സ്കൂൾ വരാന്തകളിൽനിന്ന് സ്വപ്നഭവനങ്ങളിലേക്ക്
text_fieldsമന്ത്രിപദമേറ്റ ഉടനെയാണ്വലിയതുറയിലെ സ്കൂൾ വരാന്തയിൽ നാലു വർഷമായി താമസിച്ചുവരുന്ന 13 കുടുംബങ്ങളുടെ ദുരിതജീവിതം ദൃശ്യമാധ്യമത്തിൽ വളരെ പ്രാധാന്യത്തോടെ പ്രക്ഷേപണം ചെയ്തത്. നാലു വർഷമായി സ്കൂൾ വരാന്തയിൽ കാറ്റത്തും മഴയത്തും വെയിലത്തും താമസിച്ചിരുന്ന അവരുടെ സങ്കടങ്ങൾക്ക് എങ്ങനെ പരിഹാരം കാണണമെന്ന ചിന്ത മനസ്സിലുറച്ചു.
വലിയതുറ സ്കൂളിലേക്ക് പോകാൻ തീരുമാനിച്ചപ്പോൾ മന്ത്രി അവിടെ പോകരുത് എന്നും അവർ രോഷാകുലരാണ് എന്നും മന്ത്രിയുടെ ആഗമനം പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും പല കോണുകളിൽനിന്നും അഭിപ്രായമുണ്ടായി. രണ്ടും കൽപിച്ച് ഞാൻ വലിയതുറ സ്കൂളിൽ എത്തി.
പ്രതീക്ഷിച്ചതുപോലെ, നാലു നാലര വർഷത്തെ ജീവിതത്തിലെ നരകയാതനയാണ് സ്വാഭാവികമായും അവരെ രോഷത്തിലാക്കിയത്. ഉറക്കെ സംസാരിച്ച അവരുടെ വാക്കുകളിൽ നാലര വർഷമായി പറഞ്ഞുപറ്റിച്ചതിെൻറയും തിരിഞ്ഞുനോക്കാത്തതിെൻറയും ദേഷ്യമായിരുന്നു.
യു.ഡി.എഫ് സർക്കാറിെൻറ വാഗ്ദാനലംഘനമായിരുന്നു അവരുടെ പ്രതിഷേധത്തിെൻറ കാരണം. പുനരധിവാസത്തിനുള്ള എല്ലാ നടപടികളും ഇടതുസർക്കാർ സ്വീകരിക്കുമെന്ന് വ്യക്തമാക്കിയെങ്കിലും മുൻകാല അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ പൂർണമായും അവരത് ഉൾക്കൊണ്ടില്ല.
വീടുവെച്ച് മാറണമെന്നായിരുന്നു ബഹുഭൂരിപക്ഷത്തിെൻറയും ആവശ്യം. സ്ഥലം വാങ്ങി വീടുവെക്കാൻ 10 ലക്ഷം രൂപ നൽകാമെന്ന് ഉറപ്പുനൽകിയെങ്കിലും അപ്പോൾ അത് കണക്കിലെടുക്കാൻ അവർ തയാറായില്ല. ഫ്ലാറ്റിനെ കുറിച്ച് സംസാരിച്ചപ്പോൾ ഒരുരീതിയിലും അംഗീകരിക്കാനാവാത്ത പ്രതികരണം. ഒരു വർഷത്തിനുള്ളിൽ പുനരധിവാസം സാധ്യമാക്കാമെന്ന് മുമ്പ് നായനാർ സർക്കാർ കൊല്ലത്ത് നിർമിച്ചുനൽകിയ ഫ്ലാറ്റുകൾ ചൂണ്ടി ഞാൻ അവർക്ക് വാക്കു നൽകി. അപ്പോഴും അത് നടക്കാത്ത പദ്ധതിയാകുമെന്ന് അവർ കരുതി.
