പടിയിറക്കം
text_fieldsബി.ജെ.പിയിലേക്കുള്ള 'പടികയറ്റ'ത്തിെൻറ മുഹൂർത്തംകുറിച്ചാണ് ഗുലാം നബി ആസാദ്രാജ്യസഭയുടെ പടിയിറങ്ങിയിരിക്കുന്നത്: കശ്മീരിൽ കരിമഞ്ഞ് പെയ്യുന്ന രാവിലെ ശുഭമുഹൂർത്തത്തിൽ പാർട്ടി അധ്യക്ഷെൻറ ടോൾ ഫ്രീ നമ്പറിലേക്ക് മിസ് കാൾ അടിക്കുമെന്നാണ് മാധ്യമപ്രവർത്തകർ തിരിച്ചും മറിച്ചും ചോദ്യങ്ങളുതിർത്തപ്പോൾ മറുപടി പറഞ്ഞത്. വയസ്സ് 70 പിന്നിട്ടു. ഇൗ ആയുസ്സിൽ ഇനിയുമൊരു കരിമഞ്ഞ് വർഷമുണ്ടാകില്ലെന്നുറപ്പായിരിക്കെ, ആ സാധ്യതയില്ല. അപ്പോൾ പിന്നെ, മോദിജി രാജ്യസഭയിൽ നടത്തിയ പ്രകടനം എന്തിനായിരുന്നു? ഗുലാം നബിയുമായുള്ള സൗഹൃദത്തിെൻറ ഒാർമകളിൽ വിങ്ങിപ്പൊട്ടിയ മോദി, ആസാദിനെ പാർട്ടിയിലേക്ക് ക്ഷണിക്കുകയായിരുന്നില്ലേ? അവിടെയാണ് സകല രാഷ്ട്രീയ പണ്ഡിറ്റുകൾക്കും തെറ്റിയത്. മറ്റുള്ളവരുെട കരച്ചിൽ പോലെയല്ല മോദിയുടെ കരച്ചിൽ. പിണറായി സഖാവിെൻറ വാക്കുകൾ കടമെടുത്താൽ 'പ്രത്യേക ജനുസ്സിൽ' പെട്ടയാളാണ് നമ്മുടെ പ്രധാനമന്ത്രി. ബാല്യത്തിൽ മുതലക്കുഞ്ഞുങ്ങളുമായി മൽപിടിത്തം നടത്തിയ, കൗമാരത്തിൽ നൂറുകണക്കിന് കിലോമീറ്റർ നടന്ന് ഹിമാലയ സാനുക്കളിൽ ധ്യാനനിരതനായ, അക്കാലത്തുതന്നെ എൻറയർ പൊളിറ്റിക്കൽ സയൻസിൽ ബിരുദം നേടിയ മോദി കരയുേമ്പാൾ അതിനർഥം വേറെത്തന്നെയാണ്. പാതിനിറച്ച ഗ്ലാസുമായി ഇതിനു മുമ്പും ഇങ്ങനെ കരഞ്ഞിട്ടുണ്ട്. 2014ൽ, പാർലമെൻററി പാർട്ടി നേതാവായി തെരഞ്ഞെടുക്കപ്പെട്ടപ്പോഴായിരുന്നു അത്; 2017ൽ, ഗുജറാത്തിൽ പാർട്ടി അധികാരത്തിൽ തുടർന്നപ്പോഴൂം വിങ്ങിപ്പൊട്ടി. അഥവാ, വേർപാടിെൻറ നഷ്ടമോർത്തല്ല മോദിയുടെ കരച്ചിൽ, നേട്ടങ്ങളുടെ ലാഭമോർത്താണ്. ഗുലാം നബി പടിയിറങ്ങുേമ്പാഴും അതുതന്നെയാണ് സംഭവിക്കുന്നത്. അതുകൊണ്ടായിരിക്കാം, രമണനെ പഞ്ചാബികൾക്ക് പണയംവെച്ച ഗംഗാധരൻ മുതലാളിയുടെ കരച്ചിലിനോട് ആ പൂങ്കണ്ണീരിനെ ട്രോളന്മാർ ഉപമിച്ചത്.
