മാധ്യമങ്ങളിലെ വ്യക്തി: പുനരാലോചകൻ
text_fieldsഏതാണ്ട് 80 വർഷങ്ങൾക്കപ്പുറം, അസിമോവ് ഐസക് ഒരു ശാസ്ത്രകഥ എഴുതി-റൺ എറൗണ്ട്. 2015ൽ സംഭവിച്ചേക്കാവുന്ന ഒരു കാര്യം പ്രവചിക്കുകയാണ് ഇക്കഥ. ‘സ്പീഡി’ എന്നു പേരായ റോബോട്ടുമായി രണ്ടു പേർ ബുധനിലേക്ക് കുതിക്കുകയാണ്. ഒന്നര ദിവസം നീണ്ട ശുഭയാത്രക്കൊടുവിൽ അവർ നിശ്ചയിച്ച സ്ഥാനത്തുതന്നെ ഇറങ്ങി. കുറച്ചുകഴിഞ്ഞപ്പോഴാണ് സാങ്കേതികത്തകരാർ ശ്രദ്ധയിൽപെടുന്നത്.
അവിടെ തങ്ങളുടെ ജീവൻ നിലനിർത്തുന്ന യന്ത്രത്തിൽ ഉപയോഗിക്കുന്ന ‘സെലീനിയം’ എന്ന മൂലകം കത്തിത്തീർന്നുപോയിരിക്കുന്നു. ഈ സ്ഥിതി തുടർന്നാൽ, യന്ത്രത്തിന്റെയും യാത്രികരുടെയും പണിതീരും. എന്നുവെച്ച് പേടിക്കാനൊന്നുമില്ല; ബുധഗ്രഹത്തിൽ ഇപ്പറഞ്ഞ സെലീനിയം ഇഷ്ടംപോലെയുണ്ട്. ‘സ്പീഡി’യെ പറഞ്ഞയച്ച് സാധനം എത്തിക്കാൻ ഇരുവരും തീരുമാനിച്ചു. പക്ഷേ, സ്പീഡിക്ക് കുലുക്കമില്ല.
കക്ഷി അനുസരണക്കേട് കാണിക്കുകയാണ്. ഒന്നാമതായി, യന്ത്രം കേടായാലും തന്റെ ജീവനൊന്നും സംഭവിക്കില്ലെന്ന് ആ റോബോട്ടിന് അറിയാം. രണ്ട്, സെലീനിയത്തിന്റെ സാന്നിധ്യം സ്പീഡിയുടെ ആരോഗ്യത്തിന് ഹാനികരവുമാണ്. സ്പീഡിയെ അനുനയിപ്പിക്കാനുള്ള സകലശ്രമങ്ങളും പരാജയപ്പെട്ടതോടെ യാത്രികർ ജീവൻ നിലനിർത്താനായി മറ്റു വഴികൾ തേടുന്നതും ഒടുവിൽ ഭൂമിയിൽ സുരക്ഷിതമായി തിരിച്ചെത്തുന്നതുമാണ് കഥ.
അസിമോവ് ഈ കഥയെഴുതുമ്പോൾ, മനുഷ്യൻ ഒരു കൃത്രിമോപഗ്രഹം പോലും ഉണ്ടാക്കിയിട്ടില്ലെന്നറിയണം. കഥ നടക്കുന്ന കാലമാകുമ്പോഴേക്കും ഇപ്പറഞ്ഞപോലെ, നല്ല ഒന്നാംതരം ബുദ്ധിയുള്ള റോബോട്ടുകൾ പിറവികൊണ്ടിട്ടുണ്ട്. അഞ്ചാറ് വർഷം കൂടി മുന്നോട്ടുവരുമ്പോൾ, മനുഷ്യബുദ്ധിയെ മറികടക്കുന്ന നിർമിതബുദ്ധിയുടെ പ്രയോഗങ്ങൾ സാധാരണക്കാർക്കുപോലും അനുഭവവേദ്യമായിട്ടുമുണ്ട്.
എന്നുവെച്ചാൽ, ‘റൺ എറൗണ്ടി’ലെ യാത്രികർക്കുണ്ടായപോലുള്ള അപകടങ്ങളെയും കരുതിയിരിക്കണമെന്നർഥം. ഈ തിരിച്ചറിവിലാണ് താൻ കളിമതിയാക്കുന്നുവെന്ന് ജെഫ്രി ഹിന്റൺ പ്രഖ്യാപിച്ചത്. ശ്രദ്ധിച്ചു കളിച്ചില്ലെങ്കിൽ, ‘നിർമിതബുദ്ധി’യുടെ അധിനിവേശത്താൽ മാനവരാശി തകർന്നു തരിപ്പണമാകുമെന്നാണ് മുന്നറിയിപ്പ്.
