'Glorious dust'; ഗാന്ധിജിയുടെ കൊലപാതകത്തിന്റെ പിറ്റേന്ന് ‘പാകിസ്താൻ ടൈംസ്’ പത്രത്തിൽ വിഖ്യാത കവി ഫൈസ് അഹ്മദ് ഫൈസ് എഴുതിയ എഡിറ്റോറിയൽ
text_fieldsമഹാത്മാ ഗാന്ധി വിടപറഞ്ഞിരിക്കുന്നു. മെലിഞ്ഞ ശരീരവും പ്രായംചെന്ന സ്വരവുമുള്ള, ആ മനുഷ്യന്റെ കഴിഞ്ഞ കുറെ മാസങ്ങളായി അണഞ്ഞുതുടങ്ങിയിരുന്ന ശരീരവും ശബ്ദവും - ഇനി ലോകം അടുത്തനുഭവിക്കില്ല. ഒരുപാടൊരുപാടു പേർക്ക് അദ്ദേഹം കരുണാർദ്രമായ സ്നേഹത്തിന്റെയും ഭീതി സ്പർശിക്കാത്ത ധർമബോധത്തിന്റെയും കാലാതിവർത്തിയായ മുദ്രയായിരുന്നു.
ദേശീയതക്കും മുമ്പുള്ള കാലത്ത് ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഊഷര ഭൂമി ആദ്യമായി ഉഴുതുമറിച്ചയാൾ. ഇന്ത്യൻ ജനതക്ക് സ്വാതന്ത്ര്യം നൽകി വൈകിമാത്രം ഫലവും കായുമിട്ട വിത്തുകളെയും തൈകളെയും നട്ടുവളർത്തിയയാൾ. തന്റെ ജീവിതത്തിലെ ഏറ്റവും മഹത്തായ അധ്യായത്തിന് നാന്ദിയാകുന്നതിനും മുമ്പ് ചരിത്രത്തിലേക്ക് നടന്നുകയറിയിരുന്നു ഗാന്ധി.
ദേശീയ വിമോചനമെന്ന ലക്ഷ്യത്തിലേക്ക് നമ്മുടെ ആരംഭ യാത്രകളിൽ അദ്ദേഹമായിരുന്നു വഴി വെട്ടിത്തെളിച്ചത്, ഹിന്ദുവിന് മാത്രമല്ല, മുസ്ലിമിനും. പിന്നീടെപ്പെഴോ അരുതാത്ത ചില കാരണങ്ങളുടെ പേരിൽ നാം വഴിപിരിഞ്ഞു. അപ്പോഴും പക്ഷേ, ദേശീയലക്ഷ്യങ്ങൾ ഒന്നുപോലെ നിന്നു- അഥവാ, ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ എല്ലാ മനുഷ്യർക്കും ചങ്ങലക്കെട്ടുകളില്ലാത്ത സ്വാതന്ത്ര്യം സഫലമാക്കാനായി നമ്മുടെ യാത്രകൾ.
ഈ കാലമത്രയും നമ്മുടെ രാഷ്ട്രീയമായിരുന്നില്ല ഗാന്ധിജിയുടേത്. പലപ്പോഴും അദ്ദേഹം പറഞ്ഞതും ചെയ്തതും ആവേശിക്കാനാകാതെ നാം തർക്കിച്ചുനിന്നു, അതിനായി ചിലപ്പോൾ ഹിംസയുടെ കൊടിപിടിച്ചു. ചിലപ്പോഴൊക്കെയും നാം കാലുഷ്യത്തോടെ സംസാരിച്ചിട്ടുണ്ട്.
അരിശം നിറയുന്ന വാക്കുകൾ കുറിച്ചിട്ടുണ്ട്. ഇന്നിപ്പോൾ എല്ലാം പഴയപടിപോലെയായിക്കഴിഞ്ഞിരിക്കുന്നു. വഴികളെല്ലാം ഏകമുഖമാകുകയും ചെയ്തു. ഈ മഹിതമായ അവസാന നാളുകൾക്കായി ഗാന്ധിയെന്ന എന്നെന്നും മഹാനായ മനുഷ്യനുവേണ്ടി ഗാന്ധിയെന്ന രാഷ്ട്രീയക്കാരനെ അദ്ദേഹം ബലിനൽകി.