ഗുലാം നബിയുടെ സ്ഥാനത്ത് പുതിയൊരാളെ കണ്ടെത്തുക അത്ര എളുപ്പല്ല സോണിയക്ക്. കേന്ദ്രത്തിലും സംസ്ഥാനത്തിലുമായി 45 വർഷത്തെ പാർലമെൻററി പരിചയമാണുള്ളത്. മോദിയുഗത്തിൽ രാജ്യസഭയിൽ പ്രതിപക്ഷം തലപ്പത്ത് പ്രതിഷ്ഠിച്ചതും അതുകൊണ്ടുതന്നെയാണ്. കുറച്ചൊന്നുമല്ല, കാവിപ്പടയെ അവിടെ വെള്ളം കുടിപ്പിച്ചത്. രണ്ടുവർഷം മുമ്പ്, െഎ.എസിനെ ആർ.എസ്.എസുമായി താരതമ്യം ചെയ്ത് പ്രസംഗിച്ചത് ഒാർമയില്ലേ? വിഷയം ബി.ജെ.പി രാജ്യസഭയിൽ ഉയർത്തി. ഗുലാം നബി മാപ്പ് പറയണമെന്നാണ് ആവശ്യം. പ്രസ്താവന പിൻവലിച്ചുവെന്ന് പറയാനോ ക്ഷമാപണം നടത്താനോ തയാറായില്ല എന്നു മാത്രമല്ല, പ്രസംഗത്തിെൻറ പൂർണരൂപം സഭയുടെ മേശപ്പുറത്ത് വെച്ച് പാർലമെൻററി രേഖയാക്കിയശേഷമാണ് ഗുലാം നബി കളം വിട്ടത്. നോട്ടുനിരോധനത്തെ ദേശസുരക്ഷയുമായി ബന്ധപ്പെടുത്തി സംഘ്പരിവാർ കേന്ദ്രങ്ങൾ അവതരിപ്പിച്ചപ്പോഴും വന്നു ഇതുപോലൊരു പ്രതികരണം. ഉറിയിൽ മരിച്ച ജവാന്മാരേക്കാൾ കൂടുതലാണ് നോട്ട് നിരോധനം കാരണം മരണപ്പെട്ടതെന്ന്. ഇതിനെ പാകിസ്താൻ അനുകൂല വാദമാക്കി മോദി ചിത്രീകരിച്ചപ്പോൾ, അവിടെപ്പോയി താൻ ബിരിയാണി കഴിച്ചിട്ടില്ലെന്നായിരുന്നു മറുപടി. നവാസ് ശരീഫിെൻറ മകളുടെ വിവാഹ ചടങ്ങിൽ മോദി പെങ്കടുത്തതും സൽക്കാരം സ്വീകരിച്ചതുമെല്ലാം ഗുലാം നബിയും ഒാർത്തെടുത്തതോടെ രംഗം അൽപമൊന്ന് ശാന്തമായി. പൗരത്വ ഭേദഗതി ബിൽ കൊണ്ടുവന്നപ്പോഴും കശ്മീരിെൻറ പദവി എടുത്തുകളഞ്ഞപ്പോഴുമെല്ലാം ഗുലാം നബി ഇമ്മട്ടിൽ ആഞ്ഞടിച്ചിട്ടുണ്ട്. ഇങ്ങനെ നിരന്തരം തലവേദന സൃഷ്ടിച്ച ഒരാൾ ഇനിയവിടെയില്ലല്ലോ എന്നോർത്തപ്പോൾ മോദിയുടെ കണ്ണ് അറിയാതെ നിറഞ്ഞുവെന്നതാണ് വാസ്തവം: ആനന്ദാശ്രു!