‘നിർമിതബുദ്ധി’യുടെ തലതൊട്ടപ്പന്മാരിലൊരാൾ എന്നാണ് ശാസ്ത്രലോകം നൽകിയ വിശേഷണം. ആ വിശേഷണം അൽപം കുറഞ്ഞുപോയെങ്കിലേ ഉള്ളൂ. കഴിഞ്ഞ 50 വർഷമായി, കമ്പ്യൂട്ടറിന് ബുദ്ധി നിർമിച്ചുനൽകാനുള്ള ശ്രമത്തിലായിരുന്നു. നാലാം തലമുറ വരെയുള്ള കമ്പ്യൂട്ടറുകൾക്ക് ‘വിവരം’ മാത്രമേയുള്ളൂ എന്നാണല്ലോ പറയാറ്.
പൊതുവിൽ കമ്പ്യൂട്ടറുകളുടെ ഏറ്റവും വലിയ കുറവായും പറയാറുള്ളത് ഇതുതന്നെയാണ്: അവറ്റക്ക് വിവരമുണ്ടെങ്കിലും ബുദ്ധിയില്ല; സാമാന്യ ബുദ്ധി തീരെയില്ല. വല്ലതും അങ്ങോട്ട് പറഞ്ഞുകൊടുത്താൽ ചട്ടപ്പടി പ്രതികരണം ഇങ്ങോട്ടും കിട്ടും. ആ നിലയിൽ നല്ല അനുസരണയുണ്ട്; പക്ഷേ, സ്വന്തം നിലയിൽ ഉണർന്ന് പ്രവർത്തിക്കാൻ കഴിയില്ല. ഈ പരിമിതി മാറ്റിയെടുത്താൽ സാങ്കേതിക മേഖലയിൽ വലിയ കുതിച്ചുചാട്ടമുണ്ടാകുമെന്ന് കരുതിയിരുന്ന ഗവേഷകരിലൊരാളായിരുന്നു ജെഫ്രി ഹിന്റൺ.
ആ മേഖലയിൽ ഒട്ടേറെ മുന്നോട്ടുപോയി. ‘ന്യൂറൽ നെറ്റ്വർക്കിങ്’ എന്ന പുത്തൻ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തു. നമ്മുടെ തലച്ചോറിന് സമാനമായ രീതിയിൽ കമ്പ്യൂട്ടർ ഉപകരണങ്ങളെ എങ്ങനെ മാറ്റിയെടുക്കാമെന്ന ആലോചനയും പരിപാടിയുമാണ് ഈ ‘ന്യൂറൽ നെറ്റ്വർക്കിങ്’. അത് കുറെ മുന്നോട്ടുപോയപ്പോഴാണ് നമ്മളിപ്പോൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന പല ‘ചാറ്റ് ബോട്ടു’കളും യാഥാർഥ്യമായത്.
കമ്പ്യൂട്ടറുകൾ സ്വന്തമായി കഥയും കവിതയും രചിച്ചുതുടങ്ങിയതും പഠിച്ചുവെച്ച വിവരങ്ങൾവെച്ച് ‘സ്വതന്ത്ര ചരിത്രരചന’ക്ക് മുതിർന്നതുമെല്ലാം അങ്ങനെയാണ്. കഴിഞ്ഞ പത്തു വർഷമായി ‘ഗൂഗ്ളി’ലായിരുന്നു. അവിടെ നിന്നാണല്ലോ എല്ലാം ‘കണ്ടറിഞ്ഞു ചെയ്യുന്ന’ കുഞ്ഞൻ കമ്പ്യൂട്ടറുകൾ ഏറ്റവും കൂടുതൽ രൂപപ്പെട്ടുവന്നത്. എല്ലാറ്റിനും പിന്നിൽ ജെഫ്രിയും സംഘവുമായിരുന്നു എന്നു പറഞ്ഞാൽ തെറ്റില്ല.
