സൗമ്യം, ധീരം, ദീപ്തം ആ മഹദ് ജീവിതങ്ങള്‍
text_fieldsകഴിഞ്ഞ ഡിസംബര്‍ 25ന് നിര്യാതരായടി.ജി. ജേക്കബും കെ.പി. ശശിയും വ്യത്യസ്തമായ മേഖലകളിൽ നിന്നുകൊണ്ട് കേരളത്തെ തൊട്ടറിഞ്ഞ് പ്രവർത്തിച്ച സർഗധനരായ പ്രതിഭകളും പ്രക്ഷോഭകാരികളുമായിരുന്നു. കേവല കക്ഷിരാഷ്ട്രീയ ബന്ധങ്ങൾക്കപ്പുറത്ത് സജീവമായ ജനകീയപ്രതിപക്ഷത്തിന്റെ ഓർമകള്‍ ഉണർത്തുന്ന പ്രവർത്തനങ്ങളായിരുന്നു അവരുടേത്.
സുദീർഘമായ തങ്ങളുടെ ധൈഷണിക-സർഗാത്മകജീവിതത്തില്‍ നിരന്തരമെന്നോണം അവര്‍ പുലർത്തിയ രാഷ്ട്രീയജാഗ്രതകള്‍ അത്ഭുതപ്പെടുത്തുന്നതായിരുന്നു, ഭരണകൂടത്തിന്റെ സ്വതന്ത്രമായ സാമ്പത്തിക-രാഷ്ട്രീയ-പ്രത്യയശാസ്ത്ര വിമർശനമെന്നത് അവര്‍ സ്വയം ഏറ്റെടുക്കുകയും അങ്ങേയറ്റം ആത്മാർഥതയോടെ മുന്നോട്ടുകൊണ്ടുപോവുകയുംചെയ്ത ജീവിതദൗത്യമായിരുന്നു.
അരാജകമെന്ന് (ഈ പദത്തിന്റെ കേരളത്തിലെ വ്യാവഹാരികമായ അർഥത്തില്‍) പലർക്കും പുറമേ തോന്നിപ്പിച്ച അവരുടെ ജീവിതത്തിന്റെ ആന്തരികദൃഢതയും നിശ്ചയദാർഢ്യവും ആത്മസ്ഥൈര്യത്തോടെ നിലയുറപ്പിക്കേണ്ട രാഷ്ട്രീയപ്രതലത്തില്‍ സന്നിഗ്ധതകള്‍ തെല്ലുമില്ലാതെ കർമധീരതയോടെ നില്ക്കാന്‍ അവരെ പ്രാപ്തരാക്കിയിരുന്നു. അരാജകത്വം എന്ന് മലയാളത്തില്‍ വിവർത്തനം ചെയ്യപ്പെടുന്ന അനാർക്കിസം എന്ന വാക്ക് പ്രതിനിധാനംചെയ്യുന്നത് ഒരു രാഷ്ട്രീയനിലപാടിനെയാണ്. അല്ലാതെ ഏതെങ്കിലും വ്യക്തികളുടെ ജീവിതശൈലിയെയല്ല.
അത് അടിസ്ഥാനപരമായ ഭരണകൂടവിമർശനവും കമ്യൂണിസംപോലെ, എന്നാല്‍ അതിന്റെ സമഗ്രാധിപത്യ-കേന്ദ്രീകരണ ഇച്ഛകളില്ലാതെയുമുള്ള ഒരു ബദല്‍ സാമൂഹികസംഘാടനമാണ്. ജേക്കബും ശശിയും അത്തരത്തിലെ അരാജകരാഷ്ട്രീയത്തിന്റെ ദാർശനികബോധ്യങ്ങളെ അസമീക്ഷ്യമായി പിന്തുടർന്നവരുമല്ല. കേരളത്തിലെ, ഇന്ത്യയിലെ, ജനകീയ പ്രതിപക്ഷബോധ്യങ്ങളോടൊപ്പമാണ് അവര്‍ എക്കാലത്തും നിലയുറപ്പിച്ചിരുന്നത്. അതുകൊണ്ടുതന്നെ അവര്‍ എല്ലായ്പോഴും സിവിൽ സമൂഹപ്രസ്ഥാനങ്ങളുടെ തുടിപ്പുകള്‍ ഉൾക്കൊള്ളുകയും അവയോടൊപ്പം വിമർശനാത്മകമായി ചേർന്നുനില്ക്കുകയും ചെയ്തിരുന്നു.