അങ്ങനെയാണെങ്കിൽ, ശരിക്കും കരയേണ്ടിയിരുന്നത് കോൺഗ്രസുകാരായിരുന്നില്ലേ? പക്ഷേ, അങ്ങനെയൊന്നും സംഭവിച്ചു കണ്ടില്ല. അതിൽ അത്ഭുതമൊന്നുമില്ല. ഫെബ്രുവരിയിൽ കാലാവധി പൂർത്തിയാക്കുന്ന ഗുലാം നബിക്ക് നാലുമാസം മുേമ്പതന്നെ അവർ ഉചിതമായ യാത്രയയപ്പു നൽകിയതാണ്. പാർട്ടിയിൽ നേതൃമാറ്റം ആവശ്യപ്പെട്ട് സോണിയക്ക് കത്തെഴുതിയ 23 പേരിൽ പ്രധാനിയായിരുന്നല്ലോ ഗുലാം നബി. നെഹ്റു കുടുംബത്തോടുള്ള ആദരവിനൊന്നും കുറവില്ല; പക്ഷേ, ബി.ജെ.പിയെപ്പോലൊരു കോർപറേറ്റ് പാർട്ടിയെ നേരിടാൻ അതുമാത്രം മതിയാകില്ല; സംഘടനയെ കാലോചിതമായി പുനഃസംഘടിപ്പിക്കണം; പാർട്ടിയിൽ തെരഞ്ഞെടുപ്പ് നടക്കണം. അല്ലെങ്കിൽ ഇനിയുമൊരു 50 കൊല്ലംകൂടി പ്രതിപക്ഷത്തുതന്നെ ഇരിക്കാം. ഇതൊക്കെയാണ് ആ കത്തിലുണ്ടായിരുന്നത്. ഏതൊരു ശരാശരി കോൺഗ്രസുകാരെൻറയും മനസ്സായിരുന്നു അത്. പക്ഷേ, പാർട്ടിയിൽ സ്ഥിര നിയമനം ലഭിച്ച പലർക്കും അത് രസിച്ചില്ല. അങ്ങനെയാണ് തരംതാഴ്ത്തപ്പെട്ടത്. ജയ്റാം രമേശിനും കെ.സി. വേണുഗോപാലിനും രാജ്യസഭയിൽ അധിക ചുമതല നൽകി, സെപ്റ്റംബറിൽതന്നെ ഗുലാം നബിക്ക് പാർട്ടി നേതൃത്വം ഉജ്ജ്വല യാത്രയയപ്പ് നൽകി. അതുകൊണ്ടുതന്നെ, ഇനി ഒരു തിരിച്ചുവരവ് പ്രതീക്ഷിക്കാനാവില്ല. തട്ടകമായ ജമ്മു-കശ്മീരിൽ നിയമസഭതന്നെ ഇല്ല. പിന്നെ മറ്റു സംസ്ഥാനങ്ങളിൽനിന്നൊക്കെ രാജ്യസഭയിലെത്തിക്കുക എന്നത് പഴയതുപോലെ എളുപ്പവുമല്ല.
അറിയാമോ, ഗുലാം എന്നാൽ ദാസൻ എന്നാണ് അർഥം. ദാസ്യമായിരുന്നു എന്നും മുഖമുദ്ര. അത് പാർട്ടിയോടാണെന്ന് അദ്ദേഹം; അതല്ല അധികാരത്തോടാണെന്ന് പ്രതിയോഗികൾ. പാർട്ടി കോൺഗ്രസായതുകൊണ്ട് രണ്ടും ഒരേസമയം നടക്കും. അതുകൊണ്ടാണ്, േനാൺ െറസിഡൻറ് കശ്മീരി എന്ന് താഴ്വരയിലുള്ളവർ കളിയാക്കിയിട്ടും രണ്ടര വർഷം ആ ദേശത്തിെൻറ മുഖ്യമന്ത്രി പദത്തിലെത്തിയത്. അതിനുമുമ്പും ശേഷവും കേന്ദ്രത്തിലും പാർട്ടിയിലും പല പദവികൾ വഹിച്ചതിെൻറ പശ്ചാത്തലവും ആ പേരിൽ ഒളിഞ്ഞിരിപ്പുണ്ട്. 1980ലാണ് ആദ്യമായി പാർലമെൻറിലെത്തിയത്. അന്ന് യൂത്ത് കോൺഗ്രസിെൻറ ദേശീയ പ്രസിഡൻറായിരുന്ന ഗുലാമിനെ മഹാരാഷ്ട്രയിലെ വാഷിം മണ്ഡലം വഴിയാണ് ലോക്സഭയിലെത്തിച്ചത്. രണ്ടുവർഷം കഴിഞ്ഞപ്പോൾ സഹമന്ത്രിയുമായി. 