നമ്മിൽ പലർക്കും കാണാനായില്ലെങ്കിലും, അദ്ദേഹം വ്യക്തമായി കണ്ടു- ഇന്ത്യയുടെയും പാകിസ്താന്റെയും രാഷ്ട്രീയ അന്തർധാര ചൂഴ്ന്നുനിൽക്കുന്നത് അസന്തുഷ്ടിയും ഭീതിയും കഷ്ടതകളുമാണെന്ന്. നമ്മിൽ പലർക്കും ധൈര്യമുണ്ടായില്ലെങ്കിലും ഈ ദുരിതപർവം മാറ്റിമറിക്കാനായി അദ്ദേഹം പണിയെടുത്തു.
നിലവിലെ കാടത്തവും രക്തച്ചൊരിച്ചിലും വരാനിരിക്കുന്ന അതിഭീകരവും അവിശുദ്ധവുമായ കടന്നുകയറ്റത്തിന്റെ നാന്ദിയാണെന്ന് അദ്ദേഹം കണ്ടു. നാം പുതുതായി നേടിയെടുത്ത സ്വാതന്ത്ര്യത്തിനുമേൽ മാത്രമല്ല, പൈതൃകമായി നാം തലമുറകളിൽനിന്ന് സ്വാംശീകരിച്ച സംസ്കാരം, നാഗരികത എന്നിവക്കു മേലുമുള്ള ഭ്രാന്തമായ അധിനിവേശത്തിനെതിരെ അദ്ദേഹം പൊരുതിനിന്നു. ഒടുവിൽ അദ്ദേഹം യാത്രയായിരിക്കുന്നു.
ചരിത്രത്തിൽ എന്നും വീരപുരുഷന്മാർ ഉയിരെടുത്തിട്ടുണ്ട്. സ്വന്തം ജനതയെ തുറിച്ചുനോക്കിയ വെല്ലുവിളികളോടും അവരെ കാത്ത് ദംഷ്ട്ര കൂർപ്പിച്ചുനിന്ന ശത്രുക്കളോടും അവർ പോർമുഖത്തുതന്നെ നിലയുറപ്പിച്ചു. എന്നാൽ, തന്റേതല്ലാത്ത ജനതയുടെ ആദരം സ്ഥാപിച്ചെടുക്കാനായി സ്വന്തം ജനതയോടു പൊരുതി വീണുപോയ ഏതെങ്കിലും മനുഷ്യന്റെ പേരുപറയൽ പ്രയാസമായിരിക്കും.
ഒരു സമൂഹത്തിലെ അംഗമായിരിക്കെ അപരനുവേണ്ടി ഇതിനെക്കാൾ വലിയ ത്യാഗം നിർവഹിക്കാനുണ്ടാകില്ല. ചെറിയ തർക്കങ്ങൾ എതിരെയുണ്ടാകുമ്പോഴും മൗലികമായ മനുഷ്യാവകാശങ്ങളെ ഉയർത്തിപ്പിടിക്കുന്നതിനോളം വലിയ കടപ്പാടുമില്ല.
ഭൂരിപക്ഷ മനുഷ്യവിഭാഗങ്ങളെ സമ്പൂർണമായി നല്ലവരെന്നോ മോശപ്പെട്ടവരെന്നോ, ധാർമികരെന്നോ അധാർമികരെന്നോ മുദ്രകുത്തുന്നതിന് ഇതിനെക്കാൾ ഉദാത്തമായ പ്രത്യാഖ്യാനവുമില്ല. മഹത്തായ ഇത്തരം വീരചരമങ്ങളെ ലളിതമായ തത്ത്വങ്ങൾക്ക് പ്രായോഗിക ഭാഷ്യമാകുന്നില്ലെങ്കിൽ ഇനി ലോകത്തിന് പ്രതീക്ഷക്കും വകയില്ല.
അറിയപ്പെടാത്തൊരു കൊലപാതകിയുടെ വെടിയുണ്ടയേറ്റ് ഒരു മഹാനായ ഇന്ത്യക്കാരൻ രക്തസാക്ഷിയായിരിക്കുന്നു. ഇന്ത്യ മഹാരാജ്യത്ത് ഏറ്റവും സജീവമായിരുന്ന യുക്തിസഹമായ ആ വാക്കുകളാണ് അതിക്രൂരമായി നിശ്ശബ്ദമാക്കപ്പെട്ടത്. ജനപ്രിയതയിൽ എന്നും മുന്നിൽനിന്ന, രാഷ്ട്രീയനേതാവായി വിരാജിച്ച, ഉപഭൂഖണ്ഡം കണ്ട സമുദാത്തനായ ഉദ്ബോധകനെയാണ് പരസ്യമായി അറുകൊല ചെയ്തിരിക്കുന്നത്.