ഒരു രസത്തിനുവേണ്ടിയാകുമ്പോൾ ഇതെല്ലാം ഹരം തന്നെയാണ്. പക്ഷേ, എങ്ങാനും കൈവിട്ടുപോയാൽ? ‘സ്പീഡി’യുടെ കാര്യത്തിൽ അസിമോവിന്റെ പ്രവചനം ശരിയെന്നുവരുമെന്ന് നൂറ് തരം. ഈ തിരിച്ചറിവാണ് ജെഫ്രിയെ മാറിച്ചിന്തിക്കാൻ പ്രേരിപ്പിച്ചത്. എല്ലാം അവസാനിപ്പിച്ച് ഗൂഗ്ളിൽനിന്ന് പടിയിറങ്ങാൻ തീരുമാനിച്ചതും അതിനു പിറകെയാണ്.
നിർമിതബുദ്ധിയുമായുള്ള ചങ്ങാത്തം അവസാനിപ്പിക്കാനുള്ള കാരണം രണ്ട് ഘട്ടങ്ങളിലായി അവതരിപ്പിച്ചിട്ടുണ്ട്. രണ്ടാം ലോകയുദ്ധത്തിൽ അമേരിക്ക ജപ്പാനുമേൽ അണുബോംബ് വർഷിച്ചപ്പോൾ, ആ പ്രയോഗത്തിന് തന്റെ ഗവേഷണ സിദ്ധാന്തങ്ങൾകൂടി കാരണമായല്ലോ എന്ന് പിൽക്കാലത്ത് ഐൻസ്റ്റൈനെ ദുഃഖാർത്തനാക്കിയിട്ടുണ്ടെന്നാണ് കഥ.
അതുപോലൊരു ‘ഡേറ്റ അണുവർഷ’ത്തിന് താൻ കാരണമാകരുതെന്ന് മുൻകരുതൽ ഇങ്ങനെയൊരു തീരുമാനത്തിന് പിന്നിലുണ്ടെന്ന് ‘ന്യൂയോർക് ടൈംസി’നോട് തുറന്നുപറയുകയുണ്ടായി. ‘ഡിജിറ്റൽ ബുദ്ധി’ സൃഷ്ടിച്ചേക്കാവുന്ന അപകടത്തെക്കുറിച്ചുതന്നെയാണ് കാര്യമായും ജെഫ്രിയുടെ ആശങ്ക.
അത് മനുഷ്യബുദ്ധിയോളം ഇപ്പോൾ വളർന്നിട്ടില്ലെങ്കിലും അങ്ങനെ സംഭവിച്ചുകൂടായ്കയില്ല. ഒരു വർഷം മുമ്പ് വരെയും ഇങ്ങനെയൊരു ആശങ്കയുണ്ടായിരുന്നില്ലേത്ര. ആ സമയത്ത് ഗൂഗ്ളായിരുന്നു നിർമിതബുദ്ധി നിർമാണരംഗത്തെ കൈകാര്യകർത്താക്കൾ. ഇപ്പോൾ മത്സരം മുറുകിയിരിക്കുന്നു. ഏതുവിധേനയും ഗൂഗ്ളിനെ പിന്നിലാക്കിയേ അടങ്ങൂ എന്ന വാശിയിലാണ് മൈക്രോസോഫ്റ്റ്. ഈ കിടമത്സരം തുടർന്നാൽ, ‘ഡിജിറ്റൽ ഇന്റലിജൻസി’ന്റെ അധിനിവേശം അകലെയല്ല.
അതിനാൽ, ഈ മത്സരം ഒഴിവാക്കാൻ താൻ പിൻവാങ്ങുന്നുവെന്നാണ് ജെഫ്രിയുടെ ന്യായം. ഇതുകൂടാതെ, നിർമിതബുദ്ധി വരുത്തിവെക്കുന്ന തൊഴിൽനഷ്ടമടക്കമുള്ള വിഷയങ്ങളിലും കാര്യമുണ്ടെന്ന് തുറന്നുപറയാനും മടികാണിച്ചില്ല. ഈ തുറന്നുപറച്ചിൽ സ്വാഭാവികമായും വലിയ വാർത്തയും വൈറലുമൊക്കെയാകും. ഈ സാങ്കേതികവിദ്യയുടെ തലതൊട്ടപ്പനാണ് ‘ഒന്നും വേണ്ടിയിരുന്നില്ല’ എന്ന കുറ്റസമ്മതത്തോടെ കാര്യങ്ങൾ വെളിപ്പെടുത്തുന്നത്.