84ലും വിജയം ആവർത്തിച്ചു. 90ൽ മഹാരാഷ്ട്ര വഴി രാജ്യസഭയിലേക്ക്. റാവു സർക്കാറിൽ പാർലെമൻററി, വ്യോമയാന മന്ത്രാലയത്തിെൻറ ചുമതലയും കിട്ടി. 96 മുതൽ തുടർച്ചയായി രണ്ടുതവണ രാജ്യസഭയിലെത്തിയത് കശ്മീരിൽനിന്നാണ്. അതിനിടെയാണ്, 2005ൽ മുഖ്യമന്ത്രിക്കസേര ഒത്തുവന്നത്. ഭരണം പാതിപിന്നിട്ടപ്പോൾ, കൂട്ടുകക്ഷിയായ പി.ഡി.പി മറുകണ്ടം ചാടി. അതോടെ, കസേരയും തെറിച്ചു. നേരെ കേന്ദ്രത്തിലേക്ക് തിരിച്ചു. അവിടെ കാത്തിരുന്നത് ആരോഗ്യ മന്ത്രിയുടെ കസേരയാണ്. 2014ൽ, യു.പി.എ വീണതോടെ, അധികാരം പ്രതിപക്ഷ നേതാവിലൊതുങ്ങി. 2015ൽ, കശ്മീരിൽനിന്നാണ് ഏറ്റവും ഒടുവിൽ തെരഞ്ഞെടുക്കപ്പെട്ടത്. അന്നവിടെ, ബി.ജെ.പി -പി.ഡി.പി ഭരണകാലമാണ്. നേരിയ സാധ്യതയുടെ വെളിച്ചത്തിൽ മത്സരിച്ചിട്ടും വിജയംകണ്ടു.
ജന്തുശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദധാരിയാണ്. വിദ്യാർഥിക്കാലത്തേ മികച്ച സംഘാടകൻ. ആ മികവിനെ ഇന്ദ്രപ്രസ്ഥത്തിലേക്ക് പറിച്ചുനട്ടത് സഞ്ജയ് ഗാന്ധിയാണ്. ആ സൗഹൃദത്തിലാണ് രാഷ്ട്രീയ വികാസം സാധ്യമായത്. സഞ്ജയ് യുഗത്തിനുശേഷം, രാജീവിെൻറ സ്വന്തംആളായി. അതിനുവേണ്ടി, മന്ത്രിസ്ഥാനം രാജിവെച്ച് പാർട്ടിസേവക്കിറങ്ങിയ ത്യാഗിയാണ്. പാർട്ടിയിലെ എണ്ണംപറഞ്ഞ ക്രൈസിസ് മാനേജർമാരിലൊരാളാണ്. കേരളത്തിലടക്കം അതിെൻറ പ്രതിഭാവിലാസങ്ങൾ ഒേട്ടറെ തവണ പ്രതിഫലിച്ചിട്ടുണ്ട്. കശ്മീർ ക്രൈസിസ് പരിഹരിക്കാൻ വിഘടനവാദി ഗ്രൂപ്പുകളുമായി വരെ ചർച്ച നടത്തിയിട്ടുണ്ട്. എന്നുവെച്ച് തെറ്റിദ്ധരിക്കേണ്ട; പത്തരമാറ്റ് ദേശീയ മുസ്ലിമാണ്. ഹിന്ദുസ്ഥാനി മുസ്ലിമായതിൽ അഭിമാനിക്കുന്നുവെന്നാണ് വിടവാങ്ങൽ പ്രസംഗത്തിൽ വ്യക്തമാക്കിയത്. എന്നാലും, ഇവിടെ ഒരു മുസ്ലിമിന് പ്രധാനമന്ത്രിയാകാനുള്ള സാഹചര്യമില്ലെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഗായികയായ ശമീം ദേവ് ആസാദാണ് ഭാര്യ. രണ്ട് മക്കൾ: സദ്ദാമും സോഫിയയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.