ഈ ഭീതിദ ദുരന്തത്തിന് ഓരോ ഹൃദയവും മനഃസാക്ഷിയും ഉത്തരം പറയേണ്ടിയിരിക്കുന്നു. ഭ്രാന്ത് ആവേശിച്ച, ആ ബുദ്ധിശൂന്യൻ മാത്രമാകില്ല ഉത്തരവാദി. ഈ കൊടിയ വെറുപ്പ് ആരൊക്കെ ചേർന്നാണ് അയാളിൽ കുത്തിവെച്ചിട്ടുണ്ടാകുക? അതും മനുഷ്യരുടെ അകത്ത് സ്നേഹം കൊണ്ട് പ്രക്ഷാളനം നടത്താൻ തുനിഞ്ഞിറങ്ങിയ ഒരാളെ ഇല്ലാതാക്കാൻ.
എന്തു കൊടിയ വിഷം ഹൃത്തിലുറപ്പിച്ചാകും അയാൾ ശരീരവുമായി ഇറങ്ങിയിട്ടുണ്ടാകുക? ഉത്തരം ലളിതമാണ്. ഗാന്ധിജിയുടെ പാതകി സംസാരിച്ച, ചിന്തിച്ച, പ്രവർത്തിച്ചപോലെ ചെയ്ത ഓരോരുത്തരും ഉത്തരവാദിയാണ്. അവസാനം ഇത് ചെയ്യുന്നതിലേക്ക് അയാളെ എത്തിച്ച ഓരോ ചിന്തയും വാക്കും പ്രവൃത്തിയുമാണ് ഉത്തരവാദി.
ഇത് അവസാനത്തെയാകുമോ? പഞ്ചാബിന്റെ മണ്ണിലും കാലവും ഓർമയും നിറയുന്ന ഡൽഹി, അജ്മീർ വഴിയോരങ്ങളിലും ചിന്തിയ ചോരകളും ഞെട്ടറ്റുവീണ തലകളും ആർക്ക് എണ്ണാനാകും? വേദനക്കും നഷ്ടത്തിനും ഇതോടെയെങ്കിലും അറുതിയായെന്ന് ചിലർ ചിന്തിച്ചുപോയേക്കാം.
ചില കിറുക്കന്മാർ ഇതുപോലെ അരുതാത്തത് ചെയ്യുമ്പോഴും അതൊന്നും നെഞ്ചേറ്റാത്ത സാധാരണക്കാർ ഒന്നും ചെയ്യില്ലെന്ന് തോന്നിപ്പോകാം. എന്നാൽ, അങ്ങനെയല്ല കാര്യങ്ങൾ. ഇന്ത്യയിലെയും, നേരിട്ടല്ലെങ്കിലും പാകിസ്താനിലെയും ജനങ്ങൾ നേരിട്ട നഷ്ടക്കണക്കുകളുടെ പട്ടികയിൽ ഇതാ ഗാന്ധിയുടെ നഷ്ടവും ചേർത്തുകഴിഞ്ഞിരിക്കുന്നു.
ഈ വിലയേറിയ ത്യാഗം വെറുപ്പിന്റെ ചെകുത്താന്മാർക്ക് ആശ്വാസം നൽകുന്നുണ്ടാകുമായിരിക്കും. ഇനിയുള്ള നാളുകളിൽ ദശലക്ഷങ്ങളുടെ ജീവൻ ബലികഴിക്കപ്പെടുന്നതിന് ഇത് അറുതി കുറിക്കുമായിരിക്കും.
ഒരിക്കൽ അവിഭക്ത ഇന്ത്യയിലെ ഹിന്ദുവും മുസ്ലിമും ഒന്നിച്ചണിനിരന്ന് ഗാന്ധിക്കുകീഴിൽ ഖിലാഫത്ത് കാലത്ത് സ്വാതന്ത്ര്യത്തിനായി പടപൊരുതിയവരാണ്. ഈ മഹാന്റെ ചിതക്കുമുന്നിൽ ഒന്നിച്ചുനിന്ന് അവർ കണ്ണീർ പൊഴിക്കുമായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.