സ്വര്‍ണ സെന്‍സസിലേക്കുള്ള ചുവടുവെപ്പ്
text_fieldsയുക്തിസഹമായ നടപടികളുടെ തുടര്‍ച്ചയാണ് 2015 നവംബറില്‍ നടപ്പാക്കിയ ഗോള്‍ഡ് മൊണിറ്റൈസേഷനും 2016 നവംബറില്‍ നടപ്പാക്കിയ നോട്ട് അസാധുവാക്കലും. രൂപയുടെ മൂല്യത്തെയും കറന്‍റ് അക്കൗണ്ട്സ് കമ്മിയെയും സ്വാധീനിക്കുന്ന സ്വര്‍ണ ഇറക്കുമതിയില്‍ ഇന്ത്യയുടെ ആശ്രയത്വം കുറക്കാന്‍ ലക്ഷ്യമിട്ട പദ്ധതികളുടെ ഭാഗമാണിത്. ഇത്തരം നടപടികളിലൂടെ ഗോള്‍ഡ് സെന്‍സസ് (സ്വര്‍ണനിക്ഷേപങ്ങളുടെ കണക്കെടുപ്പ്) നടപ്പിലാകും. സ്വാഭാവികഗതിയുള്ള സ്വര്‍ണവ്യാപാരത്തിന് ഇതു സഹായകമാണ്. പ്രത്യക്ഷമായ സ്വര്‍ണ ഉപയോഗത്തിന് ചില നിയന്ത്രണങ്ങള്‍ വന്നാലും അദ്ഭുതപ്പെടാനില്ല. ഊഹക്കണക്കായാല്‍പ്പോലും വ്യാപാരികളുടെ കൈവശമുള്ളതും നിക്ഷേപവുമടക്കം ഇന്ത്യയില്‍ 30,000 ടണ്ണിലധികം സ്വര്‍ണശേഖരമുണ്ട്. സ്വര്‍ണത്തോടുള്ള ജനങ്ങളുടെ വൈകാരികത ഇന്ത്യയെ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സ്വര്‍ണ ഉപഭോക്തൃരാജ്യമാക്കുന്നു. ചൈനയാണ് ഒന്നാംസ്ഥാനത്ത്. വര്‍ഷംതോറും 900 ടണ്ണാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. ഗവണ്‍മെന്‍റ് നടപടികള്‍ വഴി കണക്കില്‍പ്പെടാത്തതായി സൂക്ഷിക്കപ്പെടുന്ന സ്വര്‍ണശേഖരത്തില്‍ കുറച്ചു ശതമാനമെങ്കിലും ഒൗദ്യോഗിക സംവിധാനത്തിലേക്ക് എത്തിപ്പെട്ടാല്‍ അത് ഗുണകരമാകും. കണക്കുകള്‍ അനുസരിച്ച് ഈ സാമ്പത്തികവര്‍ഷം ഏപ്രില്‍- ജൂലൈ മാസങ്ങളില്‍ സ്വര്‍ണ ഇറക്കുമതി 60 ടണ്ണായി കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 250 ടണ്ണായിരുന്നു ഇറക്കുമതി. സര്‍ക്കാര്‍ കണക്കുകള്‍ അനുസരിച്ച് ഗോള്‍ഡ് മോണിറ്റൈസേഷന്‍ പദ്ധതിയിലൂടെ നവംബര്‍ പകുതി വരെ ആറു കടപ്പത്രങ്ങളുടെ ഭാഗമായി 5,730 കിലോ സ്വര്‍ണമാണ് എത്തിയത്. ജി.എസ്.ടി.യുമായി കൂട്ടിയോജിപ്പിച്ചുള്ള ഡീമോണിറ്റൈസേഷന്‍ നടപടികള്‍ 85 ശതമാനവും അസംഘടിതമേഖലയില്‍ വ്യാപിച്ചുകിടക്കുന്ന സ്വര്‍ണമേഖലയെ ചിട്ടപ്പെടുത്തുന്നതിലും ഒൗപചാരികമാക്കുന്നതിലും പ്രധാന പങ്കുവഹിക്കും.
