ആഗോള സാമ്പത്തിക പ്രതിസന്ധി വീണ്ടും?
text_fieldsഇപ്പോഴത്തെ പ്രശ്നങ്ങൾ ഇന്ത്യയിലെ ബാങ്കിങ് മേഖലക്കോ സമ്പദ് വ്യവസ്ഥക്കോ കാര്യമായ പ്രതിസന്ധിയുണ്ടാക്കാൻ ഇടയില്ല. എന്നാൽ, വായ്പകളുടെ പലിശനിരക്ക് ഇനിയും ഉയർന്നേക്കുമെന്നതാണ് ലോക സാമ്പത്തിക പ്രതിസന്ധി ഇന്ത്യക്ക് ഉയർത്തുന്ന പ്രധാന വെല്ലുവിളികളിൽ ഒന്ന്
അമേരിക്കയിലെ സിഗ്നേച്ചർ ബാങ്കിന്റെയും സിലിക്കൺ വാലി ബാങ്കിന്റെയും തകർച്ചയും സ്വിസ് ബാങ്കായ ക്രെഡിറ്റ് സ്വിസെയുടെ പ്രതിസന്ധിയും ലോക സാമ്പത്തികരംഗത്ത് പ്രകമ്പനങ്ങൾ സൃഷ്ടിച്ചു കഴിഞ്ഞു. ഇതിന്റെ തുടർചലനങ്ങൾ എന്തായിരിക്കുമെന്നാണ് ലോകം ഇപ്പോൾ ഉറ്റുനോക്കുന്നത്. തുടർച്ചയായി രണ്ടു ബാങ്കുകൾ തകരുകയും മറ്റൊന്ന് പ്രതിസന്ധിയിലാകുകയും ചെയ്തതോടെ 2008ലുണ്ടായതുപോലുള്ള സാമ്പത്തികമാന്ദ്യത്തിലേക്കും പ്രതിസന്ധിയിലേക്കും ലോകം വീണ്ടും നീങ്ങുമോയെന്ന ആശങ്കയും ശക്തമാണ്.
എന്നാൽ, ഇപ്പോഴത്തെ പ്രശ്നങ്ങൾ ഇന്ത്യയിലെ ബാങ്കിങ് മേഖലക്കോ സമ്പദ് വ്യവസ്ഥക്കോ കാര്യമായ പ്രതിസന്ധിയുണ്ടാക്കാൻ ഇടയില്ല. ഇന്ത്യയിലെ ബാങ്കിങ്, ധനകാര്യ മേഖലയിൽ ശക്തമായ നിയന്ത്രണ സംവിധാനങ്ങൾ നിലനിൽക്കുന്നുണ്ട്. തകർന്ന യു.എസ് ബാങ്കുകളിലുണ്ടായിരുന്നതുപോലുള്ള പ്രശ്നസാധ്യതയുള്ള നിക്ഷേപങ്ങൾ ഇന്ത്യയിലെ ബാങ്കുകളിലും ധനകാര്യസ്ഥാപനങ്ങളിലും വളരെ കുറവാണ്. ഇന്ത്യൻ ബാങ്കുകളിൽ അഞ്ചുമുതൽ 10 ശതമാനമേ ഇത്തരം നിക്ഷേപങ്ങൾ വരൂ എന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ, നേരിട്ടല്ലാത്ത ചില പ്രത്യാഘാതങ്ങൾ ഇന്ത്യയിലുമുണ്ടാവും.
വായ്പകളുടെ പലിശനിരക്ക് ഇനിയും ഉയർന്നേക്കുമെന്നതാണ് ലോക സാമ്പത്തിക പ്രതിസന്ധി ഇന്ത്യക്ക് ഉയർത്തുന്ന പ്രധാന വെല്ലുവിളികളിൽ ഒന്ന്. യു.എസ് ബാങ്കുകളുടെ തകർച്ച ആഗോള വായ്പാ വിപണിയിൽ പണ ദൗർലഭ്യം ഉടലെടുക്കാൻ കാരണമാകും. ഇത് ഇന്ത്യയിലും പലിശനിരക്ക് വർധിക്കാൻ ഇടയാക്കും. കഴിഞ്ഞ ഒരുവർഷത്തിനിടെ പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി പലിശനിരക്ക് രണ്ടു ശതമാനത്തോളം ഉയർത്തിയിട്ടുണ്ട്. ആഗോള പണദൗർലഭ്യം മൂലം ഇനിയും പലിശനിരക്ക് ഉയർത്തേണ്ടിവന്നാൽ വാണിജ്യ-വ്യവസായ മേഖലയെയും സാധാരണക്കാരെയും അത് പ്രതിസന്ധിയിലാക്കും. വ്യവസായ വാണിജ്യ മേഖലയിൽ മാന്ദ്യത്തിന് വഴിയൊരുക്കുകയും രാജ്യത്തെ സാമ്പത്തിക വളർച്ചയെ സാരമായി ബാധിക്കുകയും ചെയ്യും.
ഇപ്പോൾ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത് ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ അമേരിക്കയിലാണ്. ഇന്ത്യയുമായി ഏറെ വാണിജ്യ ബന്ധമുള്ള രാജ്യമെന്ന നിലക്കും അമേരിക്കയിലെ പ്രതിസന്ധി ഇന്ത്യയെയും ബാധിക്കും.
തിളങ്ങി സ്വർണം
ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ സൂചനകൾ ലഭിച്ചുതുടങ്ങിയതു മുതൽ കഴിഞ്ഞ ഒരുവർഷമായി സ്വർണ വിപണി കുതിപ്പിലാണ്. കഴിഞ്ഞ ദിവസങ്ങളിൽ യു.എസ് ബാങ്കുകളുടെ തകർച്ച പുറത്തുവന്നതു മുതൽ വീണ്ടും കുതിച്ച സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിൽ എത്തുകയും ചെയ്തു.