രണ്ട് ദിവസം കഴിഞ്ഞപ്പോൾ, ഇതേ കാര്യങ്ങൾ തന്നെ അൽപം മയപ്പെടുത്തി വിശദീകരിച്ചു; മനുഷ്യബുദ്ധിയുടെ അൽഗോരിതത്തിൽ മാത്രം പ്രവർത്തിക്കുന്ന മാധ്യമങ്ങൾ തന്റെ വാക്കുകളെ കുറച്ച് അത്യുക്തിയിൽ അവതരിപ്പിച്ചുവെന്നായി. അപ്പോഴും, അസിമോവിന്റെ പ്രവചനങ്ങളെ തള്ളിപ്പറയാൻ തയാറായില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. പ്രായമിപ്പോൾ 75 ആയി. അതും പിൻമാറ്റത്തിനുള്ള ഒരു കാരണമായി ജെഫ്രി പറയുന്നുണ്ട്.
ജെഫ്രി എവറസ്റ്റ് ഹിന്റൺ എന്നാണ് പൂർണനാമധേയം. എവറസ്റ്റിന് ആ പേര് സമ്മാനിക്കുന്നതിന് കാരണക്കാരനായ പഴയ സർവേയർ ജനറൽ ഓഫ് ഇന്ത്യ ജോർജ് എവറസ്റ്റിന്റെ അടുത്ത ബന്ധുവാണ് ജെഫ്രി. വിഖ്യാത ഗണിതജ്ഞ മേരി ബൂലെ ജെഫ്രിയുടെ മുതുമുത്തശ്ശിയാണ്. മേരിയുടെ നാല് പുത്രിമാരിലൊരാളായ എലൻ വിവാഹം ചെയ്തത് ചാൾസ് ഹിന്റൺ എന്ന ഗണിതശാസ്ത്രജ്ഞനെയാണ്.
അറിയപ്പെടുന്ന ശാസ്ത്രമെഴുത്തുകാരൻകൂടിയായിരുന്നു അദ്ദേഹം ചാൾസിന്റെ പേരമകനാണ് ജെഫ്രി. ലണ്ടനിലായിരുന്നു ജനനം. കാംബ്രിജിൽനിന്ന് എക്സ്പരിമെന്റൽ സൈക്കോളജിയിൽ ബിരുദം; ശേഷം, എഡിൻബറയിൽനിന്ന് നിർമിതബുദ്ധിയിൽ ഗവേഷണ ബിരുദം. ഒരു തൊഴിൽ എന്ന നിലയിൽ ഗവേഷണം ആരംഭിച്ചത് സസക്സ് സർവകലാശാലയിലാണ്. പിന്നീട് പല സ്ഥാപനങ്ങളിലൂടെ 2013ൽ ഗൂഗ്ളിലെത്തി.
അതുവഴി അമേരിക്കയിലുമെത്തി. മൂന്നു വർഷം മുമ്പ് കാനഡയിൽ താമസമാക്കി. കമ്പ്യൂട്ടർ സയൻസിലെ നൊബേൽ പുരസ്കാരമായ ടൂറിങ് പ്രൈസ് അടക്കം നിരവധി അംഗീകാരങ്ങൾ തേടിയെത്തിയിട്ടുണ്ട്. ആദ്യ ഭാര്യ റോസാലിൻഡിൽ രണ്ട് മക്കളുണ്ട്: തോമസും എമ്മയും.
റോസാലിൻഡ് 1994ൽ അർബുദം ബാധിച്ച് മരണപ്പെട്ടു. മൂന്ന് വർഷത്തിനുശേഷം, ബ്രിട്ടീഷ് ചിത്രകലാ ചരിത്രകാരി ജാക്കിനെ വിവാഹം ചെയ്തു. രണ്ടാഴ്ച മുമ്പ്, അർബുദത്തിന് കീഴടങ്ങി ജാക്കും യാത്രയായി. ഈ വിയോഗത്തിന്റെ കണ്ണീരുണങ്ങും മുമ്പേയാണ്, എല്ലാ ശുഭപ്രതീക്ഷയും നഷ്ടമായിരിക്കുന്നുവെന്ന പ്രഖ്യാപനത്തോടെ ജെഫ്രി ഗവേഷണ ജീവിതത്തിൽനിന്ന് പിൻവാങ്ങുന്നത്. ആ തീരുമാനത്തിന്റെ അൽഗോരിതം എന്തായിരിക്കും?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.