കടൽക്ഷോഭത്തിെൻറ ഭാഗമായി തീരവും തൊഴിലാളികളുടെ വീടും നഷ്ടപ്പെടുന്നത് നിത്യസംഭവമാണ്. ഇതിന് ശാശ്വതമായ പരിഹാരം കാണാൻ നയപരമായ തീരുമാനം വേണം. 50 മീറ്ററിനകത്തുനിന്ന് തൊഴിലാളികളെ മാറ്റിപ്പാർപ്പിക്കുക. അതിനനുസരിച്ച് ഒരു പദ്ധതി ഉണ്ടാക്കുക. മുഖ്യമന്ത്രിയുമായുള്ള ചർച്ചയിലൂടെ കടൽതീരത്തുനിന്ന് 50 മീറ്ററിനുള്ളിൽ താമസിക്കുന്ന എല്ലാ മത്സ്യത്തൊഴിലാളി കുടുംബങ്ങളെയും മാറ്റിപ്പാർപ്പിക്കാൻ ഇടതുസർക്കാർ തീരുമാനിച്ചു.
10 ലക്ഷം രൂപ പദ്ധതിയിൽ ഉൾപ്പെടുത്തി സ്ഥലം വാങ്ങി വീടു വെക്കുന്നതിന് മുന്നോട്ടുവന്ന പലർക്കും സ്ഥലം വേഗം ലഭ്യമാക്കുന്നതിനായി കാബിനറ്റ് തീരുമാനപ്രകാരം സ്ഥലത്തിന് വില നിർണയിക്കാനുള്ള അധികാരം ജില്ല കലക്ടർമാർക്ക് നൽകി. പദ്ധതി വളരെ വേഗം നടപ്പാക്കാനുള്ള നടപടികൾ എല്ലാ തീരദേശ ജില്ലകളിലും ആരംഭിച്ചു.
വലിയതുറ സ്കൂളിൽനിന്ന് 192 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ടിവരുമെന്ന് കണ്ടെത്തി. ഇതിന് മുൻ സർക്കാർ ക്ഷീരവികസന വകുപ്പിെൻറ നിയന്ത്രണത്തിലുള്ള മുട്ടത്തറയിലെ ട്രീറ്റ്മെൻറ് പ്ലാൻറ് ഏരിയയിൽനിന്ന് മൂന്നര ഏക്കർ സ്ഥലമാണ് കണ്ടെത്തിയത്. ഈ സ്ഥലം ഫിഷറീസ് വകുപ്പിന് നൽകുന്നതിനോ അനുബന്ധ പ്രവർത്തനങ്ങൾക്കോ ഒരു നടപടിയും മുൻ സർക്കാർ സ്വീകരിച്ചിരുന്നില്ല. അനുയോജ്യമായ സ്ഥലം ലഭ്യമാക്കിയതിന് ക്ഷീരവികസന വകുപ്പിനോടും മന്ത്രി കെ. രാജുവിനോടും അഗാധമായ നന്ദി രേഖപ്പെടുത്തുന്നു. 2016 ഡിസംബറിൽ ആരംഭിച്ച ഫ്ലാറ്റുകളുടെ നിർമാണം 2017 നവംബറോടെ പൂർത്തിയാക്കി. വൈദ്യുതീകരണം, കുടിവെള്ളം, ചുറ്റുമതിൽ, ട്രീറ്റ്മെൻറ് പ്ലാൻറ് എന്നിവയൊരുക്കാൻ വിവിധ വകുപ്പുകളുടെ ഏകോപനം ആവശ്യമായിരുന്നു. അതിനിടെ വന്ന മഴയും പ്രളയവും ഫ്ലാറ്റ് കൈമാറ്റം പിന്നെയും താമസിപ്പിച്ചു.