വ്യക്തികളുടെ സ്വര്‍ണനിക്ഷേപത്തിന് കൊണ്ടുവരുന്ന നിയന്ത്രണങ്ങള്‍ വിപണിയിലെ സ്വര്‍ണത്തിന്‍െറ അളവ് എത്രയെന്ന് അറിയാന്‍ സഹായിക്കുന്ന ഒരു സെന്‍സസാണ്. ഇതിന് അനുബന്ധമായി ചില നടപടികള്‍ കൂടി നടപ്പാക്കാം. ഇറക്കുമതിച്ചുങ്കം അഞ്ചു ശതമാനമായി കുറക്കണം. നിലവില്‍ ഇത് പത്തു ശതമാനമാണ്. സ്വര്‍ണകള്ളക്കടത്തും അതിന് അനുബന്ധമായി നടക്കുന്ന സമാന്തര സമ്പദ്വ്യവസ്ഥയെയും തകര്‍ക്കാന്‍ ഇതുവഴി കഴിയും. കൂടാതെ ആഗോള വിപണികളിലേക്ക് ഇന്ത്യന്‍ ആഭരണങ്ങളുടെ കയറ്റുമതി പ്രോത്സാഹിപ്പിക്കുക . നിലവില്‍ ഇന്ത്യന്‍ മൊത്തം കയറ്റുമതിയുടെ 13 ശതമാനം മാത്രമാണ് ജെംസ് ആന്‍ഡ് ജ്വല്ലറി മേഖലയുടെ വിഹിതം. അടുത്ത കാലത്തെങ്ങും ഇറക്കുമതിക്ക് ഉടനടിയൊരു നിരോധനമുണ്ടാകാന്‍ സാധ്യതയില്ല. ആഗോള വിപണിയിലെ വിലയും വിവാഹ സീസണും കണക്കിലെടുത്ത് നവംബറില്‍ ഇറക്കുമതിയില്‍ വന്‍വര്‍ധനയുണ്ടായിട്ടുണ്ട്. ഡീമോണിറ്റൈസേഷന്‍ നടപടികളിലൂടെ വ്യാപാരം 20 ശതമാനം കുറഞ്ഞെങ്കിലും വിവാഹ സീസണായതോടെ വിപണി തിരിച്ചുവരവ് പ്രകടിപ്പിക്കുന്നുണ്ട്.
അനുവദനീയമായ തോതില്‍ സൂക്ഷിച്ച സ്വര്‍ണം സര്‍ക്കാര്‍ പിടിച്ചെടുക്കില്ളെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് 1994ല്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശപ്രകാരം കള്ളപ്പണം കണ്ടത്തെുന്നതിനുള്ള പരിശോധനയില്‍ ന്യായമായ മാര്‍ഗങ്ങളിലൂടെ സമ്പാദിച്ച സ്വര്‍ണത്തിന് മുഴുവന്‍ സംരക്ഷണം ലഭിക്കുമെന്ന് മാത്രമല്ല, പുരുഷന് 100 ഗ്രാമും വിവാഹിതയായ സ്ത്രീക്ക് 500 ഗ്രാമും അവിവാഹിതയായ സ്ത്രീക്ക് 250 ഗ്രാം സ്വര്‍ണം വരെയും കൈവശം വെക്കുന്നതില്‍ ഇളവ് ലഭിക്കുന്നതാണെന്ന് വ്യക്തമാക്കുന്നുണ്ട്. കൂടാതെ കാര്‍ഷികാദായം, ന്യായമായ വീട്ടുസമ്പാദ്യം എന്നിവ ഉപയോഗിച്ച് വാങ്ങിയതോ പൂര്‍വിക സ്വത്തായി ലഭിച്ചതോ ആയ സ്വര്‍ണത്തിന് നികുതി ചുമത്തില്ളെന്ന് കേന്ദ്രം വ്യക്തമാക്കിയതായാണ് അറിവ്.
(മലബാര്‍ ഗ്രൂപ് ചെയര്‍മാനാണ് ലേഖകന്‍)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.