‘മാധ്യമം’ പ്രസിദ്ധീകരിച്ച എന്റെ കുറിപ്പില്‍ (മരണമില്ലാത്ത ചിന്തകള്‍ ബാക്കി, ഡിസംബര്‍ 27) പറഞ്ഞിരുന്നതുപോലെ ടി.ജി. ജേക്കബുമായി ദശാബ്ദങ്ങളുടെ സൗഹൃദമാണുണ്ടായിരുന്നത്. തിരുവനന്തപുരത്ത് സി.ഡി.എസില്‍ കെ.ടി. റാംമോഹനെ കാണാന്‍ അദ്ദേഹം വരുന്ന കാലംമുതലാണ് എനിക്ക് വ്യക്തിപരമായി പരിചയം. ആ സമയത്ത് അദ്ദേഹം ഇന്ത്യയുടെ വികസനവും മുരടിപ്പും നിയോ കൊളോണിയല്‍ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ ചർച്ചചെയ്യുന്ന തന്റെ വിഖ്യാതമായ പുസ്തകം എഴുതിക്കഴിഞ്ഞിരുന്നു (Mass Line Press, 1985).
പരിചയപ്പെട്ട സമയത്ത് അദ്ദേഹം എനിക്ക് അതിന്റെ കോപ്പി നൽകി. ഒരു അന്താരാഷ്ട്ര പ്രസിദ്ധീകരണത്തിൽ പുസ്തകത്തെക്കുറിച്ച് വന്ന റിവ്യൂ പറഞ്ഞിരുന്നത് പ്രമുഖ മാർക്സിസ്റ്റ് ചിന്തകൻ സമീര്‍ അമീന്റെയും മറ്റും ആശ്രിതത്വ സിദ്ധാന്തത്തെക്കുറിച്ചുള്ള (dependency theory) അദ്ദേഹത്തിന്റെ വിമർശനത്തിന് ദാർഢ്യം പോരാ എന്നായിരുന്നു. അക്കാലത്ത് എന്റെ എം.ഫില്‍ പ്രബന്ധവുമായി ബന്ധപ്പെട്ട് ആശ്രിതത്വ സിദ്ധാന്തം ശ്രദ്ധിച്ചിരുന്ന എനിക്ക് ഇക്കാര്യത്തില്‍ ജേക്കബുമായി നടത്തിയ ചർച്ചകള്‍ പ്രശ്നത്തിന്റെ കൂടുതലാഴങ്ങള്‍ മനസ്സിലാക്കാന്‍ സഹായകമായിരുന്നു.
ഭരണകൂടത്തിന്റെ രാഷ്ട്രീയ സമ്പദ്ശാസ്ത്ര വിമർശനമെന്നത് അനിവാര്യമായ ഒരു മാർക്സിസ്റ്റ് രീതിയാണ് എന്നകാര്യം എനിക്ക് കൂടുതല്‍ യാഥാർഥ്യബോധത്തോടെ ഉൾക്കൊള്ളാനും കഴിഞ്ഞു. തുടർന്നദ്ദേഹം നടത്തിയ ദേശീയ പ്രശ്നത്തെക്കുറിച്ചുള്ള പഠനങ്ങളും കമ്യൂണിസ്റ്റ് പാർട്ടിയുടെ ദേശീയ വിമോചനരേഖകളുടെ പ്രസാധനവും പഞ്ചാബിലെ ദേശീയ പ്രശ്നത്തെക്കുറിച്ച് എഴുതിയ പ്രസിദ്ധമായ പുസ്തകവുമെല്ലാം (Chaos in Nation Formation) ദേശീയ പ്രശ്നവുമായി ബന്ധപ്പെട്ട പ്രായോഗികവും സൈദ്ധാന്തികവുമായ ഒട്ടേറെ കാര്യങ്ങള്‍ ഗ്രഹിക്കുന്നതിനും സ്വന്തമായ ചില വിശകലന മാതൃകകള്‍ സ്വീകരിക്കുന്നതിനും സഹായകമായി.