ലോകത്തെ ഏറ്റവും സുരക്ഷിത നിക്ഷേപങ്ങളുടെ ഗണത്തിലാണ് സ്വർണം ഉൾപ്പെടുന്നത്. അതുകൊണ്ടുതന്നെ ഏതു സാമ്പത്തിക പ്രതിസന്ധിയിലും നിക്ഷേപകർ സുരക്ഷിതമായി കാണുക സ്വർണത്തെയാണ്. കഴിഞ്ഞദിവസങ്ങളിൽ സ്വർണവിലയിൽ ഉണ്ടായ കുതിപ്പിന് കാരണവും സുരക്ഷ തേടിയുള്ള ഈ നിക്ഷേപ താൽപര്യമാണ്.
യു.എസ് ബാങ്കുകളുടെ തകർച്ചക്ക് പിന്നാലെ പ്രധാന സ്വിസ്ബാങ്കുകളിൽ ഒന്ന് പ്രതിസന്ധിയിലേക്ക് നീങ്ങിയത് ആഗോള പ്രതിസന്ധി വ്യാപകമാവുകയാണെന്ന ആശങ്ക പരത്തി. വരും ദിവസങ്ങളിൽ മറ്റേതെങ്കിലും ധനകാര്യസ്ഥാപനങ്ങൾ പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി സൂചന ലഭിച്ചാൽ അത് സ്വർണത്തിലേക്ക് നിക്ഷേപ പ്രവാഹത്തിനുതന്നെ വഴിയൊരുക്കിയേക്കും. ഇത് സ്വർണവില കൂടുതൽ ഉയരങ്ങളിൽ നീങ്ങാൻ കാരണമാവുകയും ചെയ്യും.
എന്നാൽ, ഇപ്പോഴത്തെ പ്രതിസന്ധി 2008ലെ സാമ്പത്തിക പ്രതിസന്ധിയുടെ തലത്തിലേക്ക് എത്തില്ലെന്നാണ് പല സാമ്പത്തിക വിദഗ്ധരും അഭിപ്രായപ്പെടുന്നത്. മുൻ പ്രതിസന്ധിയെ അപേക്ഷിച്ച് ലോകം കൂടുതൽ കരുതലോടെയും മുന്നൊരുക്കത്തോടെയുമാണ് ഇപ്പോഴത്തെ പ്രതിസന്ധിയെ നേരിടുന്നത് എന്നതുതന്നെയാണ് ഇതിന് പ്രധാന കാരണം. അതേസമയം, ക്രെഡിറ്റ് സ്വിസെ രക്ഷപ്പെടുത്താനാവുന്നതിലും വലിയ പ്രതിസന്ധിയിലാണെന്നും റിപ്പോർട്ടുകളുണ്ട്.
നേട്ടമായി ക്രൂഡ് വിലത്തകർച്ച
ലോകം ആശങ്കയുടെ മുൾമുനയിൽ നിൽക്കുമ്പോഴും ഈ ആഗോള പ്രതിസന്ധി ഇന്ത്യക്ക് അപ്രതീക്ഷിത നേട്ടം സമ്മാനിക്കുന്നു. ലോക ബാങ്കിങ് പ്രതിസന്ധി സാമ്പത്തികമാന്ദ്യം രൂക്ഷമാകുന്നതിന് വഴിയൊരുക്കുമെന്ന വിലയിരുത്തലുകൾ ശക്തമായതോടെ രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണവില കുത്തനെ ഇടിയുകയാണ്. വെള്ളിയാഴ്ച വീപ്പക്ക് 67 ഡോളർ വരെ ക്രൂഡ് വില താഴ്ന്നു.
ഉപഭോഗത്തിന്റെ ഭൂരിഭാഗവും ഇറക്കുമതി ചെയ്യുന്ന ഇന്ത്യക്ക് ഈ തകർച്ച ഏറെ ഗുണകരമാകും. അതേസമയം, രാജ്യാന്തര വിപണിയിലെ ഈ അപ്രതീക്ഷിത ബംബർ കേന്ദ്ര സർക്കാർ എങ്ങനെ കൈകാര്യം ചെയ്യുമെന്നതാണ് രാജ്യം ഉറ്റുനോക്കുന്നത്.
രാജ്യാന്തര വിപണിയിലെ വിലക്കുറവിനനുസരിച്ച് ഇന്ധനവില കുറച്ചാൽ ഇപ്പോൾ ഇന്ത്യൻ സമ്പദ്വ്യവസ്ഥക്ക് ഏറെ വെല്ലുവിളി ഉയർത്തുന്ന പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനും അതുവഴി പലിശനിരക്കുകൾ വീണ്ടും കുറക്കുന്നതിനും സാധിക്കും.
എന്നാൽ, ഇതുവരെയുള്ള അനുഭവം വെച്ച് പെട്രോളിനും ഡീസലിനും ചുമത്തുന്ന നികുതികൾ വീണ്ടും കൂട്ടി അസംസ്കൃത എണ്ണവിലയിലുണ്ടായ കുറവ് കേന്ദ്ര ഖജനാവിന്റെ നില മെച്ചപ്പെടുത്തുന്നതിനും അതുവഴി ധനക്കമ്മി പിടിച്ചു നിർത്തുന്നതിനുമാവും കേന്ദ്രം ഉപയോഗപ്പെടുത്തുകയെന്നാണ് വിലയിരുത്തപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.