മുട്ടത്തറ വില്ലേജിലെ മൂന്നര ഏക്കർ സ്ഥലത്താണ് 24 ബ്ലോക്കുകളായി മനോഹരമായ ഫ്ലാറ്റ് സമുച്ചയം നിർമിച്ചിരിക്കുന്നത്. ഒാരോ ഫ്ലാറ്റിലും ഒരു ഹാൾ, രണ്ടു കിടപ്പുമുറികൾ, അടുക്കള, ടോയ്ലറ്റ് എന്നിവയും മറ്റു പൊതു അടിസ്ഥാനസൗകര്യങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു. ഫ്ലാറ്റ് സമുച്ചയത്തിന് ചുറ്റുമതിൽ, തറയോട് പാകിയ പൊതുസ്ഥലം, െഡ്രയ്നേജ് സംവിധാനം, ഹൈമാസ്റ്റ് ലൈറ്റുകൾ, യാർഡ് ലൈറ്റിങ് എന്നിവയും ഒരുക്കിയിട്ടുണ്ട്. ഇന്ന്, ഒക്ടോബർ 31ന് വൈകീട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാറ്റ് വിതരണത്തിെൻറ ഉദ്ഘാടനം നിർവഹിക്കും.
ഭൂരിഭാഗം മത്സ്യത്തൊഴിലാളികളും അടിസ്ഥാന സൗകര്യങ്ങൾ പരിമിതമായുള്ള ചെറുവീടുകളിലാണ് താമസിച്ചുവരുന്നത്. വലിയൊരു വിഭാഗത്തിനും സ്വന്തമായി സ്ഥലമോ വീടോ ഇല്ല. തീരദേശ ഗ്രാമങ്ങളിൽ നടത്തിയ സർവേയിൽ ഇത് വ്യക്തമായി. സ്വന്തം സ്ഥലമുള്ള മത്സ്യത്തൊഴിലാളികൾക്ക് ഭവനപദ്ധതി ഫിഷറീസ് വകുപ്പ് നടപ്പാക്കുന്നുണ്ട്. എന്നാൽ എല്ലാ ഭൂരഹിത മത്സ്യത്തൊഴിലാളികൾക്കും വാസയോഗ്യമായ ഭവനം ലഭ്യമാക്കുന്നതിനു പദ്ധതികൾ നടപ്പാക്കിയിട്ടില്ല. അതിനാലാണ് ഇൗ പുനരധിവാസ പദ്ധതിക്ക് സംസ്ഥാന സർക്കാർ ആരംഭം കുറിച്ചത്.
സംസ്ഥാന ജനസംഖ്യയിൽ 10.18 ലക്ഷം വരുന്ന മത്സ്യത്തൊഴിലാളികൾക്ക് സർക്കാർ നടപ്പാക്കിവരുന്ന സാമൂഹിക സുരക്ഷപദ്ധതികൾക്ക് ആക്കം കൂട്ടുന്നതാണ് മുട്ടത്തറയിലെ ഫ്ലാറ്റ് നിർമാണ പദ്ധതി.
ഇത് പൂർത്തിയായതോടെ അതിലുള്ള സൗകര്യങ്ങൾ കണ്ടറിഞ്ഞ് ഭവനനിർമാണം ഫ്ലാറ്റ് മാതൃകയിൽതന്നെയാകണമെന്ന് ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളി സമൂഹം മുന്നോട്ട് വന്നിട്ടുണ്ട്. ഇത് കണക്കിലെടുത്ത് തിരുവനന്തപുരം ജില്ലയിലെ ബീമാപ്പള്ളി, കാരോട്, കൊല്ലം ജില്ലയിലെ ക്യൂ.എസ്.എസ് കോളനി, കണ്ണൂരിലെ ഉപ്പാലവളപ്പ് എന്നീ സ്ഥലങ്ങളിൽ ഫ്ലാറ്റ് നിർമാണം ആരംഭിക്കുന്നതിനുള്ള നടപടികൾ നടന്നുവരുന്നു. കോഴിക്കോട്, എറണാകുളം ഉൾെപ്പടെ മറ്റ് ജില്ലകളിലും സ്ഥലം കണ്ടെത്തുന്നതിനും തുടർപ്രവർത്തനങ്ങൾക്കും സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.