്‍ ലിംഗസമത്വത്തിലേക്കെത്തിച്ചേരാന്‍ 130 വര്‍ഷമെടുക്കും. തൊഴില്‍ മേഖലയിലെ പങ്കാളിത്തം നോക്കിയാല്‍, 169 രാജ്യങ്ങളില്‍ കോവിഡിന് മുമ്പുള്ള നിരക്കിലും താഴെയാണ് സ്ത്രീകളുള്ളത്. ശാസ്ത്ര-സാങ്കേതിക മേഖലയില്‍ ഇപ്പോഴും പത്തില്‍ രണ്ടു പേര്‍ മാത്രമാണ് സ്ത്രീകളുള്ളത്. പല രാജ്യങ്ങളും ജെന്‍ഡര്‍ ബജറ്റ് മുന്നോട്ട് വെക്കുമ്പോഴും 26 ശതമാനം മാത്രമാണ് അത് കൃത്യമായി നടപ്പാക്കുന്നുവെന്ന് ഉറപ്പു വരുത്തുന്നത്.
സാങ്കേതിക വിദ്യയില്‍ സ്ത്രീകളുടെ പ്രാതിനിധ്യം കുറയാൻ കാരണമാകുന്ന നിരവധി ഘടകങ്ങളുണ്ട്. സ്‌കൂളില്‍ ഈ മേഖലയിലെ ഉന്നതപഠനം പിന്തുടരാന്‍ പെണ്‍കുട്ടികളെ പ്രോത്സാഹിപ്പിക്കാത്തതാണ് ഒരു കാരണം. പെണ്‍കുട്ടികളെ പലപ്പോഴും ശാസ്ത്രം, സാങ്കേതികവിദ്യ, എൻജിനീയറിങ്, ഗണിതശാസ്ത്രം എന്നീ മേഖലകള്‍ പിന്തുടരുന്നതില്‍നിന്ന് നിരുത്സാഹപ്പെടുത്തുന്നു. ഈ വിഷയങ്ങള്‍ 'പുരുഷ വിഷയങ്ങള്‍' ആണെന്ന ധാരണയാണ് ഇതിന് പ്രധാന കാരണം. സ്റ്റെം വിഷയങ്ങളില്‍ പെണ്‍കുട്ടികളുടെ പങ്കാളിത്തം 35 ശതമാനമാണെങ്കില്‍, ഐ.ടി മേഖലയിലെ പഠനത്തില്‍ ഇത് വെറും മൂന്നു ശതമാനമാണ്.
സേവനരംഗത്ത് സ്ത്രീകളുടെ പങ്കാളിത്തം ഇപ്പോഴും ഗണ്യമായി ഉയര്‍ന്നു നില്‍ക്കാന്‍ ലിംഗപരമായ ഇത്തരം മുന്‍വിധികളുടെ സ്വാധീനമുണ്ട്. സ്ത്രീകള്‍ പരിചരിക്കേണ്ടവരും പുരുഷന്മാര്‍ സമ്പാദിക്കേണ്ടവരുമാണെന്ന ധാരണ ആധുനിക സമൂഹങ്ങളില്‍ പോലും അദൃശ്യമായെങ്കിലും നിലനില്‍ക്കുന്നു എന്നതിന് തെളിവാണിത്.
സാങ്കേതികരംഗത്ത് സ്ത്രീകളുടെ അഭാവത്തിന് മറ്റൊരു കാരണം പെണ്‍കുട്ടികള്‍ക്ക് മാതൃകകള്‍ കുറവാണ് എന്നതാണ്. സാങ്കേതികവിദ്യയില്‍ പെണ്‍കുട്ടികള്‍ മറ്റ് സ്ത്രീകളെ കാണാത്തപ്പോള്‍, അവര്‍ അത് ഒരു കരിയര്‍ ഓപ്ഷനായി കണക്കാക്കാനുള്ള സാധ്യത കുറവാണ്. നമ്മുടെ ചരിത്രവായനകളും പഠനങ്ങളും ഇപ്പോഴും ശാസ്ത്രരംഗത്തെ സ്ത്രീകളെ പരിചയപ്പെടുത്തുന്നത് മാഡം ക്യൂറിയില്‍ അവസാനിപ്പിക്കുന്നു. 1977ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ച തലശ്ശേരിക്കാരിയായ ബൊട്ടാണിസ്റ്റ് ജാനകി അമ്മാളിനെ നമ്മിലെത്ര മലയാളികളോര്‍ക്കുന്നു? പതിനെട്ടാം നൂറ്റാണ്ടില്‍ തന്നെ ജ്യോതിശാസ്ത്രത്തില്‍ തന്റേതായ മാര്‍ഗം തെളിച്ച മരിയ മിച്ചെലിനെക്കുറിച്ച് നാമെവിടെയാണ് പഠിക്കുന്നത്? എയ്ഡാ ലവ്‌ലേസ്, മരിയാ കിര്‍ച്ച്, ഐഡാ നൊഡാക്ക് തുടങ്ങി ഇനിയും എത്രപേര്‍.