വർഷങ്ങളായി എനിക്ക് ആത്മബന്ധമുള്ള, ടൂറിസത്തിന്റെ മേഖലയില്‍ പ്രവർത്തിക്കുന്ന, ഇക്വേഷൻസ് എന്ന സംഘടനയുമായി അദ്ദേഹത്തിനും അടുത്തബന്ധമാണ് ഉണ്ടായിരുന്നത്. ഇക്വേഷൻസ് ഫെലോഷിപ് കൂടി ഉപയോഗിച്ചാണ് അദ്ദേഹം സൂക്ഷ്മമായ പ്രാദേശിക സാമൂഹികപഠനത്തിന്റെ ഉത്തമ മാതൃകകളില്‍ ഒന്നായ “Tales from tourism from Kovalam” എന്ന പുസ്തകം എഴുതുന്നത്. കേരളത്തിന്റെ മദ്യ സമ്പദ് വ്യവസ്ഥയെക്കുറിച്ച് അദ്ദേഹം ഗവേഷണം നടത്തുന്ന സമയത്തും നിരവധി സംഭാഷണങ്ങളിലൂടെ അദ്ദേഹത്തിന്റെ ഉന്നതമായ ഉൾക്കാഴ്ചകള്‍ തിരിച്ചറിയാന്‍ വ്യക്തിപരമായി എനിക്കവസരം ഉണ്ടായിട്ടുണ്ട്.
സി.പി.ഐ(എം.എല്‍)ന്റെ അഖിലേന്ത്യാ പ്രസിദ്ധീകരണമായിരുന്ന Massline പത്രത്തിന്റെ പത്രാധിപരായിരുന്ന അദ്ദേഹം പ്രത്യക്ഷ രാഷ്ട്രീയപ്രവർത്തനങ്ങള്‍ അവസാനിപ്പിച്ചപ്പോഴും നിതാന്തജാഗ്രതയോടെ നടത്തിയ ധൈഷണിക ഇടപെടലുകള്‍ ശക്തമായി തുടരുകയായിരുന്നു.
കെ.പി. ശശിയെ ഞാന്‍ ആദ്യം കാണുന്നത് ബി.എക്ക് പഠിക്കുമ്പോഴാണ്. എന്റെ ആത്മമിത്രമായിരുന്ന ജനയുഗം ആലപ്പുഴ ജില്ല ലേഖകന്‍ ടി.വി. ഹരിദാസിന്റെ അമ്മയും ആദ്യകാല കമ്യൂണിസ്റ്റ് പ്രവർത്തകയുമായിരുന്ന കാളിക്കുട്ടി ആശാട്ടിയെക്കുറിച്ച് വർത്തമാനചിത്രമെടുക്കാന്‍ ബാബുരാജ് പാണ്ഡവത്തിന്റെയൊപ്പം എത്തിയതായിരുന്നു ശശി. കെ. ദാമോദരന്റെയും സി. ഉണ്ണിരാജയുടെയും മക്കളാണ് എന്നുപറഞ്ഞ് ഇരുവരെയും ഹരിദാസ് ചേട്ടന്‍ എനിക്ക് പരിചയപ്പെടുത്തിത്തന്നു. കെ. ദാമോദരന്റെ പഠനങ്ങള്‍ വായിക്കാന്‍ തുടങ്ങുകയും ഉണ്ണിരാജയുടെ ഇന്ത്യയുടെ സാമ്പത്തികചരിത്രം സരസമായി വിവരിക്കുന്ന ആഴമുള്ള പ്രസംഗങ്ങള്‍ അത്ഭുതത്തോടെ കേൾക്കുകയും ചെയ്തിരുന്ന എനിക്ക് അവരുടെ മക്കളെ പരിചയപ്പെട്ടതില്‍ വലിയ സന്തോഷമായിരുന്നു.
പിന്നീട് എം.എ പഠനകാലം മുതല്‍ ഞാന്‍ സ്വതന്ത്രമായി രാഷ്ട്രീയപ്രവർത്തനം ആരംഭിച്ചപ്പോള്‍ അന്നത്തെ പരിചയപ്പെടലിന്റെ ബാധ്യതയില്ലാതെ പല കർമരംഗങ്ങളിലുംവെച്ച് ഇരുവരെയും കണ്ടുമുട്ടാന്‍ തുടങ്ങി. ശശി അപ്പോഴേക്ക് എനിക്കുകൂടി പങ്കാളിത്തമുള്ള നിരവധി സാമൂഹിക-രാഷ്ട്രീയസംരംഭങ്ങളില്‍ നിറസാന്നിധ്യമായി മാറിയിരുന്നതിനാല്‍ അദ്ദേഹവുമായി കൂടുതല്‍ അടുക്കുകയായിരുന്നു.
തൊണ്ണൂറുകളുടെ ഒടുവില്‍ ഞാന്‍ കേരളംവിട്ട് വിദേശത്ത് പഠനത്തിനും അധ്യാപനത്തിനുമായി പോയപ്പോഴും കേരളത്തിലെ സിവിൽ സമൂഹപ്രസ്ഥാനങ്ങളുമായുള്ള ബന്ധം തുടർന്നിരുന്നു. പല കാരണങ്ങൾ കൊണ്ടും അക്കാലത്ത് എന്റെ ഇന്ത്യയിലെ രാഷ്ട്രീയബന്ധങ്ങളുടെ കേന്ദ്രം ബംഗളൂരുവായി മാറിയിരുന്നു. കെ.പി. ശശിയുടെ പ്രവർത്തനകേന്ദ്രവും അവിടെയായിരുന്നു എന്നതിനാല്‍ ഞങ്ങളുടെ കൂടിക്കാഴ്ചകള്‍ കൂടുതല്‍ നിബിഡമാവുകയാണുണ്ടായത്. ഞാന്‍ നേരത്തെ സൂചിപ്പിച്ച ഇക്വേഷൻസ് എന്ന സംഘടനയുമായി എക്കാലത്തും സഹകരിച്ചുപ്രവർത്തിച്ചിരുന്ന മിത്രമായിരുന്നു കെ.പി. ശശി. കണ്ഡമല്‍ മേഖലയിലെ ആദിവാസിക്കൊലകളുടെ കാലത്താണ് ഞങ്ങള്‍ നിരന്തര ആശയവിനിമയം നടത്തിയിരുന്നത്.
അദ്ദേഹത്തിന്റെ Voices from the ruins Khandamal in search of justice എന്ന ഡോക്യുമെന്ററിയുടെ ആദ്യ പ്രദർശനവും ഇക്വേഷൻസില്‍ ആയിരുന്നു എന്നാണ് എന്റെ ഓർമ. ആ സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ട് അവിടത്തെ ഹിന്ദുത്വ ഫാഷിസ്റ്റ് വംശഹത്യാരാഷ്ട്രീയത്തിനെതിരെ ശശി നടത്തിയ ഇടപെടലുകള്‍ അദ്ദേഹത്തിലെ കരുത്തനായ ഒരു ആക്ടിവിസ്റ്റിനെക്കൂടി കാട്ടിത്തരുന്നതായിരുന്നു. അബ്ദുന്നാസർ മഅ്ദനിയുടെ അന്യായത്തടങ്കൽ കേന്ദ്രവിഷയമാക്കി അദ്ദേഹംചെയ്ത Fabricated എന്ന ഡോക്യുമെന്ററി ഇന്ത്യയിലെ മനുഷ്യാവകാശ സമരങ്ങളുടെ ചരിത്രത്തിലെ തിളങ്ങുന്ന ഒരേടാണ്.
ക്രൈസ്തവ-മുസ് ലിം ന്യൂനപക്ഷങ്ങൾക്കെതിരെ മതഭൂരിപക്ഷ ഫാഷിസം അഴിച്ചുവിടുന്ന വെറുപ്പിന്റെ മൃത്യുരാഷ്ട്രീയം ശക്തമായി ആവിഷ്കരിക്കാന്‍ ഈ സിനിമകളിലൂടെ ശശിക്ക് കഴിഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ സംസ്ഥാന അവാർഡ് നേടിയ ‘ഇലയും മുള്ളും’ എന്ന ചിത്രം ഫെമിനിസ്റ്റ് സിനിമാചരിത്രത്തില്‍ മലയാളത്തില്‍ എന്നല്ല, ഇന്ത്യയിൽതന്നെ വഴിത്തിരിവ് സൃഷ്ടിച്ചതാണ്. ഒ.വി. വിജയനെപ്പോലെ സൂക്ഷ്മദൃക്കായ പൊളിറ്റിക്കല്‍ കാർട്ടൂണിസ്റ്റ് കൂടിയായിരുന്നു കെ.പി. ശശി.
ജേക്കബിനെയും ശശിയേയും രാഷ്ട്രീയമായി ഒന്നിപ്പിക്കുന്ന ഒട്ടേറെ ഘടകങ്ങളുണ്ട്. പരിസ്ഥിതി, ദേശീയതാവിമർശനം, മനുഷ്യാവകാശം, ഭരണകൂട വിമർശനം, ഹിന്ദുത്വ ഫാഷിസ്റ്റ് വിരുദ്ധത തുടങ്ങിയ ജനാധിപത്യ ഇന്ത്യയുടെ നിരവധി സൂക്ഷ്മ രാഷ്ട്രീയമേഖലകളില്‍ അവരുടെ സാന്നിധ്യവും പ്രവർത്തനങ്ങളും നൽകിയ കെടാവെളിച്ചങ്ങള്‍ നാം ആവേശപൂർവം സ്മരിക്കേണ്ടതുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.