ടെക്‌നോളജി രംഗത്തെ ലിംഗ അസമത്വം പ്രകടമാകുന്ന മറ്റൊരു മാര്‍ഗം സ്ത്രീയും പുരുഷനും തമ്മിലുള്ള വേതന വ്യത്യാസമാണ്. പുരുഷന്മാരുടെ അതേ നിലവാരത്തിലുള്ള അനുഭവ പരിചയവും അറിവും ഉള്ളപ്പോള്‍ പോലും സ്ത്രീകള്‍ക്ക് കുറഞ്ഞ ശമ്പളം നല്‍കുന്ന പ്രവണത വ്യാപകമാണ്. ബ്ലൂംബര്‍ഗില്‍ വന്ന ഒരു റിപ്പോര്‍ട്ട് പ്രകാരം സാങ്കേതികവിദ്യാ മേഖലയില്‍ 59 ശതമാനം സമയത്തും പുരുഷന്മാര്‍ക്ക് സ്ത്രീകളേക്കാള്‍ കൂടുതല്‍ ശമ്പളം ലഭിക്കുന്നു. സ്ത്രീകള്‍ ഈ മേഖലയില്‍ അപരിചിതരാണ്, പുരുഷന്മാരെപ്പോലെ കൂടുതല്‍ സമയം ജോലിയെടുക്കാന്‍ സാധിക്കില്ല, പ്രസവാവധി പോലുള്ള കാര്യങ്ങള്‍ കമ്പനിയുടെ ലാഭനേട്ടത്തെ ബാധിക്കും തുടങ്ങിയ തെറ്റിദ്ധാരണകള്‍ ഇവിടെ വലിയ സ്വാധീനം ചെലുത്തുന്നു.
ആധുനിക ലോകത്ത് സ്ത്രീകള്‍ ഉൽപാദന മേഖലയുടെ ഭാഗമാകാതെ മനുഷ്യരാശിയുടെ വളര്‍ച്ച ഒരിക്കലും പൂര്‍ണമായ തോതിലെത്തില്ല. ലിംഗവിവേചനത്തെ മറികടക്കാന്‍ സാങ്കേതിക വിദ്യ ഉപയോഗിക്കേണ്ടതും അവശ്യമാണ്. സാങ്കേതികവിദ്യയില്‍ സ്ത്രീകള്‍ ഒട്ടേറെ വെല്ലുവിളികള്‍ നേരിടുന്നുവെങ്കിലും നിരവധി അവസരങ്ങളുമുണ്ട്. സാങ്കേതിക വ്യവസായം അതിവേഗം വളരുകയാണ്, കൂടാതെ വിവിധ മേഖലകളില്‍ ധാരാളം ജോലികളും ലഭ്യമാണ്. ഈ മേഖല ഉയര്‍ന്ന ശമ്പളവും വിവിധ ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു.
സാങ്കേതിക മേഖലയില്‍ സ്ത്രീകള്‍ക്ക് നിസ്തുലമായ പങ്കുണ്ട്. അവര്‍ പലപ്പോഴും സാങ്കേതികവിദ്യക്ക് വ്യത്യസ്തമായ കാഴ്ചപ്പാട് കൊണ്ടുവരുന്നു. സാങ്കേതിക വിദ്യയെ കൂടുതല്‍ ഉപയോക്തൃ സൗഹൃദമാക്കാന്‍ അവര്‍ക്ക് സഹായിക്കാനാകും. കൂടുതല്‍ കൂടുതല്‍ സ്ത്രീകള്‍ സാങ്കേതിക രംഗത്തേക്ക് കടന്നുവരേണ്ടിയിരിക്കുന്നു. അതിന്റെ വിജയത്തില്‍ സ്ത്രീകള്‍ ഒരു പ്രധാന പങ്ക് വഹിക്കും.
കൂടാതെ എ.ഐ പോലുള്ള സങ്കേതങ്ങളുപയോഗിച്ച് സ്ത്രീകള്‍ക്കെതിരായ അതിക്രമം നിയന്ത്രിക്കുക, യുദ്ധബാധിത പ്രദേശങ്ങളിലും അഭയാർഥി മേഖലകളിലും സ്ത്രീകളുടെയും കുട്ടികളുടെയും പുനരധിവാസത്തിനും ആരോഗ്യ-വിദ്യാഭ്യാസ അവകാശങ്ങളുറപ്പാക്കുന്നതിനും ആവശ്യമായ സാങ്കേതിക പശ്ചാത്തലം ഒരുക്കുക തുടങ്ങിയവയും ആവശ്യമാണ്. ലാഭേച്ഛ മാത്രം ആവരുത് ശാസ്ത്ര-സാങ്കേതിക മേഖലയിലെ വളര്‍ച്ചയുടെ പ്രേരകശക്തി. ഇത്തരം വിവേചനങ്ങളും അസമത്വങ്ങളും മറികടക്കലും നമ്മുടെ ലക്ഷ്യമാവണം.
(കേരള വനിത കമീഷന്‍ അധ്യക്ഷ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.